<a href=”https://sreyas.in/jnaneshwari-gita”>ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്</a> അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 11- 1
<img alt=”” src=”https://sreyas.in/images/jnaneswari-02.jpg” align=”left” />

അല്ലയോ അര്‍ജ്ജുന, ഈ ലക്ഷണങ്ങള്‍കൊണ്ട് യഥാര്‍ത്ഥജ്ഞാനം എന്താണെന്ന് മനസ്സിലാക്കാം. അതു കരതലാമലകം പോലെ നിനക്ക് ഞാന്‍ സ്പഷ്ടമാക്കിത്തന്നു. ഇനിയും അജ്ഞാനം എന്താണെന്ന് അതിന്‍റെ ലക്ഷണങ്ങളോടുകൂടി പറയാം. ജ്ഞാനത്തെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായിക്കഴിഞ്ഞ നിനക്ക് അജ്ഞാനമെന്തെന്നു നിഷ്പ്രയാസം മനസ്സിലാക്കാന്‍ കഴിയും. ജ്ഞാനമല്ലാത്തത് എന്താണോ അതാണ് അജ്ഞാനം. പകല്‍ ഒടുങ്ങുമ്പോള്‍ രാത്രി അതിന്‍റെ സ്ഥാനം ഏറ്റെടുക്കുന്നു. പകലും രാത്രിയുമെന്ന രണ്ടവസ്ഥകളല്ലാതെ മൂന്നാമതൊരവസ്ഥ ഇല്ല. ഒരുവന്‍ പേരിനും പെരുമയ്ക്കുംവേണ്ടി മാത്രം ജീവിക്കുന്നു. മറ്റുള്ളവര്‍ തന്നെ ആദരിക്കണമെണാഗ്രഹിക്കുന്നു. അവനെ ബഹുമാനിക്കുമ്പോള്‍ അവന്‍ അമിതമായി ആഹ്ലാദിക്കുന്നു. ഇതിന്‍റെ ഫലമായി ഒരു നിമിഷനേരത്തേക്കുപോലും കീഴോട്ടിറങ്ങാതെ അഹംഭാവാദ്രിയുടെ ശൃംഗങ്ങളില്‍ അവന്‍ വിലസുന്നു. ഇപ്രകാരമുള്ള ഒരുവനില്‍ പൂര്‍ണമായ അജ്ഞത കുടികൊള്ളുന്നു. അവന്‍ അവന്‍റെ ദാനകര്‍മ്മങ്ങളെപ്പറ്റി ആലങ്കാരികമയി വിവരിക്കുന്നു. അവന്‍റെ അറിവിന്‍റെ ആര്‍ഭാടപ്രദര്‍ശനം നടക്കുന്നു. അവന്‍ ചെയ്തിട്ടുള്ള സല്‍പ്രവര്‍ത്തികളെപ്പറ്റി പറകൊട്ടി പാടുന്നു. ഇതെല്ലാം അവന്‍റെ മാന്യതയും കീര്‍ത്തിയും വര്‍ധിപ്പിക്കുന്നതിനാണ്. സ്വന്തം കാര്യങ്ങള്‍ക്കായി ധനം ദുര്‍വ്യയം ചെയ്യുന്ന അവന്‍ ആതിഥ്യം കാട്ടുന്നതില്‍ പിശുക്കനാണ്. കാട്ടുതീ അതിന്‍റെ പരിസരത്തുള്ള എല്ലാ ചരാചരങ്ങളേയും കത്തിക്കരിക്കുന്നതുപോലെ, അവന്‍റെ ദുഷ്പ്രവൃത്തികള്‍കൊണ്ടും ദുഃസ്വഭാവംകൊണ്ടും പരിസരവാസികളെയെല്ലാം അവന്‍ പീഡിപ്പിക്കുന്നു. അവന്‍ ഭസമവും പൂശി ചന്ദനവും ചാര്‍ത്തി നടക്കുന്നത് മറ്റുള്ളവരെ കമ്പളിപ്പിക്കാനാണ്. അവന്‍റെ സാധാരണ സംഭാഷണം കൂര്‍ത്ത കത്തികൊണ്ടുള്ള കുത്തിനേക്കാള്‍ വേദനയുളവാക്കുന്നതായിരിക്കും. അവന്‍റെ ഉപായങ്ങള്‍ പാഷാണത്തേക്കാള്‍ മാരകമാണ്. അവന്‍ അജ്ഞതയുടെ നിധാനമാണ്. അവന്‍റെ ജീവിതം അഹങ്കാരത്തിന്‍റെ ഹിംസയുടെയും ഒരു വിശ്രമാലയമാണ്. കാറ്റൂതുന്ന ഉലത്തോല്‍ കാറ്റ് കയറുമ്പോള്‍ വികസിക്കുകയും കാറ്റ് ഒഴിയുമ്പോള്‍ ചുരുങ്ങുകയും ചെയ്യുന്നതുപോലെ അവന്‍ ഉറ്റവരുമായി ഒന്ന് ചേരുമ്പോള്‍ ആഹ്ലാദഭരിതനാവുകയും വേര്‍പെടുമ്പോള്‍ വിഷാദമൂകനാവുകയും ചെയ്യുന്നു. സ്തുതി അവനെ പുളകംകൊള്ളിക്കുകയും അപവാദം അവനെ വിധുരനാക്കുകയും ചെയ്യുന്നു. അല്പ ജലം കൊണ്ട് ചെളി കുതിരുകയും മന്ദമാരുതനേല്‍ക്കുമ്പോള്‍ അതു ഉണങ്ങുകയും ചെയ്യുന്നതുപോലെ, പെട്ടെന്നാണ് മാനാപമാനങ്ങള്‍ അവനെ ബാധിക്കുന്നത്. ഒരു വികാരത്തെയും ചെറുത്തുനില്‍ക്കാന്‍ കഴിയാത്ത അവനില്‍ അജ്ഞത കൊടികുത്തിവാഴുന്നു. ബാഹ്യമായി തുറന്ന മനസോടെ പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്യുമെന്ന് തോന്നുമെങ്കിലും അവന്‍ ദുര്‍ബുദ്ധിയും വക്രഗതിക്കാരനുമാണ്. പുറമെ എല്ലാവരോടും സ്നേഹഭാവത്തില്‍ പെരുമാറുന്ന അവന്‍ അകമെ എല്ലാവരോടും എതിരാണ്. ഒരു മിത്രത്തെ ആശ്ലേഷിക്കുകയും അവന്‍റെ ശത്രുവിനെ സഹായിക്കുകയുമാണ് അജ്ഞാനി ചെയ്യുന്നത്. ഒരു വേടന്‍ തന്‍റെ ഇരകള്‍ക്ക് തീറ്റിയിട്ടു കൊടുക്കുന്നത് സദുദേശത്തോടെയല്ല. ഇരകളെ പ്രലോഭിപ്പിച്ചു വലയിലാക്കുകയാണ് അവന്‍റെ ഉദ്ദേശം.അജ്ഞാനിയുടെ പ്രവൃത്തികളും അതുപോലെയാണ്. അവന്‍ ബാഹ്യമായി മിത്രഭാവം കാട്ടി സജ്ജനങ്ങളെപ്പോലും വഞ്ചിക്കുന്നു. പച്ചിച്ച പായല്‍ പൊതിഞ്ഞ പാറക്കല്ല് മൃദുവായി തോന്നും. കയ്ക്കുന്ന വേപ്പിന്‍കായ് പഴുത്തു പഴമാകുമ്പോള്‍ പീതനിറമുള്ള ഒരു മധുരക്കനിയായി തോന്നും. അതുപോലെ അവന്‍റെ ബാഹ്യപ്രവര്‍ത്തനങ്ങള്‍ എപ്പോഴും നന്മനിറഞ്ഞതായി തോന്നും. എന്നാല്‍ അവന്‍ അജ്ഞാനത്തിന്‍റെ വിളനിലമാണെന്നുള്ളത് പരമസത്യമാണ്.

