യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 179 [ഭാഗം 4. സ്ഥിതി പ്രകരണം]
നാനന്ദം ന നിരാനന്ദം ന ചലം നാചലം സ്ഥിരം
ന സന്നാസന്ന ചൈതേഷാം മദ്ധ്യം ജ്ഞാനിമനോ വിദു: (4/38/10)
വസിഷ്ഠന്‍ തുടര്‍ന്നു: ‘ഞാന്‍ ഇതു ചെയ്യുന്നു’ എന്ന് തോന്നുന്ന കര്‍ത്തൃത്വഭാവം സന്തോഷത്തെയും ദു:ഖത്തെയും ഉണ്ടാക്കുന്നവയോ യോഗികള്‍ക്കുമാത്രം കിട്ടുന്ന പ്രശാന്തതയെ നല്കുന്നതോ ആയേക്കാം. എന്നാല്‍ ജ്ഞാനിക്ക് അത് വെറും സാങ്കല്‍പ്പീകമായ ഒന്നത്രേ. അജ്ഞാനിയെ സംബന്ധിച്ചിടത്തോളം അത് സത്യമാണെന്നാണ് അനുഭവം. എന്നാല്‍ എന്താണീ തോന്നലിന്റെയെല്ലാം ഉറവിടം? എന്തെങ്കിലും നേടണമെന്ന ആഗ്രഹവുമായി മനസ്സ് അതിനായി പരിശ്രമം നടത്തുമ്പോഴാണ് ഈ ധാരണ ഉടലെടുക്കുന്നത്. ആ കര്‍മ്മത്തിന്റെ ഫലഭോക്താവായി മനസ്സ് സ്വയം അവരോധിക്കുന്നു. കര്‍മ്മഫലങ്ങള്‍ അനുഭവിക്കേ ‘ഞാന്‍ ഇതാസ്വദിക്കുന്നു’ എന്ന ധാരണ ഉണ്ടാവുന്നു. ഈ രണ്ടു ധാരണകളും (കര്‍ത്തൃത്വം, ഭോക്തൃത്വം) ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. കര്‍മ്മത്തിലേര്‍പ്പെട്ടാലുമില്ലെങ്കിലും, സ്വര്‍ഗ്ഗത്തിലാണെങ്കിലും നരകത്തിലാണെങ്കിലും, മാനസികോപാധികള്‍ എന്തുതന്നെയായിരുന്നാലും അതെല്ലാം അനുഭവവേദ്യമാവുന്നത് മനസ്സിലത്രേ. അതിനാല്‍ അജ്ഞാനിയില്‍, ഉപാധികളാല്‍ പരിമിതപ്പെട്ടവനില്‍, ‘ഞാന്‍ ഇതു ചെയ്യുന്നു’ എന്ന ധാരണ എന്തെങ്കിലും ചെയ്യുമ്പോഴും ചെയ്യാതിരിക്കുമ്പോഴും സഹജമാണ്. എന്നാല്‍ ഉപാധികളുടെ പരിമിതികളേതുമില്ലാത്ത, പ്രബുദ്ധനും, ജ്ഞാനിയുമായ ഒരുവനില്‍ അത്തരം ധാരണകള്‍ ഉണ്ടാവുന്നതേയില്ല.
