സമുദ്രലംഘനചിന്ത
പിന്നെക്കപിവരന്മാര്‍ കൗതുകത്തോടു-
മന്യോന്യമാശു പറഞ്ഞു തുടങ്ങിനാര്‍
ഉഗ്രം മഹാനക്രചക്രഭയങ്കര-
മഗ്രേ സമുദ്രമാലോക്യ കപികുലം
‘എങ്ങനെ നാമിതിനെക്കടക്കുന്നവാ-
റെങ്ങും മറുകര കാണ്മാനുമില്ലല്ലോ
ആവതല്ലാത്തതു ചിന്തിച്ചു ഖേദിച്ചു
ചാവതിനെന്തവകാശം കപികളേ!’
ശക്രതനയതനൂജനാമംഗദന്‍
മര്‍ക്കടനായകന്മാരോടു ചൊല്ലിനാന്‍
‘എത്രയും വേഗബലമുള്ള ശൂരന്മാര്‍
ശക്തിയും വിക്രമവും പാരമുണ്ടല്ലോ
നിങ്ങളെല്ലാവര്‍ക്കുമെന്നാലിവരില്‍ വ-
ച്ചിങ്ങുവന്നെന്നോടൊരുത്തന്‍ പറയണം
ഞാനിതിനാളെന്നവനല്ലോ നമ്മുടെ
പ്രാണനെ രക്ഷിച്ചുകൊള്ളുന്നതും ദൃഢം
സുഗ്രീവരാമസൗമിത്രികള്‍ക്കും ബഹു
വ്യഗ്രം കളഞ്ഞു രക്ഷിയ്ക്കുന്നതുമവന്‍’
അംഗദനിങ്ങനെ ചൊന്നതു കേട്ടവര്‍
തങ്ങളില്‍ത്തങ്ങളില്‍ നോക്കിനാരേവരും
ഒന്നും പറഞ്ഞീലൊരുത്തരുമംഗദന്‍
പിന്നെയും വാനരന്മാരോടു ചൊല്ലിനാന്‍
‘ചിത്തേ നിരൂപിച്ചു നിങ്ങളുടെ ബലം
പ്രത്യേകമുച്യതാമുദ്യോഗപൂര്‍വ്വകം’
ചാടാമെനിയ്ക്കു ദശയോജന വഴി
ചാടാമിരുപതെനിക്കെന്നൊരു കപി
മുപ്പതു ചാടാമെനിക്കെന്നപരനു-
മപ്പടി നാല്‍പതാമെന്നു മറ്റേവനും
അന്‍പതറുപതെഴുപതുമാമെന്നു-
മെണ്‍പതു ചാടാമെനിക്കെന്നൊരുവനും
തൊണ്ണൂറു ചാടുവാന്‍ ദണ്ഡമില്ലേകനെ-
ന്നര്‍ണ്ണവമോ നൂറു യോജനയുണ്ടല്ലോ
ഇക്കണ്ട നമ്മിലാര്‍ക്കും കടക്കാവത-
ല്ലിക്കടല്‍ മര്‍ക്കടവീരരേ നിര്‍ണ്ണയം
മുന്നം ത്രിവിക്രമന്‍ മൂന്നു ലോകങ്ങളും
ഛന്നമായ് മൂന്നടിയായളക്കും വിധൗ
യൗവനകാലേ പെരുമ്പറയും കൊട്ടി
മൂവേഴുവട്ടം വലത്തു വച്ചീടിനേന്‍
വാര്‍ദ്ധക്യഗ്രസ്തനായേനിദാനീം ലവ-
ണാബ്ധി കടപ്പാനുമില്ല വേഗം മമ
ഞാനിരുപത്തൊന്നു വട്ടം പ്രദക്ഷിണം
ദാനവാരിയ്ക്കു ചെയ്തേന്‍ ദശമാത്രയാ
കാലസ്വരൂപനാമീശ്വരന്‍ തന്നുടെ
ലീലകളോര്‍ത്തോളമത്ഭുതമെത്രയും’
