ജ്ഞാനേശ്വരി – ആമുഖം വായിക്കുക.

ശ്ലോകം 47
കര്‍മ്മണ്യേവാധികാരസ്തേ
മാ ഫലേഷു കദാചന
മാ കര്‍മ്മഫലഹേതുര്‍ഭൂഃ
മാ തേ സംഗോസ്ത്വകര്‍മ്മണി.

അര്‍ത്ഥം:
നിനക്ക് കര്‍മ്മംചെയ്യുന്നതിന് മാത്രമേ അര്‍ഹതയുള്ളൂ. കര്‍മ്മഫലങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് കരുതരുത്. നീ ഒരിക്കലും ഫലത്തെ ഉദ്ദേശിച്ചു കര്‍മ്മം ചെയ്യുന്നവനായിത്തീരരുത്. എന്നാല്‍ കര്‍മ്മം ചെയ്യാതിരിക്കുന്നതില്‍ താല്‍പര്യവും പാടില്ല.

ഭാഷ്യം:
അല്ലയോ അര്‍ജ്ജുനാ, ശ്രദ്ധിക്കുക. എങ്ങനെയൊക്കെ ചിന്തിച്ചാലും നിനക്ക് അനുവര്‍ത്തിക്കാന്‍ കഴിയുന്ന ഏകമാര്‍ഗ്ഗം നിന്റെ കര്‍ത്തവ്യം നിറവേറ്റുക എന്നുള്ളതാണ്. ഇതിന്റെ നാനാവശങ്ങളും പരിഗണിച്ചതിനുശേഷം ഞാന്‍ പറയുകയാണ്‌, നിനക്ക് നിശ്ചയിച്ചിട്ടുള്ള കര്‍മ്മത്തില്‍നിന്ന് ഒഴിഞ്ഞുമാറരുത്. അതിന്റെ ഫലത്തില്‍ നിനക്ക് ഇച്ഛയുണ്ടാവരുത്‌. ദുഷ്കര്‍മ്മങ്ങളൊന്നും ചെയ്യാതെ നിഷ്കാമാനായി സല്‍കര്‍മ്മങ്ങള്‍ മാത്രം ചെയ്യുക.

ശ്ലോകം 48
യോഗസ്ഥഃ കുരു കര്‍മ്മാണി
സംഗം ത്യക്ത്വാ ധനഞ്ജയ
സിദ്ധ്യസിദ്ധ്യോഃ സമോ ഭൂത്വാ
സമത്വം യോഗ ഉച്യതേ.

അര്‍ത്ഥം:
അല്ലയോ അര്‍ജ്ജുനാ, ബ്രഹ്മനിഷ്ഠമായി ജയത്തിലും പരാജയത്തിലും ചിത്തത്തെ സമനിലയില്‍ നിര്‍ത്തി ഫലാസക്തിവെടിഞ്ഞു കര്‍മ്മങ്ങള്‍ അനുഷ്ഠിക്കൂ. മനസ്സിന്റെ സമനിലയാണ് ആത്മനിഷ്ഠ അഥവാ യോഗം.
ഭാഷ്യം:

അര്‍ജ്ജുനാ, ബ്രഹ്മനിഷ്ഠനായി കര്‍മ്മഫലത്തിലുള്ള ആസക്തി വെടിഞ്ഞു ജാഗ്രതയോടെ കര്‍മ്മങ്ങള്‍ ചെയ്യുക. നിന്റെ കര്‍ത്തവ്യനിര്‍വ്വഹണം വിജയത്തില്‍ കലാശിച്ചാല്‍ അമിതമായി ആഹ്ലാദിക്കരുത്. നേരെ മറിച്ച് ഏതെങ്കിലും കാരണവശാല്‍ അത് പൂര്‍ണ്ണമാവാതിരിക്കയോ നിഷ്ഫലമാവുകയോ ചെയ്‌താല്‍ നിന്റെ മനസ്സ് പതറുകയോ നീ ദുഖിതനാവുകയോ ചെയ്യരുത്. ഒരു പ്രവൃത്തി വിജയിച്ചാല്‍ നിശ്ചയമായും അത് പ്രയോജനകരമായിരിക്കും. അത് അപൂര്‍ണ്ണമായിരുന്നാല്‍പ്പോലും അത് വിജയിച്ചതായി മനസ്സില്‍ കരുതണം. എന്ത് കര്‍മ്മം ഏറ്റെടുത്താലും അത് ഈശ്വരന് സമര്‍പ്പിക്കണം. എങ്കില്‍ അത് പൂര്‍ത്തിയാകുമെന്ന് ഉറപ്പായി വിശ്വസിക്ക‍ാം. സ്വധര്‍മ്മാചരണത്തിലുണ്ടാകുന്ന വിജയത്തിലും പരാജയത്തിലും സമചിത്തത പാലിക്കുന്നതാണ് ഏറ്റവും വലിയ യോഗം (ആത്മനിഷ്ഠ) എന്ന് പണ്ഡിതന്മാര്‍ പറയുന്നു.

