MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

സീതാഹനുമല്‍‌സംവാദം

ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു-
മുറ്റവരായിട്ടൊരുത്തരുമില്ലമേ
മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീല
മാനവ വീരനുമെന്നെ മറന്നിതു
കളവനിഹ വിരവിനൊടു ജീവനുമദ്യ ഞാന്‍
കാകുത്സ്ഥനും കരുണാഹീനനെത്രയും
മനസി മുഹുരിവ പലതുമോര്‍ത്തു സന്താപേന
മന്ദമന്ദമെഴുനേറ്റു നിന്നാകുലാല്‍
തരളഹൃദയമൊടു ഭര്‍ത്താരമോര്‍ത്തോര്‍ത്തു
താണു കിടന്നൊരു ശിംശപാ ശാഖയും
സഭയപരവശ തരളമാലംബ്യ ബാഷ്പവും
സന്തതം വാര്‍ത്തു വിലാപം തുടങ്ങിനാന്‍
“ജഗദമലനയനരവിഗോത്രേ ദശരഥന്‍
ജാതനായാനവന്‍ തന്നുടെ പുത്രരായ്
രതിരമണതുല്യരായ് നാലുപേരുണ്ടിതു
രാമഭരതസൌമിത്രി ശത്രുഘ്നന്മാര്‍
രജനിചരകുലനിധന ഹേതുഭൂതന്‍ പിതു-
രാജ്ഞയാ കാനനം തന്നില്‍ വാണീടിനാന്‍
ജനകനൃപസുതയുമവരജനുമായ് സാദരം
ജാനകീദേവിയെത്തത്ര ദശാനനന്‍
കപടയതി വേഷമായ്ക്കട്ടു കൊണ്ടീടിനാന്‍
കാണാഞ്ഞു ദുഃഖിച്ചു രാമനും തമ്പിയും
വിപിനഭുവി വിരവോടു തിരഞ്ഞുനടക്കുമ്പോള്‍
വീണുകിടക്കും ജടായുവിനെക്കണ്ടു
പരമഗതിപുനരവനു നല്‍കിയമ്മാല്യവല്‍
പര്‍വ്വതപാര്‍ശ്വേ നടക്കുംവിധൌ തദാ
തരണിസുതനൊടു സപദി സഖ്യവും ചെയ്തിതു
സത്വരം കൊന്നിതു ശക്രസുതനെയും
തരണിതനയനുമഥ കപീന്ദ്രനായ് വന്നിതു
തല്‍ പ്രത്യുപകാരമാശു സുഗ്രീവനും
കപിവരരെ വിരവിനൊടു നാലുദിക്കിങ്കലും
കണ്ടുവരുവാനയച്ചോരനന്തരം
പുനരവരിലൊരുവനഹമത്ര വന്നീടിനേന്‍
പുണ്യവാനായ സമ്പാതി തന്‍ വാക്കിനാല്‍
ജലനിധിയുമൊരു ശതക യോജനാവിസ്തൃതം
ചെമ്മേ കുതിച്ചു ചാടിക്കടന്നീടിനേന്‍
രജനിചരപുരിയില്‍ മുഴുവന്‍ തിരഞ്ഞേനഹം
രാത്രിയിലത്ര താതാനുഗ്രഹവശാല്‍
തതനികരവരമരിയ ശിംശപാവൃക്ഷവും
തന്മൂലദേശേ ഭവതിയേയും മുദാ
കനിവിനൊടു കണ്ടു കൃതാര്‍ഥനായേനഹം
കാമലാഭാല്‍ കൃതകൃത്യനായീടിനേന്‍
ഭഗവദനുചരരിലഹമഗ്രേസരന്‍ മമ
ഭാഗ്യമഹോ! മമ ഭാഗ്യം നമോസ്തുതേ”
പ്ലവഗകുലവരനിതി പറഞ്ഞടങ്ങീടിനാന്‍
പിന്നെയിളകാതിരുന്നാനരക്ഷണം
“കിമിതി രഘുകുലവരചരിത്രം ക്രമേണ മേ
കീര്‍ത്തിച്ചിതാകാശമാര്‍ഗ്ഗേ മനോഹരം
പവനനുരു കൃപയൊടു പറഞ്ഞു കേള്‍പ്പിക്കയോ
പാപിയാമെന്നുടെ മാനസ ഭ്രാന്തിയോ?
