യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 170 [ഭാഗം 4. സ്ഥിതി പ്രകരണം]

ചിദാകാശോഹമിത്യേവ രജസാ രഞ്ജിതപ്രഭ:
സ്വരൂപമത്യജന്നേവ വിരൂപമപി ബുദ്ധ്യതേ (4/32/31)

രാമന്‍ ചോദിച്ചു: മഹാമുനേ ഈ മൂന്നു രാക്ഷന്മാര്‍ക്ക് എപ്പോള്‍ എവിടെവെച്ചാണ്‌ മോക്ഷം ലഭിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: അവര്‍ അവരുടെ തന്നെ പൂര്‍വ്വകഥ കേള്‍ക്കാനിടവരികയും തങ്ങളുടെ സ്വരൂപമെന്തെന്ന ഓര്‍മ്മ – അനന്താവബോധമാണെന്ന സത്യം- അവരില്‍ അങ്കുരിപ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്കു മോക്ഷമാവും. കാശ്മീരത്തില്‍ അധിഷ്ഠാന എന്നുപേരായ ഒരു നഗരം വളര്‍ന്നുയരും. അതിനുമധ്യത്തിലായി പ്രദ്യുമ്ന എന്നുപേരായ കൊടുമുടിയുള്ള ഒരു മലയുമുണ്ടാവും. അതിനും മുകളില്‍ അംബരചുംബിയായ ഒരു കെട്ടിടം. അതിലെ ഒരു മൂലയ്ക്ക് വ്യാളാസുരന്‍ ഒരു ചെറുകിളിയായി ജന്മമെടുക്കും. ആ കൊട്ടാരത്തിലാണ്‌ യശസ്കരന്‍ എന്ന രാജാവു താമസിക്കുന്നത്. ആ കൊട്ടാരത്തിന്റെ തൂണുകളിലൊന്നിലെ ഒരു പൊത്തില്‍ കൊതുകായിട്ടാണ്‌ ദാമാസുരന്‍ ജനിക്കാന്‍ പോകുന്നത്. നഗരത്തിലെ മറ്റൊരിടത്ത് രത്നാവലിവിഹാരം എന്നു പേരായ കൊട്ടാരത്തില്‍ മുഖ്യമന്ത്രിയായ നരസിംഹന്‍ വസിക്കുന്നു. മൂന്നാമത്തെ അസുരന്‍ – കടാസുരന്‍ ആ കൊട്ടാരത്തില്‍ ഒരു മൈനയായി ജനിക്കും.

ഒരു ദിവസം നരസിംഹന്‍ ഈ മൂന്നു രാക്ഷസന്മാരുടെ – ദാമന്‍, വ്യാളന്‍, കടന്‍ എന്നിവരുടെ കഥ പറയുന്നതു കേള്‍ക്കുമ്പോള്‍ മൈനയ്ക്ക് ബോധോദയമുണ്ടാവും. തന്റെ പൂര്‍വ്വരൂപം ശംഭരന്‍ മായാവിദ്യകൊണ്ടുണ്ടാക്കിയതാണെന്ന് തിരിച്ചറിയുന്ന നിമിഷം അവന്‍ ആ മായാവലയത്തില്‍ നിന്നും വിമുക്തനാവും. അങ്ങിനെ കടാസുരനു മോക്ഷമാവും. മറ്റുള്ളവര്‍ ഈ കഥ പറയുന്നതുകേട്ട് ചെറുകിളിയും (വ്യാളാസുരന്‍) നിര്‍വ്വാണപദം പ്രാപിക്കും. ദാമാസുരനും (കൊതുക്) കഥാശ്രവണംകൊണ്ട് മുക്തിയെ പ്രാപിക്കും. ഇതാണു രാമാ, ദാമന്‍ മുതലായ മൂന്നു രാക്ഷസന്മാരുടെ കഥ. അവരുടെ അഹംഭാവം എങ്ങിനെ അവരെ നരകഗര്‍ത്തങ്ങളില്‍ ചാടിച്ചു എന്നു നാം കണ്ടു. ഇവയെല്ലാം അവിദ്യയുടേയും മോഹവിഭ്രാന്തിയുടേയും ലീലകളാണ്‌.

“വാസ്തവത്തില്‍ ശുദ്ധാവബോധം തന്നെയാണ്‌ ‘ഇതു ഞാന്‍’ എന്ന ധാരണയെ വച്ചുപുലര്‍ത്തുന്നത് എന്നു തോന്നുന്നു. ഒരു ലീലപോലെ, ഒരിക്കലും സഹജസ്വരൂപമായ അനന്താവബോധത്തെ ഉപേക്ഷിക്കാതെ തന്നെ അതു സ്വയം വികൃതമായ ദൃശ്യങ്ങളെ ഉള്ളില്‍ക്കണ്ട് അനുഭവമാക്കുന്നു എന്നാണു തോന്നുന്നത്.” ഈ വൈകൃത ദൃശ്യങ്ങള്‍ തികച്ചും അയാഥാര്‍ത്ഥ്യമാണെങ്കിലും അഹംഭാവം അവയെ ഉണ്മയാണെന്നു കരുതി സ്വയം മോഹത്തിനടിമയാകുന്നു.