യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 190 [ഭാഗം 4. സ്ഥിതി പ്രകരണം]

ജ്ഞാനം ത്വമേവാസ്യ വിഭോ കൃപയോപദിശാധുനാ
കോ ഹി നാമ കുലേ ജാതം പുത്രം മൗര്‍ഖ്യേണ യോജയേത് (4/51/28)

വസിഷ്ഠന്‍ തുടര്‍ന്നു: അപ്പോള്‍ മുനി തന്റെ മുന്നില്‍ ഒരു വലിയ കദംബവൃക്ഷം ഗാംഭീര്യത്തോടെ നില്‍ക്കുന്നതായിക്കണ്ടു. അതിന്റെ കയ്കള്‍ (ശാഖകള്‍) തന്റെ പ്രിയപ്പെട്ട ആകാശത്തിന്റെ കണ്ണീരൊപ്പി (മഴത്തുള്ളികള്‍) നില്‍ക്കുന്നതായിത്തോന്നി. സ്വര്‍ഗ്ഗത്തിനും ഭൂമിയ്ക്കുമിടക്കുള്ള ഇടം മുഴുവനും വ്യാപരിച്ച്, തന്റെ ആയിരം കരങ്ങള്‍ (ശാഖകള്‍) വിരിച്ച് സൂര്യചന്ദ്രന്മാരാകുന്ന കണ്ണുകളുമായി ഭഗവാന്റെ വിശ്വരൂപം പോലെ അതങ്ങിനെ വിരാജിക്കുകയാണ്‌. ആകാശചാരികളായ ദിവ്യ മഹര്‍ഷിമാര്‍ക്കുമേല്‍ ഈ വൃക്ഷം പുഷ്പവൃഷ്ടി ചെയ്യുന്നു . ആ മരത്തിലധിവസിക്കുന്ന തേനീച്ചകളാണെങ്കില്‍ മഹര്‍ഷിമാരെ പ്രകീര്‍ത്തിക്കുന്ന ഗാനാലാപനത്തില്‍ മുഴുകിയുമിരിക്കുന്നു. (അതീവ മനോഹരമായ വര്‍ണ്ണനയാണീ മരത്തെക്കുറിച്ച് മൂലത്തിലുള്ളത്)

സ്വര്‍ഗ്ഗത്തിനും ഭൂമിക്കുമിടയ്ക്കുള്ള ഒരു തൂണുപോലെ നില്‍ക്കുന്ന ആ മരത്തിലേയ്ക്ക് മുനി വലിഞ്ഞു കയറി അതിന്റെ ഏറ്റവും മുകളിലൊരു ശാഖയില്‍ ഇരിപ്പുറപ്പിച്ചു. അല്പനേരം അദ്ദേഹത്തിന്റെ ദൃഷ്ടി ചുറ്റുമുള്ള എല്ലായിടത്തും പതിച്ചു. വിശ്വപുരുഷന്റെ ദര്‍ശനം അദ്ദേഹത്തിനവിടെ ലഭിച്ചു. (ഈ ദര്‍ശനത്തെപറ്റിയും മൂലത്തില്‍ മനോഹരമായ ഒരു വിവരണമുണ്ട്). കദംബ വൃക്ഷം തന്റെ ഇരിപ്പിടമാക്കിയതിനാല്‍ അദ്ദേഹത്തിന്‌ കദംബദാസുരന്‍ എന്ന പേരും വന്നു. മരക്കൊമ്പിലിരുന്ന് അദ്ദേഹം തന്റെ തപശ്ചര്യകള്‍ നടത്തി. വേദശാസ്ത്രോചിതങ്ങളായ കര്‍മ്മങ്ങള്‍ ചെയ്താണദ്ദേഹത്തിനു പരിചയം. അങ്ങിനെയുള്ള കര്‍മ്മങ്ങള്‍ തന്നെയാണദ്ദേഹം ഇവിടെയിരുന്നും അനുഷ്ടിച്ചത്. എന്നാല്‍ ഇപ്പോള്‍ മനസാ ആണെന്നുമാത്രം. മനസാ ഉള്ള തപശ്ചര്യകളും ഒരേപോലെ ഫലപ്രദമാകയാല്‍ മുനിയുടെ മനസ്സും ഹൃദയവും അതീവനിര്‍മ്മലമായി. അദ്ദേഹത്തില്‍ ശുദ്ധജ്ഞാനം സാക്ഷാത്കരിച്ചു.