അവന്‍റെ ഗുരുപരമ്പരയെപ്പറ്റി അവന് പരമപുച്ഛമാണ്. ഗുരുവിനെ സേവിക്കുന്നതില്‍ അവന്‍ അശ്രദ്ധനാണ്. അവന് അറിവ് നല്‍കിയ ഗുരുവിനെ അവന്‍ അനാദരിക്കുന്നു. ഗുരുഭക്തിയില്‍ അവന് മടുപ്പ് തോന്നുന്നു. ഇപ്രകാരമുള്ള ഗുരുദ്രോഹിയെപ്പറ്റി സംസാരിക്കുന്നതു തന്നെ പാപകരമാണ്. പക്ഷേ എന്തു ചെയ്യാം? അജ്ഞാനത്തെപ്പറ്റി വിവരിക്കേണ്ടി വരുമ്പോള്‍ ഇവരെപ്പറ്റി പറയേണ്ടിവരുന്നു. ആ പാപത്തിനു പ്രതിവിധിയായി ഉത്തമഭക്തന്‍മാരെപ്പറ്റി പറഞ്ഞാല്‍ മതി. സൂര്യപ്രകാശം അന്ധകാരത്തെ നീക്കിക്കളയുന്നതുപോലെ അഭക്തനെപ്പറ്റി പറയുന്ന പാപം ഭക്തനെപ്പറ്റി പറയുമ്പോള്‍ ഒഴിഞ്ഞുപോകും. ഒരു ഗുരുഭക്തന് മറ്റുള്ളവരുടെ പാപം കഴുകിക്കളയുന്നതിനും അവരെ നിര്‍ഭയരാക്കുന്നതിനുമുള്ള കഴിവുണ്ട്. അപ്പോള്‍ പിന്നെ ഗുരുവിന്‍റെ കഴിവിനെപ്പറ്റി പറയേണ്ടതുണ്ടോ? എന്തൊരു പ്രഭാവമായിരിക്കും ഗുരുവിനുള്ളത്? അത് എല്ലാ തിന്‍മകളെയും നശിപ്പിക്കുന്ന സര്‍വ്വരോഗശമനൌഷധമായ അമൃതാണ്.

അജ്ഞാനത്തിന്‍റെ മറ്റു ചില ലക്ഷണങ്ങളെപ്പറ്റി പറയാം. ഒരു അജ്ഞാനി എപ്പോഴും ആശങ്കാകുലനായിരിക്കും. അവന്‍ ചെയ്യേണ്ട ജോലികളെ അവഗണിക്കുന്നു. കാട്ടിലുള്ള പൊട്ടക്കിണര്‍ ദുര്‍ഗന്ധപൂരിതമായിരിക്കും. പുറത്ത് ഭാഗത്ത് മുള്‍ച്ചെടികള്‍ പടര്‍ന്നുകിടക്കുന്ന അതിന്‍റെ അകം മൃഗങ്ങളുടെ അസ്ഥികൊണ്ട് നിറഞ്ഞിരിക്കും. അതുപോലെ അജ്ഞാനിയുടെ അകവും പുറവും അശുദ്ധമായിരിക്കും. മൂടിവെച്ചിരുന്നതാണോ അല്ലയോ എന്ന് നോക്കാതെ ഏതു ആഹാരസാധനവും തിന്നുന്ന ശ്വാനനെപ്പോലെ.

