യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 161 [ഭാഗം 4. സ്ഥിതി പ്രകരണം]
ദേവാന്‍ ദേവയജോ യാന്തി യക്ഷ യക്ഷാന്‍ വ്രജന്തി ഹി
ബ്രഹ്മ ബ്രഹ്മയജോ യാന്തി യദതുച്ഛം തദാശ്രയേത് (4/19/5)
വസിഷ്ഠന്‍ തുടര്‍ന്നു: എല്ലാ ജീവനുകളുടേയും ബീജം പരബ്രഹ്മമാണ്. അത് എല്ലായിടവും നിറഞ്ഞു നില്‍ക്കുന്നു. മാത്രമല്ല, ജീവനുകള്‍ക്കുള്ളില്‍ മറ്റ് എണ്ണമില്ലാത്തത്ര ജീവനുകള്‍ ഉണ്ട് താനും. അനന്താവബോധം പരിപൂര്‍ണ്ണമായും ഈ വിശ്വത്തെ മുഴുവന്‍ വിലയനം ചെയ്തിരിക്കുന്നതുകൊണ്ടാണിതു സാധിക്കുന്നത്. ജീവനുകളായി പ്രത്യക്ഷമായാല്‍പ്പിന്നെ അതത് ജീവന്‍ അവലംബിക്കുന്ന ധ്യാനാവസ്ഥയ്ക്കനുസൃതമായി വൈവിദ്ധ്യമാര്‍ന്ന സഹജഭാവം ആര്‍ജ്ജിക്കുന്നു. “ഈശ്വരഭക്തിയുള്ളവര്‍ ഈശ്വരനെ പ്രാപിക്കുന്നു. ഉപദേവതമാരെ പൂജിക്കുന്നവര്‍ അവരെ പ്രാപിക്കുന്നു. പരബ്രഹ്മത്തെ ധ്യാനിക്കുന്നവര്‍ ബ്രഹ്മം തന്നെയാവുന്നു. അതിനാല്‍ ഒരുവന്‍ നിയതമായതിനെ, പരിമിതമായതിനെ അവലംബിക്കാതെ അപരിമേയമായതിനെ ധ്യാനിക്കുന്നതാണ് അഭികാമ്യം.” അപ്സരസ്സിനെ ധ്യാനിച്ച് ശുക്രന്‍ ബന്ധിതനായി. എന്നാല്‍ തന്റെ ആത്മശുദ്ധി, അതായത് അനന്താവബോധം സാക്ഷാത്കരിച്ചപ്പോള്‍ അദ്ദേഹം ബന്ധവിമുക്തനുമായി.
രാമന്‍ ചോദിച്ചു: മഹാത്മന്‍, ദയവായി ജാഗ്രത്ത്, സ്വപ്നാവസ്ഥകളുടെ സത്യമെന്തെന്ന് പറഞ്ഞു തരൂ. എന്താണ് ജാഗ്രത്തായി അനുഭവവേദ്യമാകുന്നത്? എങ്ങിനെയാണ് സ്വപ്നവും ഭ്രമങ്ങളും ജാഗ്രദവസ്ഥയില്‍ ഉയരുന്നത്?
വസിഷ്ഠന്‍ പറഞ്ഞു: നീണ്ടു നിലനില്‍ക്കുന്ന അവസ്ഥയാണ് ജാഗ്രദവസ്ഥ. സ്വപ്നമോ താല്‍ ക്കാലികമാണ്. എന്നാല്‍ സ്വപ്നാവസ്ഥയില്‍ അത് ജാഗ്രദവസ്ഥയുടെ സ്വഭാവസവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്നു. ജാഗ്രദവസ്ഥയില്‍, അതിന്റെ ക്ഷണഭംഗുരത മൂലം അത് സ്വപ്നസ്വഭാവം ആര്‍ജ്ജിക്കുന്നു. അതായത് രണ്ടും വാസ്തവത്തില്‍ ഒരേ അവസ്ഥ തന്നെ. ഒരുശരീരത്തില്‍ ജീവശക്തി ചലിക്കുമ്പോള്‍ ചിന്തകളുടെ, വാക്കുകളുടെ, കര്‍മ്മങ്ങളുടെ എല്ലാം അവയവങ്ങള്‍ പ്രവര്‍ത്തനോന്മുഖമാകുന്നു. അവ മനസ്സിലുണ്ടായ ഭ്രമധാരണകളുടെ അടിസ്ഥാനത്തില്‍ അതതിന്റെ വിഷയങ്ങളിലേയ്ക്ക് ഓടിയണയുകയാണ്. ജീവശക്തി ആത്മാവിനുള്ളില്‍ വൈവിദ്ധ്യമാര്‍ന്ന രൂപങ്ങള്‍ ധരിക്കുന്നു. ഈ ധാരണകള്‍ക്ക് ദൃഢതയുള്ളതായി തോന്നുമ്പോള്‍ അത് ജാഗ്രദവസ്ഥ. എന്നാല്‍ ഈ ജീവശക്തിയെ (ജീവചേതന) മനസ്സും ശരീരവും ഇപ്രകാരത്തില്‍ വഴി തെറ്റിച്ചു വിടാതിരുന്നാല്‍ അത് ഹൃദയത്തില്‍ പ്രശാന്തതയായിത്തീരുന്നു. ശരീരത്തിലെ നാഡീവ്യൂഹങ്ങളിലൂടെ ബോധം ചലിക്കുന്നില്ല. ജീവശക്തി ഇന്ദ്രിയങ്ങളെ ചലിപ്പിക്കുന്നുമില്ല. എന്നാല്‍ ദീര്‍ഘനിദ്രയിലും ഉണര്‍ന്നിരിക്കുന്ന, സ്വപ്നത്തിലും ജാഗ്രത്തിലും വെളിച്ചമായി പരിലസിക്കുന്ന ആ ബോധം, അതീന്ദ്രിയമാണ്.. അതിന് തുരീയം എന്നു പറയുന്നു. എന്നാല്‍ പിന്നീട് അജ്ഞതയുടെയും ഭ്രമത്തിന്റെയും ബീജങ്ങള്‍ വളര്‍ന്ന് ‘ആദ്യചിന്ത’ ഉദയം ചെയ്യുന്നു. ‘ഞാന്‍’ ഉണ്ട് എന്ന ചിന്ത. എന്നിട്ട് ചിന്താരൂപങ്ങളെ മനസ്സിനുള്ളില്‍ സ്വപ്നങ്ങളായി കാണുന്നു. ഈ സമയം ബാഹ്യേന്ദ്രിയങ്ങള്‍ പ്രവര്‍ത്തനോന്മുഖമല്ല. അന്തരേന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുകയും ഒരുവനുള്ളില്‍ ധാരണകള്‍ സംജാതമാവുകയും ചെയ്യുന്നു. ഇത് സ്വപ്നാവസ്ഥ. ജീവശക്തി വീണ്ടും ഇന്ദ്രിയങ്ങളെ സംചലിപ്പിക്കുമ്പോള്‍ വീണ്ടും ജാഗ്രദവസ്ഥയായി.