MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

സ്വയംപ്രഭാസ്തുതി

യോഗിനിയും ഗുഹാവാസമുപേക്ഷിച്ചു
യോഗേശസന്നിധിപുക്കാളതിദ്രുതം
ലക്ഷ്മണ സുഗ്രീവസേവിതനാകിയ
ലക്ഷ്മീശനെക്കണ്ടു കൃത്വാ പ്രദക്ഷിണം
ഭക്ത്യാ സഗദ്ഗദം രോമാഞ്ചസംയുതം
നത്വാ മുഹുര്‍മ്മുഹുസ്തുത്വ ബഹുവിധം
‘ദാസീ തവാഹം രഘുപതേ രാജേന്ദ്ര!
വാസുദേവ! പ്രഭോ! രാമ! ദയാനിധേ!
കാണ്മതിന്നായ്ക്കൊണ്ടു വന്നേനിവിടെ ഞാന്‍
സാമ്യമില്ലാത ജഗല്‍പതേ! ശ്രീപതേ!
ഞാനനേകായിരം സംവത്സരം തവ
ധ്യാനേന നിത്യം തപസ്സു ചെയ്തീടിനേന്‍
ത്വദ്രൂപസന്ദര്‍ശനാര്‍ത്ഥം തപോബല-
മദ്യൈവ നൂനം ഫലിതം രഘുപതേ!
ആദ്യനായോരു ഭവന്തം നമസ്യാമി
വേദ്യനല്ലാരാലുമേ ഭവാന്‍ നിര്‍ണ്ണയം
അന്തര്‍ബ്ബഹിഃസ്ഥിതം സര്‍വ്വഭൂതേഷ്വപി
സന്തമലക്ഷ്യമാദ്യന്തഹീനം പരം
മായായവനികാച്ഛനാനായ്‌ വാഴുന്ന
മായാമയനായ മാനുഷവിഗ്രഹന്‍
അജ്ഞാനികളാലറിഞ്ഞുകൂടാതൊരു
വിജ്ഞാനമൂര്‍ത്തിയല്ലോ ഭവാന്‍ കേവലം
ഭാഗവതന്മാര്‍ക്കു ഭക്തിയോഗാര്‍ത്ഥമായ്‌
ലോകേശമുഖ്യാമരൗഘമര്‍ത്ഥിയ്ക്കയാല്‍
ഭൂമിയില്‍ വന്നവതീര്‍ണ്ണന‍ാം നാഥനെ-
ത്താമസിയായ ഞാനെന്തറിയുന്നതും!
സച്ചിന്മയം തവ തത്ത്വം ജഗത്ത്രയേ
കശ്ചില്‍ പുരുഷനറിയും സുകൃതിന‍ാം
രൂപം തവേദം സദാ ഭാതു മാനസേ
താപസാന്തഃസ്ഥിതം താപത്രയാപഹം
നാരായണ തവ ശ്രീപാദദര്‍ശനം
ശ്രീരാമ! മോക്ഷൈകദര്‍ശനം കേവലം
ജന്മമരണഭീതാനാമദര്‍ശനം
സന്മാര്‍ഗ്ഗദര്‍ശനം വേദാന്തദര്‍ശനം
പുത്രകളത്രമിത്രാര്‍ത്ഥവിഭൂതികൊന്‍-
ണ്ടെത്രയും ദര്‍പ്പിതരായുള്ള മാനുഷര്‍
രാമരാമേതി ജപിക്കയില്ലെന്നുമേ
രാമനാമം മേ ജപിയ്ക്കായ്‌വരേണമേ!