അജ്ഞാനി തനിക്ക് ന്യായമായി അവകാശപ്പെട്ടതെന്നോ അന്യന്‍റെതെന്നോ പരിഗണിക്കാതെ ദുരാഗ്രഹത്തോടെ അര്‍ത്ഥം സമ്പാദിക്കുന്നു. സന്ദര്‍ഭവും സമയവും നോക്കാതെ ഇണചേരുന്ന തെരുവനായ്ക്കളെപ്പോലെയാണ് സ്ത്രീകളോടുള്ള അവന്‍റെ സമീപനം. നിത്യനൈമിത്തികകൃത്യങ്ങള്‍ മുറപോലെ നടക്കാതിരുന്നാലോ വിഹിതകര്‍മ്മങ്ങള്‍ വേണ്ടതുപോലെ ചെയ്യാതിരുന്നാലോ അവന്‍ കുണ്ഠിതപ്പെടുകയോ പശ്ചാത്തപിക്കുകയോ ഇല്ല. അവന് പാപകര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ ലജ്ജയോ പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ താല്പര്യമോ ഇല്ല. അവന്‍റെ മനസ്സ് എപ്പോഴും ദുഷ്ടചിന്തകള്‍കൊണ്ട് നിറഞ്ഞിരികും. അര്‍ത്ഥത്തിലുള്ള ആര്‍ത്തി അവനെ അന്ധനാക്കുന്നു. നിസ്സാരമായ ലാഭമുണ്ടെന്നു കണ്ടാല്‍, ഒരു ഉറുമ്പിന്‍റെ ഭാരം കൊണ്ടു പുല്‍ക്കൊടി ഇളകുന്നതുപോലെ, അവന്‍റെ സധൈര്യത്തിനു ഇളക്കം തട്ടുന്നു. ആഴം കുറഞ്ഞ ചേറ്റുകുളത്തില്‍ ഒരു കാല് വെയ്ക്കുമ്പോള്‍തന്നെ അതിലെ ജലം കലങ്ങി മറയുന്നതുപോലെ, ആസന്നമായ ഒരത്യാഹിതത്തിന്‍റെ ആലോചനപോലും അവനെ ഭയാക്രാന്തനാക്കുന്നു. വെള്ളത്തില്‍ വീണ വെള്ളരിക്ക ഒഴുക്കിന്‍റെ ഗതിയനുസരിച്ച് ഒഴുകുന്നതുപോലെ, അവന്‍റെ മനസ്സ് മനോരഥങ്ങളുടെ വെള്ളപ്പൊക്കത്തില്‍ ഒഴുകിനടക്കുന്നു. പുക കാറ്റത്ത് പടരുന്ന വേഗത്തിലാണ് ദുഃഖം അവനെ പരവശപ്പെടുത്തുന്നത്‌. മണല്‍മാരിപോലെ അവന്‍ ഒരിക്കലും ഒരിടത്ത് സ്വസ്ഥമായി നില്‍ക്കുന്നില്ല. പട്ടണത്തിലോ ഗ്രാമപ്രദേശത്തോ പുണ്യസ്ഥലത്തോ സ്ഥിരമായി നില്‍ക്കാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല. ഒരു വൃക്ഷത്തിന്‍റെ മുകളില്‍നിന്നു താഴോട്ടും മുകളിലോട്ടും പരിഭ്രമിച്ചു ഓടി നടക്കുന്ന ഓന്തിനെപ്പോലെ, അവന്‍ ലക്ഷ്യമില്ലാതെ വ്യര്‍ത്ഥമായി അലഞ്ഞുതിരിഞ്ഞുനടക്കുന്നു. ഒരു മണ്‍കുടം ഭാഗികമായിട്ടെങ്കിലും ഭൂമിയില്‍ കുഴിച്ചുവെയ്ക്കുമ്പോള്‍ മാത്രം ഉറച്ചിരിക്കുന്നു. അതുപോലെ, നിദ്രയില്‍മാത്രമാണ് അവന്‍ സ്വസ്ഥനായിരിക്കുന്നത്. മനസ്സിന്‍റെ ചാഞ്ചല്യം അവനെ മര്‍ക്കടസഹോദരനാക്കിത്തീര്‍ക്കുന്നു. അവന്‍റെ മനസ്സിനുമേല്‍ അവന് യാതൊരു നിയന്ത്രണവുമില്ല. കൂലംകുത്തിപ്പായുന്ന മലവെള്ളം മണല്‍ത്തിട്ടകളെ തട്ടിമറിച്ചു കളയുന്നതുപോലെ നിഷിദ്ധങ്ങളായ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ അവന് യാതൊരു ഭയവുമില്ല. അവന്‍ ധര്‍മ്മത്തെ ധിക്കരിക്കുന്നു; സ്വന്തം മതത്തെ അധിക്ഷേപിക്കുന്നു; ശാസ്ത്രവിധി പ്രകാരമുള്ള നിയമങ്ങളെയും ചട്ടങ്ങളെയും തൃണവല്‍ഗണിക്കുന്നു; വേദങ്ങളെ നിരസിക്കുന്നു. നമതിന്മകളെ തിരിച്ചറിയാനുള്ള കഴിവും അവനില്ല. അവന്‍ ക്ഷേത്രക്കാളയെപ്പോലെയോ ശക്തിമത്തായ കാറ്റുപോലെയോ അനിനിയന്ത്രനായി വര്‍ത്തിക്കുന്നു. വിരണ്ടു ഓടി നടക്കുന്ന അന്ധനും മത്തനുമായ മത്തേഭത്തെപ്പോലെ എല്ലായിടത്തും പടര്‍ന്നുപിടിക്കുന്ന കാട്ടുതീപോലെ, അവന്‍റെ മനസ്സ് നിയന്ത്രണമില്ലാതെ ഇന്ദ്രിയവിഷയങ്ങളുടെ പിന്നാലെ പാഞ്ഞു നടക്കുന്നു. ഒരു ഗണികാഗൃഹത്തില്‍ ആര്‍ക്കും പ്രവേശിക്കാവുന്നതുപോലെ നാനാവിധചിന്തകള്‍ കൂട്ടംകൂട്ടമായി അവന്‍റെ മനസ്സില്‍ കടന്നകൂടുന്നു.അവന്‍ ജീവിച്ചിരിക്കുമ്പോഴും മരിക്കുമ്പോഴും ഇന്ദ്രിയസുഖങ്ങള്‍ കൈവെടിയുകയില്ല; മരണശേഷം സ്വര്‍ഗ്ഗത്തിലെത്തി ഈ സുഖങ്ങള്‍ അനുഭവിക്കുന്നതിനായി പുണ്യംനേടാന്‍ ശ്രമിക്കുന്നു. അവന്‍ ഫലദായകങ്ങളായ കാമ്യകര്‍മ്മങ്ങള്‍ ചെയ്യാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. ഇന്ദ്രിയവിഷയങ്ങള്‍ക്ക് അവനോട് മടുപ്പും മുഷിച്ചിലും ഉണ്ടായാല്‍പോലും അവന് അവയോട് ഒരിക്കലും വിരസത ഉണ്ടാവുകയില്ല. ഒരു കുഷ്ഠരോഗി കുഷ്ഠംപിടിച്ച തന്‍റെ കൈകള്‍കൊണ്ട് ഭക്ഷണം കഴിക്കുന്നതില്‍ ജുഗുപ്സാവഹമായി ഒന്നും കാണുന്നില്ല. പെണ്‍കഴുതയുടെ പിന്നാലെ പായുന്ന ആണ്‍കഴുത തൊഴിയേറ്റാലും അഭിമാനത്തോടെ പെണ്‍കഴുതയുടെ പിന്നാലെ വീണ്ടും നടക്കും. അതുപോലെ, ഇന്ദ്രിയഭോഗാനുഭവങ്ങള്‍ക്കുവേണ്ടി, എരിയുന്ന തീയില്‍ ചാടുന്നതുപോലെയുള്ള എന്തു സാഹസകൃത്യങ്ങള്‍ക്കും സന്നദ്ധനാകുന്ന അവന്‍, അവന്‍റെ ദുരാചാരാങ്ങളെ തന്‍റെ വിഭൂഷ്ണങ്ങളായി കരുതി ഗര്‍വോട്കൂടി പ്രദര്‍ശിപ്പിക്കുന്നു. തന്‍റെ നയനേന്ദ്രിയങ്ങളുടെ വിഭാന്ത്രിയാണെന്നു മനസ്സില്ലാക്കാതെ മാന്‍പേട മരീചികയുടെ പിന്നാലെ ഓടി തളര്‍ന്നു വീഴുന്നു. എന്നാല്‍ ജനനം മുതല്‍ മരണം വരെ അനവധി ക്ലേശങ്ങളും കഷ്ടപ്പാടുകളും സഹിച്ചു ഭോഗസുഖങ്ങളില്‍ മുഴുകുന്ന അജ്ഞാനിക്ക് അതിനോട് വെറുപ്പോ വിരസതയോ തോന്നുന്നില്ല. പ്രത്യുത, ആവര്‍ത്തിച്ചാവര്‍ത്തിച്ചു അതില്‍ ആസക്തനാകുന്നു. അവന്‍റെ ശൈശവകാലത്ത് അവന്‍ മാതാപിതാക്കന്മാരെ മതിമറന്ന് സ്നേഹിക്കുന്നു. യൌവനകാലമാകുമ്പോള്‍ അവന്‍റെ സ്നേഹം ഭാര്യയുടെ ശരീരത്തോടായിരുന്നു. ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ വാര്‍ദ്ധക്യത്തില്‍ അത് സന്താനങ്ങളിലേക്ക് മാറുന്നു. അവന്‍റെ ജീവിതാവസാനംവരെയും ലൌകികസുഖങ്ങളോട് അവനുള്ള താല്‍പര്യം അവസാനിക്കുന്നില്ല. ഇപ്രകാരമുള്ള ഒരുവന്‍റെ അജ്ഞാനത്തിന് ഒരതിരുമില്ല.

അജ്ഞാനിയുടെ മറ്റു ലക്ഷണങ്ങളെപ്പറ്റി പറയാം. താന്‍ ദേഹമാണെന്നും ദേഹവും ദേഹിയും ഒന്നാണെന്നുള്ള ഉത്തമബോധ്യത്തോടെയാണ് അവന്‍ പ്രവര്‍ത്തിക്കുന്നത്. പൂര്‍ത്തിയാകാത്ത പ്രവൃത്തികളെ പൊങ്ങച്ചത്തോടുകൂടി പ്രദര്‍ശിപ്പിക്കുന്നു. തലയിലേറ്റിയ വിഗ്രഹവുമായി ക്ഷേത്രപൂജാരി ഞെളിഞ്ഞു നടക്കുന്നതുപോലെ അവന്‍ അവന്‍റെ യുവത്വവും അല്പമായ അറിവും പേറി അഹംഭാവത്തോടെ നടക്കുന്നു. അവന്‍ അഹങ്കാരത്തോടെ പറയും: വീട്ടില്‍ ധാരാളം ധനമുള്ള ഏകധനവാന്‍ ഞാന്‍ മാത്രമാണ്. ലോകത്ത് എന്നെപ്പോലെ വിദ്വത്വമുള്ളവനായി മറ്റാരുമില്ല. നന്നായി പെരുമാറുന്നതിന് എന്നെപ്പോലെ മറ്റാര്‍ക്കും കഴിവില്ല. ഞാന്‍ പറയുന്നതെല്ലാം മറ്റുള്ളവര്‍ അംഗീകരിക്കുന്നു. തന്‍റെ ശ്രേഷ്ഠമ്മന്യത കാട്ടി അവന്‍ സ്വയം സംതൃപ്തി അടയുന്നു. തനിക്കാഹരിക്കാന്‍ കഴിയാത്ത മധുര പലഹാരങ്ങള്‍ കാണാന്‍ ഒരു രോഗി ഇഷ്ടപ്പെടാത്തതുപോലെ അന്യര്‍ക്കുണ്ടാകുന്ന അഭിവൃദ്ധി കാണാന്‍ അവന്‍ ഇഷ്ടപ്പെടുന്നില്ല.

