യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 194 [ഭാഗം 4. സ്ഥിതി പ്രകരണം]
കര്‍ത്താ നാസ്മി ന ചാഹമസ്മി സ ഇതി ജ്ഞാത്വൈവമന്ത: സ്ഫുടം
കര്‍ത്താ ചാ സ്മി സമഗ്രമസ്മി തദിതി ജ്ഞാത്വാഥവാ നിശ്ചയം
കോപ്യേവാസ്മി ന കിഞ്ചിദേവമിതി വാ നിര്‍ണീയ സര്‍വോത്തമേ
തിഷ്ഠ ത്വം സ്വപദേ സ്ഥിതാ: പദവിദോ യത്രോത്തമം സാധവ: (4/56/49)
വസിഷ്ഠന്‍ തുടര്‍ന്നു: മാമുനിയുടെ വാക്കുകള്‍കേട്ട് ഞാന്‍ ആകാശത്തുനിന്നും കദംബവൃക്ഷത്തിന്റെ മുകളിലെ ഒരു ശിഖരത്തില്‍ വന്നിറങ്ങിയിരുന്നു. കുറെയേറെസമയം ഞങ്ങള്‍ മൂവരും ആത്മവിദ്യയെപ്പറ്റി സംസാരിച്ചിരുന്നു. ഞാനവരില്‍ പരമവിജ്ഞാനത്തിന്റെ തിരി തെളിയിക്കുകയും ചെയ്തിട്ടാണ് അവിടെനിന്നും പോയത്. രാമാ ഇക്കഥ പ്രത്യക്ഷലോകത്തിന്റെ സ്വഭാവമെന്തെന്നു കാണിക്കാനായി മാത്രം പറഞ്ഞതാണ്. അതിനാല്‍ ഈ ലോകമെത്ര സത്യമാണോ അതുപോലെതന്നെയാണ് ഇക്കഥ. അത്ര ഉണ്മയേ നീ ഇക്കഥയില്‍ കാണാവൂ.
നീ ഈ ലോകത്തെയും നിന്നെയും സത്യമെന്നു (ഉണ്മയെന്ന്‍ ) ദൃഢമായി വിശ്വസിച്ചാല്‍ ഒരു കുഴപ്പവുമില്ല. അങ്ങിനെയെങ്കില്‍ നീ നിന്റെ ആത്മാവില്‍ സ്വയം വിശ്വാസമുറപ്പിച്ചു വേണം ജീവിക്കാന്‍. പക്ഷേ ഈ ലോകം സത്തും അസത്തും ചേര്‍ന്ന സങ്കരമാണെന്നാണു നീ കരുതുന്നതെങ്കില്‍ മാറ്റങ്ങള്‍ക്കു വിധേയമായ ഈ ലോകത്തില്‍ മാറ്റങ്ങള്‍ക്കനുസൃതമായി മനോഭാവങ്ങളെ ക്രമീകരിച്ചു ജീവിക്കുക. എന്നാല്‍ ഈ ലോകം അസത്താണെന്ന്‍ നീ ഉറച്ചു വിശ്വസിക്കുന്നുവെങ്കില്‍ അനന്താവബോധത്തില്‍ ദൃഢമായി മനസ്സുറപ്പിക്കുക. അതുപോലെ ഈ ലോകത്തിനൊരു സൃഷ്ടാവുണ്ടെന്നു നീ വിശ്വസിച്ചാലും ഇല്ലെങ്കിലും അതു നിന്റെ നേരറിവിനെ മലീമസമാക്കാതിരിക്കട്ടെ.
