MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ലങ്കാലക്ഷ്മീമോക്ഷം

ഉടല്‍ കടുകിനൊടു സമമിടത്തു കാല്‍ മുമ്പില്‍ വ-
ച്ചുള്ളില്‍ കടപ്പാന്‍ തുടങ്ങും ദശാന്തരേ
കഥിനതരമലറിയൊരു രജനിചരി വേഷമായ്-
കാണായിതാശു ലങ്കാ ശ്രീയെയും തദാ
“ഇവിടെ വരുവതിനു പറകെന്തുമൂലം ഭവാ-
നേകനായ് ചോരനോ ചൊല്ലു നിന്‍ വാഞ്ഛിതം
അസുരസുര നര പശുമൃഗാദി ജന്തുക്കള്‍ മ-
റ്റാര്‍ക്കുമേ വന്നുകൂടാ ഞാനറിയാതെ
ഇതിപരുഷവചനമൊടണഞ്ഞു താഡിച്ചിതൊ-
ന്നേറെ രോഷേണ താഡിച്ചു കപീന്ദ്രനും
രഘുകുലജ വരസചിവ വാമമുഷ്ടി പ്രഹാ-
രേണ പതിച്ചു വമിച്ചിതു ചോരയും
കപിവരനൊടവളുമെഴുനേറ്റു ചൊല്ലീടിനാള്‍:
“കണ്ടേനെടോ തവ ബാഹുബലം സഖേ!
വിധിവിഹിതമിതു മമ പുരൈവ ധാതാവു താന്‍
വീരാ! പറഞ്ഞിതെന്നോടിതു മുന്നമേ
സകല ജഗധിപതി സനാതനന്‍
മാധവന്‍ സാക്ഷാല്‍ മഹാവിഷ്ണുമൂര്‍ത്തി നാരായണന്‍
കമലദല നയന നവനിയിലവതരിക്കു മുള്‍-
ക്കാരുണ്യമോട്ഷ്ടവിംശതിപര്യയേ
ദശരഥനൃപതിതനയനായ് മമ പ്രാര്‍ത്ഥനാല്‍
ത്രേതായുഗേ ധര്‍മ്മദേവരക്ഷാര്‍ത്ഥമായ്
ജനകനൃപവരനു മകളായ് നിജമായയും
ജാതയ‍ാം പംക്തിമുഖ വിനാശത്തിനായ്
സരസിരുഹനയനനടവിയലഥ തപസ്സിനായ്
സഭ്രാതൃഭാര്യനായ് വാഴും ദശാന്തരേ
ദശവദനനവനിമകളെയുമപഹരിച്ചുടന്‍
ദക്ഷിണ വാരിധി പുക്കിരിക്കുന്ന നാള്‍
സപദി രഘുവരനൊടരുണജനു സാചിവ്യവും
സംഭവിക്കും പുനസ്സുഗ്രീവശാസനാല്‍
സകലദിശി കപികള്‍ തിരവാന്‍ നടക്കുന്നതില്‍
സന്നദ്ധനായ് വരുമേകന്‍ തവാന്തികേ
കലഹമവനൊടു ഝടിതി തുടരുമളവെത്രയും
കാതരയായ് വരും നീയെന്നു നിര്‍ണ്ണയം
രണനിപുണനൊടു ഭവതി താഡനവും കൊണ്ടു
രാമദൂതന്നു നല്‍കേണമനുജ്ഞയും
ഒരു കപിയൊടൊരു ദിവസമടി ഝടിതി കൊള്‍കില്‍ നീ-
യോടി വാങ്ങിക്കൊള്ളുകെന്നു വിരിഞ്ചനും
കരുണയൊടുഗതകപടമായ് നിയോഗിക്കയാല്‍
കാത്തിരുന്നേനിവിടം പല കാലവും
രഘുപതിയൊടിനിയൊരിടരൊഴികെ നടകൊള്‍ക നീ
ലങ്കയും നിന്നാല്‍ ജിതയായിതിന്നെടോ!
നിഖില നിശിചര കുലപതിക്കു മരണവും
നിശ്ചയമേറ്റമടുത്തു ചമഞ്ഞിതു
ഭഗവദനുചര! ഭവതു ഭാഗ്യം ഭവാനിനി-
പ്പാരാതെ ചെന്നു കണ്ടീടുക ദേവിയെ
ത്രിദശകുലരിപുദശമുഖാന്തഃപുരവരേ
ദിവ്യ ലീലാവനേ പാദപസംകുലേ
നവകുസുമ ഫലസഹിത വിടപിയുത ശിംശപാ
നാമവൃക്ഷത്തിന്‍ ചുവട്ടിലതിശുചാ
നിശിചരികള്‍ നടുവിലഴലൊടുമരുവിടുന്നെടോ!
നിര്‍മ്മല ഗാത്രിയ‍ാം ജാനകി സന്തതം
ത്വരിതമവള്‍ ചരിതമുടനവനൊടറിയിക്ക പോ-
യംബുധിയും കടന്നംബരാന്തേ ഭവാന്‍
അഖില ജഗദധിപതി രഘൂത്തമന്‍ പാതുമാ-
മസ്തുതേ സ്വസ്തിരത്യുത്തമോത്തംസമേ!
ലഘുമധുര വചനമിതി ചൊല്ലി മറഞ്ഞിതു
ലങ്കയില്‍ നിന്നു വാങ്ങീ മലര്‍മങ്കയും