പ്രകാശം നല്‍കുന്ന വിളക്കിലെ എണ്ണ തീര്‍ന്നാലും തിരികത്തികൊണ്ടിരിക്കും. അതെവിടെ വെച്ചാലും ആ സ്ഥലത്ത് കരിപുരളും. വെള്ളം തളിച്ചാല്‍ അത് പൊട്ടല്‍ശബ്ദമുണ്ടാക്കും. ഊതിയാല്‍ അണഞ്ഞു പോകും. ബന്ധപ്പെടാനിടയാകുന്നതിനെയെല്ലാം അത് അഗ്നിക്കിരയാക്കും. അതിന് പ്രകാശം കുറവാണെങ്കിലും അതിന്‍റെ അടുത്തിരുന്നാല്‍ ചൂടുതട്ടും. അല്പജ്ഞാനം മാത്രം ലഭിച്ചിട്ടുള്ള ഒരജ്ഞാനിയുടെ സ്ഥിതിയും ഇപ്രകാരമാണ്. ഗുണങ്ങളെക്കാള്‍ വളരെയധികം ദോഷങ്ങളാണ് അവനുള്ളത്. സന്നിപാതജ്വരമുള്ള ഒരുവന് പാലുകൊടുത്താല്‍ രോഗം അധികരിക്കുന്നു. പാമ്പിനുകൊടുക്കുന്ന പാല് വിഷമായി മാറുന്നു. അവനില്‍ എന്തെങ്കിലും ഗുണങ്ങളുണ്ടെങ്കില്‍തന്നെ പകയും സ്പര്‍ദ്ധയും അവയെ മലീമസമാക്കുന്നു. അവന്‍ സജ്ജനങ്ങളെ അസൂയയോടെ വീക്ഷിക്കുന്നു. അവനുള്ള അല്പജ്ഞാനം, പാര്‍ത്ഥിവനായിത്തീര്‍ന്ന ഒരു പറയനെപ്പോലെ അവനെ അഹങ്കരിപ്പിക്കുന്നു. കല്ലിനെപ്പോലെ കഠിനഹൃദയനായ അവന്‍റെ മനസ്സ് അനുകമ്പകൊണ്ട് അലിയുകയില്ല. പാമ്പാട്ടിക്ക് വശംവദമാകാത്ത അണലിപ്പാമ്പിനെപ്പോലെ, അവന്‍ ആര്‍ക്കും കീഴടങ്ങുകയോ ആരുമായി അനുരഞജിക്കുകയോ ചെയ്യുകയില്ല. ഇപ്രകാരമുള്ളവനില്‍ അജ്ഞാനം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കും.

ശരീരം, ഗൃഹജനങ്ങള്‍, സമ്പത്ത് എന്നിവകളെപ്പറ്റി സദാചിന്തിക്കുന്ന അവന് പൂര്‍വജന്മത്തെപ്പറ്റിയോ ഭാവിജന്മത്തെപ്പറ്റിയോ ഒരു ചിന്തയുമില്ല. കൃതഘ്നനായ ഒരുവന്‍ തനിക്കു ലഭിച്ച സഹയാങ്ങളെപ്പറ്റി ഓര്‍ക്കാത്തതുപോലെ, ഒരു വഞ്ചകന്‍ വായ്പവാങ്ങിയ ധനത്തിന്‍റെ കാര്യം വിസ്മരിക്കുന്നതുപോലെ, അവന്‍ അതെല്ലാം മറക്കുന്നു. പാമ്പിന്‍റെ വായിലിരിക്കുന്ന തവള അപ്പോഴും നാക്ക് നീട്ടി ഈച്ചയെ പിടിക്കാന്‍ ശ്രമിക്കുന്നതുപോലെ, വാര്‍ദ്ധക്യത്താല്‍ രോഗഗ്രസ്ത്നായി എല്ലാ ഇന്ദ്രിയങ്ങളും കഷയിച്ചു നവദ്വാരങ്ങളിലൂടെ ജലം ഇറ്റിറ്റു വീഴുമ്പോഴും ഇതെങ്ങനെ സംഭവിച്ചുവെന്നുള്ള ചിന്ത അവനെ അലട്ടുന്നില്ല. ഇതെങ്ങനെ വന്നുവെന്ന് അവന്‍ അന്വേഷിക്കാറുമില്ല, ചളിയും ചോരയും നിറഞ്ഞ ഗര്‍ഭപാത്രത്തില്‍ ഒമ്പതുമാസം കിടന്ന് നരകിച്ചത്തോടെ അതില്‍ നിന്ന് പുറത്തുവരാന്‍ അനുഭവിച്ച വേദന അവന്‍ സ്മരിക്കുകയില്ല. മടിയില്‍ കിടക്കുന്ന കുഞ്ഞ് മലമൂത്ര വിസര്‍ജ്ജനത്തില്‍ കിടന്നുരുളുന്നത് അവനെ അസഹ്യപ്പെടുത്തുകയില്ല. താരുണ്യത്തിന്‍റെ തിരത്തള്ളലില്‍ അവന്‍ മരണത്തെപ്പറ്റി ചിന്തിക്കുയില്ല. മരണമില്ലാതെ എന്നും ഇതുപോലെ ജീവിക്കുമെന്നാണ് അവന്‍റെ ധാരണ. ആഴമില്ലാത്ത കുളത്തില്‍ കിടക്കുന്ന മത്സ്യം അതിലെ വെള്ളം വറ്റുകയില്ലെന്നുള്ള മൂഡവിശ്വാസം മൂലം ആഴമുള്ള കുളത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. ഗാനം കേട്ടു മതിമറന്നു നില്‍ക്കുന്ന പുള്ളിമാന്‍ പിന്നില്‍കൂടി വരുന്ന വേടനെ കാണുകയില്ല. ഇര വിഴുങ്ങുന്ന മത്സ്യം അതിനുള്ളില്‍ ചൂണ്ട ഒളിച്ചുവെച്ചിട്ടുണ്ടെന്ന് അറിയുന്നില്ല. അഗ്നിയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഈയാം പാറ്റ അഗ്നി തന്നെ ആഹരിക്കുമെന്ന്‍ മനസ്സിലാക്കുന്നില്ല. അതുപോലെ ഐഹികസുഖങ്ങളില്‍ മുഴുകിക്കഴിയുന്ന ഒരുവന് വേഷപ്രച്ഛന്നമായി വന്നിരിക്കുന്ന മരണമാണ് ജീവിതമെന്നു ബോധ്യമാവുകയില്ല. അവന്‍റെ ശരീരവളര്‍ച്ചയും, ദിനരാത്രങ്ങളുടെ വരവും പോക്കും, ഇന്ദ്രിയഭോഗങ്ങളുടെ ആസ്വാദനവും യാഥാര്‍ത്ഥ്യമാണെന്നു അവന്‍ വിശ്വസിക്കുന്നു. പാവം സാധുമനുഷ്യന്‍, ഒരു ഗണിക തന്‍റെ ശരീരമുള്‍പ്പെടെ സര്‍വ്വതും ഒരുവന് സമര്‍പ്പിക്കുന്നുവെന്നു പറയുന്നത് അവനെ തെണ്ടിയാക്കുന്നതിനു വേണ്ടിയാണെന്നോ, തസ്കരനെ മാന്യനെന്നു കരുതി സഹചാരിയാക്കുന്ന പാന്ഥന്‍ മരണത്തെയാണ് സുഹൃത്താക്കുന്നതെന്നോ, ഒരു കളിമണ്‍പ്രതിമ കഴുകിയാല്‍ അത് അലിഞ്ഞ് നശിച്ചുപോകുമെന്നോ, മഞ്ഞപ്പിത്തം ബാധിച്ച് ശരീരമാകെ നീരുവന്നു വീര്‍ത്തിരിക്കുന്ന ഒരുവന്‍ മരണഗര്‍ത്തത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുകയാണെന്നോ ഉള്ള വസ്തുത അജ്ഞാനി മനസ്സിലാക്കുന്നില്ല. മതിഭ്രമം പിടിപെട്ട അവന്‍റെ ചിന്ത, തിന്നുകയും കുടിക്കുകയും വിഷയസുഖങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നതിനപ്പുറത്തേക്ക് കടക്കുന്നില്ല.തൂക്കികൊല്ലാന്‍ വിധിക്കപെട്ട ഒരു കൊലയാളിയുടെ കൊലമരത്തിലേക്കുള്ള ഓരോ കാല്‍വെപ്പും മരണത്തെ തന്നോട് അടുപ്പിക്കുകയാണെന്ന് അവന്‍ അറിയുന്നില്ല. അതുപോലെ വാര്‍ദ്ധക്യം ശരീരത്തെ ക്രമേണ ബാധിക്കുമ്പോഴും ദിവസങ്ങള്‍ ഓരോന്നായി കൊഴിഞ്ഞു വീഴുമ്പോഴും ഭോഗസുഖങ്ങളില്‍ അവന്‍ കൂടുതല്‍ കൂടുതലായി മുഴുകുമ്പോഴും, മൃത്യുദേവന്‍ ദ്രുതഗതിയില്‍ അവനെ പിന്തുടരുകയും അവസാനം വിഴുങ്ങുകയും ചെയ്യുന്നു. വെള്ളത്തില്‍ ഉപ്പ് അലിഞ്ഞുപോകുന്നതുപോലെ, അവന്‍റെ ജീവിതം വ്യര്‍ത്ഥമായിത്തീരുന്നു. അര്‍ജ്ജുനാ, ഇപ്രകാരമുള്ള ഒരുവന്‍ അജ്ഞാനസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയാണ്.

