യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 201 [ഭാഗം 5. ഉപശമ പ്രകരണം]
യദ്യദ് രാഘവ സംയാതി മഹാജനസപര്യയാ
ദിനം തദിഹ സാലോകം ശേഷാസ്ത്വന്ധാ ദിനാലയ: (5/4/12)
വാല്‍മീകി തുടര്‍ന്നു: നേരം പുലര്‍ന്നപ്പോള്‍ രാമനും മറ്റുള്ളവരും എഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങള്‍ ചെയ്ത ശേഷം വസിഷ്ഠമുനിയുടെ ഗൃഹത്തിലേക്കുചെന്നു. മഹര്‍ഷി ഗാഢമായ ധ്യാനത്തിലായിരുന്നു. അദ്ദേഹം ധ്യാനമുണര്‍ന്നപ്പോള്‍ എല്ലാവരുംകൂടി ഒരു തേരില്‍ കയറി ദശരഥന്റെ രാജധാനിയിലേക്കുപോയി. രാജാവവരെ സ്വീകരിക്കാന്‍ ഉപചാരപൂര്‍വ്വം മൂന്ന് അടിവെച്ചു. അതുകഴിഞ്ഞ് സഭാവാസികളോരോരുത്തരായി ആസനസ്ഥരായി. അവരില്‍ ദേവന്മാരും ഉപദേവതമാരും മഹര്‍ഷിമാരും ഉണ്ടായിരുന്നു.
ദിനാരംഭത്തിനു നാന്ദികുറിച്ച് ദശരഥരാജന്‍ ഇങ്ങിനെ പറഞ്ഞു: ഭഗവന്‍, ഇന്നലത്തെ തുടര്‍ച്ചയായ പ്രഭാഷണപരമ്പരയ്ക്കുശേഷം അങ്ങേക്ക് ഉചിതമായ വിശ്രമം ലഭിച്ചുവെന്നു കരുതുന്നു. അങ്ങയുടെ പരമവിജ്ഞാനപ്രദമായ പ്രഭാഷണം ഞങ്ങളെ അറിവിന്റെ ഉന്നതശിഖരങ്ങളിലെത്തിച്ചിരിക്കുന്നു. തീര്‍ച്ചയായും പ്രബുദ്ധരായ മാമുനിമാരുടെ വാക്കുകള്‍ ജീവജാലങ്ങളുടെ ദു:ഖനിവാരണം വരുത്തുവാനുതകുന്നതും അവരില്‍ ആനന്ദാനുഗ്രഹം ചൊരിയുന്നവയുമാണ്. നമ്മുടെ സ്വയംകൃതാനര്‍ത്ഥങ്ങളെ നീക്കി മനസ്സിനെ നിര്‍മ്മലമാക്കാന്‍ അവയ്ക്കു കഴിയുന്നു. ലൗകികാസക്തി, അത്യാഗ്രഹം തുടങ്ങിയ ദുഷ്ച്ചിന്തകളെ ക്ഷീണിപ്പിക്കാന്‍ ആ വാക്കുകള്‍ക്കാവുന്നു. ഞങ്ങള്‍ മോഹത്തിനടിപ്പെട്ട് ഈ പ്രത്യക്ഷലോകത്തെ യാഥാര്‍ത്ഥ്യമെന്നു കരുതിയാണിരുന്നത്. ആ വിശ്വാസത്തിനൊരു വെല്ലുവിളിയാണവിടുത്തെ വാക്കുകള്‍. “രാമാ, ജ്ഞാനികളായ മാമുനിമാരെ പൂജിച്ചുബഹുമാനിക്കുന്ന ദിനങ്ങളെ മാത്രമേ ഫലപ്രദമായി നമുക്കു കണക്കാക്കുവാനാകൂ. മറ്റു ദിനങ്ങള്‍ വെറും അന്ധകാരം മാത്രം”. ഇതു നിനക്കുള്ള സുവര്‍ണ്ണാവസരമാണ്. ഈ മഹര്‍ഷിയില്‍ നിന്നും നിനക്ക് വേണ്ട ജ്ഞാന വിജ്ഞാനാദികള്‍ ആരാഞ്ഞറിയൂ. പഠനയോഗ്യമായ കാര്യങ്ങള്‍ എന്തെന്നറിയൂ.
വസിഷ്ഠന്‍ പറഞ്ഞു: രാമാ, ഞാന്‍ നിനക്കുപദേശിച്ച കാര്യങ്ങള്‍ നീ ഗാഢമായി ധ്യാനിക്കുകയുണ്ടായോ? രാത്രിയില്‍ നീ അവയെക്കുറിച്ച് ചിന്തിച്ചുവോ? നിന്റെ ഹൃദയഭിത്തിയില്‍ അവ തെളിഞ്ഞുകിടക്കുന്ന രേഖാചിത്രങ്ങളായിത്തീര്‍ന്നുവോ? നീയോര്‍ക്കുന്നുവോ മനുഷ്യന്‍ മനസ്സാണെന്നു ഞാന്‍ പറഞ്ഞത്? ഈ ലോകസൃഷ്ടികളെപ്പറ്റി ഞാന്‍ വിശദമായിപ്പറഞ്ഞത് നീ ഓര്‍ത്തുവോ? തുടര്‍ച്ചയായി ഇവയെല്ലാം ആവര്‍ത്തിച്ചോര്‍ക്കുന്നതുകൊണ്ടു മാത്രമേ ഈദൃശമായ ആശയങ്ങള്‍ക്കു തെളിമയുണ്ടാവൂ.
രാമന്‍ പറഞ്ഞു: ഭഗവന്‍, ഞാന്‍ അങ്ങുപറഞ്ഞതുമാത്രമാണ് രാത്രിയില്‍ ചെയ്തത്. നിദ്രയുപേക്ഷിച്ച് രാത്രിമുഴുവന്‍ അങ്ങയുടെ പ്രബുദ്ധമായ ഉപദേശങ്ങളെ ഞാന്‍ ധ്യാനിക്കുകയായിരുന്നു. അവയിലൂടെ അങ്ങു കാണിക്കാന്‍ ശ്രമിച്ച സത്യത്തെ കാണാന്‍ ഞാന്‍ ശ്രമിച്ചു. ആ സത്യമിപ്പോള്‍ എന്റെയുള്ളില്‍ ചിരപ്രതിഷ്ഠമാണ്. ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ആനന്ദത്തെ പ്രദാനം ചെയ്യുമെന്നറിഞ്ഞാല്‍പ്പിന്നെ ആരെങ്കിലും അങ്ങയുടെ വാക്കുകളെ ശിരസാവഹിക്കാതിരിക്കുമോ? അവ കേള്‍ക്കാന്‍ അതീവ മധുരിമയാര്‍ന്നവയത്രേ. അവ നമ്മിലുണര്‍ത്തുന്നത് അതിപാവനമായ ഒരു പവിത്രതാ ഭാവമാണ്. അത് നമ്മെ നയിക്കുന്നതോ, സമാനതകളില്ലാത്ത ഒരനുഭവമേഘലയിലേയ്ക്കുമാണ്. ഭഗവന്‍, അങ്ങ് പ്രഭാഷണം തുടര്‍ന്നാലും.