യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 227 [ഭാഗം 5. ഉപശമ പ്രകരണം]

തസ്മാദാസാമനന്താനാം തൃഷ്ണാനാം രഘുനന്ദന
ഉപായസ്ത്യാഗ ഏവൈകോ ന നാമ പരിപാലനം (5/21/5)

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ തന്റെ സഹോദരന്റെ വാക്കുകള്‍കേട്ട് പവനന്‌ ബോധോദയമുണ്ടായി. രണ്ടാളും നേരറിവിന്റെ, ജ്ഞാനത്തിന്റെ, പ്രഭാവം കൊണ്ടുണ്ടായ പ്രബുദ്ധതയില്‍ അഭിരമിച്ചു. അവര്‍ കാട്ടില്‍ ഇഷ്ടം പോലെ അലഞ്ഞു നടന്നു. അവരെ യാതൊന്നും ബാധിച്ചില്ല. എണ്ണയില്ലാത്ത ദീപമണയുന്നതുപോലെ കുറച്ചുകാലം കഴിഞ്ഞ് അവര്‍ ദേഹമുപേക്ഷിച്ചു മുക്തരായി.

“രാമാ, ആസക്തിയാണ്‌ എല്ലാ ദു:ഖങ്ങള്‍ക്കും കാരണം. എല്ലാ ആസക്തികളേയും ഉപേക്ഷിച്ച് അവയിലൊന്നും ആമഗ്നമാവാതിരിക്കുക എന്ന ഒരൊറ്റ മാര്‍ഗ്ഗമേ ബുദ്ധിയുള്ളവര്‍ തിരഞ്ഞെടുക്കൂ.” കൂടുതല്‍ ഇന്ധനമിടുമ്പോള്‍ തീ ആളിക്കത്തും. അതുപോലെ ചിന്തകള്‍ കൂടുതല്‍ ചിന്തകളെയുണ്ടാക്കുന്നു. അവ പെരുകി വളരുന്നതു തടയണമെങ്കില്‍ ചിന്തകള്‍ ഇല്ലാതാക്കുക എന്നതേ വഴിയുള്ളു. അതിനാല്‍ രാമാ, ചിന്താരാഹിത്യത്തിന്റെ തേരിലേറി അപരിമിതവും കൃപാനിര്‍ഭരവുമായ ഒരന്തര്‍ദര്‍ശനത്താല്‍ ദു:ഖനിബദ്ധമായ ലോകത്തെ നോക്കിക്കാണൂ.

ഇതാണു ബ്രാഹ്മി-സ്ഥിതി. എല്ലാ ഭവരോഗങ്ങളില്‍ നിന്നും ആസക്തികളില്‍ നിന്നുമൊഴിഞ്ഞ ശുദ്ധമായ, സ്വതന്ത്രമായ സ്ഥിതിയാണിത്. മൂഢനായി വര്‍ത്തിച്ചിരുന്നവന്‍ പോലും ഈ സ്ഥിതിയെത്തിയാല്‍ എല്ലാ ഭ്രമകല്‍പ്പനകള്‍ക്കും അതീതനാകും. ജ്ഞാനത്തെ സുഹൃത്താക്കി അവബോധത്തെ സഹധര്‍മ്മിണിയാക്കി ഈ ലോകത്തില്‍ ജീവിക്കുന്നവര്‍ ഭ്രമങ്ങള്‍ക്കു വശംവദരാവുകയില്ല. ആസക്തിരഹിതമായ മനസ്സിനു ലഭിക്കാത്തതായി വിലപിടിപ്പുള്ള യാതൊന്നും ത്രിലോകങ്ങളിലുമില്ല. ദേഹമെടുത്തതുകൊണ്ടുണ്ടാവുന്ന ഉയര്‍ച്ച താഴ്ച്ചകള്‍ ഇങ്ങിനെ ആസക്തിശമനം വന്നവരെ ബാധിക്കുകയില്ല. മനസ്സു നിറയണമെങ്കില്‍ അതിനെ നിര്‍മമമാക്കണം. ആശകള്‍കൊണ്ടും പ്രത്യാശകള്‍കൊണ്ടും നിറച്ചാല്‍ മനസ്സിനു നിറവുണ്ടാവുകയില്ല. ആസക്തികളും ആര്‍ത്തികളുമില്ലാത്തവരെ സംബന്ധിച്ചിടത്തോളം ത്രിലോകങ്ങള്‍ക്ക് പശുക്കുളമ്പിന്റെയത്രയേ വിസ്തൃതിയുള്ളു. യുഗങ്ങളോ ചെറിയൊരുനിമിഷം മാത്രവും.

അനാസക്തന്റെ മന:ശീതളത, ഹിമാലയത്തിന്റെ ശീതളിമയെ നിഷ് പ്രഭമാക്കും. പൂര്‍ണ്ണചന്ദ്രന്റെ പൂനിലാവും, സമുദ്രത്തിന്റെ നിറവും, ഐശ്വര്യദേവതയും ഒന്നും അനാസക്തന്റെ മനസ്സിന്റെ ഭാസുരതയ്ക്കു സമമാവില്ല. ആശ, പ്രത്യാശ, ആര്‍ത്തി തുടങ്ങിയ ശിഖരങ്ങള്‍ മുറിച്ചാല്‍പ്പിന്നെ മനസ്സെന്ന വൃക്ഷത്തിന്‌ സ്വരൂപത്തിലേയ്ക്കു മടങ്ങാം. മനോദാര്‍ഢ്യത്തോടെ ആശകള്‍ക്ക് എന്റെ മനസ്സില്‍ ഇടംകൊടുക്കുകയില്ല എന്നുറച്ചാല്‍ നിനക്കു ഭയമുണ്ടാവുകയില്ല.

മനസ്സില്‍ ചിന്തകളുടെ സഞ്ചാരം നിലയ്ക്കുമ്പോള്‍, ആശകളും ആര്‍ത്തികളും വലയ്ക്കാതിരിക്കുമ്പോള്‍ പിന്നെ മനസ്സില്ല. ‘അമനസ്സ്’എന്ന സ്ഥിതിയാണു മുക്തി. ആഗ്രഹങ്ങളും പ്രത്യാശകളും മനസ്സില്‍ കൊണ്ടുവരുന്ന ചിന്തകള്‍ക്ക് ‘വൃത്തി’ എന്നു പറയുന്നു – അതായത് ചിന്തകളുടെ സഞ്ചാരം. ആശകളില്ലാത്തപ്പോള്‍ വൃത്തിയുമില്ല. കാരണത്തെ നീക്കം ചെയ്തപ്പോള്‍ കാര്യം അപ്രത്യക്ഷമായി! അതുകൊണ്ട് മന:സമാധാനമുണ്ടാവാന്‍ അതിനെ ശല്യപ്പെടുത്തുന്ന കാരണങ്ങളെ (ആശയും ആര്‍ത്തിയും) നീക്കം ചെയ്താല്‍ മതി.