യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 200 [ഭാഗം 5. ഉപശമ പ്രകരണം]

ഭാഗം അഞ്ച് – ഉപശമ പ്രകരണം ആരംഭം

ഭോഗാസ്ത്യക്തും ന ശക്യന്തേ തത്യാഗേന വിനാ വയം
പ്രഭവാമോ ന വിപദാമഹോ സങ്കടമാഗതം (5/2/21)

വാല്‍മീകി തുടര്‍ന്നു: ദേവന്മാരും ഉപദേവന്മാരും മഹര്‍ഷിമാരും മറ്റു സഭാവാസികളും വസിഷ്ഠമുനിയുടെ വിവേകവിജ്ഞാനഭരിതമായ വാക്കുകള്‍ പരിപൂര്‍ണ്ണശ്രദ്ധയോടെ സാകൂതം കേട്ടിരുന്നു. ദശരഥരാജാവും മന്ത്രിമാരുമെല്ലാം തല്‍ക്കാലത്തേയ്ക്ക് അവരുടെ ഔദ്യോഗീക ജോലികളും ഉല്ലാസപ്രവൃത്തികളും നിര്‍ത്തിവച്ച് മാമുനിയുടെ പ്രഭാഷണത്തില്‍ നിന്നുള്ള അറിവുനേടാന്‍ ജാഗരൂകരായിരുന്നു. മദ്ധ്യാഹ്നസമയമറിയിക്കുന്ന ശംഖുനാദം മുഴങ്ങിയപ്പോള്‍ സഭാവാസികള്‍ ചെറിയൊരിടവേള എടുത്തു. വൈകുന്നേരങ്ങളില്‍ പ്രഭാഷണം കഴിയുമ്പോള്‍ അവര്‍ വിശ്രമത്തിനായി പിരിയുകയും ചെയ്തു. രാജാക്കന്മാരും മറ്റും സഭയില്‍ നിന്നു മടങ്ങുമ്പോള്‍ അവരുടെ വസ്ത്രാഭരണങ്ങള്‍ മിന്നിത്തിളങ്ങി. പ്രപഞ്ചത്തിന്റെ ഒരു ചെറുപകര്‍പ്പായി രാജസഭ കാണപ്പെട്ടു. സഭ പിരിഞ്ഞു കഴിഞ്ഞപ്പോള്‍ ദശരഥരാജാവ് മുനിമാര്‍ക്ക് അര്‍ഘ്യം നല്കി പൂജിച്ച് അവരുടെ അനുഗ്രഹാശിസ്സുകള്‍ നേടി. രാമനും അനുജന്മാരും മുനിമാരെ കല്‍ക്കല്‍വീണു നമസ്കരിച്ചു. വസിഷ്ഠമുനിയോട് വിട വാങ്ങി അവര്‍ വിശ്രമത്തിനായി അന്തപ്പുരത്തിലേക്കു പോയി. അന്നത്തെ പഠനം സമാപിച്ചു. രാത്രിയില്‍ രാമനൊഴികെ എല്ലാവരും നിദ്രയിലാണ്ടു.

രാമന്‍ വസിഷ്ഠമുനിയുടെ വാക്കുകളോര്‍മ്മിച്ചു ധ്യാനിച്ചു: ഈ ലോകമെന്ന പ്രകടനം എന്താണ്‌? ആരാണീ നാനാവിധത്തില്‍ കാണപ്പെടുന്ന മനുഷ്യരും ജീവജാലങ്ങളും? എങ്ങിനെയാണവരിവിടെ കാണപ്പെടുന്നത്? എവിടെ നിന്നാണവര്‍ വന്നെത്തിയത്? എങ്ങോട്ടാണവരുടെ യാത്ര? മനസ്സിന്റെ സ്വഭാവങ്ങളെന്തൊക്കെയാണ്‌? എങ്ങിനെയതിനെ പ്രശാന്തമാക്കാം? പ്രപഞ്ചത്തിലെ ചിന്താക്കുഴപ്പത്തിനു കാരണമായ മായ എങ്ങു നിന്നാണുത്ഭവിച്ചത്? എപ്പോഴാണതിനൊരറുതി വരിക? ഈ മായയുടെ അവസാനമെന്നത് അഭികാമ്യമോ അല്ലയൊ? അനന്താവബോധത്തില്‍ എങ്ങിനെയാണ്‌ പരിമിതിയെന്ന ധാരണ ഉദിച്ചത്? ഇന്ദ്രിയ സംയമനത്തിനായും മനോ നിയന്ത്രണത്തിനായും വസിഷ്ഠമുനി ഉപദേശിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എങ്ങിനെയാണു കൃത്യമായി നടപ്പാക്കേണ്ടത്?

”സുഖാസ്വാദനം ഉപേക്ഷിക്കുക അസാദ്ധ്യം. എന്നാല്‍ ദു:ഖനിവാരണത്തിന്‌ അത്തരം ആസ്വാദനം അവസാനിപ്പിക്കാതെ സാദ്ധ്യവുമല്ല. ഇതൊരു പ്രശ്നം തന്നെ!.“ എന്നാല്‍ മനസ്സ് ഇതിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌. ആയതിനാല്‍ മനസ്സ് ഒരിക്കല്‍ ലോകത്തിന്റെ മായികതയിലൊന്നും പെടാതെ പരമശാന്തി അനുഭവിച്ചു കഴിഞ്ഞാല്‍പ്പിന്നെ അതുപേക്ഷിച്ച് ഇന്ദ്രിയസുഖത്തിനു പിറകേ പായുകയില്ല. എന്റെ മനസ്സ് എന്നാണു നിര്‍മ്മലമാവുക? എന്നാണതിനു പരമ്പൊരുളില്‍ അഭിരമിക്കാനാവുക? സമുദ്രത്തില്‍ അലകളടങ്ങുന്നതുപോലെ എന്റെ മനസ്സെന്നാണ്‌ അനന്തതയില്‍ അഭിരമിച്ചു ശാന്തമാവുക? എന്നില്‍ ആസക്തികളെന്നാണവസാനിക്കുക? സമതാദര്‍ശനമെന്ന അനുഗ്രഹത്തിനു ഞാന്‍ പാത്രമാവുന്നതെപ്പോള്‍? ലൗകികതയെന്ന ഈ തീവ്രജ്വരത്തില്‍ നിന്നെനിക്കു മുക്തി എപ്പോഴാണുണ്ടാവുക? മനസ്സേ മാമുനിമാര്‍ അരുളിത്തന്ന ജ്ഞാനത്തിന്റെ തെളിമയില്‍ നീ ഉറച്ചുനില്‍ക്കുമോ? മേധാശക്തീ, നീ എന്റെ സുഹൃത്താണല്ലോ. വസിഷ്ഠമുനി തന്ന പാഠങ്ങള്‍ നമുക്ക് ധ്യാനിച്ചുറപ്പിക്കാം. അങ്ങിനെ നമുക്ക് രണ്ടാള്‍ക്കും ലൗകികാസ്തിത്വത്തില്‍ നിന്നും തത്ജന്യമായ ദു:ഖദുരിതങ്ങളില്‍ നിന്നും രക്ഷനേടാം.