യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 169 [ഭാഗം 4. സ്ഥിതി പ്രകരണം]

അഹംകാരമതോ രാമ മാര്‍ജയാന്ത: പ്രയത്നത:
അഹം ന കിംചിദേവേതി ഭാവയിത്വാ സുഖീ ഭവ (4/31/7)

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ വിജ്ഞാനമില്ലാത്തതിന്റെ ദാരുണഫലങ്ങള്‍ എന്തെന്നു നാം കണ്ടു. അജയ്യരായിരുന്ന രാക്ഷസപ്രമുഖര്‍ അവരിലെ അഹംഭാവത്തിന്റെ ഫലമായുണ്ടായ ഭയത്താല്‍ നിശ്ശേഷം പരാജിതരായി അധ:പ്പതിച്ചതും നാം കണ്ടുവല്ലോ. കൊടും വിപത്തായൊരു കിനാവള്ളിയാണീ ലൗകികത. അതിന്റെ വിത്താണ്‌ അഹം ഭാവം. “അതുകൊണ്ട് രാമാ, അഹംഭാവത്തെ അതിനുള്ളിലെ എല്ലാ ശക്തിവിശേഷങ്ങളടക്കം വര്‍ജ്ജിക്കൂ. സ്വയം ’ഞാനൊന്നുമല്ല‘ എന്നുറച്ച് സന്തോഷവാനായിരിക്കൂ”. ഏകവും അദ്വിതീയവുമായ അനന്താവബോധം ശുദ്ധമായ ആനന്ദസ്വരൂപമാണ്‌., എന്നാല്‍ അതിനെ അഹംഭാവം എന്ന ഗ്രഹണം ബാധിക്കുന്നു.

ദാമന്‍, വ്യാളന്‍, കടന്‍ എന്നിവര്‍ ജനനമരണങ്ങള്‍ക്കതീതരായിരുന്നു. എന്നാല്‍ അവരുടെ അഹംഭാവം കാരണം അവര്‍ സംസാരചക്രത്തില്‍ വീണുപോയി. ദേവന്മാര്‍ പോലും ഭയപ്പെട്ടിരുന്ന അവരിപ്പോള്‍ മല്‍സ്യങ്ങളായി കാശ്മീരത്തിലെ തടാകത്തില്‍ ജീവിക്കുന്നു.

രാമന്‍ ചോദിച്ചു: മഹാത്മാവേ, ദാമന്‍, വ്യാളന്‍, കടന്‍ എന്നീ മൂവര്‍ ശംഭരന്റെ മായാ സൃഷ്ടികള്‍ മാത്രമായിരുന്നുവല്ലോ. അവര്‍ എങ്ങിനെയാണ്‌ നമ്മെപ്പോലെ ഉണ്മയെ പ്രാപിച്ചത്?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, ദാമന്‍ മുതലായ രാക്ഷസന്മാര്‍ മായാസൃഷ്ടികളും അയാഥാര്‍ത്ഥ്യവുമാണെന്നതുപോലെ തന്നെ നാമും ദേവന്മാരുമെല്ലാം മിഥ്യ മാത്രമാണ്‌. ‘ഞാന്‍’, ‘നീ’ തുടങ്ങിയ എല്ലാ ധാരണകളും അയാഥാര്‍ത്ഥ്യമാണ്‌. ഞാനും നീയും ഇപ്പോള്‍ ‘ഉള്ളതുപോലെ’ കാണപ്പെടുന്നുവെങ്കിലും സത്യം മാറുകില്ലല്ലോ. മരിച്ചവര്‍ ഇപ്പോള്‍ നിന്റെമുന്നില്‍ പ്രത്യക്ഷപ്പെട്ടുവെന്നിരിക്കട്ടെ. അവര്‍ മരണപ്പെട്ടവരാണെന്ന സത്യത്തിനു മാറ്റമുണ്ടാകയില്ലല്ലോ. എങ്കിലും ഒന്നു പറയാം “ബ്രഹ്മം മാത്രമേ ഉണ്മയായുള്ളു (ബ്രഹ്മസത്യം ജഗത് മിഥ്യ)” എന്ന സത്യം അജ്ഞാനിക്ക് ഉപദേശിക്കരുത്. കാരണം ലോകത്തിന്റെ ഉണ്മയെപ്പറ്റി അവനില്‍ രൂഢമൂലമായിരിക്കുന്ന തെറ്റിദ്ധാരണകള്‍ തീവ്രമായ സാധനയാലും ശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്നുമാര്‍ജ്ജിക്കുന്ന അറിവിന്റെ വെളിച്ചത്താലും മാത്രമേ മാറുകയുള്ളു.

‘ബ്രഹ്മം മാത്രമാണു സത്യം; ലോകം മിഥ്യയാണ്‌’ എന്നു പ്രസ്താവിക്കുന്നവനെ അജ്ഞാനികള്‍ പരിഹസിക്കും. എത്ര വിവരിച്ചു പറഞ്ഞാലും അവര്‍ക്കിതു മനസ്സിലാവുകയില്ല. ഒരു ശവശരീരത്തിനെ നടക്കാന്‍ പഠിപ്പിക്കുക അസാദ്ധ്യം. സത്യം വിവേകശാലിക്ക് അനുഭവവേദ്യമാകുന്ന ഒന്നാണ്‌. രാമാ, നാമും ഇപ്പറഞ്ഞ രാക്ഷസന്മാരും ഒന്നും ഉണ്മയല്ല. സത്യമായുള്ളത് മാറ്റങ്ങള്‍ക്കു വിധേയമല്ലാത്ത അനന്താവബോധം മാത്രം. അനന്താവബോധത്തില്‍ ‘നീ’, ‘ഞാന്‍’, ‘അവന്‍’, ‘അസുരന്മാര്‍’ എന്നീ ധാരണകള്‍ ഉയര്‍ന്നുവന്ന് അവയില്‍ യാഥാര്‍ത്ഥ്യബോധം അങ്കുരിക്കുന്നു. കാരണം ഈ ‘അറിവ്’ തെളിയുന്ന ബോധം സത്യമാണല്ലോ. ഈ ബോധം ഉണര്‍ന്നിരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ധാരണകള്‍ ഉയരുന്നു. ആ ബോധമുറങ്ങുമ്പോള്‍ ഈ ധാരണകള്‍ ഇല്ലാതെയാവുന്നു. എങ്കിലും അനന്താവബോധത്തില്‍ സുഷുപ്തിയും ജാഗ്രത്തുമൊന്നും ഇല്ലെന്നറിയുക. അതു നിര്‍മ്മലമായ അവബോധം മാത്രമാണ്‌. ഈ സത്യമറിഞ്ഞ് ഭിന്നതയാലുണ്ടാവുന്ന ദു:ഖത്തില്‍ നിന്നും ഭയത്തില്‍ നിന്നും സ്വതന്ത്രനാവൂ.