യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 222 [ഭാഗം 5. ഉപശമ പ്രകരണം]

ഭാവാദ്വൈതമുപാശ്രിത്യ സത്താദ്വൈതമയാത്മകഃ
കര്‍മാദ്വൈതമനാദൃത്യ ദ്വൈതാദ്വൈതമയോ ഭവ (5/17/29)

വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമാ, ദേഹബോധത്തിന്റെ പരിമിതികള്‍ക്കതീതരായി വര്‍ത്തിക്കുന്നവര്‍ വിവരണങ്ങള്‍ക്കെല്ലാം അതീതരാണ്‌. അതിനാല്‍ ജീവന്മുക്തരായവരുടെ ലക്ഷണങ്ങള്‍ എന്തെന്നു ഞാന്‍ പറയാം. സ്വാഭാവികമായി ഒരുവനില്‍ നടക്കുന്ന ധര്‍മ്മ കര്‍മ്മങ്ങള്‍ക്കായുള്ള ത്വരകള്‍ -ശരീരധര്‍മ്മങ്ങള്‍പോലെയുള്ളവ – ആസക്തികളെയും വാസനകളെയും ഉണ്ടാക്കുന്നില്ല. ജീവന്മുക്തന്റെ കര്‍മ്മങ്ങള്‍ അപ്രകാരമുള്ളവയാണ്‌. ആര്‍ത്തിത്വരകളുണ്ടാക്കുന്ന കര്‍മ്മങ്ങള്‍ ബന്ധനങ്ങളാണല്ലോ. മുക്തിപദം പ്രാപിച്ച ഋഷിയില്‍ അഹംകാരധാരണകള്‍ ഇല്ല. അങ്ങിനെയുള്ള മുക്തനിലുളവാകുന്ന സഹജഭാവങ്ങള്‍ എന്താണോ അതുതന്നെയാണയാളുടെ ലക്ഷണങ്ങള്‍.

ബാഹ്യവസ്തുക്കളുമായുള്ള സംസര്‍ഗ്ഗം ബന്ധനത്തിനു കാരണമാകുന്നു. എന്നാല്‍ മനപ്പൂര്‍വ്വമല്ലാത്ത, സഹജവും നൈസര്‍ഗികവുമായ ഇച്ഛ യാതൊന്നിനേയും ആശ്രയിച്ചല്ല ഉണ്ടാകുന്നത്. വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാവുന്നതിനു മുന്‍പേയുണ്ടായിരുന്ന ഇച്ഛ തന്നെയാണ്‌ ഇപ്പോഴും, എപ്പോഴും ഉള്ളത്. അതു സഹജവും ദു:ഖവിമുക്തവും നിര്‍മ്മലവുമത്രേ. അത്തരം ഇച്ഛ ബന്ധനങ്ങളെ ഉണ്ടാക്കുന്നില്ല എന്ന് ജ്ഞാനികള്‍ കരുതുന്നു.

‘ഇതെനിയ്ക്കു സ്വന്തമാക്കണം’ എന്ന ഒരു ത്വര ഒരുവനിലുദിക്കുമ്പോള്‍ അതവന്റെ ഹൃദയത്തെ മലിനമാക്കുന്നു. ജ്ഞാനി അത്തരം ആശകളെ ഏതുവിധേനെയും ഇല്ലായ്മചെയ്യണം. ബന്ധനങ്ങളുണ്ടാക്കുന്ന എല്ലാ ആഗ്രഹങ്ങളേയും മോക്ഷം ലഭിക്കണമെന്ന ആശയെപ്പോലും ഉപേക്ഷിക്കൂ. ഒരു സമുദ്രംപോലെ സ്ഥിതപ്രജ്ഞനാകൂ. ആത്മാവ് ജരാനരകള്‍ക്കും മരണത്തിനും അതീതമാണെന്ന അറിവില്‍ ഇവയെക്കുറിച്ചുള്ള ആശങ്കകള്‍ ഉപേക്ഷിക്കൂ. ഈ പ്രപഞ്ചം മുഴുവന്‍ ഒരു മായക്കാഴ്ച്ചയാണെന്ന തിരിച്ചറിവില്‍ ആഗ്രഹങ്ങളുടെ വ്യര്‍ത്ഥത മനസ്സിലാക്കൂ.

