യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 167 [ഭാഗം 4. സ്ഥിതി പ്രകരണം]

യസ്യാന്തര്‍വാസനാരജ്ജ്വാ ഗ്രന്ഥിബന്ധ: ശരീരിണ:
മഹാനപി ബഹൂശോപി സ ബാലേനാപി ജീയതേ (4/27/20)

വസിഷ്ഠന്‍ തുടര്‍ന്നു: താനുണ്ടാക്കിയ മൂന്നു പുതിയ രാക്ഷസപുത്രന്മാരുടെ നേതൃത്വത്തില്‍ ദേവന്മാരോട് യുദ്ധംചെയ്യാന്‍ ശംഭരന്‍ തന്റെ ശേഷിക്കുന്ന സൈന്യത്തെ അയച്ചു. ദേവസൈന്യവും യുദ്ധത്തിനു തയ്യാറായി അണിനിരന്നു. ആയുധമൊന്നുമില്ലാതെ കൈക്കരുത്തുകൊണ്ടുള്ള യുദ്ധമാണവിടെ ആദ്യം നടന്നത്. അതിഭീകരമായി പോരാട്ടം നടന്നു. പിന്നീടവര്‍ പലേവിധത്തിലുള്ള ആയുധങ്ങളും അസ്ത്രങ്ങളും ഉപയോഗിക്കാന്‍ തുടങ്ങി. നഗരങ്ങളും ഗ്രാമങ്ങളും ഗുഹകളും മൃഗങ്ങളുമെല്ലാം യുദ്ധത്തില്‍ നശിച്ചു. ഇടവിട്ടിടവിട്ട് രണ്ടു കൂട്ടര്‍ക്കും ജയ പരാജയങ്ങള്‍ ഉണ്ടായി. പ്രധാന അസുരനേതാക്കളായ ഈ മൂന്നുപേര്‍ ദേവന്മാരുടെ പ്രധാന സേനാപതികളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കതിനു കഴിഞ്ഞില്ല. രാക്ഷസര്‍ ശംഭരനെക്കണ്ടു കാര്യം പറഞ്ഞു. ദേവന്മാര്‍ സൃഷ്ടാവായ ബ്രഹ്മാവിനോട് പരാതി പറഞ്ഞു. അദ്ദേഹം ഉടനേ അവര്‍ക്കു മുന്നില്‍ പ്രത്യക്ഷനായി. ഈ മൂന്നു രാക്ഷസന്മാരെ വകവരുത്താനുള്ള മാര്‍ഗ്ഗമാണ്‌ ദേവന്മാര്‍ ബ്രഹ്മാവിനോട് യാചിച്ചത്.

ബ്രഹ്മാവു പറഞ്ഞു: ശംഭരനെ ഇപ്പോള്‍ കൊല്ലാന്‍ കഴിയില്ല.ഒരു നൂറു കൊല്ലം കഴിഞ്ഞ് ഭഗവാന്‍ വിഷ്ണുവിന്റെ കൈകൊണ്ടാണവനു മരണം. അതിനാല്‍ ഇപ്പോള്‍ ഈ മൂന്നു രാക്ഷസന്മാരോട് തോറ്റിട്ടെന്നവണ്ണം പിന്മാറുന്നതാണ്‌ ബുദ്ധി. കാലക്രമത്തില്‍, ഈ യുദ്ധത്തിലേര്‍പ്പെട്ട് ജയിച്ചതിന്റെ അഹംഭാവം അവരില്‍ അങ്കുരിക്കുമ്പോള്‍ മനസ്സ് ഉപാധികള്‍ക്കു വശംവദമായി അവരില്‍ വാസനാമാലിന്യം അടിഞ്ഞുകൂടും. ഇപ്പോള്‍ ഈ മൂവര്‍ക്കുള്ളില്‍ അഹംഭാവം ലേശം പോലുമില്ല; അഹത്തിന്റെ സന്താനങ്ങളാണല്ലോ വാസനാമാലിന്യങ്ങള്‍. അവരിലിപ്പോള്‍ ആഗ്രഹങ്ങളോ ക്രോധമോ ഇല്ല. അവരിപ്പോള്‍ അജയ്യരത്രേ. “ആരിലാണോ അഹംഭാവവും തല്‍ ജന്യങ്ങളായ മനോപാധികളും ഉള്ളത്, അയാള്‍ എത്ര മഹാനായിരുന്നാലും, എത്ര വിദ്വാനായിരുന്നാലും ഒരു ചെറിയ കുട്ടിക്കുപോലും അയാളെ തോല്‍പ്പിക്കാന്‍ കഴിയും”. വാസ്തവത്തില്‍ ‘ഞാന്‍’, ‘എന്റെ’ തുടങ്ങിയ ധാരണകളാണ്‌ ദു:ഖങ്ങളേയും ദുരിതങ്ങളേയും ആകര്‍ഷിച്ചു വരുത്തുന്നത്. സ്വന്തം ശരീരവുമായി താതാത്മ്യം പ്രാപിക്കുന്നവന്‍ ദുരിതത്തിലാണ്ടു പോവുന്നു. എന്നാല്‍ ആത്മാവിനെ സര്‍വ്വവ്യാപിയായിക്കാണുന്നവന്‍ ദു:ഖനിവൃത്തി നേടുന്നു. ഇവരെ സംബന്ധിച്ചിടത്തോളം ത്രിലോകങ്ങളിലും ആത്മാവല്ലാതെ മറ്റൊന്നുമില്ല. തന്നില്‍ നിന്നു വിഭിന്നമായി ഒന്നുമില്ലാത്തതുകൊണ്ട് അവര്‍ യാതൊന്നിനായും ആഗ്രഹിക്കുന്നുമില്ല. മനസ്സ് ഉപാധികളാല്‍ ബന്ധിതമായവനെ എളുപ്പത്തില്‍ പരാജയപ്പെടുത്താം എന്നാല്‍ മനോപാധികള്‍ ഇല്ലാത്തപക്ഷം ഒരു കൊതുകിന്റെ ജീവിതം പോലും അനശ്വരമായി തീരാം. ഉപാധികളുള്ള മനസ്സ് ദുരിതങ്ങളും ഉപാധിരഹിതമായ മനസ്സ് ആനന്ദവും അനുഭവിക്കുന്നു. ഉപാധികള്‍ അല്ലെങ്കില്‍ ആസക്തികള്‍ ഒരുവനെ പരിക്ഷീണനാക്കുന്നു. അതിനാല്‍ ഈ മൂവരെ എതിര്‍ക്കാന്‍ ധൃതി പിടിക്കേണ്ടതില്ല.

‘ഞാന്‍’, ‘എന്റെ’ എന്നീ ധാരണകള്‍ അവരില്‍ ഉണ്ടാക്കാന്‍ എന്തെല്ലാം നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യുക. ശംഭരന്റെ സൃഷ്ടികളായ അവര്‍ക്ക് പ്രത്യേക ജ്ഞാനമൊന്നുമില്ലാത്തതുകൊണ്ട് നിങ്ങളെറിയുന്ന ‘ഇര’യില്‍ അവര്‍ കൊത്താതിരിക്കില്ല. അപ്പോള്‍ നിങ്ങള്‍ക്കവരെ നിഷ് പ്രയാസം ജയിക്കാം.