നിത്യം നിവൃത്തഗുണത്രയമാര്‍ഗ്ഗായ
നിത്യായ നിഷ്കിഞ്ചനാര്‍ത്ഥായ തേ നമഃ
സ്വാത്മാഭിരാമായ നിര്‍ഗ്ഗുണായ ത്രിഗു-
ണാത്മേ സീതാഭിരാമായ തേ നമഃ
വേദാത്മകം കാമരൂപിണമീശാന-
മാദിമദ്ധ്യാന്തവിവര്‍ജ്ജിതം സര്‍വ്വത്ര
മന്യേ സമം ചരന്തം പുരുഷം പരം
നിന്നെ നിനക്കൊഴിഞ്ഞാര്‍ക്കറിഞ്ഞീടാവു?
മര്‍ത്ത്യവിഡംബനം ദേവ! തേ ചേഷ്ടിതം
ചിത്തേ നിരൂപിക്കിലെന്തറിയാവതും?
ത്വന്മായയാ പിഹിതാത്മാക്കള്‍ കാണുന്നു
ചിന്മയനായ ഭവാനെബ്ബഹുവിധം
ജന്മവും കര്‍ത്തൃത്വവും ചെറുതില്ലാത
നിര്‍മ്മലാത്മാവ‍ാം ഭവാനവസ്ഥാന്തരേ
ദേവതിര്യങ്മനുജാദികളില്‍ ജനി-
ച്ചേവമാദ്യങ്ങള‍ാം കര്‍മ്മങ്ങള്‍ ചെയ്‌വതും
നിന്മഹാമായാവിഡംബനം നിര്‍ണ്ണയം
കല്‍മഷഹീന! കരുണാനിധേ! വിഭോ!
മേദിനിതന്നില്‍ വിചിത്രവേഷത്തൊടും
ജാതനായ്‌ കര്‍മ്മങ്ങള്‍ ചെയ്യുന്നതും ഭവാന്‍
ഭക്തരായുള്ള ജനങ്ങള്‍ക്കു നിത്യവും
ത്വല്‍ക്കഥാപീയൂഷപാനസിദ്ധിക്കെന്നു
ചൊല്ലുന്നിതു ചിലര്‍ മറ്റും ചിലരിഹ
ചൊല്ലുന്നിതു ഭുവി കോസലഭൂപതി-
തന്നുടെ ഘോരതപോബലസിദ്ധയേ
നിര്‍ണ്ണയമെന്നു ചിലര്‍ പറയുന്നിതു
കൗസല്യയാല്‍ പ്രാര്‍ത്ഥമാനനായിട്ടിഹ
മൈഥിലീഭാഗ്യസിദ്ധിക്കെന്നിതു ചിലര്‍
സ്രഷ്ടാവുതാനപക്ഷിയ്ക്കയാല്‍ വന്നിഹ
ദുഷ്ടനിശാചരവംശമൊടുക്കുവാന്‍
മര്‍ത്ത്യനായ്‌വന്നു പിറന്നിതു നിര്‍ണ്ണയം
പൃത്ഥ്വിയിലെന്നു ചിലര്‍ പറയുന്നിതു
ഭൂപാലപുത്രനായ്‌ വന്നു പിറന്നിതു
ഭൂഭാരനാശത്തിന്നെന്നിതു ചിലര്‍
ധര്‍മ്മത്തെ രക്ഷിച്ചധര്‍മ്മത്തെ നീക്കുവാന്‍
കര്‍മ്മസാക്ഷീകുലത്തിങ്കല്‍ പിറന്നിതു
ദേവശത്രുക്കളെ നിഗ്രഹിച്ചന്‍പൊടു
ദേവകളെപ്പരിപാലിച്ചുകൊള്ളുവാന്‍
എന്നു ചൊല്ലുന്നിതു ദിവ്യമുനിജന-
മൊന്നും തിരിച്ചറിയാവതുമല്ല മേ
യാതൊരുത്തന്‍ ത്വല്‍ക്കഥകള്‍ ചൊല്ലുന്നതു-
മാദരവോടു കേള്‍ക്കുന്നതും നിത്യമായ്‌
നൂനം ഭവാര്‍ണ്ണവത്തെക്കടന്നീടുവോന്‍
കാണാമവനു നിന്‍ പാദപങ്കേരുഹം
ത്വന്മഹാമായാഗുണബദ്ധനാകയാല്‍
ചിന്മയമായ ഭവത്സ്വരൂപത്തെ ഞാന്‍
എങ്ങനെയുള്ളവണ്ണമറിഞ്ഞീടുന്ന-
തെങ്ങനെ ചൊല്ലിസ്തുതിക്കുന്നതുമഹം!
