യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 211 [ഭാഗം 5. ഉപശമ പ്രകരണം]
പ്രജ്ഞയേഹ ജഗത്സര്‍വം സംമ്യഗേവാംഗ ദൃശ്യതേ
സംയഗ് ദര്‍ശനമായാന്തി നാപദോ നച സമ്പദ: (5/12/38)
വസിഷ്ഠന്‍ തുടര്‍ന്നു: പരിഹരിക്കാനാവാത്ത എന്തെന്തു ദു:ഖങ്ങളുണ്ടായാലും അന്ത:പ്രകാശമാവുന്ന വിജ്ഞാനത്തിന്റെ തോണിയില്‍ക്കയറി പോംവഴി കണ്ടെത്താം. എന്നാല്‍ ഈ വിജ്ഞാനമില്ലാത്തവന്‍ ചെറിയൊരു പ്രശ്നത്തില്‍പ്പോലും വ്യാകുലചിത്തനാകുന്നു. ഈ ഉള്‍വെളിച്ചമുള്ളവന്, അവന്‍ പഠിക്കാത്തവനാണെങ്കിലും, ഏകാന്തനാണെങ്കിലും ദു:ഖസാഗരത്തിന്റെ മറുകരകാണുക ക്ഷിപ്രസാദ്ധ്യമത്രേ. മറ്റൊരാളിന്റെ സഹായമവനാവശ്യമില്ല. എന്നാല്‍ വിജ്ഞാനമില്ലാത്തവന് അവന്റെ മൂലധനമടക്കം എല്ലാം നഷ്ടമാവുന്നു.
അതുകൊണ്ട് ഈ ഉള്‍വെളിച്ചത്തിനായി ഏവരും പരിശ്രമിക്കണം. ഫലങ്ങളാഗ്രഹിക്കുന്നയാള്‍ തോട്ടത്തിനെ പരിരക്ഷിക്കുമ്പോലെ ജാഗ്രതയോടെവേണം ഇതുചെയ്യാന്‍. വേണ്ടപോലെ പരിപോഷിപ്പിച്ചാല്‍ ഈ ഉള്‍വെളിച്ചം ആത്മജ്ഞാനത്തെ പ്രദാനംചെയ്യുന്നു. ലൗകികകാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കുന്നതിനുപകരം, ആത്മജ്ഞാനം നേടുവാനാണ് ആദ്യം ശ്രമിക്കേണ്ടത്. ആദ്യം തന്നെ ദു:ഖദുരിതങ്ങളുടെ വിളനിലമായ മനോമാന്ദ്യത്തെ നീക്കണം. കാരണം, ലോകമെന്ന വൃക്ഷത്തിന്റെ വിത്താണത്. സ്വര്‍ഗ്ഗനരകങ്ങളില്‍ നേടാവുന്നതെല്ലാം ആത്മജ്ഞാനിക്ക് ‘ഇവിടെ ഇപ്പോള്‍’ സാദ്ധ്യമാണ്. ജ്ഞാനത്താല്‍ മാത്രമാണ് സംസാരസാഗരം തരണംചെയ്യാന്‍ കഴിയുക. ദാനധര്‍മ്മാദികള്‍ക്കോ തീര്‍ത്ഥാടനങ്ങള്‍ക്കോ സന്യാസത്തിനോ ഒന്നും അതിനു കഴിയില്ല. ഈ വിജ്ഞാനംകൊണ്ടാണ് സിദ്ധന്മാരായ ദിവ്യപുരുഷന്മാര്‍ അവരുടെ കഴിവുകള്‍ നേടിയത്. രാജാക്കന്മാരും അവരുടെ സിംഹാസനം നേടിയതും ജ്ഞാനത്താലത്രേ.
ജ്ഞാനം സ്വര്‍ഗ്ഗപാതയെ സുഗമമാക്കുന്നു. പരമമായ നന്മയെ, മുക്തിയെ പ്രദാനംചെയ്യുന്നു. ഈ വിജ്ഞാനമാണ് ഒരു സാധാരണക്കാരനെ ശക്തനായൊരു എതിരാളിയെപ്പോലും ജയിക്കാന്‍ പര്യാപ്തനാക്കുന്നത്. കഥകളില്‍പ്പറയുന്ന, ആഗ്രഹിക്കുന്നതെന്തും നല്കുന്ന ചിന്താമണിപോലെയാണു രാമാ, ഈ ജ്ഞാനം എന്നു പറയുന്ന ഉള്‍വെളിച്ചം. ഈ വെളിച്ചത്തില്‍ സംസാരസാഗരത്തിന്റെ മറുകരയെത്തല്‍ സുസാദ്ധ്യം. അതില്ലാത്തവനോ, അവനീ സാഗരത്തില്‍ മുങ്ങിപ്പോകുന്നു. ജ്ഞാനപ്രകാശം ഒരുവന്റെ ബുദ്ധിശക്തിയെയും അറിവിനെയും നേരായവഴിയില്‍ നയിക്കുന്നതിനാല്‍ ജ്ഞാനിക്ക് പാതയില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നില്ല. വിഭ്രാന്തലേശമില്ലാത്ത മനസ്സിനെ ആശകളോ ദുഷ്ടചിന്തകളോ, പോരായ്മകളോ സമീപിക്കുകപോലുമില്ല.
“ജ്ഞാനമാകുന്ന ഉള്‍വെളിച്ചത്തില്‍ ലോകത്തെ അതിന്റെ സഹജഭാവത്തില്‍ വ്യക്തമായി കാണാം. ഇങ്ങിനെ വ്യക്തവും പൂര്‍ണ്ണവുമായ കാഴ്ച്ചയുള്ളവനെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ സമീപിക്കുകകൂടിയില്ല.” സൂര്യനെ മറയ്ക്കുന്ന കാര്‍മേഘത്തെ മാറ്റാന്‍ കാറ്റിനാവും. ആത്മാവിനെ വലയം ചെയ്തിരിക്കുന്ന അഹംഭാവമെന്ന ആന്ധ്യമകറ്റാന്‍ ജ്ഞാനമെന്ന ഉള്‍വെളിച്ചത്തിനാവും. ധാന്യവിള കൊയ്യാനാഗ്രഹിക്കുന്നവന്‍ പാടമുഴുത് മണ്ണു തയ്യാറാക്കുന്നതുപോലെ പരമാവബോധം ലക്ഷ്യമായുള്ളവന്‍ ആദ്യം തന്റെ മനസ്സ് ശുദ്ധീകരിക്കണം. അതിനായി ജ്ഞാനമെന്ന ഉള്‍വെളിച്ചംകൊണ്ട് തന്റെ ഉള്ളം നിറയ്ക്കണം.