വ്യാഘങ്ങളുടെ കാനനത്തില്‍ മേഞ്ഞ് സുരക്ഷിതനായി മടങ്ങിയെത്തുന്ന വൃഷഭം, അടുത്ത ദിവസം നിര്‍ഭയനായി അവിടെ മേയാന്‍ പോകും. പാമ്പിന്‍റെ പൊത്തില്‍ നിന്ന് വിജയകരമായി നിധികുഴിച്ചെടുത്തവന്‍ പാമ്പ് നിധികാക്കുന്നുവെന്ന് വിശ്വസിക്കുകയില്ല. ഇപ്രകാരം യാദൃശ്ഛിക സംഭവങ്ങള്‍ ഉണ്ടായെന്നുവരാം. എന്നാല്‍ ഇതെല്ലാം ജീവാപായമുണ്ടാക്കുന്ന സാഹസകൃത്യങ്ങളാണ്. ശത്രു, നിദ്രയിലായിരിക്കുന്നതുകൊണ്ടു മാത്രം അവനെ കാണാതിരിക്കുന്നവന്‍, ശത്രു നാടുവിട്ടെന്നും ശത്രുത്വമെല്ലാം അവസാനിച്ചുവെന്നും ഭാവിച്ച് അജാഗ്രതയോടെ പെരുമാറിയാല്‍ അവന്‍റെയും അവന്‍റെ സന്താനങ്ങളുടെയും ജീവഹാനിക്ക് ഇടയാകും. ധാരാളമായി ധനം സമ്പാദിക്കുകയും ഭാര്യാസന്താനങ്ങളോടൊപ്പം ജീവിച്ച് അതു ആസ്വദിക്കുകയും ചെയ്യുന്ന ഒരുവന്‍റെ കാഴ്ച, ധനത്തിന്‍റെ പുകകൊണ്ട് മടങ്ങിപ്പോകുന്നു. തന്മൂലം ഇതെല്ലാം ഉപേക്ഷിച്ച് പോകേണ്ടിവരുന്ന ഭാവിദൃശ്യം അവന് കാണാന്‍ കഴിയുന്നില്ല. തനിക്ക് ചേര്‍ന്നതാണോ അല്ലയോ എന്നൊന്നും ചിന്തിക്കാതെ താരുണ്യഭ്രാന്തികൊണ്ട് അവന്‍ വിഷയസുഖങ്ങളില്‍ മുഴുകുന്നു. അവന്‍ ചെയ്യരുതാത്തത് ചെയ്യുന്നു. അപ്രാപ്യമായാത് ആഗ്രഹിക്കുന്നു. അചിന്ത്യങ്ങളായതിനെപ്പറ്റി ചിന്തിക്കുന്നു; പ്രവേശിക്കാന്‍ പാടില്ലാത്ത ഇടങ്ങളില്‍ പ്രവേശിക്കുന്നു; വര്‍ജ്ജിക്കേണ്ട ദൃശ്യങ്ങള്‍ വീക്ഷിക്കുന്നു; സ്വീകരണാര്‍ഹമല്ലാത്തത്‌ ആവശ്യപ്പെടുന്നു;. സ്പര്‍ശിക്കാന്‍ പോലും പാടില്ലാത്തതു കൈകാര്യം ചെയ്യുന്നു; ആഹരിക്കാന്‍ പാടില്ലാത്തത് ആഹരിക്കുന്നു; ശാസ്ത്രവിധിപ്രകാരം നിഷിദ്ധങ്ങളായ കര്‍മ്മങ്ങള്‍ ചെയ്യുന്നു;.ഒഴിവാക്കേണ്ടവരുമായി ചങ്ങാത്തം കൂടുന്നു. പോകാന്‍ പാടില്ലാത്ത മാര്‍ഗങ്ങളില്‍ക്കൂടി ചരിക്കുന്നു;. കേള്‍ക്കാന്‍ പാടില്ലാത്തത് കേള്‍ക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു. അസംഗതമായി സംസാരിക്കുന്നു. എന്നിട്ടും ഇതില്‍ നിന്നെല്ലാമുള്ള ദോഷഫലങ്ങളെ അവന്‍ കാണുന്നില്ല. അവന്‍റെ ഏകലക്ഷ്യം ശരീരത്തിനും മനസ്സിനും സുഖം നല്‍കുകയെന്നതാണ്. തന്മൂലം കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അതിന്‍റെ ന്യായാന്യായങ്ങളെപ്പറ്റി ചിന്തിക്കാതെ താന്‍ ചെയുന്നതെല്ലാം ശരിയാണെന്നു വിശ്വസിക്കുന്നു. തല്‍ഫലമായി താന്‍ ചെയ്യുന്നതു പാപമാണെന്നോ തനിക്ക് നരകയാതന അനുഭവിക്കേണ്ടി വരുമെന്നോ അവന്‍ ശ്രദ്ധിക്കുന്നതേയില്ല. ഇപ്രകാരമുള്ള ഒരുവനില്‍ അജ്ഞാനം അതീവവേഗത്തില്‍ വളരുകയും അത് ജ്ഞാനികളെപ്പോലും പീഡിപ്പിക്കുകയും ചെയ്യുന്നു.

അജ്ഞാനത്തെപ്പറ്റി കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാത്തക്കവണ്ണം അതിന്‍റെ മറ്റു ചില ലക്ഷങ്ങള്‍ കൂടി ഞാന്‍ പറയാം. ഒരു ഭ്രമരത്തിന് നവഗന്ധകേസരത്തോടുള്ള ബന്ധമാണ് ഒരു അജ്ഞാനിക്ക് അവന്‍റെ ഗൃഹത്തിനോടുള്ളത്. പഞ്ചസാരക്കൂമ്പാരത്തിന് മുകളിലിരിക്കുന്ന ഈച്ച അതിനെ വിട്ടുപിരിയാത്തതുപോലെ സ്ത്രീജിതനായ അവന്‍ ഭാര്യയുടെ ചുറ്റും വട്ടമിട്ടു നില്‍ക്കും. കൂപമണ്ഡൂകത്തെപ്പോലെയോ മൂക്കളയില്‍ ഒട്ടിപിടിച്ചിരിക്കുന്ന മക്ഷികത്തെപ്പോലെയോ, ചേറില്‍ പൂണ്ടുപോയ മൃഗത്തെപ്പോലെയോ അവന്‍ അവന്‍റെ വീടിനോട് ബന്ധപ്പെട്ടിരിക്കുന്നു. മരിച്ചതിനുശേഷം അവന്‍ ഒരു സര്‍പ്പമായി ജന്മമെടുത്തു ആ വീടിന്‍റെ പരിസരത്തുതന്നെ പാര്‍ക്കുന്നു. ഒരു തേനീച്ച തേന്‍ സംഭരിക്കുന്നതിലും സൂക്ഷിക്കുന്നതിലും കാണിക്കുന്ന അദ്ധ്വാനമാണ് അവന്‍ അവന്‍റെ വീട് കാത്തുസൂക്ഷിക്കുന്നതില്‍ കാണിക്കുന്നത്. വയസ്സുകാലത്തുണ്ടായ ഏകപുത്രനോട് മാതാപിതാക്കള്‍ക്കുള്ള വാത്സല്യം പോലെയാണ് അവന് അവന്‍റെ വീടിനോടുള്ളത്. അവന്‍റെ ഭാര്യയെക്കാള്‍ പ്രിയപ്പെട്ടതായി അവന് ഒന്നുമില്ല. അവന്‍ ആരാണെന്നോ എന്തുചെയ്യണമെന്നോ ചിന്തിക്കാതെ അവന്‍റെ ഭാര്യയുടെ ശരീരത്തില്‍ ആകൃഷ്ടനായി കഴിച്ചുകൂട്ടും. എല്ലാ കര്‍മ്മങ്ങളും നിലയുക്കുമ്പോള്‍ ഒരു മഹാപുരുഷന്‍റെ അന്തഃകരണം ബ്രഹ്മസ്വരൂപത്തില്‍ ലയിച്ചുചേരുന്നതുപോലെ, പൊതുജനസംസാരത്തെപ്പോലും അവഗണിച്ചു അവന്‍ അവന്‍റെ ഭാര്യയുടെ ആജ്ഞാനുവര്‍ത്തിയായി മായാജാലക്കാരന്‍റെ മര്‍ക്കടത്തെപ്പോലെ ജീവിക്കുന്നു.

