യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 209 [ഭാഗം 5. ഉപശമ പ്രകരണം]
ചിത്ത ചഞ്ചല സംസാര ആത്മനോ ന സുഖായ തേ
ശമമേഹി ശമാച്ഛാന്തം സുഖം സാരമവാപ്യതേ (5/11/5)
വസിഷ്ഠന്‍ തുടര്‍ന്നു: ഇങ്ങിനെ ചിന്തിച്ച് ജനകരാജാവ് അവിടെ നിന്നെഴുന്നേറ്റു. ദിവസവും സൂര്യന്‍ ചക്രവാളത്തിലുദിക്കുമ്പോള്‍ മുതല്‍ തന്റെ രാജധര്‍മ്മങ്ങള്‍ യാതൊരാസക്തിയുമില്ലാതെ അദ്ദേഹം നിര്‍വ്വഹിച്ചു വന്നു. എല്ലാ മനോപാധികളില്‍ നിന്നും, ധാരണാസങ്കല്‍പ്പ-വികല്‍പ്പങ്ങളില്‍ നിന്നും അദ്ദേഹം മുക്തനായിരുന്നു. തികച്ചും ജാഗ്രദാവസ്ഥയിലാണെങ്കിലും ദീര്‍ഘനിദ്രയിലെ ശരീരകര്‍മ്മങ്ങളെന്നപ്പോലെ നിസ്സംഗതയോടെ ഉത്തമവും ഉചിതവുമായ കര്‍മ്മങ്ങളിലേര്‍പ്പെട്ട് അദ്ദേഹം രാജധര്‍മ്മം പരിപാലിച്ചു. മാമുനിമാരെ ആദരിക്കുന്നതുള്‍പ്പടെയുള്ള നിത്യകര്‍മ്മങ്ങളനുഷ്ഠിച്ച് ദിനാന്ത്യത്തില്‍ തന്റെ പള്ളിയറയിലെ ഏകാന്തതയില്‍ ധ്യാനനിരതനായിക്കഴിഞ്ഞു. അതദ്ദേഹത്തിനു സഹജമായും ക്ഷിപ്രസാദ്ധ്യമായിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് സ്വാഭാവികമായും കാലുഷ്യമകന്ന്, ഭ്രമങ്ങളൊഴിഞ്ഞ് സമതയില്‍ അഭിരമിച്ചിരുന്നുവല്ലോ.
പ്രഭാതത്തിലുണര്‍ന്നപ്പോള്‍ അദ്ദേഹം ഇങ്ങിനെ ചിന്തിച്ചു: “ചഞ്ചലമായ മനസ്സേ! ഈ ലൗകികജീവിതം നിനക്കു ശരിയായ സന്തുഷ്ടിയേകാന്‍ പര്യാപ്തമല്ല. അതുകൊണ്ട് നീ സമതാഭാവമെന്ന ആ ഉന്നത തലത്തിലേയ്ക്കെത്തുക. കാരണം ഈ സമതയുടെ തലത്തില്‍ എത്തിയാല്‍ മാത്രമേ നിനക്ക് സമാധാനവും, ആനന്ദവും സത്യവും അനുഭവിക്കാനാവൂ.” നിന്നിലെ അച്ചടക്കമില്ലായ്മ കാരണം ഉണ്ടാവുന്ന വിചിത്രവും വികലവുമായ ചിന്തകള്‍ കാരണമാണ് ലോകമെന്ന ഭ്രമക്കാഴ്ച്ച ഇങ്ങിനെ നീണ്ടുപരന്നു വികസിക്കുന്നത്. നിന്നില്‍ സുഖാസക്തിയുണ്ടാകുമ്പോഴാണ് ഈ മായക്കാഴ്ച്ചയ്ക്ക് എണ്ണമില്ലാത്തത്ര ശാഖകള്‍ മുളപൊട്ടുന്നത്. ചിന്തകളാണ് ലോകമെന്ന ഈ കാഴ്ച്ചാശൃംഖലയ്ക്കു നിദാനം. അതുകൊണ്ട് ഈ ഭ്രമകല്‍പ്പനകളെ ഉപേക്ഷിച്ച് സമതയിലെത്തൂ. നിന്റെ ജ്ഞാനത്തെ ഒരു തുലാസ്സില്‍ വെച്ചു തൂക്കിനോക്കുക. ഒരുതട്ടില്‍ ഇന്ദ്രിയ സുഖങ്ങള്‍, മറ്റേ തട്ടില്‍ പ്രശാന്തിയുടെ ആനന്ദം. ഇവയില്‍ സത്യമേതെന്നു നീ കരുതുന്നുവോ അതിന്റെ പാത സ്വീകരിക്കുക.
എല്ലാ പ്രതീക്ഷകളും ആശകളും ഉപേക്ഷിച്ച്, അന്വേഷണത്വരയും സന്യാസത്വരപോലും കളഞ്ഞ് സ്വാതന്ത്ര്യത്തോടെ നടക്കൂ. ഈ ലോകമെന്നത് സത്തോ അസത്തോ ആകട്ടെ. അതുദിക്കുകയോ അസ്തമിക്കുകയോ ചെയ്യട്ടേ! അവയുടെ ഗുണാഗുണങ്ങള്‍ നിന്റെ സമതാ ഭാവത്തെ ബാധിക്കാതിരിക്കട്ടെ. നിനക്ക് ഈ ലോകവുമായി ഒരിക്കലും ശരിയായ ഒരു ബന്ധവുമുണ്ടായിട്ടില്ല. നിന്റെ അജ്ഞാനം കൊണ്ടാണ് നിന്നില്‍ അങ്ങിനെയൊരു ബന്ധുത്വം ഉണ്ടെന്ന തോന്നലുദിച്ചത്. മനസ്സേ നീ വെറും മിഥ്യയാണ്. ലോകമെന്ന ഈ കെട്ടുകാഴ്ച്ചയും മിഥ്യ. അതിനാല്‍ നിങ്ങള്‍തമ്മിലുള്ള ബന്ധം വളരെ വിചിത്രമാണ്. വന്ധ്യയുടെ പുത്രന്‍ എന്നു പറയും പോലെ അസംബന്ധം!
നീ സത്തും, ലോകം അസത്തും ആണ് എന്നു നീ കരുതുന്നതെങ്കില്‍ നിങ്ങള്‍ തമ്മില്‍ എങ്ങിനെയാണൊരു ബന്ധുതയുണ്ടാവുക? മറിച്ച് രണ്ടും സത്യമാണെങ്കില്‍ സുഖദു:ഖങ്ങളെന്ന അനുഭവങ്ങള്‍ക്ക് എന്താണൊരു ന്യായീകരണം? അതുകൊണ്ട് എല്ലാ ദു:ഖചിന്തകളുമുപേക്ഷിക്കൂ, ധ്യാനത്തില്‍ ആമഗ്നമാകൂ. ഇഹലോകത്തില്‍ നിന്നെ പരിപൂര്‍ണ്ണതയിലേയ്ക്കു നയിക്കാന്‍ തക്കതായി യാതൊന്നുമില്ല. അതുകൊണ്ട് സധീരം, ദൃഢതയോടെ നിന്റെ മനശ്ചാഞ്ചല്യത്തെ മറികടന്ന് ധ്യാനത്തിലൂടെ സമതയില്‍ അഭിരമിച്ചാലും.