ആത്മാവ് ഇന്ദ്രിയാതീതമത്രേ. ഒരാള്‍ കര്‍മ്മനിരതനായാലും അതിനെ അവയൊന്നും ബാധിക്കുന്നില്ല. അയാളുടെ ജീവിതകാലം കേവലം നൂറുവര്‍ഷം മാത്രം. അപ്പോള്‍പ്പിന്നെ ഈ അനശ്വരനായ ആത്മാവ് ഈ ചെറിയൊരു കാലയളവില്‍ ഇന്ദ്രിയസുഖാനുഭവങ്ങള്‍ക്കായി അലയുന്നതെന്തിനാണ്? ഈ ലോകവും അതിലെ വസ്തുക്കളും സത്യമാണെങ്കില്‍പ്പോലും ബോധസ്വരൂപമായ ആത്മാവ് ജഢവിഷയങ്ങള്‍ക്കുപുറകേ അലയുന്നു എന്നത് യുക്തിസഹമല്ല. മാത്രമല്ല, ലോകമെന്നത് ഉണ്മയല്ലെങ്കില്‍ ദു:ഖമല്ലാതെ യാതൊന്നും ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ലഭിക്കുകയുമില്ല. നിന്റെ ഹൃദയത്തിലുയരുന്ന ആശകളെ ഉപേക്ഷിച്ചാലും. നീ ഈ ലോകത്തില്‍ നീ മാത്രമാണ്. ഈ തെളിഞ്ഞ അറിവോടെ ലോകത്ത് വെറുമൊരു ലീലയായി ജീവിച്ച് വിരാജിക്കൂ.
ആത്മാവിന്റെ സാന്നിദ്ധ്യത്തിലാണ് ലോകത്തിലെ എല്ലാം സംഭവിക്കുന്നത്. വിളക്കിന്റെ സാന്നിദ്ധ്യത്തില്‍ വെളിച്ചം സഹജമാണല്ലോ. വിളക്കിന് പ്രകാശിക്കുക എന്ന ‘ആഗ്രഹം’ ഇല്ല. എന്നാല്‍ സ്വയം ഒന്നും ചെയ്യാനാഗ്രഹിക്കുന്നില്ലെങ്കിലും അതിന്റെ സാന്നിദ്ധ്യത്തിലാണെല്ലാം സംഭവിക്കുന്നത്. രണ്ടു മനോഭാവങ്ങളില്‍ ഏതെങ്കിലും നിനക്കു സ്വീകരിക്കാം. ഒന്ന്: ‘ഞാന്‍ സര്‍വ്വവ്യാപിയാണ്; എനിക്കുചെയ്യേണ്ടതായി ഒന്നുമില്ല’. രണ്ട്: ‘ഞാനാണീ കര്‍മ്മങ്ങളെല്ലാം ചെയ്യുന്നത്; എന്റെ ധര്‍മ്മമാണിതെല്ലാം’. രണ്ടു രീതിയില്‍ ചിന്തിച്ചാലും നിനക്ക് പരിപൂര്‍ണ്ണമായ ശാന്തിയില്‍, അനശ്വരതയില്‍ അഭിരമിക്കാനാവും. രാഗദ്വേഷങ്ങള്‍, ആസക്തി-അനാസക്തി തുടങ്ങിയ ദ്വന്ദങ്ങള്‍ നിന്നെ ബാധിക്കയില്ല. ‘അയാള്‍ എന്നെ സേവിച്ചു; അയാളെന്നെ ഉപദ്രവിച്ചു’ തുടങ്ങിയ മൂഢചിന്തകള്‍ നിനക്കുണ്ടാവുകയില്ല.
“അതുകൊണ്ട് രാമാ, ‘ഞാനല്ല ഇതൊന്നും ചെയ്യുന്നത്, ഞാന്‍ എന്നൊരു വ്യക്തിസത്ത ഇല്ല’ എന്നോ ‘ഞാനാണെല്ലാ കര്‍മ്മങ്ങളും ചെയ്യുന്നത്, ഞാനാണെല്ലാം’ എന്നോ നിനക്കു കരുതാം. അല്ലെങ്കില്‍ ‘ഞാന്‍ ആരാണ്?’ എന്ന ആത്മവിചാരംചെയ്ത് എന്നില്‍ ആരോപിക്കപ്പെട്ട ഒന്നും ‘ഞാന്‍അല്ല’ എന്ന സത്യം സാക്ഷാത്കരിക്കാം. ഏറ്റവും ഉയര്‍ന്ന ബോധതലമായ ആത്മാവില്‍ അഭിരമിച്ചാലും. ആ ബോധതലത്തിലാണ് മഹാത്മാക്കളായ മാമുനിമാരിലെ അഗ്രഗണ്യന്മാര്‍ നിലകൊള്ളുന്നത്.”