അത്യാഗ്രഹിയായ ഒരു പിശുക്കന്‍ അതിയായി ക്ലേശങ്ങള്‍ സഹിച്ചും തന്‍റെ ബന്ധുമിത്രാദികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയും ധനം സമ്പാദിക്കുന്നു. ദാനകര്‍മ്മങ്ങള്‍ ചെയ്യാതെയും മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കാതെയും ബന്ധുക്കളെ വഞ്ചിച്ചും ധനം സമ്പാദിക്കുന്ന അജ്ഞാനി, ഒരു ലോപവും വരുത്താതെ അവന്‍റെ ഭാര്യയുടെ എല്ലാ സുഖസൌകര്യങ്ങള്‍ക്കും ഉദാരമായി ചിലവഴിക്കുന്നു, അവന്‍ തന്‍റെ കുലദൈവത്തെ ഏകാഗ്രമായി ഉപാസിക്കുന്നതുപോലെയാണ് ഭാര്യയെ ആരാധിക്കുന്നത്. മധുരവചനങ്ങള്‍കൊണ്ടു സ്തുതിച്ചു അവന്‍ ഗുരുവിനെ വഞ്ചിക്കുന്നു. കൃത്രിമമായി നിര്‍ധനത്വം നടിച്ച് മാതാപിതാക്കന്മാരെ സഹായിക്കാതെ കഴിച്ചുകൂട്ടുന്നു. ഈശ്വരനെ അനാസ്ഥയോടും ഉദാസീനമായും അവന്‍ ഭജിക്കുന്നു. മറ്റുള്ള ബന്ധുക്കളെ അവഗണിച്ച് അവന്‍റെ ഭാര്യയ്ക്ക് വിലകൂടിയ ഉപഹാരങ്ങള്‍ നല്‍കുന്നു. അവന്‍റെ ഭാര്യയെ ആരെങ്കിലും ദേഷ്യപ്പെടുകയോ അവളുടെ നേരെ കടക്കണ്ണിടുകയോ ചെയ്‌താല്‍ ലോകാവാസാനം വന്നതുപോലെ അവന്‍ പരിഭ്രാന്തനാകുന്നു. ചുരുക്കിപറഞ്ഞാല്‍ അവന് ഭാര്യ എലാറ്റിലും എല്ലാമാണ്. ഇപ്രകാരമുള്ള ഒരുവന്‍ അജ്നാന്ത്തിന്‍റെ ഉറവിടമാണ്. അവനില്‍ക്കൂടി അതു ശക്തി പ്രാപിക്കുന്നു. – അല്ല, അവന്‍ തന്നെ അജ്ഞതയുടെ അവതാരമായിത്തീര്‍ന്നിരിക്കുന്നു.

സന്തുഷ്ടമോ അസ്ന്തുഷ്ടമമോ ആയ സന്ദര്‍ഭങ്ങള്‍ക്കനുസൃതമായി ആഹ്ലാദിക്കുകയും വിഷാദിക്കുകയും ചെയ്യുന്ന അവന്‍ പ്രക്ഷുബ്ധമായ അര്‍ണ്ണവത്തിന്‍റെ അലകള്‍ക്കിടയില്‍പ്പെട്ട് ഉയരുകയും താഴുകയും ചെയ്യുന്ന ഒരു തോണിപോലെയാണ്. അനുകൂലവും പ്രതികൂലവുമായ സന്ദര്‍ഭങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിക്കുന്നവന്‍ ബുദ്ധിമാനാണെങ്കിലും അജ്ഞാനിയാണ്. അവന് എന്നോട് ഭക്തിയുണ്ടെങ്കിലും എന്നെ ആരാധിക്കുന്നത് ഫലേച്ഛയോടുകൂടിയാണ്. ധനസമ്പാദനത്തിനുവേണ്ടി സന്ന്യാസവേഷം ധരിച്ച്നടക്കുന്ന കപടതാപസന്മാരുണ്ട്. ഭര്‍ത്താവില്‍ കൃത്രിമപ്രേമം ചൊരിഞ്ഞു, അയാളുടെ വിശ്വാസം ആര്‍ജ്ജിച് കാമുകനെ സന്ദര്‍ശിക്കാന്‍ സന്ദര്‍ഭം ഉണ്ടാക്കുന്ന കുലടകളുണ്ട്. അജ്ഞാനിയായ ഒരുവന്‍ അതുപോലെയാണ്. അവന്‍ എന്നെ ആരാധിക്കുകയും അതേ സമയം ലൌകികസുഖങ്ങളില്‍ മുഴുകി കഴിയുകയും ചെയ്യുന്നു. അവന്‍റെ ആരാധനയ്ക്ക് ഉദിഷ്ടഫലം സിദ്ധിച്ചില്ലെങ്കില്‍ ആരാധന മിഥ്യയാണെന്ന് പറഞ്ഞു അതു ഉപേക്ഷിക്കുന്നു. നിരക്ഷരകുകക്ഷിയായ കര്‍ഷകന്‍ ഓരോ വളപ്പിലും പുതുതായി കൃഷിയിറക്കുമ്പോള്‍ പുതിയ ദേവന്മാരെ വെച്ച് പൂജിക്കുന്നതുപോലെയാണ് അജ്ഞാനിയും. എന്‍റെ വിഗ്രഹം ഉണ്ടാക്കി വീട്ടില്‍ വെച്ചിട്ട് മറ്റു ദേവന്മാരെയും ദേവിമാരെയും സന്ദര്‍ശിക്കാനായി അവന്‍ തീര്‍ത്ഥയാത്ര പോകും. എന്നെ ദിവസേന പൂജിക്കാറുണ്ടെങ്കിലും അവന്‍റെ വ്യാപാരസംരംഭങ്ങളുടെ വിജയത്തിനായി കുലദേവതയെ പൂജിക്കുകയും പ്രത്യേക ആഘോഷവേളകളില്‍ മറ്റ് ദേവന്മാരെ പൂജിക്കുകയും ചെയ്യുന്നു. അവന്‍ എന്നെ വീട്ടില്‍ പ്രതിഷ്ഠക്കുകയും മറ്റ് ദേവന്മാര്‍ക്കുവേണ്ടി വ്രതം അനുഷ്ഠിക്കുകയും ചെയ്യും. പൂര്‍വികന്മാരുടെ ചരമവാര്‍ഷികത്തില്‍ അവന്‍ പൂജിക്കുന്നത് പിതൃക്കളെയാണ്. എല്ലാ ഏകാദശി ദിവസങ്ങളിലും എന്നെ ആരാധിക്കുന്ന അവന്‍ അതെ നിഷ്ഠയോടെ നാഗപഞ്ചമി ദിവസങ്ങളില്‍ സര്‍പ്പങ്ങളെ പൂജിക്കുന്നു. ഗണേശചതുര്‍ഥിദിവസങ്ങളില്‍ അവന്‍ ഗണപതിഭക്തനാണ്. ശുക്ലപക്ഷത്തിലെ ചതുര്‍ദശി ദിവസങ്ങളില്‍ അവന്‍ ദേവീഭക്തനാണ്. ദേവിയെ അമ്മയായി ആരാധിച്ചുകൊണ്ട് അവന്‍ പറയും” അമ്മേ ഞാന്‍ അമ്മയുടെ മാത്രം ഭക്തനാണ്. എന്‍റെ എല്ലാം അമ്മയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നു.

