യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 196 [ഭാഗം 4. സ്ഥിതി പ്രകരണം]
കിം കരോമി ക്വ ഗച്ഛാമി കിം ഗൃഹ്ണാമി ത്യജാമി കിം
ആത്മനാ പൂരിതം വിശ്വം മഹാകല്‍പ്പാംബുനാ യഥാ (4/58/5)
ദു:ഖമാത്മാ സുഖം ചൈവ ഖമാശാസുമഹത്തയാ
സര്‍വമാത്മമയം ജ്ഞാതം നഷ്ടകഷ്ടോഹമാത്മനാ (6)
സബാഹ്യാഭ്യന്തരേ ദേഹേ അധശ്ചോര്‍ദ്ധ്വം ച ദിക്ഷു ച
ഇത ആത്മാ തതശ്ചാത്മാ നാസ്ത്യനാത്മമയം ക്വചിത് (7)
സര്‍വത്രൈവ സ്ഥിതോ ഹ്യാത്മാ സര്‍വമാത്മമയം സ്ഥിതം
സര്‍വമേവേദ മാത്മൈവ മാത്മന്യേവ ഭവാമ്യഹം (8)
യന്നാമ നമ തത്കിംചിത് സര്‍വമേവാഹമാന്തര:
അപൂരീതാ പാരനഭാ: സര്‍വത്ര സന്മയ: സ്ഥിത: (9 )
പൂര്‍ണസ്തിഷ്ഠാമി മോദാത്മാ സുഖമേകാര്‍ണവോപമ:
ഇത്യേവം ഭാവയംസ്തത്ര കനകാചലകുഞ്ചകേ (10)
ഉച്ചാരയന്നോംകാരം ച ഘണ്ടാസ്വനമിവ ക്രമാത്
ഓംകാരസ്യ കലാമാത്രം പാശ്ചാത്യം ബാലകോമളം
നാന്തരസ്ഥോ ന ബഹ്യാസ്ഥോ ഭാവയന്‍പരമേ ഹൃദി (11)
വസിഷ്ഠന്‍ തുടര്‍ന്നു: ഇതോടനുബന്ധിച്ച് ദേവഗുരുവിന്റെ പുത്രന്‍ കചന്‍ ആലപിച്ച പ്രചോദനാത്മകമായ ഒരു ഗാനം ഞാനോര്‍ക്കുന്നു. കചന്‍ ആത്മവിദ്യയില്‍ അടിയുറച്ച ജ്ഞാനിയായിരുന്നു. മേരു പര്‍വ്വതത്തിലെ ഒരു ഗുഹയിലാണദ്ദേഹം വസിച്ചിരുന്നത്. മനസ്സ് പരമവിജ്ഞാനത്താല്‍ സാന്ദ്രമായതിനാല്‍ പഞ്ചഭൂതാത്മകമായ യാതൊരു ലൗകികവസ്തുവിനും അദ്ദേഹത്തെ ബാധിക്കാന്‍ കഴിഞ്ഞില്ല.
വിഷാദഭാവം നടിച്ച്, അര്‍ത്ഥവത്തായ ആ ഗാനം, കചന്‍ ഇങ്ങിനെ പാടി. കേട്ടാലും:
ഈ ഗാനം ആലപിച്ചു കേള്‍ക്കൂ
ഞാനെന്തുചെയ്യുവാന്‍, എങ്ങു ഞാന്‍ പോകുവാന്‍?
എന്തിനെ ഞാന്‍ വീണ്ടുമാശ്രയിക്കാന്‍?
എന്താണെനിക്കു ത്യജിക്കുവാനായുള്ളു?
എന്തുമെല്ലാടവും ഞാനല്ലയോ?
