MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

സ്വയംപ്രഭാഗതി

അന്ധകാരാരണ്യമാശുപുക്കീടിനാ-
രന്തരാ ദാഹവും വര്‍ദ്ധിച്ചിതേറ്റവും
ശുഷ്കകണ്ഠോഷ്ഠതാലു പ്രദേശത്തൊടും
മര്‍ക്കടവീരരുണങ്ങിവരുണ്ടൊരു
ജിഹ്വയോടും നടക്കുന്ന നേരത്തൊരു
ഗഹ്വരം തത്രകാണായി വിധിവശാല്‍
വല്ലീതൃണഗണച്ഛന്നമായോന്നതി-
ലല്ലയല്ലീ ജലമൊന്നോര്‍ത്തുനില്‍ക്കുമ്പോള്‍
ആര്‍ദ്ദ്രപക്ഷകൗഞ്ചഹംശാദി പക്ഷിക-
ലൂര്‍ദ്ധ്വദേശേ പറന്നാരതില്‍ നിന്നുടന്‍
പക്ഷങ്ങളില്‍ നിന്നു വീണു ജലകണം
മര്‍ക്കടന്മാരുമതു കണ്ടു കല്‍പിച്ചാര്‍
‘നല്ല ജലമതിലുണ്ടെന്നു നിര്‍ണ്ണയ-
മെല്ലാവരും നാമിതിലിറങ്ങീടുക’
എന്നു പറഞ്ഞോരു നേരത്തു മാരുതി
മുന്നിലിറങ്ങിനാല്‍ മറ്റുള്ളവര്‍കളും
പിന്നാലെ തന്നിലിറങ്ങി നടക്കുമ്പോള്‍
കണ്ണുകാണാഞ്ഞതിരുട്ടുകൊണ്ടന്നേര-
മന്യോന്യമൊത്തു കൈയും പിടിച്ചാകുലാല്‍
ഖിന്നതയോടും നടന്നുനടന്നു പോയ്‌-
ച്ചെന്നാരതീവദൂരം തത്ര കണ്ടിതു
മുന്നിലാമ്മാറതിധന്യദേശസ്ഥലം
സ്വര്‍ണ്ണമയം മനോമോഹനം കാണ്മവര്‍-
കണ്ണിനുമേറ്റമാനന്ദകരം പരം
വാപികളുണ്ടു മണിമയവാരിയാ-
ലാപൂര്‍ണ്ണകളായതീവ വിശദമായ്‌
പക്വഫലങ്ങളാല്‍ നമ്രങ്ങളായുള്ള
വൃക്ഷങ്ങളുണ്ടു കല്‍പ്ദ്രുമതുല്യമായ്‌
പൂയ്ഷസാമ്യമധുദ്രോണസംയുത
പേയ ഭക്ഷ്യാന്നസഹിതങ്ങളായുള്ള
വസ്ത്യങ്ങളുണ്ടു പലതരം തത്രൈവ
വസ്ത്രരത്നാദി പരിഭൂഷിതങ്ങളായ്‌
മാനസമോഹനമായ ദിവ്യസ്ഥലം
മാനുഷവര്‍ജ്ജിതം ദേവഗേഹോപമം
തത്രഗേഹേ മണികാഞ്ചനവിഷ്ടരേ
ചിത്രകൃതി പൂണ്ടു കണ്ടോരൊരുത്തിയെ
യോഗം ധരിച്ചു ജടവല്‍ക്കലം പൂണ്ടു
യോഗിനി നിശ്ചലധ്യാനനിരതയായ്‌
പാവകജ്വാലാസമാഭകലര്‍ന്നതി-
പാവനയായ മഹാഭാഗയെക്കണ്ടു