ശ്യാമളം കോമളം ബാണധനുര്‍ദ്ധരം
രാമം സഹോദരസേവിതം രാഘവം
സുഗ്രീവമുഖ്യകപികുലസേവിത-
മഗ്രേ ഭവന്തം നമസ്യാമി സാമ്പ്രതം
രാമായ രാമഭദ്രായ നമോ നമോ
രാമചന്ദ്രായ നമസ്തേ നമോ നമഃ’
ഇങ്ങനെ ചൊല്ലി സ്വയംപ്രഭയും വീണു
മംഗലവാചാ നമസ്കരിച്ചീടിനാള്‍
മുക്തിപ്രദനായ രാമന്‍ പ്രസന്നനായ്‌
ഭക്തയ‍ാം യോഗിനിയോടരുളിചെയ്തു
‘സന്തുഷ്ടനായേനഹം തവ ഭക്തികൊ-
ണ്ടെന്തോന്നു മാനസേ ക‍ാംക്ഷിതം ചൊല്ലു നീ?’
എന്നതു കേട്ടവളും പറഞ്ഞീടിനാല്‍
‘ഇന്നു വന്നു മമ ക‍ാംക്ഷിതമൊക്കവെ
യത്രകുത്രാപി വസിക്കിലും ത്വല്‍പാദ-
ഭക്തിക്കിളക്കമുണ്ടാകാതിരിയ്ക്കണം
ത്വല്‍പാദഭക്തഭൃത്യേഷു സംഗം പുന-
രുള്‍പൂവിലെപ്പോഴുമുണ്ടാകയും വേണം
പ്രാകൃതന്മാര‍ാം ജനങ്ങളില്‍ സംഗമ-
മേകദാ സംഭവിച്ചീടായ്ക മാനസേ
രാമരാമേതി ജപിയ്ക്കായ്‌ വരേണമേ
രാമപാദേ രമിക്കേണമെന്മാനസം
സീതാസുമിത്രാത്മജാന്വിതം രാഘവം
പീതവസ്ത്രം ചാപബാണാസനധരം
ചാരുമകുട കടകകടിസൂത്ര-
ഹാരമകരമണിമയകുണ്ഡല-
നൂപുരഹേമ‍ാംഗദാദി വിഭൂഷണ-
ശോഭിതരൂപം വസിക്ക മേ മാനസേ
മറ്റെനിയ്ക്കേതുമേ വേണ്ടാ വരം വിഭോ!
പറ്റായ്ക ദുസ്സംഗമുള്ളിലൊരിക്കലും’
ശ്രീരാമദേവനതു കേട്ടവളോടു
ചാരുമന്ദസ്മിതം പൂണ്ടരുളിച്ചെയ്തു
‘ഏവം ഭവിക്ക നിനക്കു മഹാഭാഗേ!
ദേവീ നീ പോക ബദര്യാശ്രമസ്ഥലേ
തത്രൈവ നിത്യമെന്നെ ധ്യാനവും ചെയ്തു
മുക്ത്വാ കളേബരം പഞ്ചഭൂതാത്മകം
ചേരുമെങ്കല്‍ പരമാത്മനി കേവലേ
തീരും ജനനമരണദുഃഖങ്ങളും’
ശ്രുത്വാ രഘൂത്തമവാക്യാമൃതം മുദാ
ഗത്വാ തദൈവ ബദര്യാശ്രമസ്ഥലേ
ശ്രീരാമദേവനെ ധ്യാനിച്ചിരുന്നുടന്‍
നാരായണപദം പ്രാപിച്ചിതവ്യയം