ഇതിനെക്കുറിച്ചുള്ള സത്യം അറിവാവുമ്പോള്‍ ഉപാധികളുടെ പ്രാഭവം കുറഞ്ഞുവരുന്നു. അതുകൊണ്ട് വിവേകശാലിയായ ഒരുവന്‍ സജീവമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും കര്‍മ്മഫലങ്ങളില്‍ താല്‍പ്പര്യമൊന്നും ഇല്ലാത്തവനായി ഇരിക്കുന്നു. അയാള്‍ തന്റെ ജീവിതത്തിലൂടെ കര്‍മ്മങ്ങളെ പ്രവര്‍ത്തികളാക്കുന്നുവെങ്കിലും കര്‍മ്മഫലങ്ങളില്‍ അയാള്‍ക്ക് താല്‍പ്പര്യം ഒന്നുമില്ല. വന്നുചേരുന്ന കര്‍മ്മഫലങ്ങള്‍ തന്റെ സ്വരൂപത്തില്‍ നിന്നും, ആത്മാവില്‍ നിന്നും വിഭിന്നമായി അയാള്‍ കാണുന്നുമില്ല. എന്നാല്‍ വൈവിദ്ധ്യമാര്‍ന്ന മാനസികാവസ്ഥകളില്‍ മുഴുകി മുങ്ങിയിരിക്കുന്നവരുടെ ഭാവം ഇതല്ല. മനസ്സ് എന്തുചെയ്യുന്നുവോ അതാണ് കര്‍മ്മം. അതിനാല്‍ മനസ്സാണ് കര്‍മ്മങ്ങളുടെ കര്‍ത്താവ്. ശരീരമല്ല. മനസ്സാണ് ഈ ലോകമെന്ന കാഴ്ച്ച. അവിടെയാണതുയര്‍ന്നത്. അവിടെയാണത് നിലകൊള്ളുന്നത്. എന്നാല്‍ വിഷയങ്ങളും അനുഭവവേദ്യമായ മനസ്സും പ്രശാന്തമാവുമ്പോള്‍ ബോധം മാത്രം അവശേഷിക്കുന്നു.
“പ്രബുദ്ധന്റെ മനസ്സ് ആനന്ദത്താല്‍ നിറഞ്ഞതോ ആനന്ദലേശമില്ലാത്തതോ ആയ അവസ്ഥയില്‍ അല്ലെന്നാണ് വിജ്ഞാനികള്‍ പറയുന്നത്. ചലമോ അചലമോ അല്ല അത്. സത്തോ അസത്തോ അല്ല അത്. ഈ രണ്ടിനും ഇടയ്ക്കുള്ള അവസ്ഥയിലത്രേ ആ മനസ്സ്.” അയാളുടെ അപരിമേയമായ അവബോധം ആനന്ദപൂര്‍വ്വം ഈ പ്രത്യക്ഷലോകത്ത് തന്റെ ഭാഗം ഒരു നാടകത്തിലെന്നപോലെ ഭംഗിയായി അഭിനയിക്കുന്നു. മാനസികോപാധികള്‍ അജ്ഞാനിയിലാണല്ലോ ഉള്ളത്. അവയാണ് കര്‍മ്മങ്ങളുടെയും തല്‍ഫലങ്ങളുടെയും ഗതിവിഗതികള്‍ നിശ്ചയിക്കുന്നത്. ഉപാധികളേതുമില്ലാത്തതുകൊണ്ട് ജ്ഞാനി എന്നും ആനന്ദത്തിലാണ്. അവന്റെ കര്‍മ്മങ്ങള്‍, ‘കര്‍മ്മങ്ങള്‍’അല്ല. അവയിലൂടെ അവന്‍ പാപപുണ്യങ്ങള്‍ ആര്‍ജ്ജിക്കാനിടയാകുന്നില്ല. അവന്‍ ഒരു ശിശുവിനേപ്പോലെ പെരുമാറുന്നു. ദു:ഖിതനെപ്പോലെ കാണപ്പെടുമ്പോഴും അവന്‍ ദു:ഖത്തിനടിമയല്ല. അവന്‍ ഈ കാണപ്പെടുന്ന ലോകത്തോട് യാതൊരുവിധ ആസക്തിയും ഇല്ലാത്തവനാണ്. മനസ്സിന്റെയോ ഇന്ദ്രിയങ്ങളുടെയോ പ്രവര്‍ത്തനങ്ങളിലും അവന് ഇഷ്ടാനിഷ്ടങ്ങളില്ല. മുക്തിയെന്നോ ബന്ധനമെന്നോ ഉള്ള ധാരണകള്‍ അവന്‍ വെച്ചുപുലര്‍ത്തുന്നില്ല. അവന്‍ ആത്മാവിനെ കാണുന്നു. ആത്മാവിനെ മാത്രം.