യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 202 [ഭാഗം 5. ഉപശമ പ്രകരണം]
ഹേ ജനാ അപരിജ്ഞാത ആത്മാ വോ ദു:ഖസിദ്ധയേ
പരിജ്ഞാതസ്ത്വനന്തായ സുഖായോപശമായ ച (5/5/23)
വസിഷ്ഠന്‍ പറഞ്ഞു: രാമാ, വിശ്വപ്രളയത്തെക്കുറിച്ചും പരമശാന്തിയടയുന്നതിനെക്കുറിച്ചുമുള്ള ഈ പ്രഭാഷണം കേട്ടാലും. ഈ പ്രത്യക്ഷലോകത്തെ താങ്ങി നിലനിര്‍ത്തുന്നത് രാജസീകതയും (മലിനത) താമസീകതയും (മന്ദത) ആണ്. ഒരു കെട്ടിടത്തെ താങ്ങി നിര്‍ത്തുന്ന സ്തംഭങ്ങള്‍ പോലെയാണവ. ഒരു പാമ്പ് പടം പൊഴിക്കുന്നതുപോലെ നിര്‍മ്മലരായവര്‍ ഈ ലോകത്തെ നിഷ് പ്രയാസം ഉപേക്ഷിക്കുന്നു. സാത്വികതയും (നിര്‍മ്മലത) കര്‍മ്മപടുത്വവും (രാജസീയത) ഉള്ളവര്‍ യാന്ത്രികമായി വെറുതേ ജീവിക്കുന്നവരല്ല. അവര്‍ ഈ ലോകത്തിന്റെ ഉത്ഭവത്തെപ്പറ്റിയും പ്രകടനാത്മകതയെപ്പറ്റിയും കൂലങ്കഷമായി ആലോചിച്ച് അന്വേഷിക്കുന്നവരാണ്. ഈ അന്വേഷണങ്ങള്‍ ശരിയായ ശാസ്ത്രപഠനങ്ങളിലൂടെയും മഹത്തുക്കളായ ഗുരുവരന്മാരുടെ സഹായത്താലും നടത്തുന്ന പക്ഷം അവരില്‍ സത്യസാക്ഷാത്കാരമുണ്ടാവും. സത്യം വിളക്കിന്റെ വെളിച്ചത്തിലെന്നവണ്ണം അവര്‍ക്കു സ്വരൂപമായി തെളിഞ്ഞു കാണാകുന്നു. സ്വാത്മാവില്‍ ആത്മപ്രയത്നത്താല്‍ സ്വയം അന്വേഷിച്ചു കണ്ടെത്തിയാലല്ലാതെ ഈ സത്യം തെളിയുകയില്ല.
രാമാ, നീ തീര്‍ച്ചയായും ശുദ്ധനൈര്‍മ്മല്യം തന്നെയാണ്. അതിനാല്‍ നീ സത്യാന്വേഷണം ചെയ്താലും. സത്യവും മിഥ്യയുമെന്തെന്നാരാഞ്ഞ് സത്യത്തിനായി സ്വയം സമര്‍പ്പിക്കുക. ആദ്യമേ തന്നെ ഇല്ലാത്തതും കുറേക്കാലത്തിനപ്പുറം നിലനില്‍ക്കാത്തതുമായതിനെ എങ്ങിനെയാണു സത്യമെന്നെണ്ണുക? എന്നെന്നും ഉണ്ടായിരുന്ന, നിലനില്‍ക്കുന്ന ഒന്നിനെ മാത്രമേ സത്യമെന്നു കരുതാനാവൂ. ജനനം എന്നതും, വളര്‍ച്ചയെന്നതും മനസ്സിനാണു രാമാ. ഈ സത്യം തെളിഞ്ഞുറച്ചാല്‍പ്പിന്നെ മനസ്സാണ് സ്വയമുണ്ടാക്കിയ പരിമിതിയായ അജ്ഞാനത്തില്‍ നിന്നും സ്വതന്ത്രമാവുന്നത്. അതുകൊണ്ട് മനസ്സിനെ ശാസ്ത്രപഠനങ്ങളാകുന്ന തയ്യാറെടുപ്പോടെ ധര്‍മ്മത്തിന്റെ പാതയിലേയ്ക്കു നയിക്കുക. സദ്സംഗം, അനാസക്തി പരിശീലനം എന്നിവയും ഇതിനുള്ള തയ്യാറെടുപ്പുതന്നെയാണ്. ഇങ്ങിനെ സ്വയം പക്വതയാര്‍ജ്ജിച്ച ശേഷം പരിപൂര്‍ണ്ണ ജ്ഞാനിയായ ഒരു ഗുരുവിന്റെ പാദങ്ങളെ ശരണം പ്രാപിക്കുക. ഗുരു അരുളിത്തരുന്ന ശാസ്ത്രപാഠങ്ങള്‍ ശ്രദ്ധാഭക്തിവിശ്വാസങ്ങളോടെ പിന്തുടരുന്നതിലൂടെ കാലക്രമത്തില്‍ ശിഷ്യന്‍ പരിപൂര്‍ണ്ണ പരിശുദ്ധിയെ പ്രാപിക്കുന്നു.
രാമാ, ഈ നിര്‍മ്മലതയില്‍ ആത്മാവിനെ ആത്മാവുകൊണ്ടറിയുക. ചന്ദ്രന്റെ ശീതളിമയാര്‍ന്ന പ്രഭ ആകാശത്തെ മുഴുവന്‍ കാണിച്ചുതരുന്നുവല്ലോ. മായികമായ സംസാരസമുദ്രത്തില്‍ ഒരു വയ്ക്കോല്‍ത്തുരുമ്പുപോലെ നമ്മുടെ ജീവിതം തട്ടിക്കളിച്ചുകൊണ്ടിരിക്കുന്നു. അതിനൊരവസാനം വരണമെങ്കില്‍ ആത്മാന്വേഷണമെന്ന വഞ്ചിയില്‍ കയറുക എന്ന ഒരൊറ്റ പോംവഴിയേയുള്ളു. നദികളില്‍ പൊങ്ങിയൊഴുകി നീങ്ങുന്ന മണല്‍ത്തരികള്‍ അടിയുന്നത് പ്രശാന്തമായ ജലത്തിലാണല്ലോ. ആത്മവിദ്യാനിരതനായ ഒരുവന്റെ മനസ്സില്‍ സത്യം പ്രശാന്തതയോടെ അറിവായുറയ്ക്കുന്നു. ഒരിക്കലുറച്ചാല്‍ നശിക്കാത്ത അറിവാണത്. ചാരം മൂടിക്കിടക്കുന്നുവെങ്കിലും ഒരുകഷണം സ്വര്‍ണ്ണം കണ്ടെത്താന്‍ സ്വര്‍ണ്ണപ്പണിക്കാരന് വിഷമങ്ങളേതുമില്ല. സത്യം കണ്ടെത്തുംവരെ മാത്രമേ ചിന്താക്കുഴപ്പങ്ങളുള്ളു. സത്യത്തിന്റെ അറിവുറച്ചാല്‍പ്പിന്നെ എല്ലാം വ്യക്തമായി തെളിഞ്ഞുകാണാം. “ആത്മാവിനെക്കുറിച്ചുള്ള അജ്ഞതയാണ് നിന്റെ ദു:ഖത്തിനു കാരണം. എന്നാല്‍ ആത്മാവിനെക്കുറിച്ചുള്ള ജ്ഞാനം നിനക്കു പ്രശാന്തിയും പ്രഹര്‍ഷവുമേകും.”