യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 187 [ഭാഗം 4. സ്ഥിതി പ്രകരണം]

അനാഗതാനാം ഭോഗാനാമവാഞ്ഛനമകൃത്രിമം
ആഗതാനാം ച സംഭോഗ ഇതി പണ്ഡിത ലക്ഷണം (4/46/8)

വസിഷ്ഠന്‍ തുടര്‍ന്നു: ഈ വിശ്വപ്രപഞ്ചത്തിലെ എല്ലാം – ധനം, ഭാര്യ, പുത്രന്‍ എന്നുവേണ്ട എല്ലാമെല്ലാം മനസ്സിന്റെ മായാജാലം മാത്രമാണെന്നറിയുന്ന ഒരുവന്‍ അവയുടെ നഷ്ടത്തില്‍ ദു:ഖിക്കുകയോ അവയുടെ ഉല്‍ക്കര്‍ഷത്തില്‍ അമിതാഹ്ളാദം കൊള്ളൂകയോ ചെയ്യുകയില്ല. വാസ്തവത്തില്‍ അവയുടെ അഭിവൃദ്ധി ഒരുവനില്‍ അസന്തുഷ്ടിയാണുണ്ടാക്കേണ്ടത്. കാരണം അജ്ഞാനത്തിന്റെ സാന്ദ്രത കൂട്ടുവാനാണല്ലോ അതുപകരിക്കുക. മന്ദബുദ്ധിയില്‍ ആസക്തിയും സംഗവും ജനിപ്പിക്കുന്ന അതേ കാര്യം ജ്ഞാനിയില്‍ വിരക്തിയും നിര്‍മമതയുമാണുണ്ടാക്കുന്നത്.

“പ്രയത്നം കൂടാതെ കിട്ടാനിടയില്ലാത്ത അനുഭവങ്ങള്‍ക്കായി ആഗ്രഹിക്കാതിരിക്കുകയും പ്രയത്നലേശമില്ലാതെ സ്വമേധയാ വന്നുചേര്‍ന്നവയെ അനുഭവിക്കുന്നതുമാണ്‌ പണ്ഡിതന്റെ ലക്ഷണം.” സംസാരസാഗരമെന്ന മായക്കാഴ്ച്ചയില്‍ മുങ്ങിത്താഴാതെയിരിക്കാന്‍ കഴിയണമെങ്കില്‍ ഏതെങ്കിലും വിധത്തില്‍ ഇന്ദ്രിയ സുഖാനുഭാവാസക്തികളില്‍ നിന്നും പിന്തിരിഞ്ഞാല്‍ മാത്രമേ സാധിക്കൂ. വിശ്വത്തിന്റെ ഏകതാത്മകത്വം അറിഞ്ഞ ഒരുവന്‍ ആഗ്രഹനിവൃത്തിക്കുവേണ്ടിയും ആഗ്രഹനിരാസത്തിനായും ഉള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അതീതനത്രേ. അതുകൊണ്ട് രാമാ, സത്തിനും അസത്തിനും അതീതമായി എല്ലാടവും നിറഞ്ഞു വിളങ്ങുന്ന സര്‍വ്വവ്യാപിയായ ആത്മാവിനെ, അനന്താവബോധത്തെ സാക്ഷാത്കരിച്ചാലും. അകത്തുള്ളതും പുറത്തുള്ളതുമായ ഒന്നിനേയും ഉപേക്ഷിക്കുകയോ അവയില്‍ കടിച്ചു തൂങ്ങുകയോ ചെയ്യേണ്ടതില്ല. ഈദൃശമായ ആത്മവിദ്യയില്‍ അഭിരമിക്കുന്ന ജ്ഞാനിയുടെ മനസ്സിനു പരിമിതികളില്ല. അതിന്‌ നിറഭേദമോ ഉപാധികളോ ബാധകവുമല്ല. അയാള്‍ ആകാശം പോലെ, എന്തൊക്കെ സംഭവിച്ചാലും യാതൊന്നിനാലും മലിനപ്പെടാതെ ഇരിക്കുന്നു.

ഇന്ദ്രിയവിഷയങ്ങളില്‍ ‘എന്റേത്’ എന്ന ധാരണ വച്ചു പുലര്‍ത്താതിരിക്കുക. അപ്പോള്‍ കര്‍മ്മനിരതനാണെങ്കിലും അല്ലെങ്കിലും നീ അജ്ഞാനത്തില്‍ ആണ്ടു പോവുകയില്ല. ഇന്ദ്രിയസുഖങ്ങള്‍ അഭിലഷണീയമാണെന്ന്‍ നിന്റെ ഹൃദയത്തില്‍ തോന്നുന്നില്ലെങ്കില്‍ നീ അറിയാനുള്ളതെന്തോ അതറിഞ്ഞിരിക്കുന്നു. നിനക്ക് ജനനമരണചക്രത്തില്‍ ചുറ്റേണ്ടതായി വരില്ല. ശരീരബോധത്തോടെയോ അല്ലാതെയോ, ഇഹലോകത്തിലേയോ പരലോകത്തിലേയോ സുഖാനുഭവങ്ങളില്‍ ആകര്‍ഷിക്കപ്പെടാത്ത ഒരുവന്‌ മുക്തിപദം അവനാഗ്രഹിച്ചാലുമില്ലെങ്കിലും സ്വയമേവ വന്നുചേരുന്നതാണ്.

രാമാ, ഈ മനോപാധികളാകുന്ന അജ്ഞാനസാഗരത്തെ താണ്ടുവാനുതകുന്ന ആത്മജ്ഞാനമെന്ന ചങ്ങാടം കണ്ടെത്തിയവന്‍ പിന്നെയതില്‍ മുങ്ങിപ്പോകുകയില്ല. ആത്മജ്ഞാനമാര്‍ഗ്ഗം അറിയാത്തവന്‍ അതില്‍ തീര്‍ച്ചയായും മുങ്ങുകതന്നെ ചെയ്യും. അതുകൊണ്ട് രാമാ, മൂര്‍ച്ചയേറിയ വായ്ത്തല പോലെയുള്ള മേധാശക്തികൊണ്ട് അത്മാവിന്റെ സ്വരൂപത്തെ അറിയൂ, എന്നിട്ട് ആ സ്വരൂപത്തില്‍ ആത്മജ്ഞാനത്തോടെ അഭിരമിക്കൂ. അങ്ങിനെ ആത്മജ്ഞാനമാര്‍ജ്ജിച്ച മഹര്‍ഷിമാരുടെ ജീവിതം നിനക്കും നയിക്കാം. അവര്‍ക്ക് അനന്താവബോധത്തെയും ലോകമെന്ന ഈ വിക്ഷേപത്തേയും നന്നായറിയാം. അവര്‍ കര്‍മ്മങ്ങളില്‍ അഭിരമിക്കുകയോ കര്‍മ്മങ്ങളെ ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. രാമാ, നീയും ആത്മജ്ഞാനത്തെ കൈവരിച്ചിരിക്കുന്നു. നീ പ്രശാന്തനായിരിക്കുന്നു.