യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 213 [ഭാഗം 5. ഉപശമ പ്രകരണം]

ധാവമാനമധോഭാഗേ ചിത്തം പ്രത്യാഹരേദ്ബലാത്
പ്രത്യാഹാരേണ പതിതമധോ വാരീവ സേതുനാ (5/13/30)

വസിഷ്ഠന്‍ തുടര്‍ന്നു: ആരിലാണോ വിഷയാദികള്‍ക്കായുള്ള അത്യാഗ്രഹവും അവയോടുള്ള നിരാസവും എന്നീ ദ്വന്ദഭാവങ്ങള്‍ ഒടുങ്ങിയത്, അവര്‍ ഒന്നിനുവേണ്ടിയും ആശിക്കുന്നില്ല. ഒന്നിനേയും അവര്‍ക്ക് തള്ളാനുമില്ല. ഈ ദ്വന്ദചോദനകള്‍ (ആഗ്രഹ-നിരാസങ്ങള്‍) ഒടുങ്ങിയാലല്ലാതെ മനസ്സില്‍ പ്രശാന്തിയും സമതാഭാവവും ഉണ്ടാവുകയില്ല. ‘ഇതു സത്ത’, ‘ഇതസത്ത’ എന്നിങ്ങനെയുള്ള തരംതിരിവ് ഉള്ളിലുള്ളവര്‍ക്കും സമാധാനമുണ്ടാവുകയില്ല. ‘ഇതു ലാഭം’, ‘ഇതു നഷ്ടം’ എന്നും ‘ഇതു ശരി’, ‘ഇതു തെറ്റ്’ എന്നുമെല്ലാം വേര്‍തിരിച്ച് കാണുന്നവരില്‍ സമത, നൈര്‍മ്മല്യം, നിര്‍മമത എന്നീ സദ്ഗുണങ്ങള്‍ എങ്ങിനെയുണ്ടാവാനാണ്‌? ബ്രഹ്മം എന്ന ഒന്നേയൊന്നുമാത്രം എന്നെന്നും ഒന്നായും പലതായും നിലകൊള്ളുമ്പോള്‍ ശരി തെറ്റുകള്‍ക്കെന്തു സ്ഥാനം? മനസ്സ് ഇഷ്ടാനിഷ്ടങ്ങളില്‍ അഭിരമിക്കുമ്പോള്‍ സമതാഭാവം ഇല്ലല്ലോ?.

സഹജമായും പ്രയത്നരഹിതമായും ആഗ്രഹ-നിരാസ ദ്വന്ദചോദനകളില്ലാത്തവരില്‍ പ്രത്യാശയില്ലായ്മ, ഭയമില്ലായ്മ, നൈഷ്കര്‍മ്മ്യം, ദൃഢത, സമത, ധൈര്യം, സഹിഷ്ണുത, മേധാശക്തി, അനാസക്തി, നന്മ, കുടിലതയില്ലായ്മ, സദ്ഭാഷണം, സൗഹൃദം, ജ്ഞാനം, സംതൃപ്തി എന്നീ ഗുണങ്ങള്‍ വിരാജിക്കുന്നു.

“മനസ്സിന്റെ ഒഴുക്കിനെ അധ:പ്പതനത്തില്‍ നിന്നും തടയുക എന്നത് സാധകന്റെ കടമയാണ്‌. പുഴയുടെ ഒഴുക്കിനെ തടയാനായി അണകെട്ടാറുണ്ടല്ലോ.” ബാഹ്യവസ്തുക്കളുമായുള്ള ബന്ധമെല്ലാമവസാനിപ്പിച്ചശേഷം വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളിലേര്‍പ്പെട്ടിരിക്കുകയാണെങ്കിലും മനസ്സിനെ ഉള്ളിലേക്കുന്മുഖമാക്കി അവിടെയുള്ള എല്ലാറ്റിനേയും പറ്റി ചിന്തിക്കുക. വിജ്ഞാനത്തിന്റെ മൂര്‍ച്ചയേറിയ വാളുകൊണ്ട് മനോപാധികളാകുന്ന വലയുടെ കണ്ണികളെ അറുത്തെറിയുക. ആസക്തികള്‍, ധാരണകള്‍, ചോദനകള്‍, സ്വീകാര-നിരാസങ്ങള്‍ എല്ലാം ഈ വലയുടെ കണ്ണികളത്രേ. അവയാണല്ലോ ലോകമെന്ന ഈ പ്രകടനത്തിനുത്തരവാദികള്‍. മനസ്സിനെ മനസ്സുകൊണ്ടറുത്തുമാറ്റുക. ശുദ്ധനൈര്‍മ്മല്യാവസ്ഥയെ പ്രാപിച്ചാല്‍ അതില്‍ത്തന്നെ ദൃഢമായുറച്ചു നില്‍ക്കുക.

മനസ്സുകൊണ്ട് മനസ്സിനെ നീക്കി മനസ്സിനെ നിരാകരിക്കുന്ന ആ ചിന്താശകലത്തെപ്പോലും ഉപേക്ഷിക്കുക. അങ്ങിനെ നിനക്കീ പ്രത്യക്ഷലോകത്തെ അപ്പാടെ ഇല്ലാതാക്കാം. ഇങ്ങിനെ ലോകമില്ലാതായാല്‍പ്പിന്നെ ഭ്രമകല്‍പ്പനകള്‍ ഇല്ല. മനസ്സില്‍ ലോകം വിണ്ടും വീണ്ടും പ്രത്യക്ഷപ്പെടുകയില്ല. ലോകത്തിന്റെ അയാഥാര്‍ത്ഥ്യസ്ഥിതിയില്‍ രൂഢമൂലമായിരിക്കുമ്പോഴും ലൗകികകര്‍മ്മങ്ങള്‍ ഭംഗിയായി അനുഷ്ഠിക്കുക. ആ കര്‍മ്മങ്ങളില്‍ ആശയോ പ്രതീക്ഷകളോ അര്‍പ്പിച്ച് അവയോടു ബന്ധം സ്ഥാപിക്കേണ്ടതില്ല. സമതയിലഭിരമിച്ച് സ്വാഭാവികമായി, സഹജമായി വന്നുചേരുന്ന കര്‍മ്മങ്ങളെ ഭംഗിയായി ചെയ്തുതീര്‍ക്കുക. എന്താണു വന്നുചേര്‍ന്നതെന്നതിനെപ്പറ്റി ചിന്തിക്കാതെ, ഒന്നും പ്രതീക്ഷിക്കാതെ, ചോദിക്കാതെ വന്നുചേര്‍ന്നവയെ നിര്‍മമതയോടെ സ്വീകരിക്കുക. ഭഗവാന്‍ സ്വയം കര്‍ത്താവും അകര്‍ത്താവുമാണെന്നു പറയപ്പെടുന്നു. നീയും അതുപോലെയാവുക. അനിച്ഛാപൂര്‍വ്വം കര്‍മ്മം ചെയ്യുക. അങ്ങിനെ നിയതകര്‍മ്മങ്ങളുടെ കര്‍ത്താവും അകര്‍ത്താവുമാവുക.