യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 225 [ഭാഗം 5. ഉപശമ പ്രകരണം]

കിം പുത്ര ഘനതാം ശോകം നയസ്യാന്ധ്യൈകകാരണം
ബാഷ്പധാരാധരം ഘോരം പ്രവൃട്കാല ഇവാംബുജം (5/19/26)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ഇതോടനുബന്ധിച്ച് പുരാതനമായ ഒരു കഥയുണ്ട്. ജംബുദ്വീപ് എന്ന ഭൂഖണ്ഡത്തില്‍ മഹേന്ദ്രം എന്നുപേരായ ഒരു മഹാപര്‍വ്വതം. അതിന്റെ താഴ്വാരങ്ങളിലുള്ള വനപ്രദേശങ്ങളില്‍ അനേകം മാമുനിമാര്‍ തപസ്സനുഷ്ഠിച്ചു വസിച്ചുവന്നു. അവരാ പര്‍വ്വതപ്രദേശത്തേയ്ക്ക് അവരുടെ സ്നാനത്തിനും നിത്യോപയോഗത്തിനായും ആകാശഗംഗയെപ്പോലും കൊണ്ടുവന്നിരുന്നു. ആകാശഗംഗയുടെ തീരത്ത് ദീര്‍ഘതപന്‍ എന്നുപേരായ ഒരു മഹര്‍ഷി വസിച്ചിരുന്നു. അദ്ദേഹം, തന്റെ നാമം സൂചിപ്പിക്കുന്നതുപോലെ നിരന്തരം തപസ്സനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്‌ രണ്ടു പുത്രന്മാര്‍- പുണ്യനും പവനനും.

ഇവരില്‍ പുണ്യന്‍ പൂര്‍ണ്ണപ്രബുദ്ധനായിരുന്നു. എന്നാല്‍ പവനന്‌ അജ്ഞാനനിവൃത്തി വന്നിരുന്നുവെങ്കിലും അയാള്‍ പ്രബുദ്ധത പ്രാപിച്ചിട്ടില്ലായിരുന്നു. അര്‍ദ്ധജ്ഞാനിയായിരുന്നു അദ്ദേഹം. അദൃശ്യവും ദുര്‍ഗ്രാഹ്യവുമായ സമയത്തിന്റെ ഒഴുക്കില്‍ ദീര്‍ഘതപമുനി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ശരീരമുപേക്ഷിക്കുമ്പോഴേയ്ക്ക് അദ്ദേഹം എല്ലാവിധ ആസക്തികളില്‍ നിന്നും മുക്തനായിരുന്നു. ഒരു പക്ഷി തന്റെ കൂടുവിട്ടു പറന്നുപോകുമ്പോലെ അനായാസമായി മഹര്‍ഷി ദേഹമുപേക്ഷിച്ച് പരമപദം പൂകി. ഭര്‍ത്താവില്‍ നിന്നും യോഗമുറകള്‍ പഠിച്ച മുനി പത്നിയും അദ്ദേഹത്തെ പിന്തുടര്‍ന്നു.

മാതാപിതാക്കളുടെ പെട്ടെന്നുള്ള വിയോഗം പവനനെ വല്ലാതെ ദു:ഖിതനാക്കി. അയാള്‍ ഉറക്കെ വാവിട്ടു നിലവിളിച്ചു. പുണ്യനാകട്ടെ മാതാപിതാക്കള്‍ക്കായുള്ള മരണാനന്തര കര്‍മ്മങ്ങള്‍ പ്രശാന്തതയോടെ അനുഷ്ഠിച്ചു. എങ്കിലും മരണത്തോടെയുണ്ടായ ഈ വേര്‍പാടിനെക്കുറിച്ച് അദ്ദേഹത്തിനു വ്യാകുലതയൊന്നും ഉണ്ടായിരുന്നില്ല. അയാള്‍ തന്റെ സഹോദരനായ പവനന്റെ അടുക്കല്‍ ചെന്ന് ഇങ്ങിനെ സമാധാനിപ്പിച്ചു.

