യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 176 [ഭാഗം 4. സ്ഥിതി പ്രകരണം]
വിചാരണാസമധിഗതാത്മദീപകോ
മനസ്യലം പരിഗലിതേവ ധിരധീ:
വിലോകയന്‍ ക്ഷയഭവനീരസാ ഗതീര്‍-
ഗതജ്വരോ വിലസതി ദേഹപത്തനേ (4/35/69)
വസിഷ്ഠന്‍ തുടര്‍ന്നു: മനസ്സു തന്നെയാണ് ജീവന്‍. സ്വയം സങ്കല്‍പ്പിച്ചു വിക്ഷേപണം ചെയ്തവയെ മനസ്സില്‍ അനുഭവിക്കുകയാണ്. അതിലൂടെ ബന്ധിക്കപ്പെടുകയും ചെയ്യുന്നു. മനസ്സിന്റെ അവസ്ഥയാണ് ജീവന്റെ പുനര്‍ജന്മങ്ങളുടെ ഗതിവിഗതികളെ നിശ്ചയിക്കുന്നത്. രാജാവാകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ താന്‍ രാജാവായി എന്നു സ്വപ്നത്തില്‍ കാണുന്നു. ഒരാള്‍ തീക്ഷ്ണമായി എന്താഗ്രഹിക്കുന്നുവോ അത് ഉടനെ തന്നെയോ അല്ലെങ്കില്‍ കുറേക്കഴിഞ്ഞോ അവനതു ലഭ്യമാകുന്നു. മനസ്സ് മലിനമാണെങ്കില്‍ അതിന്റെ പരിണിതഫലവും അങ്ങിനെതന്നെയായിരിക്കും. അതുപോലെ നിര്‍മ്മലമായ മനസ്സിന്റെ ഫലം നിര്‍മ്മലമായിരിക്കും. ഉത്തമനായ ഒരുവന്‍ എത്ര കഷ്ടപ്പാടുണ്ടെങ്കിലും തന്റെ ആത്മാന്വേഷണത്വര ഉപേക്ഷിക്കുകയില്ല. സത്യത്തില്‍ ബന്ധനവും മുക്തിയും ഒന്നും ഉണ്മയല്ല. അനന്താവബോധത്തില്‍ ‘ഞാന്‍ ഈ ദേഹം’ എന്നൊരു ചിന്തയുണ്ടായി. അതാണ് ബന്ധനമായിത്തീര്‍ന്നത്. എന്നാല്‍ ഈ ‘കാണുന്നതെല്ലാം’ സത്യമല്ല എന്നറിയുമ്പോള്‍ ഒരുവന്‍ അനന്താവബോധമായി പ്രോജ്വലിക്കുന്നു.
മനസ്സ് സദ്ചിന്തകളാലും തദൃശപ്രവൃത്തികളാലും നിര്‍മ്മലമാക്കുമ്പോള്‍ അത് അനന്തതയുടെ സ്വഭാവം ആര്‍ജ്ജിക്കുന്നു. ശുഭ്രമായ തുണിയില്‍ ചായം മുക്കാന്‍ എളുപ്പമാണല്ലോ. ശുദ്ധമനസ്സില്‍ ദേഹം, ആത്മജ്ഞാനം, നിര്‍മമത തുടങ്ങിയ ധാരണകള്‍ ഉദയം ചെയ്യുമ്പോള്‍ ലോകമെന്ന ‘കാഴ്ച്ച’ പ്രകടമാവുന്നു. മനസ്സ് പുറംലോകത്തില്‍ ആമഗ്നമാവുമ്പോള്‍ വിശ്വമനസ്സ് അവിടെ നിന്നു പിന്‍വലിയുന്നു. എന്നാല്‍ മനസ്സ് എപ്പോള്‍ വിഷയ-വിഷയി ബന്ധത്തെ ഉപേക്ഷിക്കുന്നുവോ അതപ്പോള്‍ അനന്തതയില്‍ വിലയിക്കുന്നു. മനസ്സിന് അനന്താവബോധത്തില്‍ നിന്നും വിട്ട് ഒരു നിലനില്‍പ്പില്ല. അത് ആദിയില്‍ ഉണ്ടായിരുന്നില്ല. അന്ത്യത്തിലും അതില്ല. വാസ്തവത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നില്ല. മനസ്സുണ്ട് എന്നു ചിന്തിക്കുന്നവന് ദു:ഖം ഉറപ്പാണ്. ഈ ലോകം സത്യത്തില്‍ ആത്മാവുതന്നെ എന്നറിയുന്നവന്‍ ദു:ഖത്തിന്റെ മറുകര കണ്ടവനാണ്. അവന് ലോകം ആനന്ദവും മുക്തിയും നല്കുന്നു.
മനസ്സ് എന്നത് ആശയങ്ങളും ധാരണകളും തന്നെയാണ്. അങ്ങിനെയുള്ള മനസ്സില്ലാതായാല്‍ ആരാണ് ദു:ഖിക്കുക? ദൃഷ്ടിക്കും ദൃഷ്ടാവിനുമിടയ്ക്കുള്ള ഈ അവബോധമാണ് ഉണ്മ. മനസ്സീ പൊരുളിനെ മറയ്ക്കുകയാണ്. മനസ്സു നിലച്ചാല്‍ സത്യ സാക്ഷാത്കാരമായി. മനോപാധികള്‍ ഇല്ലാതായാല്‍പ്പിന്നെ അജ്ഞാനം, ആര്‍ത്തി, ആസക്തികള്‍, ആശകള്‍, വെറുപ്പ്, ഭ്രമം, മൂഢത്വം, ഭയം, സങ്കല്‍പ്പങ്ങള്‍ തുടങ്ങി എല്ലാത്തിനും അവസാനമായി. പരിശുദ്ധി, പവിത്രത, നന്മ എന്നിവ ഉദയം ചെയ്ത് അങ്ങിനെയുള്ളയാള്‍ ആത്മജ്ഞാനത്തില്‍ അഭിരമിക്കുന്നു.
“ഏതൊരുവന്റെ ബുദ്ധിമണ്ഡലം എല്ലാ കളങ്കങ്ങളും നീങ്ങി പരിശുദ്ധമാവുകയും, ഹൃദയം ആത്മാന്വേഷണംകൊണ്ടുണ്ടായ പ്രഭയില്‍ ദീപ്തമാവുകയും, ധാരണയില്‍ ജനനമരണങ്ങളുടെ വ്യര്‍ത്ഥതയെപ്പറ്റി അറിവുറയ്ക്കുകയും ചെയ്യുന്നുവോ അവന് പേടിയോ അകാംക്ഷയോ കൂടാതെ ദേഹമെന്ന ഈ നഗരത്തില്‍ സുഖമായി വസിക്കാം.“