അവന്‍റെ നിത്യനൈമത്തിക കര്‍മ്മങ്ങളുപേക്ഷിച്ചു, നവരാത്രി ദിവസം ദുര്‍ഗയെ പ്രകീര്‍ത്തിച്ചു നവചണ്ഡിസ്തോത്രം ചൊല്ലും. ഞായറാഴ്ച ദിവസങ്ങളില്‍ അവന്‍ ഭൈരവനെ പൂജിക്കും. തിങ്കളാഴ്ച തോറും ബില്വപത്രവുമായി ശിവക്ഷേത്രത്തിലലേക്കോടും. നിത്യവും ഓരോ ഭര്‍ത്താക്കന്മാരെ ലഭിക്കുന്നതുകൊണ്ട് അഖന്ധസൗഭാഗ്യവതിയായിത്തീരുന്ന ഒരു തെരുവ്‍വേശ്യ എല്ലാവരിലും പ്രമം പ്രകടിപ്പിക്കുന്നതുപോലെ അവന്‍ അനവതരം ഓരോ ദൈവങ്ങളെയും ആരാധിക്കുന്നു. ഇപ്രകാരം എല്ലാ ദൈവങ്ങളുടെയും പിന്നാലെ പായുന്നവന്‍ അജ്ഞാനദേവനാണ്.

ഏകാന്തസ്ഥാനം, തപോവനം, തീര്‍ത്ഥസ്ഥാനം, ജലാശയതീരം തുടങ്ങിയ സ്ഥലങ്ങള്‍ ഇഷ്ടപ്പെടാത്തവന്‍ തികച്ചും അജഞാനിയാണ്. ഒരുവന് എത്രതന്നെ അറിവുണ്ടെങ്കിലും ആത്മാസാക്ഷാല്‍ക്കാരത്തിനുതകുന്ന ബ്രഹ്മവിദ്യയെ നിന്ദിക്കുന്നവനും അജ്ഞാനിയാണ്. അവന്‍ ഉപനിഷത്തുകള്‍ വായിക്കുകയോ യോഗശാസ്ത്രത്തില്‍ താല്‍പര്യം പ്രദര്‍ശിപ്പിക്കുകയോ അദ്ധ്യാത്മജ്ഞാനത്തില്‍ ആഭിമുഖ്യം കാണിക്കുകയോ ചെയ്യുന്നില്ല. പരം പൊരുളിന്‍റെ സ്വഭാവം ആത്മചര്‍ച്ചയിലൂടെ അറിയേണ്ടത് പരമപ്രധാനമായ വസ്തുതതന്നെയാണെന്ന് മനസ്സിലാക്കേണ്ട അവന്‍റെ മനസ്സ്, ബുദ്ധിയുടെ സംരക്ഷണഭിത്തി ഭേദിച്ച് പുറത്ത് ചാടി, അലഞ്ഞുനടക്കുന്ന കന്നുകാലികളെപ്പോലെ, അസ്വൈരതയോടെ ചുറ്റിത്തിരിഞ്ഞു നടക്കുന്നു.

വേദങ്ങളിലെ കര്‍മ്മസംഹിതകളെയും അനുഷ്ഠാനങ്ങളെയും പറ്റി അവന്‍ അഭിജ്ഞനാണ്. അവന് പുരാണങ്ങള്‍ മുഴുവനും കാണാപാഠമാണ്. ജ്യോതിഷത്തില്‍ നിപുണനായ അവന്‍റെ എല്ലാ പ്രവചങ്ങളും ശരിയായിരിക്കും. അവന്‍ കൊത്തുപണിയില്‍ വിദഗ്ദനും പാചകകലയില്‍ സമര്‍ത്‌ഥനുമാണ്. അഥര്‍വ വേദത്തിലെ ആഭിചാര്യവിദ്യകളെല്ലാം അവന്‍റെ വിരല്‍ത്തുമ്പിലുണ്ട്; കാമശാസ്ത്രത്തില്‍ കൂടുതല്‍ പഠിക്കേണ്ടതായി ഒന്നും ശേഷിച്ചിട്ടില്ല. മഹാഭാരതം മുഴുവന്‍ വായിച്ചിട്ടുണ്ടെന്നു മാത്രമല്ല, അതേപ്പറ്റി പ്രഭാഷണം നടത്താനുള്ള കഴിവും അവനുണ്ട്. വൈദ്യശാസ്ത്രത്തിലും നീതിശാസ്ത്രത്തിലും അവന്‍ നിപുണനാണ്. കാവ്യനാടകകലകളില്‍ അവനെ വെല്ലാന്‍ ആരും തന്നെയില്ല. അവന്‍ സ്മൃതികളില്‍ പാരംഗതനാണ്. വൈദികശബ്ദകോശം അവന് മനഃപാഠമാണ്. ഇന്ദ്രജാലത്തിന്‍റെ ഗൂഡതന്ത്രങ്ങള്‍ അവന് നല്ലതുപോലെ അറിയാം. വ്യാകരണ, തര്‍ക്കശാസ്ത്രങ്ങളില്‍ അവന്‍ പ്രവീണനാണു. എന്നാല്‍ അദ്ധ്യാത്മജ്ഞാനത്തിന്‍റെ കാര്യത്തില്‍ അവന്‍ ജന്മനാ അന്ധനാണ്. അദ്ധ്യാത്മജ്ഞാനത്തെ സംബന്ധിക്കുന്ന തത്ത്വശാസ്ത്രമൊഴികെയുള്ള മറ്റെല്ലാ ശാസ്ത്രങ്ങളിലും നൂതനതത്ത്വങ്ങളും മാര്‍ഗ്ഗങ്ങളും സൃഷ്ടിക്കാനുള്ള ജ്ഞാനം അവനുണ്ട്. ഛീ,ഛീ. അവന്‍റെ ജ്ഞാനം കൊണ്ട് എന്തു പ്രയോജനം? അവന്‍റെ ജ്ഞാനം അശുഭകരമായ നക്ഷത്രത്തില്‍ ജനിച്ച ഒരു ശിശുവിനെപ്പോലെയാണ്. അതിന് യാതൊരു ശ്രദ്ധയും കൊടുക്കരുത്. മയില്‍‌പ്പീലിയില്‍കാണുന്ന നിരവധി കണ്ണുകള്‍പോലെയാണത്. അതിലൊരെണ്ണം പോലും കാഴ്ചയുള്ളതല്ല.

