<a href=”https://sreyas.in/jnaneshwari-gita”>ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്</a> അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 10
മയി ചാനന്യയോഗേന
ഭക്തിരവ്യഭിചാരിണീ
വിവിക്തദേശസേവിത്വ-
മരതിര്‍ജ്ജന സംസദി.
പരമാത്മാവായ എന്നില്‍ സര്‍വ്വത്ര എന്നെത്തന്നെ കണ്ട് മറ്റൊന്നിലും മോഹിച്ചുപോകാത്ത പരമപ്രേമവും ഏകാന്ത സ്ഥാനങ്ങളില്‍ കഴിഞ്ഞുകൂടാനുള്ള കൌതകവും ജനക്കൂട്ടത്തില്‍ കഴിയാന്‍ താല്പര്യമില്ലായ്മ വികാസം പ്രാപിക്കുന്ന ജ്ഞാനസാധനകളാണ്.
എന്നേക്കാള്‍ കൂടുതലായി മറ്റൊന്നും തന്നെ ഈ ലോകത്തിലില്ലെന്ന് അവന് ഉത്തമ ബോധ്യമുണ്ട്. ഞാനല്ലാതെമറ്റൊരു ലക്ഷ്യവും അവനില്ലെന്നു കായേന വാചാ മനസാ കൃതനിശ്ചനായി അവന്‍ പ്രഖ്യാപിക്കുന്നു. അവന്‍റെ അന്തഃകരണവും ശരീരവും എന്നില്‍ ലീനമായിരിക്കുന്നു. അവനും ഞാനുമായി ഐക്യം പ്രാപിച്ചിരിക്കുന്നു. ഒരു ഭാര്യക്ക് ശാരീരികമായോ മാനസികമായോ തന്‍റെ ഭര്‍ത്താവിനെ സമീപിക്കുന്നതില്‍ യാതൊരു സങ്കോചവും ഇല്ലാത്തതുപോലെ അവന്‍ എകനിഷ്ഠനായി എന്നില്‍ എല്ലാം അര്‍പ്പിചിരിക്കുന്നു. ഏകത്വത്തിന്റെ ശയ്യയില്‍ ഞാന്‍ അവനോടോപ്പം ഉറങ്ങുന്നു. ഗംഗ സമുദ്രത്തിലെത്തുമ്പോള്‍ അതുമായി മുഴുകിച്ചേരുന്നു. അതുപോലെ അവന്‍ ഞാനുമായി താദാത്മ്യം പ്രാപിച്ച് എന്നെത്തന്നെ ആത്മാര്‍ത്ഥമായി ആരാധിക്കുന്നു. ആദിത്യന്‍റെ പ്രകാശം ആദിത്യനോടോപ്പം ഉദിക്കുകയും ആദിത്യനോടോപ്പം അസ്തമിക്കുകയും ചെയ്യുന്നു. ആ പ്രകാശത്തിന്റെ പ്രചുരമായ കാന്തി, ആദിത്യനോടോപ്പമുള്ള ഇതരത്വമില്ലാത്ത സമ്പൂര്‍ണ്ണമായ സംബന്ധവും സമഗ്രമായ സംയോജനവും കൊണ്ടുണ്ടാകുന്നതാണ്. വായു വീശുമ്പോള്‍ ജലത്തിന്‍റെ മുകള്‍പരപ്പു ചലിച്ചുയരുന്ന ജലത്തിനെ ഓളമെന്നു വിളിക്കുന്നു. എന്നാല്‍ അത് കേവലം ജലം മാത്രമാണ്. അതുപോലെ ഞാനുമായി ഐക്യം പ്രാപിച്ചതിനുശേഷവും എന്നെത്തന്നെ ഏകാഗ്രമായി സേവിക്കുകയും ഭജിക്കുകയും ചെയ്യുന്നവന്‍ ജ്ഞാനമൂര്‍ത്തിയാണെന്ന കാര്യത്തില്‍ സംശയമില്ല.
അവന്‍ പുണ്യ നദികളുടെ തീരത്തും തീര്‍ത്ഥസ്ഥലങ്ങളിലും വിശിഷ്ടമായ തപോവനങ്ങളിലും പര്‍വതഗുഹകളിലും ജലാശയങ്ങളിലും താമസിക്കാന്‍ ഇഷ്ടപ്പെടുന്നു. അവന് പട്ടണ പ്രദേശങ്ങളില്‍ താമസിക്കാന്‍ താല്പര്യമില്ല. അവന്‍ ഏകാന്തവാസം ആഗ്രഹിക്കുന്നു. അവന്‍ ജനപദങ്ങളെ വരിക്കുന്നു. അര്‍ജ്ജുനാ, അവന്‍ മനുഷ്യരൂപമെടുത്ത അറിവിന്‍റെ മൂര്‍ത്തിയാണെന്നിരുന്നാലും. ജ്ഞാനത്തെ വ്യക്തമായി വെളിവാക്കുന്നതിനു ജ്ഞാനിയുടെ മറ്റു ചില ലക്ഷണങ്ങള്‍ ഞാന്‍ പറയാം.