സുചിരതരമൊരുപൊഴുതുറങ്ങാതെ ഞാനിഹ
സ്വപ്നമോ കാണ്മാനവകാശമില്ലല്ലോ
സരസതരപതിചരിതമാശു കര്‍ണ്ണാമൃതം
സത്യമായ് വന്നിതാവൂ മമ ദൈവമേ!
ഒരു പുരുഷനിതു മമപറഞ്ഞുവെന്നാകില-
ത്യത്തമന്‍ മുമ്പില്‍ മേ കാണായ് വരേണമേ“
ജനകനൃപദുഹിതൃവചനം കേട്ടു മാരുതി
ജാതമോദം മന്ദമന്ദമിറങ്ങിനാന്‍
വിനയമൊടുമവനിമകള്‍ ചരണ നളിനാന്തികേ
വീണു നമസ്കരിച്ചാന്‍ ഭക്തിപൂര്‍വ്വകം
തൊഴുതു ചെറുതകലെയവനാശു നിന്നീടിനാന്‍
തുഷ്ട്യാ കലപിംഗതുല്യശരീരനായ്
ഇവിടെ നിശിചരപതി വലീ മുഖവേഷമാ-
യെന്നെ മോഹിപ്പിപ്പതിന്നു വരികയോ
ശിവ ശിവ! കിമിതി കരുതി മിഥിലാ നൃപപുത്രിയും
ചേതസി ഭീതി കലര്‍ന്നു മരുവിനാള്‍
കുസൃതി ദശമുഖനു പെരുതെന്നു നിരൂപിച്ചു
കുമ്പിട്ടിരുന്നിതു കണ്ടു കപീന്ദ്രനും
“ശരണമിഹ ചരണസരസിജമഖിലനായികേ!
ശങ്കിക്കവേണ്ട കുറഞ്ഞൊന്നുമെന്നെ നീ
തവസചിവനഹമിഹ തഥാവിധനല്ലഹോ!
ദാസോസ്മി കോസലേന്ദ്രസ്യ രാമസ്യ ഞാന്‍
സുമുഖി! കപികുലതിലകനായ സൂര്യാത്മജന്‍
സുഗ്രീവഭൃത്യന്‍ ജഗല്പ്രാണ നന്ദനന്‍
കപടമൊരുവരൊടുമൊരു പൊഴുതു മറിയുന്നീല
കര്‍മ്മണാ വാചാ മനസാപി മാതാവേ!”
പവനസുതമധുരതര വചനമതു കേട്ടുടന്‍
പത്മാലയദേവി ചോദിച്ചിതാദരാല്‍
“ഋതമൃജുമൃദുസ്ഫുടവര്‍ണ്ണവാക്യം തെളി-
ഞ്ഞിങ്ങനെ ചൊല്ലുന്നവര്‍ കുറയും തുലോം
സദയമിഹ വദ മനുജവാനരജാതികള്‍
തങ്ങളില്‍ സംഗതി സംഭവിച്ചീടുവാന്‍
കലിതരുചി ഗഹനഭുവി കാരണമെന്തെടോ!
കാരുണ്യവാരാന്നിധേ! കപികുഞ്ജര!
തിരുമനസി ഭവതി പെരികെ പ്രേമനുണ്ടെന്ന-
തെന്നോടു ചൊന്നതിന്‍ മൂലവും ചൊല്ലു നീ.”
“ശൃണുസുമുഖി! നിഖിലമഖിലേശ വൃത്താന്തവും
ശ്രീരാമദേവനാണെ സത്യമോമലേ!
