യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 223 [ഭാഗം 5. ഉപശമ പ്രകരണം]
വയം തു വക്തും മൂര്‍ഖാണാമജിതാത്മീയചേതസാം
ഭോഗകര്‍ദമമഗ്നാനാം ന വിദ്മോഽഭിമതം മതം (5/18/13)
വസിഷ്ഠന്‍ തുടര്‍ന്നു: മുക്തനായ ഋഷി സ്വയം ആകൃഷ്ടനല്ലെങ്കിലും ലോകത്തിലെ ഭൂത ഭാവി വര്‍ത്തമാനകാല സംഭവങ്ങളെ അദ്ദേഹം കൗതുകപൂര്‍വ്വം കാണുന്നു. എപ്പോഴും സമുചിതമായ കര്‍മ്മങ്ങളിലേര്‍പ്പെട്ടുകൊണ്ട് സന്തോഷകരമായ ഒരു മദ്ധ്യമാര്‍ഗ്ഗം സ്വീകരിച്ച് യാതൊരുവിധത്തിലും കര്‍മ്മബന്ധിതനാവാതെ കഴിയുന്നു. ഒരുവിധത്തിലുമുള്ള ഉപാധികളേയും ധാരണകളേയും സ്വാംശീകരിക്കാതെ അദ്ദേഹം സ്വതന്ത്രനായി വിഹരിക്കുന്നു. സമൃദ്ധിയുടെ പരമപദം ആദ്ദേഹത്തിനു സ്വന്തം. ഇഹലോകത്തിലെ സംഭവവികാസങ്ങള്‍ അദ്ദേഹത്തെ ബാധിക്കുന്നില്ല. അദ്ദേഹമവയില്‍ പ്രത്യേകിച്ച് സന്തുഷ്ടനോ വ്യാകുലഹൃദയനോ അല്ല. കാലുഷ്യമേറിയ സന്ദര്‍ഭങ്ങളില്‍പ്പോലും അദ്ദേഹത്തിനു പക്ഷഭേദമില്ല. എന്നാല്‍ കൃപയും കാരുണ്യവും അദ്ദേഹത്തിനു സഹജമാണ്. താനും. പ്രത്യക്ഷലോകം അദ്ദേഹത്തെ ബാധിക്കുന്നതേയില്ല.
അദ്ദേഹത്തോട് എന്തെങ്കിലും ചോദിച്ചാല്‍ ഉചിതവും ലളിതവുമായ മറുപടി കിട്ടും. നാം ഒന്നും അദ്ദേഹത്തോടു സംസാരിച്ചില്ലെങ്കില്‍ മൗനമാണദ്ദേഹത്തിനു സഹജം. അദ്ദേഹത്തിന് ഒന്നിന്റേയും ആവശ്യമില്ല. ഒന്നിനോടും അദ്ദേഹത്തിനു വെറുപ്പുമില്ല. ലോകം അദ്ദേഹത്തെ വ്യാകുലപ്പെടുത്തുന്നതേയില്ല. എല്ലാവര്‍ക്കും നല്ലതു വരുത്തുന്ന കാര്യങ്ങളണദ്ദേഹം ചെയ്യുക. അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ തികച്ചും വിശ്വസനീയമായിരിക്കും. ഉചിതവും അനുചിതവും എന്തെന്ന് അദ്ദേഹത്തിനു നല്ലവണ്ണം അറിയാം. മറ്റുള്ളവര്‍ എങ്ങിനെ കാര്യങ്ങള്‍ നോക്കിക്കാണുന്നു എന്നദ്ദേഹത്തിനറിവുണ്ട്. പരമസത്യത്തില്‍ അടിയുറച്ച് പ്രശാന്തശീതള ഹൃദയനായി അദ്ദേഹം ലോകത്തെ സാകൂതം വീക്ഷിക്കുന്നു.
