യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 215 [ഭാഗം 5. ഉപശമ പ്രകരണം]
യഥാ ശിലമയീ കന്യാ ചോദിതാപി ന നൃത്യതി
തഥേയം കലനാ ദേഹേ ന കിഞ്ചിദവബുദ്ധ്യതേ (5/13/65)
വസിഷ്ഠന് തുടര്‍ന്നു: ഞാനിപ്പറഞ്ഞ ആന്തരികമായ മേധാശക്തി ഉണര്‍ന്നില്ലെങ്കില്‍ ജീവനില്‍ യാതൊരറിവും ഉണ്ടാകയില്ല. വെറും ചിന്തകളിലൂടെയുണ്ടാവുന്ന അറിവ് സത്തായ അറിവല്ലല്ലോ. ചിന്തകള്‍ക്ക് മൂല്യമുണ്ടാവുന്നത് ബോധത്തിന്റെ വെളിച്ചത്തിലാണ്. സുഗന്ധദ്രവ്യം വെച്ച പാത്രത്തിനുണ്ടാവുന്ന സൗരഭ്യത്തിനു കാരണം അതില്‍ വെച്ചിട്ടുള്ള വസ്തുവിന്റെ പ്രാഭവമാണല്ലോ. ഇങ്ങിനെ കടം വാങ്ങിയ ബുദ്ധികൊണ്ടാണ് ചിന്തകള്‍ക്ക് അനന്താവബോധത്തിന്റെ ഒരു ചെറുകണികയോളമെങ്കിലും അറിയാനിടവരുന്നത്. അനന്തമായ പരമപ്രകാശത്തിന്റെ പ്രഭയില്‍ മാത്രമേ മനസ്സ് പൂര്‍ണ്ണമായും വികാസം പ്രാപിച്ച് പൂത്തുവിടരുകയുള്ളു.
“കല്ലില്‍ കൊത്തിവച്ച നര്‍ത്തകീ ശില്‍പ്പത്തിനോട് നൃത്തമാടാന്‍ ആവശ്യപ്പെട്ടാല്‍ അതു സാധിക്കാത്തതുപോലെ ബുദ്ധിശക്തിയുണ്ടെന്നു തോന്നിക്കുമെങ്കിലും ചിന്തകള്‍ക്ക് സ്വയം ഒന്നും അറിയാന്‍ കഴിയുകയില്ല.” അതിന് ബോധത്തിന്റെ വെളിച്ചം കൂടിയേ തീരൂ. ഛായാപടത്തിലെ പോര്ക്കളത്തിന് ശരിയായ പോരാട്ടത്തിലുണ്ടാകുന്നപോലെ ഹുങ്കാരമുണ്ടാക്കാനാവുമോ? ഒരു ശവശരീരത്തിന് എഴുന്നേറ്റോടാനാവുന്നതെങ്ങിനെ? ശ്രദ്ധാപൂര്‍വ്വം കല്ലില്‍ കൊത്തിവച്ച സൂര്യന്റെ ചിത്രത്തിന് ഇരുട്ടിനെ അകറ്റുവാനാകുമോ? അതുപോലെ ജഢവസ്തുവായ മനസ്സിന് സ്വന്തമായി എന്തുചെയ്യാന്‍ കഴിയും?
മരുഭൂമിയിലെ മരുപ്പച്ചയ്ക്കുപോലും ജലസദൃശതയുണ്ടാവുന്നത് സൂര്യരശ്മിയുടെ സാന്നിദ്ധ്യംകൊണ്ടു മാത്രമാണ്. അതുപോലെ മനസ്സ് ബുദ്ധിമത്താണെന്നും കര്‍മ്മനിരതമാണെന്നും തോന്നുന്നത് ആന്തരികമായി ബോധത്തിന്റെ വെളിച്ചം പരിലസിക്കുന്നതുകൊണ്ടാണ്. അജ്ഞാനികള്‍ ജീവന്റെ സഞ്ചാരം മനസ്സാണെന്നു തെറ്റിദ്ധരിക്കുന്നു. പക്ഷെ അത് ജീവന്- പ്രാണശക്തി മാത്രമാണ്. എന്നാല്‍ ഏതൊരുവന്റെ ബുദ്ധിശക്തി ഛിന്നഭിന്നമാക്കപ്പെടാതെയും ചിന്തകളാല്‍ പരിമിതപ്പെടാതെയുമിരിക്കുന്നുവോ അവനില്‍ പ്രസ്ഫുരിക്കുന്നത് പരമാത്മാവു തന്നെയാണ്.
വ്യക്തികള്‍ വെച്ചുപുലര്‍ത്തുന്ന ധാരണകളായ ‘ഇതു ഞാന്‍’, ‘ഇതെന്റേത്’ എന്നിവ ജീവശക്തിയുടെ ചിന്താ സഞ്ചാരങ്ങളാണ്. ബുദ്ധി അവയുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ അത് ജീവന്, ജീവാത്മാവ് എന്നെല്ലാം അറിയപ്പെടുന്നു. ബുദ്ധി, മനസ്സ്, ജീവന് തുടങ്ങിയവ വെറും നാമങ്ങള്‍ മാത്രമാണ്. ജ്ഞാനികള്‍പോലും അവ ഉപയോഗിക്കുന്നുണ്ടെങ്കിലും വാക്കുകള്‍ ആത്യന്തികമായ സത്യമല്ലെന്നറിയുക. വെറും ആപേക്ഷികതലത്തിലേ അവയ്ക്ക് സാംഗത്യമുള്ളു. സത്യത്തില്‍ മനസ്സില്ല, ബുദ്ധിയില്ല, ശരീരമെടുത്ത ജീവികളും ഇല്ല. ആത്മാവു മാത്രമേ എപ്പോഴും എല്ലായിടത്തും ഉണ്മയായുള്ളു.
ആത്മാവുതന്നെയാണ് ലോകം, ആത്മാവാണു കാലം. ആത്മാവാണ് പരിണാമപ്രക്രിയയും. അതീവസൂക്ഷ്മമായി നിലകൊള്ളുന്നതിനാല്‍ അതിന്റെ അസ്തിത്വം തന്നെ അത്ര സുവിദിതമല്ല എന്ന് മാത്രം. പ്രതിഫലനമോ പ്രകടനമോ മാത്രമായി പ്രത്യക്ഷമാകുമ്പോഴും അതു സത്യമായി സാക്ഷാത്കരിക്കപ്പെടുന്നുണ്ട്. സത്യം എന്നത് എല്ലാ വിശദീകരണങ്ങള്‍ക്കുമതീതമാണ്. ആത്മവിദ്യയുടെ നേരറിവിലൂടെ മാത്രമേ അതനുഭവേദ്യമാവൂ. ഉള്‍വെളിച്ചം പ്രകാശിക്കുമ്പോള്‍ മനസ്സില്ല. വെളിച്ചമുള്ളപ്പോള്‍ ഇരുട്ടിനെവിടെയാണിടം?
ഇന്ദ്രിയവസ്തുക്കളെ അനുഭവിക്കുന്നതിനായിട്ട് ബോധത്തെ വിഷയമായിക്കാണുമ്പോള്‍ ആത്മാവിനെ പാടേ മറന്നുപോയിട്ടെന്നപോലെ അവിടെ മനോസൃഷ്ടികളെക്കുറിച്ചുള്ള ചിന്തകളുയരുകയായി.