തല്‍ക്ഷണേ സന്തോഷപൂര്‍ണ്ണ മനസ്സോടു
ഭക്തിയും ഭീതിയും പൂണ്ടു വണങ്ങിനാര്‍
ശാഖാമൃഗങ്ങളെക്കണ്ടു മോദം പൂണ്ടു
യോഗിനി താനുമവരോടു ചൊല്ലിനാള്‍
‘നിങ്ങളാരാകുന്നതെന്നു പറയണ-
മിങ്ങു വന്നീടുവാന്‍ മൂലവും ചൊല്ലണം
എങ്ങനെ മാര്‍ഗ്ഗമറിഞ്ഞുവാറെന്നതു-
മെങ്ങിനിപ്പോകുന്നതെന്നു പറയണം’
എന്നിവ കേട്ടൊരു വായുതനയനും
നന്നായ്‌ വണങ്ങി വിനീതനായ്‌ ചൊല്ലിനാന്‍
‘വൃത്താന്തമൊക്കവേ കേട്ടാലുമെങ്കിലോ
സത്യമൊഴിഞ്ഞു പറയുമാറില്ല ഞാന്‍
ഉത്തരകോസലത്തിങ്കലയോദ്ധ്യയെ-
ന്നുത്തമമായുണ്ടൊരു പുരി ഭൂതലേ
തത്രൈവ വാണു ദശരഥന‍ാം നൃപന്‍
പുത്രരുമുണ്ടായ്‌ ചമഞ്ഞിതു നാലുപേര്‍
നാരായണസമന്‍ ജ്യേഷ്ഠനവര്‍കളില്‍
ശ്രീരാമനാകുന്നതെന്നുമറിഞ്ഞാലും
താതാജ്ഞയാ വനവാസാര്‍ത്ഥമായവന്‍
ഭ്രാതാവിനൊടും ജനകാത്മജയായ
സീതയ‍ാം പത്നിയോടും വിപിനസ്ഥലേ
മോദേന വാഴുന്ന കാലമൊരു ദിനം
ദുഷ്ടനായുള്ള ദശാസ്യനിശാചരന്‍
കട്ടുകൊണ്ടാശു പോയീടിനാന്‍ പത്നിയെ
രാമനും ലക്ഷ്മണനാകുമനുജനും
ഭാമിനിതന്നെത്തിരഞ്ഞു നടക്കുമ്പോള്‍
അര്‍ക്കാത്മജനായ സുഗ്രീവനെക്കണ്ടു
സഖ്യവും ചെയ്തിതു തമ്മിലന്യോന്യമായ്‌
എന്നതിന്നഗ്രജനാകിയ ബാലിയെ-
ക്കൊന്നു സുഗ്രീവനു രാജ്യവും നല്‍കിനാന്‍
ശ്രീരാമനുമതില്‍ പ്രത്യുപകാരമാ-
യാരാഞ്ഞു സീതയെക്കണ്ടു വരികെന്നു
വാനരനായകനായ സുഗ്രീവനും
വാനരന്മാരെയയച്ചിതെല്ലാടവും
ദക്ഷിണദിക്കിലന്വേഷിപ്പനിതിനൊരു
ലക്ഷം കപിവരന്മാരുണ്ടു ഞങ്ങളും
ദാഹം പൊറാഞ്ഞു ജലക‍ാംക്ഷയാ വന്നു
മോഹേന്‍ ഗഹ്വരം പുക്കിതറൊയാതെ
ദൈവവശാലിവിടെപ്പോന്നു വന്നിഹ
ദേവിയെക്കാണായതൗം ഭാഗ്യമെത്രയും
ആരെന്നതും ഞങ്ങളേതുമറിഞ്ഞീല
നേരേയരുള്‍ ചെയ്കവേണമതും ശുഭേ!’
