യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 195 [ഭാഗം 4. സ്ഥിതി പ്രകരണം]
യദിത്വമാത്മനാത്മാനം അവിഗച്ഛസി തം സ്വയം
എതത്പ്രശ്നോത്തരം സാധു ജനാസ്യത്ര ന സംശയ: (4/57/15)
രാമന്‍ ചോദിച്ചു: മഹാമുനേ എങ്ങിനെയാണ് ഈ അയാഥാര്‍ത്ഥ്യമായ ലോകം പരമ്പൊരുളായ ബ്രഹ്മത്തില്‍ സ്ഥിതിചെയ്യുന്നത്? സൂര്യതാപത്തില്‍ മഞ്ഞിനെങ്ങിനെ നിലനില്‍ക്കാനാകും?
വസിഷ്ഠന്‍ പറഞ്ഞു: ഈ ചോദ്യമുന്നയിക്കാനുള്ള അവസരമിതല്ല. നിനക്കതിന്റെ ഉത്തരം ഇപ്പോള്‍ മനസ്സിലാവുകയില്ല. പ്രണയചാപല്യത്തിന്റെ കഥകള്‍ ചെറിയൊരു ബാലന് താല്‍പ്പര്യപ്രദമാവുകയില്ലല്ലോ. എല്ലാ മരങ്ങളും അതതിന്റെ കാലത്ത് പൂവിട്ടു കായ്ക്കും. ഫലം തരും. അതുപോലെ ഞാന്‍ നിനക്കുപദേശിക്കുന്ന ഈ കാര്യങ്ങളും ഫലപ്രദമാവുകതന്നെ ചെയ്യും. “നീ സ്വയം സ്വപ്രയത്നത്താല്‍ നിന്റെ ആത്മാവിനെ ആത്മാവിന്റെ സഹായത്തോടെ അന്വേഷിക്കുകയാണെങ്കില്‍ നിനക്കാ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കും”.
ഞാന്‍ കര്‍ത്തൃത്വത്തെപ്പറ്റിയും അകര്‍ത്തൃത്വത്തെപ്പറ്റിയും ചര്‍ച്ചചെയ്തു വിവരിച്ചത് മനോപാധികളെപ്പറ്റി, ധാരണകളെപ്പറ്റി, ആശയങ്ങളെപ്പറ്റി നിനക്കു വ്യക്തമാക്കി മനസ്സിലാക്കിത്തരാനാണ്. ബന്ധനം എന്നത് ഈ ധാരണകളും ഉപാധികളുമായുള്ള ബന്ധനമാണ്. സ്വാതന്ത്ര്യം എന്നത് അവയില്‍ നിന്നെല്ലാമുള്ള സ്വാതന്ത്ര്യവും. എല്ലാ ധാരണകളേയും, സ്വാതന്ത്ര്യമെന്ന ആശയത്തെപ്പോലും ഉപേക്ഷിക്കൂ.
ആദ്യം തന്നെ സൗഹൃദം മുതലായ സദ് ബന്ധങ്ങളുണ്ടാക്കി വിഷയങ്ങളോടും ആസക്തികളോടുമുള്ള താല്‍പ്പര്യം ഇല്ലാതാക്കുക. പിന്നീട് സൗഹൃദത്തില്‍ വര്‍ത്തിക്കുമ്പോഴും സൗഹൃദം പോലുള്ള ധാരണകള്‍ കൂടി അവസാനിപ്പിക്കുക. എല്ലാ ആഗ്രഹങ്ങളും ഇല്ലാതാക്കുക. എന്നിട്ട് അനന്താവബോധമെന്ന ആശയത്തെ ധ്യാനിക്കുക. അതുപോലും മാനസികോപാധികളുടെ ഭാഗമാണെന്നറിയുക. കാലക്രമത്തില്‍ ഈ സൂക്ഷ്മധാരണകള്‍ പോലും ഉപേക്ഷിക്കുക. അവസാനം ഇതെല്ലാമുപേക്ഷിച്ചശേഷവും എന്തു നിലനില്ക്കുന്നുവോ അതില്‍ അഭിരമിക്കുക. എന്നിട്ട് ഇപ്പറഞ്ഞവയെ എല്ലാം സംത്യജിച്ച ‘ആളെ’യും ത്യജിക്കുക. അങ്ങിനെ അഹംകാരമെന്ന ധാരണപോലും ഇല്ലാതായാല്‍ നീ അനന്താകാശം പോലെയാണ്. അങ്ങിനെ ഹൃദയാകാശത്തില്‍ നിന്നെല്ലാം സംത്യജിച്ചവന്‍ സ്വയം പരംപൊരുള്‍ തന്നെയാണ്. അയാള്‍ കര്‍മ്മനിരതമായ ഒരു ജീവിതം നയിച്ചാലും സദാ സമയം ധ്യാനനിമഗ്നനായാലും വ്യത്യാസമൊന്നുമില്ല. കര്‍മ്മവും അകര്‍മ്മവും അയാള്‍ക്കൊരുപോലെ നിഷ്പ്രയോജനമാണ്.
രാമാ, ഞാന്‍ എല്ലാ ശാസ്ത്രങ്ങളും പഠിച്ച് സത്യമെന്തെന്ന് ഗവേഷണം നടത്തിയിട്ടുണ്ട്. എല്ലാ ധാരണകളുടേയും ഉപാധികളുടേയും സമ്പൂര്‍ണ്ണമായ ന്യാസത്തിലൂടെ മാത്രമല്ലാതെ മുക്തിയില്ല. ഈ നാമരൂപനിര്‍മ്മിതമായ ലോകം ഹിതവും അഹിതവുമായ പദാര്‍ത്ഥങ്ങളുടെ സമ്മിശ്രമാണ്. ഈ വസ്തുക്കള്‍ക്കായി ആളുകള്‍ കഷ്ടപ്പെട്ടു പണിയുന്നു. എന്നാല്‍ ആത്മജ്ഞാനത്തിനായി ആരും പരിശ്രമിക്കുന്നില്ല. ആത്മജ്ഞാനമാര്‍ജ്ജിച്ച ഋഷികള്‍ മൂന്നുലോകങ്ങളിലും വിരളമാണ്. ഒരാള്‍ ലോകചക്രവര്‍ത്തിയോ സ്വര്‍ഗ്ഗത്തിലെ രാജാവോ ആയിരിക്കാം. എന്നാല്‍ ഇവയെല്ലാം പഞ്ചഭൂതനിര്‍മ്മിതികള്‍ മാത്രം! കഷ്ടം! ആളുകള്‍ ഈ നിസ്സാര വസ്തുക്കള്‍ക്കായി ജീവിതത്തെ നശിപ്പിക്കുന്നു.എത്ര ലജ്ജാകരം! അവരൊന്നും ഉത്തമനും ആത്മവിദ്യാ സമ്പന്നനുമായ ഒരു ഋഷിയെ സമീപിക്കുന്നില്ല. സൂര്യചന്ദ്രന്മാര്‍ക്കുപോലും പ്രവേശനമില്ലാത്ത പരമപദത്തിലാണല്ലോ ആത്മജ്ഞാനി വിരാജിക്കുന്നത് (സുഷുമ്നയാണോ ഇത്?). അതുകൊണ്ട് ആത്മജ്ഞാനിയെ വശീകരിക്കാന്‍ ഈ വിശ്വം മുഴുവനും നല്‍കുന്ന ലൗകികസുഖങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും കഴിയുകയില്ല.