ഇത്ഥമജാത്മജന്‍ ചൊന്നതു കെട്ടതി-
നുത്തരം വൃത്രാരിപൗത്രനും ചൊല്ലിനാന്‍
‘അങ്ങോട്ടു ചാടാമെനിയ്ക്കെന്നു നിര്‍ണ്ണയ-
മിങ്ങോട്ടു പോരുവാന്‍ ദണ്ഡമുണ്ടാകിലാം’
‘സാമര്‍ത്ഥ്യമില്ല മറ്റാര്‍ക്കുമെന്നാകിലും
സാമര്‍ത്ഥ്യമുണ്ടു ഭവാനിതിനെങ്കിലും
ഭൃത്യജനങ്ങളയയ്ക്കയില്ലെന്നുമേ
ഭൃത്യരിലേകനുണ്ടാമെന്നതേ വരൂ’
‘ആര്‍ക്കുമേയില്ല സാമര്‍ത്ഥ്യമനശനം
ദീക്ഷിച്ചു തന്നെ മരിക്ക നല്ലൂ വയം’
താരേയനേവം പറഞ്ഞോരനന്തരം
സാരസസംഭവനന്ദനന്‍ ചൊല്ലിനാന്‍
‘എന്തു ജഗല്‍പ്രാണനന്ദനനിങ്ങനെ
ചിന്തിച്ചിരിക്കുന്നതേതും പറയാതെ?
കുണ്ഠനായ്ത്തന്നെയിരുന്നുകളകയോ?
കണ്ടീല നിന്നെയൊഴിഞ്ഞു മറ്റാരെയും
ദാക്ഷായണീഗര്‍ഭപാത്രസ്ഥനായൊരു
സാക്ഷാല്‍ മഹാദേവബീജമല്ലോ ഭവാന്‍
പിന്നെ വാതാത്മജനാകയുമു,ണ്ടവന്‍-
തന്നോടു തുല്യന്‍ ബലവേഗമോര്‍ക്കിലോ
കേസരിയെക്കൊന്നു താപം കളഞ്ഞൊരു
കേസരിയാകിയ വാനരനാഥനു
പുത്രനായഞ്ജന പെറ്റുളവായൊരു
സത്വഗുണപ്രധാനന്‍ ഭവാന്‍ കേവലം
അഞ്ജനാഗര്‍ഭച്യുതനായവനിയി-
ലഞ്ജസാ ജാതനായ് വീണനേരം ഭവാന്‍
അഞ്ഞൂറു യോജന മേല്‍പോട്ടു ചാടിയ-
തും ഞാനറിഞ്ഞിരിക്കുന്നിതു മാനസേ
ചണ്ഡകിരണനുദിച്ചു പൊങ്ങുന്നേരം
മണ്ഡലം തന്നെതുടുതുടെക്കണ്ടു നീ
പക്വമെന്നോര്‍ത്തു ഭക്ഷിപ്പാനടുക്കയാല്‍
ശക്രനുടെ വജ്രമേറ്റു പതിച്ചതും
ദുഃഖിച്ചു മാരുതന്‍ നിന്നെയും കൊണ്ടുപോയ്-
പുക്കിതു പാതാളമപ്പോള്‍ ത്രിമൂര്‍ത്തികള്‍
മുപ്പത്തുമുക്കോടി വാനവര്‍ തമ്മൊടും
ഉല്‍പലസംഭവപുത്രവര്‍ഗ്ഗത്തോടും
പ്രത്യക്ഷമായ് വന്നനുഗ്രഹിച്ചീടിനാര്‍
മൃത്യുവരാ ലോകനാശം വരുമ്പൊഴും
കല്‍പാന്തകാലത്തുമില്ല മൃതിയെന്നു
കല്‍പിച്ചതിന്നിളക്കം വരാ നിര്‍ണ്ണയം
ആമ്‌നായസാരാര്‍ത്ഥമൂര്‍ത്തികള്‍ ചൊല്ലിനാര്‍
നാമ്‌നാ ഹനുമാനിവനെന്നു സാദരം
വജ്രം ഹനുവിങ്കലേറ്റു മുറികയാ-
ലച്ചരിത്രങ്ങള്‍ മറന്നിതോ മാനസേ?