ഭവതി പതിവചനമവലംബ്യ രണ്ടംഗമാ-
യാശ്രയാശങ്കലുമാശ്രമത്തിങ്കലും
മരുവിനതു പൊഴുതിലൊരു കനകമൃഗമാലോക്യ
മാനിനു പിന്നേ നടന്നു രഘുപതി
നിശിതതരവിശിഖഗണചാപവുമായ് ചെന്നു
നീചന‍ാം മാരീചനെക്കൊന്നു രാഘവന്‍
ഉടനുടലുമുലയ മുഹുരുടജഭുവി വന്നപോ-
തുണ്ടായ വൃത്താന്തമോ പറയാവതോ?
ഉടനവിടെയവിടെയടവിയിലടയ നോക്കിയു-
മൊട്ടു കരഞ്ഞു തിരഞ്ഞുഴലും വിധൌ
ഗഹനഭുവി ഗഗനചരപതി ഗരുഡസന്നിഭന്‍
കേണുകിടക്കും ജടായുവിനെക്കണ്ടു
അവനുമഥ തവ ചരിതമഖിലമറിയിയിച്ചള-
വാശു കൊടുത്തിതു മുക്തിപക്ഷീന്ദ്രനും
പുനരടവികളിലവരജേന സാകംദ്രുതം
പുക്കു തിരഞ്ഞു കബന്ധഗതി നല്‍കി
ശബരി മരുവിന മുനിവരാശ്രമേ ചെന്നുടന്‍
ശാന്താത്മകന്‍ മുക്തിയും കൊടുത്തീടിനാന്‍
അഥ ശബരിവിമലവചനേന പോന്നൃശ്യമൂ-
കാദ്രിപ്രവരപാര്‍ശ്വേ നടക്കും വിധൌ
തപനസുതനിരുവരെയുമഴകിനൊടു കണ്ടതി-
താല്പര്യമുള്‍ക്കൊണ്ടയച്ചിതെന്നെത്തദാ
ബത! രവികുലോത്ഭവന്മാരുടെ സന്നിധൌ
ബ്രഹ്മചാരീവേഷമാലംബ്യ ചെന്നു ഞാന്‍
നൃപതികുലവരഹൃദയമഖിലവുമറിഞ്ഞതി
നിര്‍മ്മലന്മാരെച്ചുമലിലെടുത്തുടന്‍
തരണിസുതനികടഭുവികൊണ്ടു ചെന്നീടിനേന്‍
സഖ്യം പരസ്പരം ചെയ്യിച്ചിതാശു ഞാന്‍
ദഹനനെയുമഴകിനൊടു സാക്ഷിയാക്കിക്കൊണ്ടു
ദണ്ഡമിരുവര്‍ക്കുമാശു തീര്‍ത്തീടുവാന്‍
തരണിസുതഗൃഹിണ്യെ ബലാലടക്കിക്കൊണ്ട-
താരാപതിയെ വധിച്ചു രഘുവരന്‍
ദിവസകരതനയനു കൊടുത്തിതു രാജ്യവും;
ദേവിയെയാരാഞ്ഞു കാണ്മാന്‍ കപീന്ദ്രനും
പ്ലവഗകുലപരിവൃഫരെ നാലു ദിക്കിങ്കലും
പ്രത്യേകമേകൈകലക്ഷം നിയോഗിച്ചാന്‍
അതുപൊഴുതു രഘുപതിയുമലിവൊടരികേ വിളി-
ച്ചംഗുലീയം മമകൈയില്‍ നല്‍കീടിനാന്‍
ഇതു ജനകനൃപതി മകള്‍ കയ്യില്‍ കൊടുക്ക നീ
എന്നുടെ നാമാക്ഷരാന്വിതം പിന്നെയും
സപദിതവ മനസിഗുരുവിശ്വാസസിദ്ധയേ
സാദരം ചൊന്നാനടയാളവാക്യവും
അതുഭവതി കരതളിരിലിനി വിരവില്‍ നല്‍കുവ
നാലോകയാലോകയാനന്ദപൂര്‍വ്വകം“
ഇതി മധുരതരമനിലതനയനുരചെയ്തുട
