യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 171 [ഭാഗം 4. സ്ഥിതി പ്രകരണം]

ആചാരചാരുചിരതസ്യ വിവിക്തവൃത്തേ:
സംസാരസൗഖ്യഫലദു:ഖദശാസ്ത്രഗൃധ്നോ:
ആയുര്യശാംസി ച ഗുണാശ്ച സഹൈവ ലക്ഷ്മ്യാ
ഫുല്ലന്തി മാധവലതാ ഇവ സത്ഫലായ (4/32/60)

വസിഷ്ഠന്‍ തുടര്‍ന്നു: ശാസ്ത്രവിധിപ്രകാരം മുക്തിപദത്തില്‍ ശ്രദ്ധയുറപ്പിച്ചവര്‍ ഈ സംസാരമെന്ന പ്രത്യക്ഷലോകം തരണം ചെയ്യുന്നത് അവരുടെ ബോധം ആത്മാവിലേയ്ക്ക് ഒഴുകുമ്പോഴാണ്‌. എന്നാല്‍ ദുരിതങ്ങള്‍ക്കും ചിന്താക്കുഴപ്പങ്ങള്‍ക്കും ഇടയാക്കുന്ന വിവാദവിഷയങ്ങളില്‍ ആമഗ്നരായിരിക്കുന്നവര്‍ അവരുടെതന്നെ ഏറ്റവും ഉന്നതമായ നന്മകളെ ഉപേക്ഷിക്കുന്നവരത്രേ. ശാസ്ത്രോക്തമായ പാതകള്‍ അനവധിയുണ്ടെങ്കിലും ഒരുവന്റെ നേരറിവും അനുഭവവും മാത്രമേ അവനെ പരമപദത്തിലേയ്ക്ക് നയിക്കുകയുള്ളു. എത്ര ദുരാഗ്രഹിയായ മനുഷ്യനും അവസാനം ബാക്കിവെയ്ക്കാന്‍ ഉള്ളത് ഒരു പിടി ചാരം മാത്രമാണല്ലോ. എന്നാല്‍ ഈ ലോകവിഷയങ്ങളെ തൃണവല്‍ഗണിക്കുന്നവനെ ദു:ഖം തീണ്ടുകയില്ല. അനന്താവബോധം സാക്ഷാത്കരിച്ചവനു സംരക്ഷയേകാന്‍ വിശ്വദേവതകളുണ്ട്. അതുകൊണ്ട് അത്യാപത്തിന്റെ സമയത്തും ഒരുവന്‍ തെറ്റായ വഴികള്‍ തേടി പോകരുത്. പുണ്യകര്‍മ്മങ്ങള്‍കൊണ്ടു സമ്പന്നമായ ജീവിതം നയിച്ച് സല്‍പ്പേരുണ്ടാക്കിയ ആള്‍ക്ക് നേടാന്‍ കഴിയാതിരുന്നവ അചിരേണ നേടുവാനാകും. ദുര്‍വിധിയെ വെല്ലാനുമാവും.

അവനവന്റെ സ്ഥിതിയില്‍ അലംഭാവത്തോടെ തൃപ്തനായിരിക്കുന്നവന്‍ മനുഷ്യനാമത്തിനര്‍ഹനല്ല. സ്വന്തം അഭിവൃദ്ധിയില്‍ എപ്പോഴും ജാഗരൂകനായിരിക്കുന്നവനേയും, താന്‍ പഠിച്ചത് മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുന്നവനേയും, സത്യത്തിന്റെ പാത പിന്തുടരുന്നവനേയും മാത്രമേ മനുഷ്യനെന്ന് വിളിക്കാനാകൂ. മറ്റുള്ളവരെല്ലാം വേഷപ്രച്ഛന്നരായ മൃഗങ്ങള്‍ മാത്രം. മാനുഷീകതയുടെ ദുഗ്ദ്ധം ഹൃദയത്തില്‍ നിറഞ്ഞവന്‍ ശ്രീഹരിയുടെ ഇരിപ്പിടമത്രേ. (ശ്രീഹരിയുടെ വാസം പാല്‍ ക്കടലില്‍ ആണല്ലോ). വിജ്ഞാനിയായ ഒരാള്‍ ആസ്വദിക്കേണ്ടതെല്ലാം ആസ്വദിച്ചു കഴിഞ്ഞു; കാണേണ്ടതെല്ലാം കണ്ടും കഴിഞ്ഞു. അയാള്‍ക്ക് ഈ ലോകത്തില്‍ നിന്നും ഇനിയെന്തുണ്ട് നേടാന്‍? അതുകൊണ്ട് എല്ലാ വിഷയസുഖാസക്തികളേയും വെടിഞ്ഞ് ശാസ്ത്രോക്തമായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടു കഴിയുന്നതാണുചിതം. മഹാത്മാക്കളെ പൂജിക്കൂ. അതുകൊണ്ട് നിനക്ക് മൃത്യുവില്‍ നിന്നുപോലും രക്ഷ നേടാം. ശാസ്ത്രാനുസാരിയായ ജീവിത രീതിയും സാധനയും അനുഷ്ഠിച്ച്, ക്ഷമയോടെ പരിപൂര്‍ണ്ണതയ്ക്കായി കാത്തിരിക്കുക. സമയമാവുമ്പോള്‍ അതു സംഭവിക്കും. അധ:പ്പതനത്തിലേയ്ക്ക് നീങ്ങാതെയിരിക്കാന്‍ മഹത്തായ ദിവ്യഗ്രന്ഥങ്ങളുടെ പഠനം സഹായിക്കും.

ഇക്കാണുന്നതെല്ലാം വെറും പ്രതിഫലനം മാത്രം എന്ന അറിവോടെ സത്യത്തിന്റെ സ്വഭാവത്തെ അനവരതം ഉപാസിക്കുക. മറ്റുള്ളവരാല്‍ നയിക്കപ്പെടരുത്- അത് മൃഗങ്ങളുടെ രീതിയാണ്‌. അജ്ഞതയുടെ നിദ്രയില്‍ നിന്നും ഉണര്‍ന്നെണീറ്റാലും. ആ ഉണര്‍ച്ചയില്‍ വാര്‍ദ്ധക്യത്തെയും മരണത്തെയും ജയിച്ചാലും. സമ്പത്താണ്‌ ദുഷ്ടതയുടെ മാതാവ്. ഇന്ദ്രിയസുഖങ്ങളാണ്‌ വേദനയുടെ ഉറവിടം. നിര്‍ഭാഗ്യം ഏറ്റവും വലിയ ഭാഗ്യം. പരിത്യജിക്കല്‍ ഏറ്റവും വലിയ വിജയം. “ജീവിതം, ബഹുമാനം, സദ്ഗുണങ്ങള്‍ എന്നിവ ഫലപ്രാപ്തിയെത്തുന്നത് ഒരുവന്റെ സ്വഭാവവും പ്രവര്‍ത്തനവും നന്മനിറഞ്ഞതാവുമ്പോഴാണ്‌. അയാള്‍ ഏകാന്തനായി വസിക്കുന്നു. ദു:ഖ ദുരിതങ്ങള്‍ക്ക് കാരണമാകുന്ന ലോകസുഖങ്ങളില്‍ അവന്‌ ആസക്തിയേതുമില്ല.”