നിന്‍ കൈയിലല്ലയോ തന്നതു രാഘവ-
നംഗുലീയമതുമെന്തിനെന്നോര്‍ക്ക നീ!
ത്വല്‍ ബലവീര്യവേഗങ്ങള്‍ വര്‍ണ്ണിപ്പതി-
നിപ്രപഞ്ചത്തിങ്കലാര്‍ക്കുമാമല്ലെടോ’
ഇത്ഥം വിധിസുതന്‍ ചൊന്ന നേരം വായു-
പുത്രനുമുത്ഥയ സത്വരം പ്രീതനായ്
ബ്രഹ്മാണ്ഡമാശു കുലുങ്ങുമാറൊന്നവന്‍
സമ്മദാല്‍ സിംഹനാദം ചെയ്തരുളിനാന്‍
വാമനമൂര്‍ത്തിയെപ്പോലെ വളര്‍ന്നവന്‍
ഭൂമിധരാകാരനായ്നിന്നു ചൊല്ലിനാന്‍
‘ലംഘനം ചെയ്തു സമുദ്രത്തെയും പിന്നെ
ലങ്കാപുരത്തെയും ഭസ്മമാക്കി ക്ഷണാല്‍
രാവണനെക്കുലത്തോടുമൊടുക്കി ഞാന്‍
ദേവിയേയും കൊണ്ടുപോരുവനിപ്പൊഴേ
അല്ലായ്കിലോ ദശകണ്ഠനെബ്ബന്ധിച്ചു
മെല്ലവേ വാമകരത്തിലെടുത്തുടന്‍
കൂടത്രയത്തോടു ലങ്കാപുരത്തെയും
കൂടെ വലത്തു കരത്തിലാക്കിക്കൊണ്ടു
രാമാന്തികേ വച്ചു കൈതൊഴുതീടുവന്‍
രാമാംഗുലീയമെന്‍ കൈയിലുണ്ടാകയാല്‍’
മാരുതി വാക്കു കേട്ടോരു വിധിസുത-
നാരൂഢകൗതുകം ചൊല്ലിനാന്‍ പിന്നെയും
‘ദേവിയെക്കണ്ടു തിരിയേ വരിക നീ
രാവണനോടെതിര്‍ത്തീടുവാന്‍ പിന്നെയാം
നിഗ്രഹിച്ചീടും ദശാസ്യനെ രാഘവന്‍
വിക്രമം കാട്ടുവാനന്നേരമാമല്ലോ
പുഷ്കരമാര്‍ഗ്ഗേണ പോകും നിനക്കൊരു
വിഘ്നം വരായ്ക! കല്യാണം ഭവിക്ക! തേ
മാരുതദേവനുമുണ്ടരികേ തവ
ശ്രീരാമകാര്യാര്‍ത്ഥമായല്ലോ പോകുന്നു’
ആശിര്‍വ്വചനവും ചെയ്തു കപികുല-
മാശു പോകെന്നു വിധിച്ചോരനന്തരം
വേഗേന പോയ് മഹേന്ദ്രത്തിന്‍ മുകളേറി
നാഗാരിയെപ്പോലെ നിന്നു വിളങ്ങിനാന്‍
ഇത്ഥം പറഞ്ഞറിയിച്ചോരു തത്തയും
ബദ്ധമോദത്തോടിരുന്നിതക്കാലമേ
(ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ കിഷ്കിന്ധാകാണ്ഡം സമാപ്തം)