സുഖദു:ഖാദികള്‍ ജ്ഞാനിയെ ബന്ധിക്കുന്നില്ല (165)
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 165 [ഭാഗം 4. സ്ഥിതി പ്രകരണം]
അജ്ഞസ്യേയമനന്താനാം ദു:ഖാനാം കോശമാലികാ
ജ്ഞസ്യ ത്വിയമനന്താനാം സുഖാനാം കോശമാലികാ (4/23/18)
വസിഷ്ഠന്‍ തുടര്‍ന്നു: പരമപദത്തിലേയ്ക്കുന്നം വച്ചു ചലിക്കുന്നവര്‍, ശരീരാവസ്ഥയില്‍ ഉള്ളപ്പോള്‍ കുശവന്റെ ചക്രത്തിന്റെ ആയംകൊണ്ടുള്ള തുടര്‍ച്ചുറ്റല്‍ പോലെയാണ് വര്‍ത്തിക്കുന്നത്. അവര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ കര്‍മ്മങ്ങളാകുന്നില്ല. അവ വാസനകളെയുണ്ടാക്കുന്നുമില്ല. അവര്‍ക്ക് ശരീരം സ്വാഭീഷ്ടനിവൃത്തിക്കും മുക്തിസമ്പാദനത്തിനുമുള്ള ഒരുപാധി മാത്രമത്രേ. ശരീരംകൊണ്ട് അയാള്‍ക്ക് യാതൊരുവിധ ദു:ഖവും അനുഭവിക്കേണ്ടിവരുന്നില്ല.
“അജ്ഞാനിക്ക്, ശരീരം ദു:ഖസ്രോതസ്സാകുമ്പോള്‍ പ്രബുദ്ധനത് അനന്തമായ ആനന്ദത്തിന്റെ ഒടുങ്ങാത്ത ഉറവയാണ്.” നിലനില്‍ക്കുന്നിടത്തോളം കാലം ജ്ഞാനി സ്വശരീരത്തില്‍ത്തന്നെ ആഹ്ളാദം കണ്ടെത്തുന്നു. പ്രബുദ്ധതയില്‍ അഭിരമിക്കാനുള്ള ഉപാധിയായി അതിനെ ഉപയോഗിക്കുന്നു. ദേഹത്തിനു മരണമുണ്ടാകുമ്പോള്‍ അതൊരു നഷ്ടമായി അയാള്‍ കണക്കാക്കുന്നതേയില്ല. പ്രബുദ്ധതയില്‍ വിരാജിക്കുന്നവന് ശരീരം ആഹ്ളാദവാഹിനിയാണ്. കാരണം ഈ ലോകത്ത് സര്‍വ്വസ്വതന്ത്രമായി വിഹരിക്കുവാന്‍ അയാള്‍ക്ക് സഹായകമായുള്ളത് ഈ ദേഹം തന്നെയാണല്ലോ. ശരീരമെന്നത് വിജ്ഞാനത്തിന്റെ വാഹനമാണ്. ജ്ഞാനിക്ക് ശരീരം പലവിധത്തിലുള്ള അനുഭവങ്ങള്‍ നല്‍കുന്നു; അവരെ മറ്റുള്ളവരുടെ സ്നേഹാദരങ്ങള്‍ക്ക് പാത്രമാക്കാന്‍ ഇടവരുത്തുകയും ചെയ്യുന്നു. ആകയാല്‍ ശരീരം അയാള്‍ക്ക് ഒരു നേട്ടം തന്നെയാണ്. ജ്ഞാനി ശരീരമെന്ന നഗരത്തില്‍ സ്വര്‍ഗ്ഗം ഭരിക്കുന്ന ഇന്ദ്രനെന്നപോലെ പൂര്‍ണ്ണ സ്വതന്ത്രനാണ്. ഈ ശരീരം അയാളെ കാമത്തിനോ ലോഭത്തിനോ വശംവദനാക്കുന്നില്ല. അജ്ഞതയെയോ ഭയത്തെയോ തീണ്ടാനിടവരുത്തുന്നുമില്ല.