പുണ്യന്‍ പറഞ്ഞു: അനിയാ, നീയെന്തിനാണീ കൊടിയ ദു:ഖത്തെ ക്ഷണിച്ചുവരുത്തി മാഴ്കുന്നത്? അജ്ഞാനത്തിന്റെ അന്ധകാരം ഒന്നുമാത്രമാണ്‌ നിന്റെ കണ്ണില്‍ നിന്നും ധാരധാരയായി ഒഴുകുന്ന കണ്ണീരിനു കാരണം. “നമ്മുടെ അച്ഛന്‍ അമ്മയോടൊപ്പം എന്നെന്നേയ്ക്കുമായി പോയത് ഏറ്റവും ഉയര്‍ന്ന ഒരു മുക്തിതലത്തിലേയ്ക്കാണ്‌. അതെല്ലാ ജീവജാലങ്ങള്‍ക്കും സഹജമായി എത്തിച്ചേരേണ്ട ഒരിടമാണ്‌. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ആത്മജ്ഞാനികളുടെ സഹജാവസ്ഥയും അതു തന്നെ. അവര്‍ അവരുടെ സ്വരൂപസവിധത്തിലേയ്ക്കു മടങ്ങിയതില്‍ നിനക്കു ദു:ഖിക്കേണ്ട കാര്യമെന്ത്? അറിവില്ലായ്മകൊണ്ട്, നീ അച്ഛന്‍, അമ്മ, തുടങ്ങിയ ബന്ധങ്ങളുടെ ബന്ധനത്തില്‍പ്പെട്ടു കേഴുന്നു. അതേ ബന്ധനങ്ങളാകുന്ന അജ്ഞാനത്തില്‍ നിന്നു മുക്തിനേടിയവരെക്കുറിച്ചാണു നീ ദു:ഖിക്കുന്നത്. അവര്‍ നിന്റെ അച്ഛനമ്മമാരോ നീ അവരുടെ മകനോ ആയിരുന്നില്ല. അനേകമനേകം ജന്മങ്ങളിലായി നിനക്ക് എണ്ണിയാലൊടുങ്ങാത്തത്ര അച്ഛനമ്മമാര്‍ ഉണ്ടായിരുന്നു. അവര്‍ക്കും അനേകം മക്കളുമുണ്ടായിരുന്നു. നീ നിന്റെ ഈ മാതാപിതാക്കള്‍ക്കായി ദു:ഖിക്കുന്നുവെങ്കില്‍ എണ്ണിയാലൊടുങ്ങാത്ത ആ ‘സഹോദരങ്ങള്‍ക്കായും’ വിലപിക്കാത്തതെന്തേ?

പാവനനായ പവനാ, നീ ലോകമായി കാണുന്നത് വെറുമൊരു മായക്കാഴ്ച്ച മാത്രമാണ്‌. വാസ്തവത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളുമൊന്നും ഇല്ല. അതുകൊണ്ടു തന്നെ മരണവും വേര്‍പെടലുമെല്ലാം വെറും മിഥ്യ. നീ കാണുന്ന മഹത്തായ ഐശ്വര്യസമ്പത്തുക്കളെല്ലാം വെറും ജാലവിദ്യകളാണ്‌. അവയില്‍ ചിലത് മൂന്നു ദിവസം, ചിലത് അഞ്ചു ദിവസം നിലനില്‍ക്കുന്നു!. അത്രയേയുള്ളൂ. നിന്റെ കുശാഗ്രബുദ്ധികൊണ്ട് സത്യത്തെ അന്വേഷിച്ചറിയൂ. ‘ഞാന്‍’, ‘നീ’ തുടങ്ങിയ എല്ലാ ധാരണകളേയും ഉപേക്ഷിക്കൂ. ‘അദ്ദേഹം മരിച്ചു’, ‘അദ്ദേഹം എന്നെ വേര്‍പെട്ടുപോയി’ എന്നുള്ള തോന്നലും ദൂരെക്കളയൂ. കാരണം ഇവയെല്ലാം നിന്റെ തോന്നലുകളാണ്‌. അവ സത്യമല്ല.