യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 220 [ഭാഗം 5. ഉപശമ പ്രകരണം]

അദൃശ്യൈവാത്തി മാംസാസ്ഥിരുധിരാദി ശരീരകാത്
മനോബിലവിലീനൈഷാ തൃഷ്ണാവനശുനീ നൃണാം (5/15/8)

വസിഷ്ഠന്‍ തുടര്‍ന്നു: അത്മാവ് സ്വയംമറന്ന് വസ്തുക്കളുമായും അവനല്‍കുന്ന അനുഭവങ്ങളുമായും താദാത്മ്യഭാവം കൈക്കൊള്ളുമ്പോള്‍ താനേ അശുദ്ധമാകുന്നു. അവിടെ ആസക്തി ഉദയം ചെയ്യുന്നു. കൂടുതല്‍ അനുഭവിക്കുവാനുള്ള ത്വര, ഭ്രമാത്മകതയെ പരിപോഷിപ്പിച്ചു തീവ്രമാക്കുന്നു. വിശ്വപ്രളയത്തെ നേരിടാന്‍ ശിവാദിദേവകള്‍ക്കു കഴിയുമായിരിക്കും എന്നാല്‍ ആര്‍ത്തിയുടെ അഗ്നിയെ ചെറുക്കാന്‍ ആര്‍ക്കുമാവില്ല. രാമാ, എന്തെല്ലാം ദുരിതങ്ങളും കലാപങ്ങളും ഈ ലോകത്തുണ്ടായിട്ടുണ്ടോ അവയെല്ലാം ആര്‍ത്തിയുടെ ഫലമാണ്‌. “കാണാമറയത്തിരുന്നുകൊണ്ട് ആര്‍ത്തിയെന്ന ഈ സത്വം ദേഹത്തിലെ മാംസ-രക്താസ്ഥികളെയെല്ലാം നിശ്ശേഷം ആഹരിക്കുന്നു.”

ചില നിമിഷങ്ങളില്‍ അതൊന്നടങ്ങിയപോലെ തോന്നുന്നുവെന്നാലും അടുത്ത നിമിഷം അതു വളര്‍ന്നു വലുതാവുന്നു. ആര്‍ത്തിയുടെ പിടിയില്‍പ്പെട്ട് മനുഷ്യന്‍ ക്ഷീണിതനായി, ശോഭയറ്റ്, പരിതാപകരമായ അവസ്ഥയില്‍ ദുഷ് പ്രവണതകളോടെ വിഭ്രാന്തിയില്‍ കഴിഞ്ഞുകൂടുന്നു. എന്നാല്‍ ഈ ആര്‍ത്തിത്വര ഇല്ലാതായാലോ പ്രാണന്‍ ശുദ്ധദിവ്യമായിത്തീര്‍ന്ന് പവിത്രഗുണങ്ങള്‍ അവന്റെ ഹൃദയത്തെ അലങ്കരിക്കുന്നു. അജ്ഞാനിയുടെ ഹൃദയത്തെ മാത്രമേ ആര്‍ത്തിയുടെ ഒഴുക്ക് ബാധിക്കുകയുള്ളു. മൃഗങ്ങള്‍ തീറ്റയ്ക്കു കൊതിച്ച് കെണിയില്‍പ്പെടുന്നതുപോലെ മനുഷ്യന്‍ ആര്‍ത്തിയുടെ പിന്നാലെപോയി നരകങ്ങളില്‍പ്പതിക്കുന്നു.

ജരാജന്യമായ ആന്ധ്യം പോലും ആര്‍ത്തിത്വര നിമിഷനേരംകൊണ്ട് ഒരുവനിലുണ്ടാക്കുന്ന വിഭ്രാന്തിയോളം വരില്ല. ആര്‍ത്തി അവനെ തീരെ ചെറുതാക്കി നാണംകെടുത്തുന്നു. ഭഗവാന്‍ വിഷ്ണുപോലും ഭിക്ഷ യാചിക്കാന്‍ പോയപ്പോള്‍ കുള്ളനായ വാമനവേഷമെടുത്തു. അതുകൊണ്ട് ആര്‍ത്തിയെ വളരെ ദൂരെനിന്നേ ഉപേക്ഷിക്കണം.കാരണം എല്ലാ ദുഃഖങ്ങള്‍ക്കും കാരണമായി മനുഷ്യനെ അധ:പ്പതിപ്പിക്കുന്നത് ആര്‍ത്തിയാണല്ലോ.

എന്നാല്‍ സൂര്യനുദിക്കുന്നതും പ്രഭാസിക്കുന്നതും ആര്‍ത്തിയാല്‍ത്തന്നെയാണ്. കാറ്റടിക്കുന്നു; പര്‍വ്വതങ്ങള്‍ നിലകൊള്ളുന്നു; ഭൂമി ജീവജാലങ്ങള്‍ക്കു താങ്ങാകുന്നു; എന്നുവേണ്ട, മൂന്നു ലോകങ്ങളും നിലനില്‍ക്കുന്നത് പോലും ഈ ത്വരകൊണ്ടാണ്‌. ത്രിലോകങ്ങളിലെ ജീവജാലങ്ങളെ ബന്ധിപ്പിക്കുന്നത് ആര്‍ത്തിയെന്ന ഈ കയറാണ്‌. ഈ കയറൊഴിച്ച് എത്ര ബലമുള്ളതാണെങ്കിലും മറ്റേതുകയറും വേണമെങ്കില്‍ നമുക്കു പൊട്ടിക്കാം. അതിനാല്‍ രാമാ, ആശയ-സങ്കല്‍ പ്പ ധാരണകള്‍ എല്ലാം ഉപേക്ഷിച്ച് ആസക്തികളില്‍ നിന്നു വിടുതല്‍ നേടൂ. ചിന്തകളോ ധാരണകളോ ഇല്ലെങ്കില്‍ മനസ്സില്ല എന്നറിയൂ.

ആദ്യമായി ‘ഞാന്‍’, ‘നീ’, ‘അത്’, തുടങ്ങിയ ചിന്തകളെ മനസ്സില്‍ നിന്നു കളയുക. കാരണം ഈ ധാരണകളുണ്ടാക്കുന്ന മനോദൃശ്യങ്ങളാണ്‌ ആഗ്രഹാസക്തികളേയും പ്രത്യാശകളേയും ഉണ്ടാക്കുന്നത്. അങ്ങിനെയുള്ള മനോദൃശ്യങ്ങള്‍ നിന്റെ ഉള്ളിലുയരാന്‍ ഇടയാവാതെയിരുന്നാല്‍ നീയും ജ്ഞാനിയാകും. ആര്‍ത്തിയും അഹംകാരവും രണ്ടല്ല. എല്ലാ പാപങ്ങള്‍ക്കും ഉറവിടമതാണ്‌.. രാമാ, ജ്ഞാനത്തിന്റെ, വിവേകത്തിന്റെ വാളുകൊണ്ട് അഹംകാരത്തിന്റെ വേരറുത്ത് ഭയമകറ്റൂ.