ജ്ഞാനിയുടെ ശരീരം നയിക്കപ്പെടുന്നത് ഇന്ദ്രിയസുഖങ്ങളുടെ വികാരപ്രചോദനങ്ങളാലല്ല, മറിച്ച് ധ്യാനാവസ്ഥയുടെ പ്രശാന്തതയാലാണ്. ശരിരമെടുത്ത ജീവന്‍ ദേഹമുള്ളിടത്തോളം അതുമായി സഹവാസത്തിലാണെങ്കിലും അതു പോയിക്കഴിഞ്ഞാല്‍പ്പിന്നെ ആ ബന്ധം നിലനിര്‍ത്തുന്നില്ല. ഒരു കുടമുള്ളിടത്തോളം അതിനുള്ളില്‍ വായുവുണ്ട്. അതുടഞ്ഞാല്‍, ആ വായുവിന് കുടവുമായുള്ള ബന്ധം എങ്ങിനെയാണോ അതുപോലെയാണ് ദേഹവുമായി ദേഹിക്കുള്ള ചാര്‍ച്ച. പരമശിവനെ ഏറ്റവും കൊടിയ വിഷം കുടിച്ചിട്ടുപോലും അതു ബാധിക്കുകയുണ്ടായില്ല. മറിച്ച് അദ്ദേഹത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിക്കുകയാണല്ലോ ചെയ്തത് (നീലകണ്ഠന്‍ ). ശരീരത്തില്‍ അനുഭവവേദ്യമാകുന്ന സുഖദു:ഖാദികള്‍ ജ്ഞാനിയെ ബന്ധിക്കുന്നില്ല. അവ അദ്ദേഹത്തിനെ ജനന മരണചക്രത്തിലേയ്ക്ക് തിരികെ വലിച്ചിഴക്കുന്നുമില്ല. ഒരുവനെ അയാള്‍ കള്ളനെന്നറിഞ്ഞുകൊണ്ട് തന്നെ അയാളുമായി സൌഹൃദഭാവത്തില്‍ ഇടപെടുന്നതായാല്‍ അയാളെ സുഹൃത്താക്കാം. അതുപോലെ പദാര്‍ത്ഥങ്ങളെ അവയുടെ യാഥാര്‍ത്ഥ്യമറിഞ്ഞ് അറിവോടെ അനുഭവിച്ചാല്‍ അവ ആഹ്ളാദദായകമാണ്. ജ്ഞാനി സംശയങ്ങളെല്ലാം ഒഴിഞ്ഞവനാണ്. സ്വയമുണ്ടാക്കിയ ഒരു പ്രതിച്ഛായയാല്‍ അയാള്‍ ബന്ധിതനുമല്ല. അങ്ങിനെയുള്ളവന്‍ തന്റെ ശരീരത്തിന്റെ ചക്രവര്‍ത്തിയാണ്.
അതിനാല്‍ എല്ലാവിധ സുഖാസക്തികളും ഉപേക്ഷിച്ച് വിജ്ഞാനപദം പ്രാപിക്കുക. ശരിയായി നിയന്ത്രണംവന്ന മനസ്സുള്ളപ്പോഴേ സന്തോഷം ആസ്വദിക്കാനാവൂ. ബന്ധനസ്ഥനായ ഒരു രാജാവ് സ്വതന്ത്രനായ ശേഷം കിട്ടുന്ന ഒരു കഷണം അപ്പം എത്ര സന്തോഷത്തോടെയാണ് ആസ്വദിക്കുന്നത്? ഒരിക്കലും ബന്ധനത്തിന്റെ അനുഭവമുണ്ടായിട്ടില്ലാത്ത രാജാവിന് അടുത്തുള്ളൊരു രാജ്യത്തെ കീഴടക്കി തന്റെ വരുതിയിലാക്കിയാല്‍പ്പോലും ഇത്ര സൗഖ്യം ഉണ്ടാവുകയില്ല. ആയതിനാല്‍ ജ്ഞാനി മനസ്സേന്ദ്രിയങ്ങളെ കീഴടക്കി നിയന്ത്രിക്കാന്‍ തീവ്രമായി പരിശ്രമിക്കുന്നു. കാരണം അത്തരം കീഴടക്കല്‍ പുറമേയുള്ള ശത്രുക്കളെ വെല്ലുന്നതിനേക്കാള്‍ ഉന്നതമായ വിജയമത്രേ.