സത്യം സാക്ഷാത്കരിക്കുന്നതുവരെ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും (184)
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 184 [ഭാഗം 4. സ്ഥിതി പ്രകരണം]
വിഹരന്തി ജഗത്കേചിന്നിപതന്ത്യുത് പതന്തി ച
കന്ദുകാ ഇവ ഹസ്തേന മൃത്യുനാവിരതം ഹതാ: (4/43/25)
വസിഷ്ഠന്‍ തുടര്‍ന്നു: ഇങ്ങിനെ അനന്താവബോധത്തിന്റെ ശക്തിയാല്‍ ആകസ്മികമായി പ്രത്യക്ഷ പ്രകടമായത് അനേകം ജീവജാലങ്ങളാണ്. എണ്ണമറ്റ ഈ ജീവജാലങ്ങള്‍ അവരവരുടെ മനോപാധികളുടെ പരിമിതിയില്‍ കുടുങ്ങി കഴിയുന്നു. അവരെ എല്ലാ രാജ്യങ്ങളിലും, അണ്ഡകടാഹത്തിലെ എല്ലായിടത്തും ആലോചിക്കാന്‍ കഴിയുന്ന എല്ലാ അവസ്ഥകളിലും കാണാം. അതില്‍ ചിലര്‍ ഈ യുഗത്തിലെ പുതിയ സൃഷ്ടികളാണ്. മറ്റു ചിലര്‍ പുരാതനമായുള്ളതുമാണ്. ചിലര്‍ക്ക് വെറും ഒന്നോ രണ്ടോ ജന്മങ്ങളേ ഉണ്ടായിരുന്നുള്ളു. മറ്റുള്ളവര്‍ അനേക ജന്മങ്ങള്‍ എടുത്തിരിക്കുന്നു. ചിലര്‍ മുക്തിപദം പ്രാപിച്ചുകഴിഞ്ഞു. പിന്നെച്ചിലര്‍ അദമ്യമായ ദുരിതക്കടലിലാണ്ടു കഴിയുന്നു. ചിലര്‍ ഗഗനചാരികളായ യക്ഷകിന്നരന്മാരാണ്. ചിലര്‍, ഉപദേവന്മാര്‍. ഇനിയും ചിലര്‍ ഈ പ്രത്യക്ഷവിശ്വത്തില്‍ വെവ്വേറെ തനത് വിഷയങ്ങളുടെ ആദ്ധ്യക്ഷം വഹിക്കുന്ന ദേവതകളുമാണ്. ചിലര്‍ രാക്ഷസര്‍, ചിലര്‍ പിശാചുക്കള്‍. ചിലര്‍ മനുഷ്യകുലത്തിലെ നാലു വര്‍ണ്ണാശ്രമങ്ങളില്‍പ്പെട്ടവര്‍. ചിലര്‍ അപരിഷ്കൃതരായ ആദിവാസവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍. ചില ജീവജാലങ്ങള്‍ ചെടികളും പുല്‍വര്‍ഗ്ഗങ്ങളുമത്രേ. മറ്റുചിലവ വേരായും, കായായും ഇലയായും, വള്ളിച്ചെടികളായും പൂക്കളായും ജീവിക്കുന്നു.
ചിലര്‍ രാജവേഷഭൂഷകള്‍ അണിഞ്ഞ രാജാക്കന്മാര്‍, മന്ത്രിമാര്‍ എന്നിങ്ങനെ. ചിലര്‍ കീറിപ്പറിഞ്ഞ വേഷങ്ങളില്‍, മരവുരി ചുറ്റിയ മനുഷ്യര്‍. അവര്‍ ഭിക്ഷക്കാരോ ആശ്രമവാസികളോ ആവാം. ചിലവ പാമ്പുകള്‍, കീടങ്ങള്‍, സിംഹങ്ങള്‍, പുലികള്‍. മറ്റുചിലവ പക്ഷികളും ആനകളും കഴുതകളും. ചിലര്‍ ഐശ്വര്യസമ്പൂര്‍ണ്ണമായ ജീവിതം നയിക്കുന്നു. മറ്റുള്ളവര്‍ കഷ്ടപ്പെട്ടുഴറുന്നു. ചിലര്‍ സ്വര്‍ഗ്ഗത്തില്‍ . ചിലര്‍ നരകത്തില്‍. ചിലര്‍ അങ്ങുയരെ നക്ഷത്രങ്ങളുടെ ലോകത്ത്. മറ്റുചിലര്‍ ഉണക്കമരത്തിന്റെ പൊത്തിലൊളിച്ചു കഴിയുന്നു. ചിലര്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ദേഹാഭിമാനബോധത്തില്‍ നിന്നുയര്‍ന്ന് മുക്തിപദം നേടിയവരാണ്. അവരുടെയൊപ്പം കഴിയാന്‍ ഭാഗ്യം സിദ്ധിച്ച ചിലരും ഇക്കൂട്ടത്തിലുണ്ട്. ചിലര്‍ ബുദ്ധിശാലികള്‍. മറ്റുചിലര്‍ അതീവമന്ദബുദ്ധികള്‍.
രാമാ, ഈ വിശ്വത്തില്‍ അനന്തം ജീവജാലങ്ങളുള്ളതുപോലെ മറ്റു വിശ്വങ്ങളിലും എണ്ണമറ്റ ജീവജാലങ്ങള്‍ വൈവിദ്ധ്യമാര്‍ന്നതെങ്കിലും അനുയോജ്യമായ ദേഹവസ്ത്രമെന്ന പുറംതോടിനുള്ളില്‍ കഴിയുന്നുണ്ട്. എന്നാല്‍ അവയെല്ലാം തന്താങ്ങളുടെ മനോപാധികളാല്‍ ബന്ധിതരാണ്. “ഈ ജീവജാലങ്ങള്‍ ചിലപ്പോള്‍ ഉയര്‍ന്നുയര്‍ന്ന് അല്ലെങ്കില്‍ താഴോട്ടു നിപതിച്ച് വിശ്വമാകെ അലയുന്നു. മരണം, പന്തുതട്ടിക്കളിക്കും പോലെ അവരെയിട്ടു കളിപ്പിക്കുന്നു.” സ്വന്തം മനോപാധികളാല്‍ പരിമിതപ്പെട്ട്, എണ്ണമറ്റ ആശകളാലും ആസക്തികളാലും സ്വാധീനിക്കപ്പെട്ട് അവ ഒരു ശരീരത്തില്‍നിന്നും മറ്റൊന്നിലേയ്ക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ആത്മാവിനെക്കുറിക്കുന്ന -സ്വയം അനന്താവബോധമാണെന്ന, സത്യം സാക്ഷാത്കരിക്കുന്നതുവരെ അവരീ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. ആത്മജ്ഞാനമാര്‍ജ്ജിച്ചുകഴിഞ്ഞാല്‍പ്പിന്നെ അവര്‍ക്ക് മോഹവിഭ്രാന്തികളില്‍ നിന്നു മോചനമായി. പിന്നീട് അവര്‍ ജനന-മരണ ചക്രത്തിന്റെ തലത്തിലേയ്ക്ക് തിരിച്ചു വരുന്നില്ല.