ശ്ലോകം 49
ദൂരേണ ഹ്യവരം കര്‍മ്മ
ബുദ്ധിയോഗാദ്ധനഞ്ജയ
ബുദ്ധൗ ശരണമന്വിച്ഛ
കൃപണാഃ ഫലഹേതവഃ

അര്‍ത്ഥം:
അല്ലയോ അര്‍ജ്ജുനാ, ഫലേച്ഛയോടുകൂടി ചെയ്യുന്ന കര്‍മ്മം നിശ്ചയബുദ്ധിയോടുകൂടി ചെയ്യപ്പെടുന്ന നിഷ്കാമകര്‍മ്മത്തെക്കാള്‍ വളരെ താണതാകുന്നു. അതുകൊണ്ട് ജ്ഞാനസിദ്ധിക്കായി നിഷ്കാമകര്‍മ്മം അനുഷ്ഠിക്കുക. സകാമന്മാരായ (ഫലത്തെ ഇച്ഛിക്കുന്നവരായ) മനുഷ്യര്‍ അനുകമ്പാര്‍ഹരാണ്.

ശ്ലോകം 50
ബുദ്ധിയുക്തോ ജഹാതീഹ
ഉഭേ സുകൃതദുഷ്‌കൃതേ
തസ്മാദ് യോഗായ യുജ്യസ്വ
യോഗഃ കര്‍മസു കൗശലം

അര്‍ത്ഥം:
സുഖദുഃഖാദികളില്‍ സമത്വബുദ്ധിയോടുകൂടിയവന്‍ ഇഹലോകത്തില്‍തന്നെ സുകൃതദുഷ്കൃതങ്ങളെ രണ്ടിനെയും ഉപേക്ഷിക്കുന്നു. അതിനാല്‍ നീ ജ്ഞാനോപായമായ നിഷ്കാമകര്‍മ്മയോഗത്തിനായിക്കൊണ്ട് യത്നിച്ചാലും. എന്തെന്നാല്‍ കര്‍മ്മങ്ങളിലുള്ള സാമര്‍ത്ഥ്യം തന്നെയാണ് യോഗമെന്ന് പറയപ്പെടുന്നത്‌.

ഭാഷ്യം:
അല്ലയോ അര്‍ജ്ജുനാ, മനസ്സിന്റെ സമചിത്തതയാണ് യോഗത്തിന്റെ കാതല്‍. അതില്‍ വിജ്ഞാനവും കര്‍മ്മവും സഹജമായി ഒത്തുചേര്‍ന്നിരിക്കുന്നു. ഫലേച്ഛയോടുകൂടിയുള്ള കര്‍മ്മം നിഷ്കാമകര്‍മ്മത്തെക്കാള്‍ വിലകുറഞ്ഞതാണ്. എങ്കിലും അപ്രകാരമുള്ള കര്‍മ്മം ചെയ്തെങ്കില്‍ മാത്രമേ നിനക്ക് നിഷ്കാമകര്‍മ്മത്തിലേയ്ക്കുള്ള വഴി തുറന്നുകിട്ടുകയുള്ളൂ. എന്തുകൊണ്ടെന്നാല്‍ നിഷ്കാമകര്‍മ്മം സ്വാര്‍ത്ഥോദ്ദേശ്യരഹിതമായ എല്ലാ കര്‍മ്മങ്ങളുടെയും പരിസമാപ്തിയാണ്. അതുകൊണ്ട് നീ നിഷ്കാമകര്‍മ്മത്തില്‍ അഭയം തേടുക. കര്‍മ്മഫലത്തിലുള്ള ആഗ്രഹം നിന്റെ ഹൃദയത്തില്‍നിന്ന് നിശ്ശേഷം ഒഴിവാക്കുക. നിഷ്കാമകര്‍മ്മം ചെയ്തവര്‍ ഐഹികജീവിതത്തിന്റെ മറുകര കടക്കുകയും പുണ്യപാപങ്ങളുടെ ബന്ധനത്തിനതീതരായിത്തീരുകയും ചെയ്തിട്ടുണ്ട്.