നിന്ദിരാദേവിതന്‍ കയ്യില്‍ നല്‍കീടിനാന്‍
പുനരധികവിനയമൊടു തൊഴുതുതൊഴുതാദരാ-
ല്പിന്നോക്കില്‍ വാണുവണങ്ങി നിന്നീടിനാന്‍
മിഥിലനൃപ സുതയുമതുകണ്ടതി പ്രീതയായ്
മേന്മേലൊഴുകുമാനന്ദ ബാഷ്പാകുലാല്‍
രമണമിവ നിജശിരസി കനിവിനൊടു ചേര്‍ത്തിതു
രാമനാമാങ്കിതമംഗുലീയം മുദാ
പ്ലവഗകുല പരിവൃഢ! മഹാമതിമാന്‍ ഭവാന്‍
പ്രാണദാതാ മമപ്രീതികാരീ ദൃഢം
ഭഗവതി പരാത്മനി ശ്രീനിധൌ രാഘവേ
ഭക്തനതീവ വിശ്വാസ്യന്‍ ദയാപരന്‍
പലഗുണവുമുടയവരെയൊഴികെ മറ്റാരേയും
ഭര്‍ത്താവയയ്ക്കയുമില്ല മത്സന്നിധൌ
മമ സുഖവുമനുദിനമിരിക്കും പ്രകാരവും
മല്പരിതാപവും കണ്ടുവല്ലോ ഭവാന്‍
കമലദലനയനനകതളിരിലിനി മ‍ാം‌പ്രതി
കാരുണ്യമുണ്ട‍ാം പരിചറിയിക്ക നീ
രജനിചരവര നശനമാക്കുമെന്നെക്കൊണ്ടു
രണ്ടുമാസം കഴിഞ്ഞാലെന്നു നിര്‍ണ്ണയം
അതിനിടയില്‍ വരുവതിനു വേലചെയ്തീടുനീ
അത്രനാളും പ്രാണനെദ്ധരിച്ചീടുവന്‍
ത്വരിതമിഹദശമുഖനെ നിഗ്രഹിച്ചെന്നുടെ
ദുഃഖം കളഞ്ഞുരക്ഷിക്കെന്നു ചൊല്ലുനീ
അനിലതനയനുമഖിലജനനി വചനങ്ങള്‍ കേ-
ട്ടാകുലം തീരുവാനാശു ചൊല്ലീടിനാന്‍
അവനിപതി സുതനൊടടിയന്‍ ഭവദ്വാര്‍ത്തക-
ളങ്ങുണര്‍ത്തിച്ചു കൂടുന്നതിന്‍ മുന്നമേ
അവരനുജനുമഖിലകപികുലബലവുമായ് മുതി-
ര്‍ന്നാശു വരുമതിനില്ലൊരു സംശയം
സുതസചിവ സഹജസഹിതം ദശഗ്രീവനെ
സൂര്യാത്മജാലായത്തിന്നയയ്ക്കും ക്ഷണാല്‍
ഭവതിയെയുമതികരുണമഴകിനൊടു വീണ്ടു നിന്‍
ഭര്‍ത്താവയോദ്ധ്യയ്ക്കെഴുന്നള്ളുമാദരാല്‍”
ഇതിപവനസുത വചനമുടമയൊടു കേട്ടപോ-
തിനിന്ദിരാദേവി ചോദിച്ചരുളീടിനാള്‍
“ഇഹവിതതജലനിധിയെ നിഖിലകപിസേനയൊ-
ടേതൊരുജാതി കടന്നുവരുന്നതും
മനുജപരിവൃഢനെയുമവരജനെയുമന്‍പോടു
മറ്റുള്ളവാനര സൈന്യത്തേയും ക്ഷണാല്‍
മമ ചുമലില്‍ വിരവിനൊടേടുത്തു കടത്തുവന്‍
മൈഥിലീ! കിംവിഷാദം വൃഥാ മാനസേ
ലഘുതരമമിത രജനിചരകുലമശേഷേണ
ലങ്കയും ഭസ്മമാക്കീടുമനാകുലം
ദ്രുതമതിനു സുതനു! മമദേഹ്യനുജ്ഞാമിനി-
ദ്രോഹം വിനാ ഗമിച്ചീടുവനോമലേ!
