യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 221 [ഭാഗം 5. ഉപശമ പ്രകരണം]

സര്‍വത്ര വാസനാത്യാഗോ രാമ രാജീവലോചന
ദ്വിവിധഃ കഥ്യതേ തജ്ഞൈര്‍ജ്ഞേയോ ധ്യേയശ്ച മാനദ (5/16/6)

രാമന്‍ പറഞ്ഞു: ഭഗവന്‍, അങ്ങെന്നോട് അഹംകാരവും അതുണ്ടാക്കുന്ന എല്ലാ ത്വരകളേയും ഉപേക്ഷിക്കാന്‍ പറഞ്ഞുവല്ലോ. അപ്പോള്‍പ്പിന്നെ ഞാന്‍ അഹംകാരം ഉപേക്ഷിക്കുന്നതിനോടൊപ്പം എന്റെ ശരീരവും അഹംകാരജന്യങ്ങളായ മറ്റെല്ലാ കാര്യങ്ങളും ഉപേക്ഷിക്കണമല്ലോ? ഈ ശരീരവും പ്രാണനുമെല്ലാം അഹംകാരത്തിനെ ആധാരമായാണല്ലോ സ്ഥിതിചെയ്യുന്നത്? വേര്‌ (അഹംകാരം) അറുത്താല്‍പ്പിന്നെ മരം (ദേഹാദികള്‍) വീഴുമെന്നുറപ്പ്. അഹംകാരത്തെ ഉപേക്ഷിച്ച് എനിക്കെങ്ങിനെ ജീവിതം നയിക്കാന്‍ കഴിയും?

വസിഷ്ഠന്‍ പറഞ്ഞു: “രാമാ, ധാരണകളേയും ഉപാധികളേയും ആശയസങ്കല്‍പ്പങ്ങളേയും ഉപേക്ഷിക്കുന്നത് രണ്ടു വിധത്തിലാണ്‌. ഒന്ന് നേരറിവിന്റെ, അതായത് സാക്ഷാത്കാരത്തിന്റെ നിറവിലും മറ്റേത് ധ്യാനത്തിന്റെ മാര്‍ഗ്ഗത്തിലുമാണ്‌ സാധിക്കുക.” അവയെ ഞാന്‍ വിശദമായി പറഞ്ഞു തരാം. ‘ഞാനീ വിഷയവസ്തുക്കളുടെ അധീനതയിലാണ്‌, ഞാന്‍ അവയെ ആശ്രയിച്ചാണു നിലകൊള്ളുന്നത്’ എന്നും മറ്റുമുള്ള ചിന്ത വെറും ഭ്രമകല്‍പ്പനയാണെന്ന് ഒരുവന്‍ തികച്ചും ബോധവാനായിരിക്കണം. എന്നാല്‍ അവയെക്കൂടാതെ ‘എനിയ്ക്കു ജീവിക്കാന്‍ സാദ്ധ്യമല്ല എന്നും ഈ വസ്തുക്കള്‍ക്ക് എന്നെക്കൂടാതെ ഒരസ്തിത്വവുമില്ലെന്നും അയാളറിയണം. എന്നിട്ട് തീക്ഷ്ണമായ ധ്യാനസപര്യയിലൂടെ ’ഞാനീ വസ്തുക്കളുടെ ഉടമസ്ഥനല്ല; അവ എന്റെ ഉടമസ്ഥരുമല്ല’ എന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരണം.

അങ്ങിനെ അഹംകാരത്തെ തീവ്രസാധനയിലൂടെ ഉപേക്ഷിച്ചശേഷം ഒരു ലീലയെന്നപോലെ ഒരുവന്‍ തനിക്കു സഹജമായി വന്നുചേരുന്ന കര്‍മ്മങ്ങള്‍ ഭംഗിയായി ചെയ്യണം. ഈ കര്‍മ്മങ്ങള്‍ സ്വാഭാവികമായി അനുഷ്ഠിക്കുമ്പോള്‍ ഹൃദയവും മനസ്സും പ്രശാന്തശീതളമായിരിക്കും. അങ്ങിനെ ധ്യാനസാധനകൊണ്ട് അഹംകാരം ഇല്ലാതാകുന്ന ഒരവസ്ഥ സംജാതമാകും. ഇനി അദ്വൈത സത്യത്തിന്റെ നേരറിവില്‍ ഒരുവന്‍ അഹംകാരത്തെ ഉപേക്ഷിക്കുന്ന രീതി – ദേഹാഭിമാനമോ, ’ഇതെന്റേത്‘ എന്ന തോന്നലോ ഇല്ലാത്ത ഒരവസ്ഥയാണിത്.

ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ധ്യാനസപര്യകൊണ്ട് വെറുമൊരു ലീലപോലെ അഹംകാരത്തെ ഇല്ലാതാക്കി വര്‍ത്തിക്കുന്നവന്‍ ജീവന്മുക്തനത്രേ. അതുപോലെ നേരറിവിന്റെ നിറവില്‍ അഹംകാരത്തെ വേരോടെ പിഴുതുകളഞ്ഞവനും മുക്തനാണ്‌. ജനകനെപ്പോലുള്ളവര്‍ ധ്യാനമാര്‍ഗ്ഗികളാണ്‌. നേരറിവായി ബ്രഹ്മസാക്ഷാത്കാരം നേടിയവര്‍ ദേഹബോധത്തിനതീതരാണ്‌. ഇവിടെപ്പറഞ്ഞ രണ്ടു മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചു ലക്ഷ്യം നേടിയവരും ബ്രഹ്മലീനരത്രേ. ഇഷ്ടാനിഷ്ടങ്ങളാല്‍ ചഞ്ചലപ്പെടാതെ, ഈ ലോകത്തില്‍ എല്ലാ കര്‍മ്മധര്‍മ്മങ്ങളോടുംകൂടി ജീവിക്കുമ്പോഴും അകമേ യാതൊരു വിഷയങ്ങളും ബാധിക്കാതെ, ദീര്‍ഘനിദ്രയിലെന്നപോലെ വര്‍ത്തിക്കുന്നവനാണ്‌ മുക്തന്‍.

വസിഷ്ഠമുനി ഇത്രയും പറഞ്ഞു നിര്‍ത്തിയപ്പോഴേയ്ക്കും മറ്റൊരു ദിനം കൂടി അവസാനിച്ചു. സഭ പിരിഞ്ഞു.