അങ്ങിനെയൊക്കെയാണ് ജീവന്മുക്തന്റെ – ജീവിച്ചിരിക്കേ മുക്തനായ- ഒരുവന്റെ സ്ഥിതിവിശേഷങ്ങള്‍. “മനോനിയന്ത്രണം വന്നിട്ടില്ലാത്ത മൂഢന്മാരുടേയും ഇന്ദ്രിയസുഖാസക്തിയുടെ ചെളിയിലാണ്ടുമുങ്ങിയവരുടേയും ചിന്താസരണികള്‍ വിവരിക്കാന്‍ നമുക്കാവില്ല.” അവര്‍ക്ക് ലൈംഗീകസുഖങ്ങളിലും ലൗകീകസമ്പത്തു വര്‍ദ്ധിപ്പിക്കുന്നതിലും മാത്രമാണു ശ്രദ്ധ. സുഖദു:ഖസമ്മിശ്രമായ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന യാഗകര്‍മ്മങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും പുറകിലുള്ള ചിന്തകളും വിവരിക്കാന്‍ നമുക്കാവില്ല.
രാമാ, അപരിമിതമായ സമ്യക്ദര്‍ശനത്തോടെ എല്ലാ പരിമിതികളേയും ഉറപ്പോടെ ഉപേക്ഷിച്ച് ജീവിതം നയിച്ചാലും. അകമേ യാതോരാഗ്രഹങ്ങളും പ്രത്യാശകളും ഇല്ലാതെ ബാഹ്യമായി ചെയ്യേണ്ട കര്‍മ്മങ്ങള്‍ ഭംഗിയായി ചെയ്യുക. എല്ലാത്തിനേയും പരിശോധിച്ചറിഞ്ഞ് പരിമിതികളില്ലാത്തതിനെ മാത്രം കണ്ടെത്തുക. അനന്തതയില്‍ സദാ ധ്യാനനിഷ്ഠനായി ഈ ലോകത്തില്‍ ജീവിച്ചാലും.
അകമേ പ്രത്യാശകള്‍ വയ്ക്കാതെ എന്നാല്‍ പുറമേയ്ക്ക് പ്രത്യാശാനിര്‍ഭരതയോടെ ശാന്തഹൃദയത്തോടെ മറ്റുള്ളവര്‍ കഴിയുന്നതുപോലെ തന്നെ ജീവിക്കുക. ‘ഞാന്‍ ഇതു ചെയ്യുന്നു’ എന്ന ധാരണകള്‍ ഒന്നും വെച്ചു പുലര്‍ത്താതെ വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുക. അങ്ങിനെ അഹംകാരലേശം പോലുമില്ലാതെ ഈ ലോകത്തില്‍ വാണാലും.
വാസ്തവത്തില്‍ ‘ബന്ധനം’ എന്നതു സത്യമല്ല. അതിനാല്‍ ‘മുക്തി’ എന്നതും സത്യത്തില്‍ ‘ഇല്ലാ’ത്ത ഒന്നത്രേ. ഈ പ്രത്യക്ഷലോകമോ, ജാലവിദ്യക്കാരന്റെ വെറുമൊരു മായക്കാഴ്ച്ചമാത്രം. അതിനു സത്തയില്ല. സര്‍വ്വവ്യാപിയായ അനന്താത്മാവിനെ ബന്ധിക്കാന്‍ എന്തിനു കഴിയും? എങ്ങിനെയാണതിനു മുക്തിയുണ്ടാവുക? ഈ ചിന്താക്കുഴപ്പങ്ങള്‍ക്കെല്ലാം കാരണം സത്യത്തെ അറിയാത്തതാണ്. അവിദ്യയാണത്. ജ്ഞാനമുദിക്കുമ്പോള്‍ ഈ ചിന്താക്കുഴപ്പങ്ങള്‍ ഇല്ലാതാകുന്നു. കയറില്‍ കാണപ്പെട്ട സങ്കല്‍പ്പജന്യമായ പാമ്പിനെപ്പോലെയാണത് പൊടുന്നനേ അപ്രത്യക്ഷമാവുന്നത് . ഒരിക്കല്‍ കയറാണതെന്ന് അറിഞ്ഞാല്‍പ്പിന്നെ ഒരിക്കലും ‘പാമ്പി’നെ കാണാന്‍ കഴിയുകയില്ല.