യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 198 [ഭാഗം 4. സ്ഥിതി പ്രകരണം]
യൈവ ചിദ് ഭുവനാഭോഗേ ഭൂഷണേ വ്യോമ്നി ഭാസ്കരേ
ധരാവിവരകോശസ്ഥേ സൈവ ചിത്കീടകോദരേ (4/61/18)

വസിഷ്ഠന്‍ തുടര്‍ന്നു: പ്രത്യക്ഷമായ ഈ ലോകം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ അതൊരു പാത്രത്തില്‍ നിറച്ച വെള്ളം പോലെയായി. അതില്‍ അനേകം ജീവികള്‍ പൊങ്ങിയും താണും വന്നുകൊണ്ടിരുന്നു. അവകളെയെല്ലാം ബന്ധിപ്പിച്ചിരുന്നത് ജീവത്വരയാകുന്ന കയറാണ്‌. അനന്താവബോധമെന്ന സമുദ്രത്തില്‍ അലകളും ഓളങ്ങളും പോലെയുണ്ടായ ഈ ജീവജാലങ്ങള്‍ ഭൗതികമണ്ഡലത്തില്‍ പ്രവേശിച്ചു. വായു, ജലം, ഭൂമി തുടങ്ങിയ മൂലഘടകങ്ങള്‍ ഉണ്ടായപ്പോള്‍ അവയുമായി ഈ ജീവജാലങ്ങള്‍ ബന്ധപ്പെട്ടു. അപ്പോള്‍ ജനന മരണ ചക്രമുരുളാന്‍ ആരംഭിച്ചു. ജീവജാലങ്ങള്‍ ചന്ദ്രരംശികളില്‍ കരേറി വൃക്ഷലതാദികളില്‍ പ്രവേശിക്കുന്നതുപോലെയായിരുന്നു. അവ അതതു ചെടികളില്‍ കായായിത്തീര്‍ന്നു. സൂര്യപ്രകാശത്തിലും ചൂടിലും കായ്കള്‍ പഴുത്തുപാകം വന്നു ഫലങ്ങളായി. അപ്പോള്‍ അവ പുനര്‍ജനിക്കാന്‍ പക്വമായി.

സൂക്ഷ്മരൂപത്തില്‍ ആശയങ്ങളും ധാരണകളും ഇനിയും ജനിച്ചിട്ടില്ലാത്ത ജീവനുകളില്‍പ്പോലും നിര്‍ലീനമത്രേ. ജനനസമയത്ത് അവയെ പൊതിഞ്ഞിരിക്കുന്ന ആവരണങ്ങള്‍ നീങ്ങിപ്പോകുന്നു. ചിലര്‍ ജന്മനാ സാത്വികരും ശുദ്ധമനസ്കരുമാണ്‌. അവര്‍ തങ്ങളുടെ പൂര്‍വ്വ ജന്മത്തില്‍ ഇന്ദ്രിയസുഖങ്ങളുടെ ആകര്‍ഷണത്തെ വിജയകരമായി ചെറുത്തുനിന്നവരാണ്‌. എന്നാല്‍ മറ്റുള്ളവര്‍ ജനിക്കുന്നത് വീണ്ടും വീണ്ടും ജനിച്ചുമരിച്ച് ഈ ചാക്രികചലനം തുടരുന്നതിനുമാത്രമാണ്‌. അവരില്‍ ശുദ്ധാശുദ്ധങ്ങളും ആന്ധ്യവും ഇടകലര്‍ന്നിരിക്കുന്നു. ഇനിയും ചിലര്‍ നിര്‍മ്മലരെങ്കിലും അവരില്‍ കളങ്കത്തിന്റെ ചെറിയൊരംശം ബാക്കി നില്‍ക്കുന്നുണ്ട്. അവര്‍ സത്യാര്‍ത്ഥികളും സദ് വൃത്തരുമാണ്‌.. അജ്ഞാനത്തിന്റെ പിടിയില്‍പ്പെടാതെ ജീവിക്കുന്ന ഇത്തരക്കാര്‍ തുലോം വിരളമത്രേ. കല്ലും മലയും പോലെ ഉറച്ചുപോയ അജ്ഞാനത്തിന്റെ മൂര്‍ത്തിമദ്ഭാവങ്ങളായ, മന്ദതയും തമോഗുണവും നിറഞ്ഞ വേറേ ചിലരുമുണ്ട്.

അല്‍പ്പം കളങ്കമവശേഷിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ സാത്വികഭാവമുള്ള സാത്വിക-രാജസീക സ്വഭാവമുള്ളവര്‍ പൊതുവേ സന്തുഷ്ടരും പ്രബുദ്ധരുമാണ്. അവര്‍ പെട്ടെന്നു ദു;ഖത്തിനടിമപ്പെട്ടു വ്യാകുലചിത്തരാകുന്നില്ല. അവര്‍ നിസ്വാര്‍ത്ഥരായ വൃക്ഷങ്ങള്‍പോലെയാണ്‌. സ്വാര്‍ജ്ജിത പൂര്‍വ്വകര്‍മ്മങ്ങളുടെ ഫലമനുഭവിക്കുകയാണവര്‍. അവര്‍ പുതുതായി ആര്‍ജ്ജിതകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നില്ല. അവര്‍ ആഗ്രഹങ്ങള്‍ക്കതീതരാണ്‌. അവര്‍ സ്വയം പ്രശാന്തരാണ്‌. എത്ര ദുരിതമുണ്ടായാലും അവര്‍ തങ്ങള്‍ കണ്ടെത്തിയ പ്രശാന്തതയെ കൈവെടിയുന്നില്ല. അവര്‍ എല്ലാവരേയും സമതാ ഭാവത്തില്‍ സ്നേഹിക്കുന്നു. അവര്‍ ശോകസമുദ്രത്തില്‍ മുങ്ങിത്താഴാനിടയാകുന്നില്ല. ഒരു കാരണവശാലും സംസാരമെന്ന ഈ ശോകസമുദ്രത്തില്‍ മുങ്ങാതിരിക്കാനാണ്‌ എല്ലാവരും ശ്രമിക്കേണ്ടത്. ആത്മസ്വരൂപാന്വേഷണത്തിലൂടെ ഇതു സാദ്ധ്യമാണ്‌. “ഞാന്‍ ആരാണ്‌? ഈ മായാ ലോകം എങ്ങിനെയാണുണ്ടായത്?” എന്നിങ്ങനെ മനസ്സ് നിരന്തരം ധ്യാനനിരതമായിരിക്കണം.

അങ്ങിനെ ഒരുവന്‍ ദേഹാഭിമാനവും ലോകാസക്തിയും ഉപേക്ഷിക്കണം. ഇട്യ്ക്കൊരു മന്ദിരം നിലകൊള്ളുന്നു എന്നതുകൊണ്ട് ആകാശത്തിന്‌ വിഭജനങ്ങളോ അതിരുകളോ ഉണ്ടാകുന്നില്ലെന്ന് അപ്പോള്‍ അറിവുറയ്ക്കും. “ഭാസുരദീപ്തിയുള്ള സൂര്യനില്‍ കുടികൊള്ളുന്ന അതേ അവബോധമാണ്‌ ഭൂമിയിലെ ഒരു ചെറുകുഴിയില്‍ ഞുളയ്ക്കുന്ന പുഴുവിലും ഉള്ളത്”.