ഒരുദിവസം പുഷ്പങ്ങള്‍കൊണ്ടുള്ള വസ്ത്രവുമണിഞ്ഞ് ഒരപ്സരസ്സ് അദ്ദേഹത്തിനുമുന്നില്‍ പ്രത്യക്ഷയായി. അതീവസുന്ദരി. അദ്ദേഹം ചോദിച്ചു: അല്ലയോ സുന്ദരീ, കാമദേവനെപ്പോലും മയക്കാന്‍പോന്ന സൗന്ദര്യമാര്‍ന്ന നീയാരാണ്‌?. അവള്‍ പറഞ്ഞു: ഞാന്‍ വനദേവതയാണ്‌. ഈ ലോകത്തില്‍ അങ്ങയെപ്പോലെയുള്ള ജ്ഞാനികളുടെ സാന്നിദ്ധ്യമാത്രേണ സാധിക്കാത്ത യാതൊരു കാര്യവുമില്ല. ഞാനിവിടെ വനത്തിലെ ഒരുല്‍സവത്തിനു പോയിരുന്നു. അവിടെ ഞാന്‍ അനേകം ദേവതമാരെ അവരുടെ കുഞ്ഞുങ്ങളുമായി കണ്ടു. എന്നാല്‍ ഞാന്‍ മാത്രം പുത്രഭാഗ്യമില്ലാത്തവളായിപ്പോയി. ഞാന്‍ ദു:ഖിതയാണ്‌. എന്നാല്‍ അങ്ങീ വനത്തിലുള്ളപ്പോള്‍ ഞാനെന്തിനു ദു:ഖിക്കണം? എനിക്കൊരു പുത്രനെത്തരൂ. അതുസാധിച്ചില്ലെങ്കില്‍ ഞാനെന്റെയീ ശരീരം ഭസ്മമാക്കും. മുനിയൊരു വള്ളിച്ചെടി പൊട്ടിച്ചെടുത്ത് അവള്‍ക്കു കൊടുത്തിട്ടു പറഞ്ഞു: ഈ ചെടി ഒരുമാസത്തിനുള്ളില്‍ പൂവിടും. നീയൊരു പുത്രനു ജന്മം നല്കുകയും ചെയ്യും. സന്തോഷമായി പോയാലും. വനദേവത നന്ദിയോടെ യാത്രയായി.

അവള്‍ പന്ത്രണ്ടുകൊല്ലം കഴിഞ്ഞ് അത്രയും പ്രായമുള്ള മകനുമായി മുനിയെക്കാണാന്‍ വന്നു. ഭഗവന്‍, ഇതാ അങ്ങയുടെ പുത്രന്‍. ഞാനവന്‌ എല്ലാത്തരം വിദ്യാഭ്യാസവും നല്‍കിയിട്ടുണ്ട്. “അങ്ങവന്‌ ആത്മജ്ഞാനം നല്‍കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. തന്റെ മകനൊരു മൂഢനായിക്കാണാന്‍ ആരാണാഗ്രഹിക്കുക?” മാമുനി അതു സമ്മതിച്ചു. വനദേവത വന്നവഴിയേ മടങ്ങിപ്പോയി. അന്നുമുതല്‍ മുനി ആത്മവിദ്യയിലെ എല്ലാ ശാഖകളും കുമാരനെ പഠിപ്പിക്കാനാരംഭിച്ചു. yogavasishtam-thumb-03.jpg