ശ്ലോകം 51
കര്‍മജം ബുദ്ധിയുക്താ ഹി
ഫലം ത്യക്ത്വാ മനീഷിണഃ
ജന്മബന്ധവിനിര്‍മുക്താഃ
പദം ഗച്ഛ്യന്ത്യനാമയം

അര്‍ത്ഥം:
എന്തുകൊണ്ടെന്നാല്‍ സുഖദുഃഖാദികളില്‍ സമത്വബുദ്ധിയുള്ള മഹാത്മാക്കള്‍ കര്‍മ്മത്തില്‍നിന്നുണ്ടാകുന്ന ഫലത്തെ ഉപേക്ഷിച്ചിട്ട്, ജനനമരണാത്മകമായ സംസാരബന്ധത്തില്‍നിന്നും മോചിച്ചവരായി ദുഃഖസ്പര്‍ശമില്ലാത്ത സ്ഥാനത്ത്‌ എത്തിച്ചേരുന്നു (മോക്ഷപദവിയെ പ്രാപിക്കുന്നു).

ഭാഷ്യം:
ജ്ഞാനികള്‍ കര്‍മ്മം ചെയ്യുന്നുണ്ടെങ്കിലും അതിന്റെ ഫലം അവരെ അശേഷം സ്പര്‍ശിക്കുന്നില്ല. തന്മൂലം പീഡാവഹമായ ജനനമരണങ്ങളില്‍ നിന്നും അവര്‍ രക്ഷപ്പെടുന്നു. സമത്വബുദ്ധികൊണ്ട് പ്രാജ്ഞാന്മാരായ അവര്‍ ശുദ്ധവും നിത്യവുമായ ആത്മാനന്ദം അനുഭവിക്കുന്നു.

ശ്ലോകം 52
യദാ തേ മോഹകലിലം
ബുദ്ധിര്‍വ്യതിതരിഷ്യതി
തദാ ഗന്താസി നിര്‍വ്വേദം
ശ്രോതവ്യസ്യ ശ്രുതസ്യ ച

അര്‍ത്ഥം:
എപ്പോഴാണോ നിന്റെ ബുദ്ധി, ദേഹമാണ് ആത്മാവെന്ന അജ്ഞാനദോഷത്തെ കടക്കുന്നത്‌, അപ്പോള്‍ നീ ഇതുവരെകേട്ട വേദാര്‍ത്ഥത്തിലും ഇനി കേള്‍ക്കേണ്ടാതായിട്ടുള്ളത്തിലും വിരക്തി കൈവന്നവനായിത്തീരും.

ഭാഷ്യം:
നിന്റെ മനസ്സിലുള്ള വിഭ്രാന്തി ഒഴിവാക്കി വൈരാഗ്യത്തിന് സ്ഥാനം നല്‍കുമ്പോള്‍ നീ ഈ അവസ്ഥയില്‍ എത്തിച്ചേരും. അപ്പോള്‍ നിനക്കു നിര്‍മലവും അഗാധവുമായ ആത്മജ്ഞാനം കരഗതമാവുകയും നിന്റെ മനസ്സ് സ്വയമേവ അനാസക്തമാവുകയും ചെയ്യും.

ശ്ലോകം 53
ശ്രുതി വിപ്രതിപന്നാ തേ
യദാ സ്ഥാസ്യതി നിശ്ചലാ
സമാധാവചലാ ബുദ്ധിഃ
തദാ യോഗമവാപ്‌സ്യസി.

അര്‍ത്ഥം:
ലൗകികമായും വൈദികമായുമുള്ള അനേകാര്‍ത്ഥ‍ങ്ങള്‍ കേട്ട് ചലിച്ചുകൊണ്ടിരിക്കുന്ന നിന്റെ ബുദ്ധി (അന്തഃകരണം) എപ്പോഴാണോ നിശ്ചലമായി പരമാത്മാവില്‍, അല്ലെങ്കില്‍ ഇടവിടാത്ത ധ്യാനത്തില്‍, സ്ഥിരമായി നില്ക്കുന്നത്, അപ്പോള്‍ നീ യോഗത്തെ പ്രാപിക്കുന്നു.

ഭാഷ്യം:
അപ്പോള്‍ വിഷയസുഖങ്ങളുടെ പിന്നാലെ അലഞ്ഞുനടക്കുന്ന നിന്റെ മനസ്സ് ആത്മാവിന്റെ ധ്യാനത്തില്‍ ഉറച്ചുനില്ക്കുന്നു. ധ്യാനാനന്ദത്തില്‍ മനസ്സ് സുസ്ഥിരമാകുമ്പോള്‍ ഈ യോഗത്തെ – വിവേകം കൊണ്ടുണ്ടായ പ്രജ്ഞയാകുന്ന സമാധിയെ – പ്രാപിക്കും.