യോഗിനിതാനുമതു കേട്ടവരോടു
വേഗേന മന്ദസ്മിതം പൂണ്ടു ചൊല്ലിനാള്‍
‘പക്വഫലമൂലജാലങ്ങളൊക്കവേ
ഭക്ഷിച്ചമൃതപാനം ചെയ്തു തൃപ്തരായ്‌
ബുദ്ധി തെളിഞ്ഞു വരുവിനെന്നാല്‍ മമ
വൃത്താന്തമാദിയേ ചൊല്ലിത്തരുവന്‍ ഞാന്‍’
എന്നതു കേട്ടവര്‍ മൂലഫലങ്ങളും
നന്നായ്‌ ഭുജിച്ചു മധുപാനവും ചെയ്തു
ചിത്തം തെളിഞ്ഞു ദേവീസമീപം പുക്കു
ബദ്ധാഞ്ജലി പൂണ്ടു നിന്നോരനന്തരം
ചാരുസ്മിതപൂര്‍വ്വമഞ്ജസാ യോഗിനി
മാരുതിയോടു പറഞ്ഞു തുടങ്ങിനാള്‍
‘വിശ്വവിമോഹനരൂപിണിയാകിയ
വിസ്വകര്‍മ്മാത്മജാ ഹേമാ മനോഹരീ
നൃത്തഭേദം കൊണ്ടു സന്തുഷ്ടനാക്കിനാള്‍
മുഗ്ദ്ധേന്ദുശേഖരന്‍ തന്നെയതുമൂലം
ദിവ്യപുരമിദം നല്‍കിനാനീശ്വരന്‍
ദിവ്യസംവത്സരാണാമയുതായുതം
ഉത്സവം പൂണ്ടു വസിച്ചാളിഹ പുരാ
തത്സഖി ഞാനിഹ നാമ്‌നാ സ്വയമ്പ്രഭാ
സന്തതം മോക്ഷാമപേക്ഷിച്ചിരിപ്പൊരു
ഗന്ധര്‍വ്വപുത്രി സദാ വിഷ്ണു തല്‍പരാ
ബഹ്മലോകം പ്രവേശിച്ചിതു ഹേമയും
നിമ്മലഗാത്രിയുമെന്നോടു ചൊല്ലിനാള്‍
‘സന്തതം നീ തപസ്സും ചെയ്തിരിക്കെടോ
ജന്തുക്കളത്ര വരികയുമില്ലല്ലോ
ത്രേതായുഗേ വിഷ്ണു നാരായണന്‍ ഭുവി
ജാതനായീടും ദശരഥ പുത്രനായ്‌
ഭൂഭാരനാശനാര്‍ത്ഥം വിപിനിസ്ഥലേ
ബൂപതി സഞ്ചരിച്ചീടും ദശാന്തരേ
ശ്രീരാമപത്നിയെക്കട്ടുകൊള്ളുമതി-
ക്രൂരനായീടും ദശാനനനക്കാലം
ജാനകീദേവിയെയന്വേഷണത്തിനായ്‌
വാനരന്മാര്‍ വരും നിന്‍ ഗുഹാമന്ദിരേ
സല്‍ക്കരിച്ചീടവരെ പ്രീത്രിപൂണ്ടു നീ
മര്‍ക്കടന്മാര്‍ക്കുപ്രകാരവും ചെയ്തു പോയ്‌
ശ്രീരാമദേവനെക്കണ്ടു വണങ്ങുക
നാരായണസ്വാമി തന്നെ രഘൂത്തമന്‍
ഭക്ത്യാപരനെ സ്തുതിച്ചാല്‍ വരും തവ
മുക്തിപദം യോഗിഗമ്യം സനാതനം
ആകയാല്‍ ഞാനിനി ശ്രീരാമദേവനെ
വേഗേന കാണ്മതിന്നായ്ക്കൊണ്ടു പോകുന്നു
നിങ്ങളെ നേരേ പെരുവഴി കൂട്ടുവന്‍
നിങ്ങളെല്ലാവരും കണ്ണടച്ചീടുവിന്‍’
ചിത്തം തെളിഞ്ഞവര്‍ കണ്ണടച്ചീടിനാര്‍
സത്വരം പൂര്‍വ്വസ്ഥിതാടവി പുക്കിതു
ചിത്രം വിചിത്രം വിചിത്രമെന്നോര്‍ത്തവര്‍
പദ്ധതിയൂടെ നടന്നു തുടങ്ങിനാര്‍