യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 163 [ഭാഗം 4. സ്ഥിതി പ്രകരണം]
വിചാരണാ പരിജ്ഞാതസ്വഭാവസ്യോദിതാത്മന:
അനുകമ്പ്യാ ഭവന്തീഹ ബ്രഹ്മ വിഷ്ണ്വിന്ദ്രശങ്കരാ: (4/22/15)
വസിഷ്ഠന്‍ തുടര്‍ന്നു: കിണറിനുള്ളിലിട്ട ഒരുകഷണം തുരിശ് (ആലം) അതിലെ ജലത്തെ ശുദ്ധീകരിക്കുന്നതുപോലെ ആത്മാന്വേഷണത്തിലൂടെ ജ്ഞാനമാര്‍ജ്ജിച്ച ഒരുവന്‍ തികഞ്ഞ തെളിമയോടെ മനസ്സുണര്‍ന്ന്‍ ആത്മജ്ഞാനിയാവുന്നു. അവന്റെ മനസ്സില്‍ മാറ്റങ്ങള്‍കൊണ്ട് അല്ലലൊന്നും ഉണ്ടാവുന്നില്ല. അവനിലെ സ്വത്വബോധം, ആത്മജ്ഞാനമായതിനാല്‍ അവനില്‍ വിഷയ-വസ്തു ധാരണകള്‍ ഇല്ലേയില്ല. ദൃക്ക്, ദൃശ്യം, ദൃഷ്ടാവ് എന്നീ ഭേദചിന്തകള്‍ അവനിലില്ല. അവന്‍ പരംപൊരുളില്‍, സത്യത്തില്‍, പൂര്‍ണ്ണമായി ഉണര്‍ന്നിരിക്കുന്നു. പ്രകടമായ ലോകത്തെ സംബന്ധിച്ചിടത്തോളം അവന്‍ സമ്പൂര്‍ണ്ണ സുഷുപ്തിയിലാണ്ടിരിക്കുന്നു എന്നു പറയാം. അവന്റെ നിര്‍മമതയുടെ സര്‍വ്വവ്യാപിത്വം കാരണം അവന് സുഖത്തിലോ ദു:ഖത്തിലോ ആസക്തിയില്ല. അവനിലെ ആര്‍ത്തികളെല്ലാം അടങ്ങിയിരിക്കുന്നു. നദിയുടെ കുത്തൊഴുക്ക് സമുദ്രത്തിലെത്തും വരെ മാത്രമാണല്ലോ.
കാണപ്പെടുന്ന ഈ ലോകമെന്ന വല, എലി കയര്‍ കരണ്ടുമുറിക്കുന്നതുപോലെ അവന്‍ മുറിച്ചു കളഞ്ഞിരിക്കുന്നു. മനസ്സ് ഭ്രമകല്‍പ്പനകളുടെ ബന്ധനത്തില്‍ നിന്നും മോചിക്കപ്പെടണമെങ്കില്‍ അത് എല്ലാ ആസക്തികളില്‍നിന്നും മുക്തമായിരിക്കണം. പരസ്പരവിരുദ്ധമായ ദ്വന്ദഭാവങ്ങളുടെ പിടിയില്‍പ്പെടാത്തതായിരിക്കണം. വസ്തു-വിഷയങ്ങളോട് ആകര്‍ഷണം ഇല്ലാത്തതായിരിക്കണം. ഉപാധികളെ ആശ്രയിക്കാതെ നിലകൊള്ളാനും മനസ്സിനാകണം. സംശയങ്ങളൊഴിഞ്ഞ് ശാന്തമായ മനസ്സില്‍ ആഹ്ളാദമോ വിഷാദമോ ചലനമുണ്ടാക്കുന്നില്ല. അപ്പോള്‍ പൂര്‍ണ്ണചന്ദ്രനെപ്പോലെ മനസ്സു പ്രശോഭിക്കുന്നു. നിര്‍മ്മലമായ മനസ്സ് ഹൃദയത്തില്‍ ഏകാത്മതാദര്‍ശനം സാദ്ധ്യമാക്കുന്നു. അവിടെ ശുഭോദര്‍ക്കമായ ഗുണഗണങ്ങള്‍ ഉയരുന്നു. സൂര്യപ്രകാശത്തില്‍ ഇല്ലാതാവുന്ന ഇരുട്ടെന്നപോലെ മായാപ്രപഞ്ചം അനന്താവബോധത്തിന്റെ സാന്നിദ്ധ്യംകൊണ്ട് ഇല്ലാതാവുന്നു. അത്തരം വിജ്ഞാനവിവേകം ജീവജാലങ്ങളുടെ ഹൃദയങ്ങളെ ആഹ്ളാദനിരതമാക്കുന്നു. ചുരുക്കത്തില്‍ അറിയാന്‍ അനുയോജ്യമായ അറിവെന്താണോ അതറിഞ്ഞവന്‍ എല്ലാ മാറ്റങ്ങള്‍ക്കും അതീതനാണ്. അവന്‍ ജനന-മരണങ്ങള്‍ എന്ന മാറ്റങ്ങള്‍ക്കുമപ്പുറം കണ്ടവനാണ്.
ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ പോലും ആത്മജ്ഞാനം ലഭിച്ച മഹാത്മാക്കളോട് അനുഭാവമുള്ളവരാണ്. ആത്മാന്വേഷണത്തിലൂടെയും നേരറിവിലൂടെയും ആത്മജ്ഞാനമാര്‍ജ്ജിച്ചവര്‍ ഈ ത്രിമൂര്‍ത്തികള്‍ക്കുപോലും സഹായികളായി വര്‍ത്തിക്കുന്നു. അഹങ്കാരം ഇല്ലാത്തപ്പോള്‍ ചിന്താക്കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ മനസ്സ് സഹജഭാവമാര്‍ജ്ജിക്കുന്നു. കടലില്‍ അലകള്‍ ഉണ്ടായി മറയുന്നതുപോലെ ലോകം ഉണ്ടായി മറയുന്നു. ഈ മാറ്റങ്ങള്‍ അജ്ഞാനിയെ ഭ്രമിപ്പിക്കുന്നു. ജ്ഞാനിയെ ഇതു ബാധിക്കുന്നതേയില്ല.
ഒരു മണ്‍കുടത്തിനുള്ളിലെ ആകാശം, കുടം ഉണ്ടാക്കുന്നതിന്റെയൊപ്പം ഉണ്ടാവുന്നതോ ഉണ്ടാക്കുന്നതോ അല്ല. കുടമുടയ്ക്കുമ്പോള്‍ ഈ ആകാശം നശിക്കുന്നതുമല്ല. കുടത്തിന്റെയും ആകാശത്തിന്റെയും (ശരീരത്തിന്റെയും ആത്മാവിന്റെയും) ബന്ധമെങ്ങിനെയെന്ന് അറിയാവുന്നവരെ നിന്ദാസ്തുതികള്‍ ബാധിക്കുകയില്ല. ഈ വര്‍ണ്ണാഭമായ ലോകം ആത്മാന്വേഷണത്തിലേര്‍പ്പെടാത്തവരെ മാത്രമേ വിടാതെ പിന്തുടര്‍ന്നു പിടികൂടി ബാധിക്കുകയുള്ളു. ജ്ഞാനമുദിക്കുന്നതോടെ ഒരുവന്റെ ഭ്രമകല്‍പ്പനകള്‍ എല്ലാം അസ്തമിക്കുന്നു.