വിശ്വം നിറഞ്ഞു വിളങ്ങുന്നതാത്മാവ്
സന്തോഷ സന്താപ ദ്വന്ദങ്ങളും
സങ്കല്‍പ്പമിഹലോക സുഖദുഖ മിഥ്യകള്‍
ആശകളോ വെറും നിശ്ശൂന്യശൂന്യത
അകത്തും പുറത്തും താഴെയും മുകളിലും
അവിടേയുമിവിടേയുമെല്ലാടവും
ദേഹഗേഹത്തിലും സാര്‍വ്വ ഭൗമത്തിലും
സര്‍വ്വത്തിലും ഉണ്മയാത്മാവു താന്‍
അനാത്മ വസ്തുക്കളായൊന്നുമില്ലെവിടെയും
ജഗജാലവൃന്ദമൊരേയാത്മാവു താന്‍
‘ആത്മാവിതെല്ലാം’ ഇതറിവായുണര്‍ന്നാല്‍
സര്‍വ്വസ്വതന്ത്രന്‍ സ്വയംപ്രഭന്‍ ഞാന്‍
ആത്മാവിലെല്ലാമടങ്ങുന്നു നില്‍ക്കുന്നു
ആത്മാവിലാത്മസ്വരൂപനാം ഞാന്‍
എല്ലാടവും ഘനസാന്ദ്രമായ് നിറതിങ്ങുമാത്മാവു
ഞാന്‍ പരിപൂര്‍ണ്ണനല്ലോ,
അനശ്വരന്‍ ഞാന്‍ പരമാനന്ദ കേവലന്‍
അദ്വയന്‍ ആദിമദ്ധ്യാന്തരഹിതന്‍
വിശ്വപ്രപഞ്ച സമുദ്രമായാമഗ്ന-
മദ്വൈതമുണ്മ ഞാന്‍ ആത്മാവുതാന്‍
ഞാന്‍ എന്തു ചെയ്യട്ടെ? ഞാനെങ്ങോട്ടാണു പൊവേണ്ടത്? ഞാന്‍ എന്തിനെയാണ് സമാശ്രയിക്കേണ്ടത്? എന്താണു ഞാന്‍ ന്യസിക്കേണ്ടത്? ഈ വിശ്വം മുഴുവന്‍ ഒരേയൊരാത്മാവിനാല്‍ വ്യാപൃതം. ദു:ഖവും അസന്തുഷ്ടിയും ആത്മാവുതന്നെ. സന്തോഷമെന്നതും ആത്മാവ്. എല്ലാ അശകളും പൊള്ളയായ നിശ്ശൂന്യത
ഇതെല്ലാം ആത്മാവെന്നറിഞ്ഞാല്‍ ഞാന്‍ സ്വതന്ത്രന്‍. ഈ ശരീരത്തില്‍, അകത്തും പുറത്തും, താഴെയും മുകളിലും, അവിടെയുമിവിടെയും എല്ലാടത്തും ഒരേയൊരാത്മാവു മാത്രം. അനാത്മാവായി ഒന്നുമില്ല. ആത്മാവാണെല്ലാടവും. എല്ലാം ആത്മാവില്‍ നിലകൊള്ളുന്നു. സത്യമായും ഇതെല്ലാം ആത്മാവു തന്നെ. ഞാന്‍ ആത്മാവിലാത്മാവായി നിലകൊള്ളുന്നു.
ഞാന്‍ അനശ്വരനായി, എന്നെന്നും എല്ലായിടവും ഉണ്മയായുണ്ട്. ഞാന്‍ പരിപൂര്‍ണ്ണന്‍. ഞാന്‍ സ്വയം ആനന്ദമാണ് . വിശ്വം മുഴുവന്‍ ഞാന്‍ പ്രപഞ്ചസമുദ്രമെന്നപോലെ നിറഞ്ഞിരിക്കുന്നു…
ഇത്രയും പാടിയിട്ട് അദ്ദേഹം ഓം എന്ന മന്ത്രം ഒരു മണിനാദം പോലെ മന്ത്രിച്ചു. ജീവസത്തയെമുഴുവന്‍ ആ ഓംകാരത്തിലദ്ദേഹം വിലയിപ്പിച്ചു. അദ്ദേഹം ഒന്നിന്റേയുമുള്ളിലോ പുറത്തോ ആയിരുന്നില്ല. അദ്ദേഹം പരിപൂര്‍ണ്ണമായും ആത്മാഭിരാമനായി അവിടെ വിരാജിച്ചു.