വിരഹ കലുഷിതമനസി രഖുവരനു മ‍ാം പ്രതി
വിശ്വാസമാശു വന്നീടുവനായ് മുദാ
തരിക സരഭസമൊരടയാളവും വാക്യവും
താവകം ചൊല്ലുവാനായരുള്‍ ചെയ്യണം”
ഇതിപവനതനയവചനേന വൈദേഹിയു-
മിത്തിരിനേരം വിചാരിച്ചു മാനസേ
ചികുരഭരമതില്‍ മരുവുമമല ചൂഡാമണി
ചിന്മയി മാരുതി കൈയില്‍ നല്‍കീടിനാള്‍
“ശൃണുതനയ! പുനരൊരടയാളവാക്യം ഭവാന്‍
ശ്രുത്വാ ധരിച്ചു കര്‍ണ്ണേ പറഞ്ഞീടു നീ
സപദിപുനരതു പൊഴുതു വിശ്വാസമെന്നുടെ
ഭര്‍ത്താവിനുണ്ടായ് വരുമെന്നു നിര്‍ണ്ണയം
ചിരമമിതസുഖമൊടുരു തപസി ബഹുനിഷ്ഠയാ
ചിത്രകൂടാചലത്തിങ്കല്‍ വാഴുംവിധൌ
പലലമതു പരിചിനൊടുണക്കുവാന്‍ ചിക്കി ഞാന്‍
പാര്‍ത്തതും കാത്തിരുന്നീടും ദശാന്തരേ
തിരുമുടിയുമഴകിനൊടുമടിയില്‍ മമ വെച്ചുടന്‍
തീര്‍ത്ഥപാദന്‍ വിരവോടുറങ്ങീടിനാന്‍
അതുപൊഴുതിലതി പലലശകലങ്ങള്‍ കൊത്തീടിനാന്‍
ഭക്ഷിച്ചു കൊള്ളുവാനെന്നോര്‍ത്തു ഞാന്‍ തദാ
പരുഷതരമുടനുടനെടുത്തെറിഞ്ഞീടിനേന്‍
പാഷാണജാലങ്ങള്‍ കൊണ്ടതു കൊണ്ടവന്‍
വപുഷി മമ ശിതചരണനഖരതുണ്ഢങ്ങളാല്‍
വായ്പോടു കീറിനാനേറെക്കുപിതനായ്
പരമ പുരുഷനുമുടനുണര്‍ന്നു നോക്കും വിധൌ
പാരമൊലിക്കുന്ന ചോരകണ്ടാകുലാല്‍
തൃണകുശകലമതികുപിതനായെടുത്തശ്രമം
ദിവ്യാസ്ത്രമന്ത്രം ജപിച്ചയച്ചീടിനാന്‍
സഭയമവനഖിലദിശി പാഞ്ഞുനടന്നിതു
സങ്കടം തീര്‍ത്തു രക്ഷിച്ചു കൊണ്ടീടുവാന്‍
അമരപതി കമലജഗിരീശ മുഖ്യന്മാര്‍ക്കു-
മാവതല്ലെന്നയച്ചോരവസ്ഥാന്തരേ
രഘുതിലകനടി മലരിവശമൊടു വീണിതു
രക്ഷിച്ചു കൊള്ളേണമെന്നെക്കൃപാനിധേ!
അപരമൊരു ശരണമിഹ നഹി നഹി നമോസ്തുതേ
ആനന്ദമൂര്‍ത്തേ! ശരണം നമോസ്തുതേ
ഇതിസഭയമടിമലരില്‍ വീണു കേണീടിനാ-
നിന്ദ്രാത്മജന‍ാം ജയന്തനുമന്നേരം
സവിതൃകുലതിലകനഥ സസ്മിതം ചൊല്ലിനാന്‍
സായകം നിഷ്ഫലമാകയില്ലെന്നുമേ
അതിനു തവ നയനമതിലൊന്നുപോ നിശ്ചയ-
മന്തരമില്ല നീ പൊയ്ക്കൊള്‍ക നിര്‍ഭയം
ഇതിസദയമനു ദിവസമെന്നെ രക്ഷിച്ചവ-
നിന്നുപേക്ഷിച്ചതെന്തെന്നുടെ ദുഷ്കൃതം
ഒരു പിഴയുമൊരു പൊഴുതിലവനൊടു ചെയ്തീല ഞാ-
നോര്‍ത്താലിതെന്നുടെ പാപമേ കാരണം”
വിവിധമിതി ജനകനൃപദുഹിതൃവചനം കേട്ടു
വീരന‍ാം മാരുതപുത്രനും ചൊല്ലിനാന്‍
“ഭവതി പുനരിവിടെ മരുവീടുന്നതേതുമേ
ഭര്‍ത്താവറിയാക കൊണ്ടുവരാഞ്ഞതും
ഝടിതി വരുമിനി നിശിചരൌഘവും ലങ്കയും
ശാഖാമൃഗാവലി ഭസ്മാക്കും ദൃഡം”
പവനസുതവചനമിതി കേട്ടു വൈദേഹിയും
പാരിച്ച മോദേന ചോദിച്ചരുളിനാള്‍!
