യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 208 [ഭാഗം 5. ഉപശമ പ്രകരണം]
സ്ഥിതേ മനസി നിഷ്കാമേ സമേ വിഗതരഞ്ജനേ
കായാവയവജൗ കാര്യൗ സ്പന്ദാസ്പന്ദൗ ഫലേ സമൗ (5/10/28)
വസിഷ്ഠന്‍ തുടര്‍ന്നു: രാജാവങ്ങിനെ തീവ്രമായ സാധനയിലിരിക്കുന്നതുകണ്ട് ഒരംഗരക്ഷകന്‍ ആദരപൂര്‍വ്വം അദ്ദേഹത്തെ സമീപിച്ച് ഇങ്ങിനെ പറഞ്ഞു: ‘മഹാരാജാവേ, ഭരണകാര്യങ്ങള്‍ നോക്കാനുള്ള സമയമായി. പരിചാരികമാര്‍ അങ്ങയെ പരിചരിക്കാന്‍ തയ്യറായി നില്‍ക്കുന്നു. നീരാട്ടിനായി സുഗന്ധതൈലമിട്ട ജലമെടുത്തുവെച്ചിരിക്കുന്നു. ഉചിതമായ മന്ത്രോച്ചാരണങ്ങള്‍ തുടങ്ങാനായി വന്ദ്യരായ പൂജാരിമാര്‍ അങ്ങയെക്കാത്ത് സ്നാനഗൃഹത്തില്‍ കാത്തുനില്‍പ്പുണ്ട്. എഴുന്നേക്കൂ, അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളെല്ലാം നടക്കണമല്ലോ. ഉത്തമരും പാവനചരിതന്മാരും ഒരിക്കലും സമയനിഷ്ഠ തെറ്റിക്കുകയോ അലംഭാവം കാണിക്കുകയോ ഇല്ല.’
എന്നാല്‍ രാജാവ് സേവകന്റെ വാക്കുകള്‍കേട്ടിട്ടും അങ്ങിനെ തന്നെയിരുന്ന് തന്റെ ആലോചന തുടര്‍ന്നു: ‘ഈ രാജസഭയും രാജധര്‍മ്മങ്ങളും കൊണ്ട് എനിക്കെന്തു പ്രയോജനം? ഇതെല്ലാം വെറും താല്‍ക്കാലികമല്ലേ? അവകൊണ്ടെനിക്ക് യാതൊരു ഗുണവുമില്ല. ഞാന്‍ എല്ലാ കര്‍മ്മധര്‍മ്മങ്ങളും ഉപേക്ഷിച്ച് ആത്മാനന്ദത്തില്‍ ആമഗ്നനാവാന്‍ പോവുന്നു. മനസ്സേ നീ ലൗകികസുഖാനുഭവാസക്തി തീരെ ഉപേക്ഷിച്ചാലും. അങ്ങിനെ ജനന മരണചക്രത്തിന്റെ ആവര്‍ത്തനം മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ ഒഴിവാക്കാമല്ലോ. സന്തോഷവാഹിയെന്നു കരുതുന്ന എന്തൊക്കെ നീ ആഗ്രഹിക്കുന്നുവോ അതൊക്കെ ദു:ഖമാണു നല്‍കുന്നതെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. പാപപങ്കിലമായ, സുഖാസക്തമായ ഈ ജീവിതം ഇനി മതി. സഹജമായി നിന്നില്‍ എന്നുമുള്ളതുമായത് എന്താണൊ അതിനെ അന്വേഷിക്കുന്നതില്‍ ആഹ്ളാദം കണ്ടെത്തൂ.’ രാജാവ് മൗനമവലംബിച്ചതുകണ്ട് സേവകനും മൂകനായി അവിടെ നിന്നു.
രാജാവ് വീണ്ടും ആത്മഗതമായി ഇങ്ങിനെ പറഞ്ഞു: ‘ഞാനീ ലോകത്ത് എന്താണു നേടേണ്ടത്? ഈ പ്രപഞ്ചത്തിലെ ഏതൊരു ശാശ്വതസത്യത്തെയാണ് ആത്മവിശ്വാസത്തോടെ ഞാന്‍ ആലംബമാക്കേണ്ടത്? ഞാന്‍ തുടര്‍ച്ചയായി കര്‍മ്മങ്ങള്‍ ചെയ്താലുമില്ലെങ്കിലും എന്തു വ്യത്യാസമാണുണ്ടാവാന്‍ പോവുന്നത്? ഈ ലോകത്ത് നിലനില്ക്കുന്നതായി യാതൊന്നുമില്ല. കര്‍മ്മനിരതമായാലും അല്ലെങ്കിലും ഈ ശരീരം എപ്പോഴും മാറ്റങ്ങള്‍ക്കു വിധേയമാണ്. അതു ശാശ്വതവുമല്ല. സമത എന്ന ഭാവത്തില്‍ ബുദ്ധിയുറച്ചിരിക്കുമ്പോള്‍ പിന്നെ എന്ത്, എങ്ങിനെ നഷ്ടപ്പെടാന്‍? ഏനിക്കു കിട്ടാത്തതിനെക്കുറിച്ച് വ്യാകുലതയില്ല. സ്വയമേവ ഞാനാവശ്യപ്പെടാതെ എന്നില്‍ വന്നുചേര്‍ന്നതിനെ വിട്ടുകളയാന്‍ ഞാന്‍ പരിശ്രമിക്കുന്നുമില്ല. ഞാന്‍ ആത്മനിഷ്ഠനാണ്. എനിക്കുള്ളത് എനിക്കുതന്നെയാണ്. ഒന്നിനുവേണ്ടിയും ഞാന്‍ പ്രയത്നിക്കേണ്ടതില്ല. എന്നാല്‍ കര്‍മ്മവിമുഖനാവുന്നതുകൊണ്ടും എന്താണു പ്രയോജനം? കര്‍മ്മംകൊണ്ടോ കര്‍മ്മനിരാസംകൊണ്ടോ നേടുന്നതെല്ലാം വിഫലമത്രേ.’
“മനസ്സ് ആഗ്രഹരഹിതവും സുഖാന്വേഷണാസക്തിയില്ലാതെയും ശരീരാവയവങ്ങള്‍ അവയവയുടെ സഹജധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുമ്പോള്‍ കര്‍മ്മത്തിനും കര്‍മ്മരാഹിത്യത്തിനും ഒരേ സാരവും മൂല്യവുമാണ്.” അതുകൊണ്ട് ദേഹം അതിന്റെ കര്‍മ്മങ്ങള്‍ സഹജഭാവത്തില്‍ത്തന്നെ ചെയ്യട്ടെ. കാരണം അതില്ലെങ്കില്‍ ഈ ദേഹം നശിക്കുമല്ലോ. മനസ്സില്‍ ’ഞാനിതു ചെയ്യുന്നു‘ ’ഞാന്‍ ഇതാസ്വദിക്കുന്നു‘ എന്നിങ്ങനെയുള്ള ധാരണകള്‍ വെച്ചുപുലര്‍ത്താതിരിക്കുമ്പോള്‍ കര്‍മ്മം അകര്‍മ്മമാവുന്നു. കര്‍മ്മരാഹിത്യമല്ല ഇത്.