മൃതസഞ്ജീവനച്ചെടിയുടെ വേരെങ്കിലും കിട്ടിയാല്‍ പിന്നെ മറ്റ് ഔഷധചെടികള്‍ വണ്ടി നിറയെ കൊണ്ടുവരേണ്ട കാര്യമുണ്ടോ? ദീര്‍ഘായുസ്സില്ലാത്ത ഒരുവന്‍റെ പാണിതലത്തില്‍ മറ്റ് ഭാഗ്യരേഖകളുണ്ടായിട്ടു എന്തു കാര്യം? തലയില്ലാത്ത ശരീരത്തില്‍ ആരെങ്കിലും ആഭരണം അണിയിക്കുമോ? വരനും വധുവും ഇല്ലാതെ എങ്ങനെയാണ് വിവാഹഘോഷയാത്ര പുറപ്പെടുന്നത്? അതുപോലെ ആദ്ധ്യാത്മജ്ഞാനമില്ലാത്ത ഒരു ജ്ഞാനവും ആധികാരികമായ ജ്ഞാനമല്ല. അല്ലയോ അര്‍ജ്ജുനാ യഥാര്‍ത്ഥമായ അധ്യാത്മജ്ഞാനമില്ലാത്ത വിദ്യാസമ്പന്നമായ വിഡ്ഢിയുടെ ശരീരം. അജ്ഞാനബീജത്തില്‍ നിന്നാണ് മുളച്ചതെന്നും, അവന്‍റെ വിദ്വത്വം അജ്ഞാനവല്ലരിയാണെന്നും അറിയുക. അവന്‍ സംസാരിക്കുന്നതെല്ലാം ആലങ്കാരികമായ അജ്ഞതയായിരിക്കും. അവന്‍ ചെയ്യുന്ന പുണ്യകര്‍മ്മങ്ങളില്‍ നിന്ന് ലഭികുന്നത്‌ അജ്ഞതയുടെ കനിയായിരിക്കും. അധ്യാത്മജ്ഞാനത്തെപ്പറ്റി അറിയാത്തവരില്‍ എങ്ങനെ അതിന്‍റെ പ്രാധാന്യം മനസ്സിലാക്കും? ഈ കരയിലെത്തുന്നതിനു മുമ്പ്തന്നെ തിരിഞ്ഞോടുന്നവന് മറുകരയിലെ കാര്യങ്ങള്‍ എങ്ങനെ അറിയാന്‍ കഴിയും? വാതില്‍ക്കല്‍ വെച്ചുതന്നെ കുഴിയില്‍ വീഴുന്ന ഒരുവന് വീടിനകത്തെ വസ്തുക്കള്‍ കാണാന്‍ കഴിയുമോ? അദ്ധ്യാത്മജ്ഞാനത്തോടെ ആഭിമുഖ്യമില്ലാത്ത ഒരുവന്‍ യഥാര്‍ത്ഥജ്ഞാനത്തെപ്പറ്റി അജ്ഞനാണ്. അര്‍ജുജുനാ ഇപ്രകാരമുള്ള ഒരുവനോട് ആദ്ധ്യാത്മികകാര്യങ്ങളെപ്പറ്റി സംസാരിക്കാനേ പാടില്ല.

ഒരു ഗര്‍ഭിണിക്ക്‌ കൊടുക്കുന്ന ആഹാരം അവളുടെ ഗര്‍ഭസ്ഥശിശുവിനും ലഭിക്കുന്നു. അതുപോലെ ജ്ഞാനത്തിന്‍റെ സ്വഭാവം വിശദീകരിക്കുമ്പോള്‍ അതിനുനേരെ വിപരീതമായ അജ്ഞാനത്തിന്‍റെ സ്വഭാവവും അതില്‍ ഉള്‍പ്പെട്ടിരിക്കും. ഒരു അന്ധനെ വിരുന്നിനു ക്ഷണിക്കുമ്പോള്‍ അവന്‍റെ വഴികാട്ടിക്കുള്ള ക്ഷണം കൂടി അതോടോപ്പമുണ്ടാകും. അതുപോലെ അജ്ഞാനത്തിന്‍റെ ലക്ഷണങ്ങള്‍ പ്രത്യേകമായി വിവരിക്കേണ്ട ആവശ്യമില്ല. ജ്ഞാനത്തിന്‍റെ സ്വഭാവങ്ങളായി മുമ്പ് പറഞ്ഞ ഇരുപതു കാര്യങ്ങള്‍ പ്രതികൂലരൂപത്തില്‍ പറയുമ്പോള്‍ അജ്ഞാനത്തിന്‍റെ സ്വഭാവം വ്യക്തമാകുന്നു.

ജ്ഞാനത്തിനെതിരായിട്ടുള്ളതെല്ലാം അജ്ഞാനം എന്നാണ് ഭഗവാന്‍ പറഞ്ഞിട്ടുള്ളത്. ഭഗവാന്‍റെ അധികാരപൂര്‍വമായ അഭിപ്രായത്തിന്‍റെ വെളിച്ചത്തിലാണ് ഞാന്‍ അജ്ഞാനത്തിന്‍റെ ലക്ഷണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിവിരിച്ചത് . പാലില്‍ വെള്ളം, കലര്‍ത്തി അതിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ? മൂലശ്ലോകത്തിലെ വക്കുകളുടെ അര്‍ത്ഥപരിധിലംഘിക്കാതെയും വിരസത തോന്നാത്ത വിധത്തിലും വികസിപ്പിക്കുകമാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്..

ജ്ഞാനേശ്വരന്‍റെ വിശദീകരണം കേട്ടുകൊണ്ടിരുന്ന ശ്രോതാക്കള്‍ പറഞ്ഞു:

കവികള്‍ക്ക്പോലും കവനശക്തി നല്കുന്നവനേ, എന്തിനാണ് അങ്ങ് ഇങ്ങനെയൊക്കെ പ്രസ്താവിക്കുന്നത്? അങ്ങയുടെ വിശദീകരണം അസ്സലായി. അതിനെ ന്യായീകരിക്കാന്‍ ഒന്നും പ്രത്യകം പറയേണ്ട ആവശ്യമില്ല. അങ്ങ് എന്തിനാണ് ഭയപ്പെടുന്നത്? ഭഗവാന്‍ ഗൂഡമായിവെച്ചകാര്യങ്ങള്‍ വെളിവാക്കാന്‍ അദ്ദേഹം തന്നെ അങ്ങയെ നിയോഗിച്ചതാണ്. ഭഗവാന്‍റെ അന്തരംഗരഹസ്യം മാത്രമാണ് അങ്ങ് ഉദ്ദീരണം ചെയ്തത്. അതു സ്തുത്യര്‍ഹമായ വിധത്തില്ല്‍ അങ്ങ് നിരവഹിച്ചുവെന്നു ഞങ്ങള്‍ പറഞ്ഞാല്‍ അങ്ങ് വികാരധീനനാകും. അതുകൊണ്ട് ഞങ്ങള്‍ അതു പറയുന്നില്ല. എന്നാല്‍ ഞങ്ങള്‍ ഇതുമാത്രം പറയാം. അങ്ങയുടെ പ്രഭാഷണമാകുന്ന ജ്ഞാനനൌകയില്‍ ഞങ്ങള്‍ നടത്തിയ യാത്ര ഉല്ലാസകരമായിരുന്നു. ഞങ്ങള്‍ അതു അങ്ങേയറ്റം ആസ്വദിച്ചു, ഇനിയും ഭഗവാന്‍ അര്‍ജ്ജുനനനോട് പറഞ്ഞ മറ്റു കാര്യങ്ങള്‍ ഞങ്ങളോട് പറഞ്ഞാലും.

ശ്രോതാക്കളുടെ അഭിനന്ദനവാക്കുകള്‍ കേട്ടു നിവൃത്തി നാഥിന്‍റെ ശിഷ്യന്‍ പറഞ്ഞു.

ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനനോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ പറയാം ശ്രദ്ധിച്ചു കേള്‍ക്കുക.

ഭഗവാന്‍ പറഞ്ഞു, അര്‍ജ്ജുനാ, നീ ഇപ്പോള്‍ കേട്ടതൊക്കെ അജ്ഞാനത്തിന്‍റെ ലക്ഷണങ്ങളും സ്വഭാവവുമാണ്. നീ അതിനെ അവഗണിക്കണം. നിന്‍റെ ചിന്ത എപ്പോഴും സ്ഥിരമായിജ്ഞാനത്തില്‍ ഉറച്ചുനില്‍ക്കണം. ജ്ഞാനത്തിന്‍റെ സഹായത്തോടെ നിനക്ക് ജ്ഞേയത്തെ കാണാന്‍ കഴിയും

ഇതുകേട്ടപ്പോള്‍ അര്‍ജ്ജ്ജുനന്‍ ആകാംഷാഭരിതനായി. ജനനത്തിന്‍റെ ലക്ഷ്യത്തിലെത്തുന്ന ജ്ഞാനസമ്പാദനത്തിനുള്ള അവന്‍റെ ആഗ്രഹം അധികരിച്ചു. ഇതു ദിവ്യദൃഷ്ട്യ മനസ്സിലാക്കിയ സര്‍വ്വജ്ഞനായ ഭഗവാന്‍ അരുള്‍ ചെയ്തു. ജ്ഞേയത്തെപ്പറ്റി ഞാന്‍ ഇപ്പോള്‍ പറയാം.