യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 160 [ഭാഗം 4. സ്ഥിതി പ്രകരണം]
ചിത്രാമൃതം നാമൃതമേവ വിദ്ധി ചിത്രാനലം നാനലമേവ വിദ്ധി
ചിത്രാംഗനാ നൂനമനംഗനേതി വാചാ വിവേകസ്ത്വവിവേക ഏവ (4/18/69)
വസിഷ്ഠന് തുടര്‍ന്നു: ഓരോ ജീവനും സ്വപ്രാണബലത്തിന്റെ സഹായത്താല്‍ എന്തെന്തെല്ലാം, എങ്ങിനെയെല്ലാം സ്വയം സങ്കല്പ്പിച്ചുണ്ടാക്കുന്നുവോ അവ അനുഭവിക്കുന്നു. രാമ, നിന്റെ ഉള്‍ക്കണ്ണിലെ വിവേകവെളിച്ചത്താല്‍ ഓരോ അണുവിലും എണ്ണമറ്റ ലോകങ്ങള്‍ പ്രകടമായിക്കൊണ്ടിരിക്കുന്നതു ദര്‍ശിച്ചാലും. എല്ലാവരുടെയും മനസ്സില്‍, ആകാശത്തില്‍, കല്ലുകളില്‍, അഗ്നിജ്വാലയില്‍, ജലത്തില്‍ എല്ലാം എള്ളില്‍ എണ്ണയെന്നപോലെ എണ്ണമറ്റ ലോകങ്ങള്‍ നിലകൊള്ളുന്നു എന്നറിയുക. മനസ്സ് തികച്ചും പരിശുദ്ധമാവുമ്പോഴാണ് അത് ശുദ്ധ അവബോധമായി, അനന്താവബോധവുമായി വിലയിക്കുന്നത്.
പ്രത്യക്ഷലോകമെന്നത് എല്ലായിടത്തും പ്രകടമാവുന്ന ഒരു നീണ്ട സ്വപ്നമത്രേ. അത് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെയും മറ്റെല്ലാവരുടേയും സങ്കല്‍പ്പമാണ്. അങ്ങിനെ സൃഷ്ടാവിന്റെ സങ്കല്‍പ്പത്തില്‍ നിന്നുത്ഭവിച്ച് ഒരു സ്വപ്നത്തില്‍ നിന്നു മറ്റൊന്നിലേയ്ക്ക് പ്രവേശിച്ച്, ഒരു ശരീരത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് പരിക്രമിച്ച് പ്രത്യക്ഷ ലോകത്തിന് മായികമായ ഒരുണ്മ തോന്നിപ്പിക്കുന്നു. സ്വപ്നസമയത്ത് ഈ മായക്കാഴ്ച്ച സത്യമത്രേ. ഓരോ അണുവിലും സര്‍വ്വവിധത്തിലുമുള്ള അനുഭവസാദ്ധ്യതകള്‍, വിത്തില്‍ പൂക്കള്‍, കായ്കള്‍, ഇലകള്‍ എന്നിവപോലെ നിലകൊള്ളുകയാണ്. ഓരോ അണുവിലും അവിച്ഛിന്നമായ അനന്താവബോധമാണുള്ളത്. അതിനാല്‍ നിന്റെയുള്ളിലെ നാനാത്വം, ഏകത്വം എന്നിങ്ങനെയുള്ള ധാരണകളെല്ലാം ദൂരെക്കളയുക.
സമയം, ദൂരം, കര്‍മ്മം (ചലനം), വസ്തുക്കള്‍ എന്നിവയെല്ലാം ആ അനന്താവബോധത്തിന്റെ വൈവിദ്ധ്യമാര്‍ന്ന ഭാവങ്ങളത്രേ. ബോധം അവയെ സ്വയം അനുഭവിക്കുന്നു. അത് ബ്രഹ്മാവിന്റെ ശരീരത്തിലോ ഒരു കീടത്തിന്റെ ശരീരത്തിലോ ആയാലും അനുഭവിക്കുന്നത് ബോധം തന്നെയാണ്. ബോധത്തിന്റെ കണം പൂര്‍ണ്ണവളര്‍ച്ചയെത്തിയ ശരീരമായി സ്വയം അനുഭവങ്ങളെ സാക്ഷാത്കരിക്കുന്നു. ചിലര്‍ക്ക് വസ്തുക്കള്‍ അവനവനു പുറമേയുള്ളതായി തോന്നുന്നത് അനന്താവബോധം സര്‍വ്വവ്യാപിയായതിനാലാണ്. മറ്റു ചിലര്‍ എല്ലാറ്റിനേയും ഉള്ളില്‍ക്കണ്ട് വികാസം പ്രാപിച്ച്, വിലയം പ്രാപിച്ച് നിലകൊള്ളുന്നു. ഇനിയും ചിലര്‍ ഒരു സ്വപ്നാനുഭവത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക്- ഈ പ്രത്യക്ഷലോകത്തില്‍ത്തന്നെ അലയുന്നു. എന്നാല്‍ തുലോം ചെറിയൊരു വിഭാഗം ആളുകള്‍ ഈ ലോക കാഴ്ച്ചയെന്നത് വെറും മായയാണെന്ന തിരിച്ചറിവോടെ, അനന്താവബോധം മാത്രമാണുണ്മയെന്നറിയുന്നു.
ഈ ബോധത്തിന്റെ പ്രഭാവത്താല്‍ ജീവനില്‍ ലോകം പ്രകടമാവുന്നു. ജീവനുള്ളില്‍ അനേകം ജീവനുകള്‍ അന്തമില്ലാതെ അന്തര്‍ലീനമായിരിക്കുന്നു. എപ്പോഴാണോ ഒരുവന് ഈ സത്യത്തെ സാക്ഷാത്കരിക്കുന്നത് അപ്പോഴാണ് അവന് മുക്തനാകുന്നത്. അപ്പോള്‍ അവനിലെ സുഖാസക്തിക്കും ശമനമുണ്ടാകുന്നു. അതുമാത്രമാണ് ജ്ഞാനത്തിന്റെ ലക്ഷണം. “ഭംഗിയായി വരച്ചു ചായമടിച്ച അമൃതിന്റെ കുംഭം അമൃതല്ല; ചിത്രപടത്തിലെ ജ്വാല അഗ്നിയല്ല; ചിത്രത്തിലെ സ്ത്രീ സ്ത്രീയല്ല; ഉന്നതമൂല്യങ്ങളുള്ള, വിജ്ഞാനദായിയായ വാക്കുകള്‍ വെറും വാക്കുകള്‍ മാത്രം- അവ വിജ്ഞാനമല്ല. ഈ വാക്കുകള്‍ മൂല്യവത്താവുന്നത് ആശകളുടേയും ക്രോധത്തിന്റെയും അഭാവത്താലാണ്.”