യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 158 [ഭാഗം 4. സ്ഥിതി പ്രകരണം]
നകാരണേ കരണാദിപരേ വാസ്തവാദികാരണേ
വിചാരണീയ: സാരോ ഹി കിമസാരവിചാരണൈ: (4/18/23)
വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ഈ സൃഷ്ടിയില്‍ കാണുന്ന വൈജാത്യവും നാനാത്വവും വെറുമൊരു കാഴ്ച്ച മാത്രമാണ്. പരിണാമങ്ങള്‍ക്കെല്ലാം ഒരേയൊരു അനന്താവബോധം മാത്രമേ അതിന്റെ കാരണവും ലക്ഷ്യവുമായി ഉള്ളൂ. അനന്താവബോധത്തില്‍ പ്രകടമാവുന്ന ധാരണകള്‍ക്കനുസരിച്ച്, പരിണാമസമയത്ത് ആ ബോധത്തില്‍ നാനാത്വം ഉള്ളതായി തോന്നുന്നു. ഈ ധാരണകളില്‍ ചിലവ കൂട്ടുചേര്‍ന്ന് അസംഖ്യം വൈവിദ്ധ്യമായ കാഴ്ച്ചകളെ പ്രകടമാക്കുന്നു. മറ്റു ചിലവ കൂട്ടുചേരാതെ നിലകൊള്ളുന്നു. വാസ്തവത്തില്‍ ഓരോ അണുക്കളിലും ഇത്തരം ധാരണകള്‍ ഉണ്ട്. ഈ അണുക്കളാകട്ടെ ഒന്നില്‍നിന്നു മറ്റൊന്ന് സ്വതന്ത്രവുമാണ്.
എല്ലാറ്റിന്റേയും ആകെത്തുകയാണ് ബ്രഹ്മം. ഒരു വ്യക്തി അവന്റെ മനസ്സിനുള്ളില്‍ രൂഢമൂലമായിരിക്കുന്ന വസ്തുക്കള്‍ മാത്രമേ കാണുന്നുള്ളു. മനസ്സിലെ ആശയങ്ങള്‍ക്ക് ഫലപ്രാപ്തിയില്ലാതാകുമ്പോള്‍ മനസ്സില്‍ മാറ്റങ്ങളുണ്ടാവുന്നു. ഈ മാനസീക വ്യതിയാനങ്ങള്‍ക്കനുസൃതമായി ജീവന്‍ തുടര്‍ച്ചയായി ജന്മങ്ങളെടുക്കുന്നു. ഈ മാനസീക ബന്ധമാണ് ജനന മരണങ്ങളും ശരീരങ്ങളും യാഥാര്‍ത്ഥ്യമാണെന്ന മിഥ്യാധാരണകള്‍ക്കടിസ്ഥാനം. ഈ തെറ്റിദ്ധാരണകള്‍ നീങ്ങിയാല്‍പ്പിന്നെ ശരീരമെടുത്ത് ജീവന് അനുഭവം നേടേണ്ടതില്ല. മറവിയാണ് അസത്തിനെ സത്തായി ധരിക്കാനിടയാക്കുന്ന ചിന്താക്കുഴപ്പങ്ങള്‍ക്കു കാരണം. പ്രാണശക്തിയെ സംശുദ്ധമാക്കുന്നതിലൂടെയും അതിനുമപ്പുറമുള്ള അറിവിനെ സ്വായത്തമാക്കുന്നതിലൂടെയും ഒരുവന്‍ താന്‍ അറിയേണ്ടതായ എല്ലാ അറിവുകളും ആര്‍ജ്ജിക്കുന്നു. മനോവ്യാപാരങ്ങളെപ്പറ്റിയും പുനര്‍ജന്മങ്ങളുടെ ഗതിവിഗതികളെപ്പറ്റിയും ഇങ്ങിനെ അറിവുറയ്ക്കുന്നു.
എല്ലാ ജീവികളുടെ ആത്മാക്കളും മൂന്നവസ്ഥകള്‍ കടന്നുപോവുന്നു. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി. ഇവയ്ക്ക് ശരീരവുമായി ബന്ധമൊന്നുമില്ല. ജീവജാലങ്ങള്‍ ഒരേയൊരാത്മാവില്‍ നിലകൊള്ളുന്നു എന്ന തെറ്റായ അനുമാനങ്ങള്‍ക്കനുസൃതമായാണിത് പറയുന്നത്. ഇതു പരമസത്യമല്ല. ജ്ഞാനി സുഷുപ്തി അവസ്ഥയ്ക്കുമപ്പുറമുള്ള ശുദ്ധബോധത്തില്‍ എത്തുന്നു. അതായത് എല്ലാറ്റിന്റേയും ഉറവയായ അനന്താവബോധത്തില്‍ വിരാജിക്കുന്നു. അജ്ഞാനിയോ, ജീവചക്രത്തില്‍ ഉഴന്നുകൊണ്ടേയിരിക്കുന്നു.
ബോധം അനന്തമായതുകൊണ്ട് ഒരു ജീവചക്രത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ഒരുവന്‍ നയിക്കപ്പെടുന്നു. അതിന് ലോകമെന്ന അതിര്‍ത്തിയില്ല. ഇഹലോകത്തിനപ്പുറത്തേയ്ക്കും ഈ യാത്ര തുടരുന്നു. ഇങ്ങിനെയുള്ള സൃഷ്ടികള്‍ക്ക് അവസാനമില്ല. വാഴത്തണ്ടില്‍നിന്നും മറ്റൊരു വാഴക്കന്നു കിളിര്‍ക്കുമ്പോലെ ഒന്നിനുള്ളില്‍ ചിലപ്പോള്‍ മറ്റൊന്നുണ്ടാവുന്നു. എന്നാല്‍ പരബ്രഹ്മത്തെ മറ്റൊന്നുമായി താരതമ്യപ്പെടുത്തുന്നത് ജ്ഞാനികള്‍ക്കു ചേര്‍ന്നതല്ല.
എല്ലാ പ്രപഞ്ചപദാര്‍ത്ഥങ്ങള്‍ക്കും ‘അകാരണ കാരണമായ’ ആ ഒന്നിനെപ്പറ്റി ഒരുവന്‍ അന്വേഷിക്കണം. അത് എല്ലാ കാരണാന്വേഷണങ്ങള്‍ക്കും അതീതമാണെങ്കിലും അതുമാത്രമേ ധ്യാനയോഗ്യമായുള്ളു. അതുമാത്രമാണ് ആവശ്യമുള്ളതായ ഒരേ ഒരു വസ്തു. അനാവശ്യമായ മറ്റ് വസ്തുക്കളെപ്പറ്റി അന്വേഷിച്ച് വിലപ്പെട്ട സമയം നാം വ്യര്‍ത്ഥമാക്കുന്നതെന്തിന്?