യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 204 [ഭാഗം 5. ഉപശമ പ്രകരണം]
കേചിത്വകര്‍മണി രതാ വിരതാ അപി കര്‍മണ:
നരകാന്നരകം യാന്തി ദു:ഖാദ്ദു:ഖം ഭയാദ്ഭയം (5/6/3)
വസിഷ്ഠന്‍ തുടര്‍ന്നു: സ്ഫടികത്തിനു സമീപം വെച്ചിട്ടുള്ള വസ്തുക്കള്‍ അതില്‍ പ്രതിഫലിച്ചുകാണുന്നപോലെ ബോധത്തിന്റെ അസ്തിത്വം ഹേതുവായാണ് എല്ലാ കര്‍മ്മങ്ങളും സംഭവിക്കുന്നതെന്നറിയുന്നവന്‍ മുക്തനത്രേ. എന്നാല്‍ മനുഷ്യജന്മം നേടിയിട്ടും ഈദൃശകാര്യങ്ങളില്‍ ശ്രദ്ധാലുക്കളല്ലാത്തവര്‍ സ്വര്‍ഗ്ഗങ്ങളില്‍നിന്നു നരകങ്ങളിലേയ്ക്കും തിരിച്ചും പൊയ്ക്കൊണ്ടിരിക്കുന്നു. “കര്‍മ്മവിമുഖരായവരായി ചിലരുണ്ട്. അവര്‍ കര്‍മ്മങ്ങളെയെല്ലാം ബലമായടക്കി അല്ലെങ്കില്‍ അതില്‍നിന്നു പിന്തിരിഞ്ഞ് നരകങ്ങളില്‍ നിന്നു നരകങ്ങളിലേയ്ക്ക്, ദു:ഖത്തില്‍ നിന്നു ദു:ഖത്തിലേക്ക്, നരകത്തില്‍നിന്നു നരകത്തിലേക്ക് പോയ്ക്കൊണ്ടേയിരിക്കുന്നു.”
ചിലര്‍ അവരുടെ സ്വകര്‍മ്മഫലങ്ങളുമായും തല്‍ജന്യങ്ങളായ വാസനകളുമായും ഗാഢബന്ധത്തിലാണ്. അവര്‍ കൃമികീടങ്ങളായും പുഴുക്കളായും, ചെടികളും മരങ്ങളുമായും, വീണ്ടും കൃമികീടങ്ങളായും ജനനമരണങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
ഇനിയും ചിലര്‍ ആത്മജ്ഞാനമാര്‍ജ്ജിച്ചവരാണ്. അനുഗൃഹീതരാണവര്‍. അവര്‍ മനസ്സിന്റെ സ്വഭാവങ്ങളെപ്പറ്റി ആരാഞ്ഞറിഞ്ഞ്, ആസക്തികളുപേക്ഷിച്ചവരത്രേ. അവര്‍ ബോധമണ്ഡലത്തിന്റെ ഉയര്‍ന്ന തലങ്ങളിലേയ്ക്കു പോകുന്നു. ജനനമരണചക്രത്തില്‍ അവസാനജന്മമെടുത്ത ജീവനില്‍ ഏറിയ പങ്കും സത്വപ്രകാശവും ചെറിയൊരംശം രജസ്സും (മാലിന്യം) ഉണ്ടായിരിക്കും. ജനനസമയം മുതല്‍ അയാള്‍ പവിത്രത പ്രകടമാക്കും. ജ്ഞാനവിജ്ഞാനങ്ങള്‍ അയാള്‍ക്ക് എളുപ്പം ഹൃദിസ്ഥമാവും. സൗഹൃദം, കാരുണ്യം, വിവേകം, നന്മ, മഹാമനസ്കത തുടങ്ങിയ ഗുണങ്ങള്‍ അയാളെത്തേടിയെത്തും. അയാള്‍ ഉചിതമായ കര്‍മ്മങ്ങളിലേര്‍പ്പെടുന്നു, എന്നാല്‍ അവയുടെ ഫലങ്ങളെപ്പറ്റി അയാള്‍ ചിന്താകുലനല്ല. ലാഭനഷ്ടങ്ങള്‍ അയാള്‍ക്ക് സന്തോഷസന്താപങ്ങള്‍ക്കു കാരണമാവുന്നില്ല. അയാളുടെ ഹൃദയം നിര്‍മ്മലം. അയാള്‍ എല്ലാവര്‍ക്കും അഭിമതന്‍. സദ്സ്വഭാവനിരതനായ അയാള്‍ അനുയോജ്യനായ ഒരു ഗുരുവിനെ കണ്ടെത്തുന്നു. ഗുരുവില്‍ നിന്നും ആത്മജ്ഞാനമാര്‍ഗ്ഗം അറിയുന്നു. അങ്ങിനെ അയാള്‍ ആത്മാവിനെ അനന്താവബോധമായി സാക്ഷാത്കരിക്കുന്നു; ഏകവും അദ്വയവുമായ വിശ്വസത്വമായി ലോകത്തെ അറിയുന്നു. അതുവരെ നിദ്രാവസ്ഥയിലിരുന്ന മേധാശക്തി അയാളില്‍ ഉണര്‍ന്നുവിടരുകയായി. എല്ലാമെല്ലാം അനന്താവബോധം തന്നെയാണെന്ന് അയാളറിയുന്നു. ആന്തരീകമായ ഈ പ്രകാശശ്രോതസ്സുമായി നിരന്തരസമ്പര്‍ക്കത്തിലായതുകൊണ്ട് അയാള്‍ അതിനിര്‍മ്മലമായ ഒരു പാവന തലത്തില്‍ വിരാജിക്കുന്നു. ഇതാണ് സാധാരണയായി കണ്ടുവരുന്ന പരിണാമപ്രക്രിയ. എന്നാല്‍ ഇതിനപവാദങ്ങളുമുണ്ട്.
ഈ ലോകത്തുജന്മമെടുത്തവരുടെ കാര്യത്തില്‍ മുക്തിപദപ്രാപ്തിക്കായി രണ്ടുമാര്‍ഗ്ഗങ്ങളാണുള്ളത്. ഒന്ന്, ഗുരുവിന്റെ പാതയെ ശ്രദ്ധയോടെ പിന്തുടരുക- ശിഷ്യന്‍ കാലക്രമത്തില്‍ മുക്തിപദമെന്ന ലക്ഷ്യത്തിലെത്തിച്ചേരും. രണ്ടാമത്, ആത്മജ്ഞാനമാര്‍ഗ്ഗം. അക്ഷരാര്‍ത്ഥത്തില്‍ ആരോ മടിയിലിട്ടു കൊടുത്തതുപോലെ ആത്മജ്ഞാനം ഒരുവനില്‍ പൊടുന്നനേ അങ്കുരിക്കുന്നു. നിര്‍വ്വാണപദത്തിലേയ്ക്ക് സാധകന്‍ താനേ വിലയനംചെയ്യപ്പെടുന്നു. രണ്ടാമത്തെ തരം പ്രബുദ്ധതയെക്കുറിക്കുന്ന പുരാതനമായ ഒരു കഥ ഞാന്‍ പറയാം. ശ്രദ്ധിച്ചു കേട്ടാലും.