“അധികകൃശതനുരിഹ ഭവാന്‍ കപിവീരരു-
മീവണ്ണമുള്ളവരല്ലയോ ചൊല്ലു നീ
നിഖില നിശിചരരചലനിഭവിപുലമൂര്‍ത്തികള്‍
നിങ്ങളവരോടെതിര്‍ക്കുന്നതെങ്ങനെ?”
പവനജനുമവനിമകള്‍ തുല്യനായ് നിന്നാതിദ്രുതം
അഥമിഥിലനൃപതിസുതയോടു ചൊല്ലീടിനാ-
നഞ്ജനാപുത്രന്‍ പ്രഭഞ്ജനനന്ദനന്‍!
“ഇതു കരുതുക കമലരിലിങ്ങനെയുള്ളവ-
രിങ്ങിരുപത്തൊന്നു വെള്ളം പടവരും”
പവനസുത മൃദുവചനമിങ്ങനെ കേട്ടുടന്‍
പത്മപത്രാക്ഷിയും പാര്‍ത്തു ചൊല്ലീടിനാള്‍ !
“അതിവിമലനമിത ബലനാശര വംശത്തി-
നന്തകന്‍ നീയതിനന്തരമില്ലെടോ!
രജനിവിരവൊടു കഴിയുമിനിയുഴറുകെങ്കില്‍ നീ
രാക്ഷസസ്ത്രീകള്‍ കാണാതെ നിരാകുലം
ജലനിധിയുമതിചപലമിന്നേ കടന്നങ്ങു-
ചെന്നു രഘുവരനെ കാണ്‍കനന്ദന!
മമചരിതമഖിലമറിയിച്ചു ചൂഡാരത്ന-
മാശു തൃക്കയ്യില്‍ കൊടുക്ക വിരയേ നീ
വിരവിനൊടു വരിക രവിസുതനു മുരു സൈന്യവും
വീരപുമാന്മാരിരുവരുമായ് ഭവാന്‍
വഴിയിലൊരു പിഴയുമുപരോധമെന്നിയേ
വായുസുതാ! പോകനല്ലവണ്ണം ധ്രുവം”
വിനയഭയകുതുക ഭക്തി പ്രമോദാന്വിതം
വീരന്‍ നമസ്കരിച്ചീടിനാനന്തികേ
പ്രിയവചനസഹിതനഥ ലോക മാതാവിനെ-
പ്പിന്നെയും മൂന്നു വലത്തു വച്ചീടിനാന്‍
“വിട തരിക ജനനീ! വിടകൊള്‍വാനടിയനു
വേഗേന ഖേദംവിനാ വാഴ്ക സന്തതം”
ഭവതു ശുഭമയി തനയ! പഥി തവ നിരന്തരം
ഭര്‍ത്താരമാശു വരുത്തീടുകത്ര നീ
സുഖമൊടിഹ ജഗതി സുചിരം ജീവ ജീവ നീ
സ്വസ്ത്യസ്തു പുത്ര! തേസുസ്ഥിരശക്തിയും”
അനിലതനയനുമഖില ജനനിയൊടു സാദരം
ആശീര്‍വചനമാദായ പിന്‍‌വാങ്ങിനാന്‍.