മനുഷ്യ ഹൃദയത്തില്‍ നാലുതരം ഭാവങ്ങളുണ്ടാവുന്നുണ്ട്. അവ ഇങ്ങിനെയാണ്‌.
1. ഞാനെന്റെ മാതാപിതാക്കളില്‍ നിന്നുണ്ടായ ഈ ദേഹമാണ്‌.
2. ഞാന്‍ ഈ ദേഹത്തില്‍ നിന്നു വിഭിന്നമായ, സുസൂക്ഷ്മമായ ഒരണുതത്വമാണ്‌.
3. ലോകത്തില്‍ നിറഞ്ഞിരിക്കുന്ന വിഭിന്നങ്ങളായ വസ്തുക്കളുടെയെല്ലാം സനാതനമായ തത്വം ഞാന്‍ തന്നെയാണ്‌.
4, ഞാനും ലോകവും ആകാശം പോലെ ശുദ്ധമായ നിശ്ശൂന്യതയാണ്‌.

ഇതില്‍ ആദ്യത്തേത് മനുഷ്യനെ ബന്ധനത്തില്‍ നിര്‍ത്തുമ്പോള്‍, മറ്റുള്ളവ അവനെ മുക്തിയിലേയ്ക്കു നയിക്കുന്നു. ആദ്യത്തേതുമായി ബന്ധപ്പെട്ട ആശകള്‍ മനുഷ്യനെ കൂടുതല്‍ ബന്ധനങ്ങളിലേയ്ക്കു നയിക്കുമ്പോള്‍ മറ്റു മൂന്നുമായി ബന്ധപ്പെട്ട ആശകളും പ്രതിജ്ഞാബദ്ധതയും അവനെ പരാധീനനാക്കുന്നില്ല.

ഒരിക്കല്‍ ‘ഞാന്‍ എല്ലാറ്റിന്റേയും ആത്മാവാണ്‌’ എന്നു തിരിച്ചറിഞ്ഞാല്‍പ്പിന്നെ ഒരുവന്‍ അധ:പ്പതിക്കുകയോ വ്യാകുലചിത്തനാവുകയോ ഇല്ല. ഈ ആത്മാവിനെയാണ്‌ ശാസ്ത്രങ്ങളില്‍ ശൂന്യത, പ്രകൃതി, മായ, ബ്രഹ്മം, ബോധം, ശിവന്‍, പുരുഷന്‍ എന്നെല്ലാം ഉള്ള വാക്കുകളാല്‍ വിവരിക്കുന്നത്. അതുമാത്രമാണുണ്മ. മറ്റൊന്നിനും സത്തയില്ല.

“ഈ അദ്വൈത – രണ്ടില്ലാത്ത- സത്യാവസ്ഥയെ അറിയുക. എന്നാല്‍ കര്‍മ്മങ്ങള്‍ ദ്വൈതതലത്തിലാണുള്ളത് എന്നതുകൊണ്ട് ആപേക്ഷികമായി ദ്വൈതാവസ്ഥയെയും അറിയുക. അങ്ങിനെ നിന്റെ സ്വഭാവം ദ്വൈതാദ്വൈതങ്ങളില്‍ ഉചിതമായി വിഹരിക്കട്ടെ.” ദ്വൈതവും ഏകാത്മകതയും ഒന്നും യദാര്‍ത്ഥത്തില്‍ ഇല്ല. ഏകത എന്നത് ദ്വൈതത്തിന്റെ വിപരീത ആശയമാണ്‌. ഈ രണ്ടു ധാരണകളും മനസ്സിന്റെ സൃഷ്ടികളാണു താനും. ഈ ധാരണകളെല്ലാം അവസാനിക്കുമ്പോള്‍ അനന്താവബോധം മാത്രം ഒരേയൊരുണ്മയായി സാക്ഷാത്കരിക്കപ്പെടും.