MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ലങ്കാമര്‍ദ്ദനം

ചെറുതകലെയൊരു വിടപിശിഖിരവുമമര്‍ന്നവന്‍
ചിന്തിച്ചുകണ്ടാന്‍ മനസി ജിതശ്രമം
പരപുരിയിലൊരു നൃപതികാര്യാര്‍ത്ഥമായതി-
പാടവമുള്ളൊരു ദൂതം നിയോഗിച്ചാല്‍
സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ
സ്വസ്വാമി കാര്യത്തിനന്തരമെന്നിയേ
നിജഹൃദയചതുരതയൊടപരമൊരു കാര്യവും
നീതിയോടേ ചെയ്തു പോമവനുത്തമന്‍
അതിനു മുഹുറഹമഖില നിശിചരകുലേശനെ-
യന്‍പോടു കണ്ടു പറഞ്ഞു പോയീടണം
അതിനു പെരുവഴിയുമിതു സുദൃഡമിതി ചിന്ത ചെ-
യതാരാമമൊക്കെപ്പൊടിച്ചു തുടങ്ങിനാന്‍
മിഥിലനൃപമകള്‍ മരുവുമതിവിമല ശിംശപാ-
വൃക്ഷമൊഴിഞ്ഞുളാതൊക്കെത്തകര്‍ത്തവന്‍
കുസുമദലഫലസഹിതഗുല്‍മവല്ലീതരു-
ക്കൂട്ടങ്ങള്‍ പൊട്ടിയലറി വീഴും വിധൌ
ജനനിവഹഹയ ജനന നാദഭേദങ്ങളും
ജംഗമജാതികളായ പതത്രികള്‍
അതിഭയമൊടഖിലദിശിദിശി ഖലു പറന്നുടന്‍
ആകാശമൊക്കെപ്പരന്നൊരു ശബ്ദവും
രജനിചരപുരി ഝടിതി കീഴ്മേല്‍ മറിച്ചിതു
രാമദൂതന്‍ മഹാവീര്യപരാക്രമന്‍
ഭയമൊടതു പൊഴുതു നിശിചരികളുമുണര്‍ന്നിതു
പാര്‍ത്തനേരം കപിവീരനെക്കാണായി
“ഇവനമിത ബലസഹിതനിടിനികരമൊച്ചയു-
മെന്തൊരു ജന്തുവിതെന്തിനു വന്നതും?
സുമുഖി! തവനികടഭുവി നിന്നു വിശേഷങ്ങള്‍
സുന്ദരഗാത്രി ! ചൊല്ലീലയോ ചൊല്ലെടോ!
മനസി ഭയമധികമിവനെക്കണ്ടു ഞങ്ങള്‍ക്കു
മര്‍ക്കടാകരം ധരിച്ചിരിക്കുന്നതും
നിശിതമസി വരുവതിനു കാരണമെന്തു ചൊല്‍
നീയറിഞ്ഞീലയോ ചൊല്ലിവനാരെടോ”
“രജനിചരകുലരചിതമായകളൊക്കവേ
രാത്രിഞ്ചരന്മാര്‍ക്കൊഴിഞ്ഞറിയാവതോ?
ഭയമിവനെ നികടഭുവി കണ്ടുമന്മാനസേ
പാരം വളരുന്നതെന്താവതീശ്വരാ!”
അവനിമകളവരൊടിതു ചൊന്ന നേരത്തവ-
രാശു ലങ്കേശ്വരനോടു ചൊല്ലീടിനാര്‍
“ഒരു വിപിനചരനമിതബലനചലസന്നിഭ-
നുദ്യാനമൊക്കെപ്പൊടിച്ചു കളഞ്ഞിതു
പൊരുവതിനു കരുതിയവനപഗത ഭയാകുലം
പൊട്ടിച്ചിതു ചൈത്യപ്രാസാദമൊക്കവേ
മുസലധരനനിശമതു കാക്കുന്നവരെയും
മുല്‍പ്പെട്ടു തച്ചുകൊന്നീടിനാനശ്രമം
ഭുവനമതിലൊരുവരെയുമവനു ഭയമില്ലഹോ
പോയീലവനവിടുന്നിനിയും പ്രഭോ!”
ദശവദനനിതി രജനിചരികള്‍ വചനം കേട്ടു
ദന്ദശൂകോപമക്രോധവിവശനായ്
“ഇവനിവിടെ നിശിതമസി ഭയമൊഴിയെ വന്നവ-
നേതുമെളിയവനല്ലെന്നു നിര്‍ണ്ണയം
നിശിതശരകുലിശ മുസലാദ്യങ്ങള്‍ കൈക്കൊണ്ടു
നിങ്ങള്‍ പോകാശു നൂറായിരം വീരന്മാര്‍”
നിശിചരകുലാധിപാജ്ഞാകാരന്മാരതി
നിര്‍ഭയം ചെല്ലുന്നതുകണ്ടു മാരുതി
ശിഖരികുലമൊടുമവനി മുഴുവനിളകുംവണ്ണം
സിംഹനാദം ചെയ്തതു കേട്ടു രാക്ഷസര്‍
സഭയതരഹൃദയമഥ മോഹിച്ചുവീണിതു
സംഭ്രമത്തോടടുത്തീടിനാര്‍ പിന്നെയും
ശിതവിശിഖ മുഖനിഖില ശസ്ത്രജാലങ്ങളെ
ശീഖ്രം പ്രയോഗിച്ചനേരം കപീന്ദ്രനും
മുഹുരുപരി വിരവിനൊടുയര്‍ന്നു ജിതശ്രമം
മുദ്ഗരം കൊണ്ടു താഡിച്ചൊടുക്കീടിനിനാന്‍
നിയുതനിശിചരനിധനനിശമന ദശാന്തരേ
നിര്‍ഭരം ക്രുദ്ധിച്ചു നക്തഞ്ചരേന്ദ്രനും
അഖിലബലപതിവരരിലൈവരെച്ചെല്ലുകെ-
ന്നത്യന്തരോഷാല്‍ നിയോഗിച്ചനന്തരം
പരമരണ നിപുണനൊടെതിര്‍ത്തു പഞ്ചത്വവും
പഞ്ചസ്നേനാധിപന്മാര്‍ക്കും ഭവിച്ചിതു
തദനുദശവദനുനുദിതക്രുധാ ചൊല്ലിനാന്‍
“തദ്ബലമത്ഭുതം മദ്ഭയോദ്ഭൂതിതം
പരിഭവമൊടമിതബല സഹിതമപി ചെന്നൊരു
പഞ്ചസേനാധിപന്മാര്‍ മരിച്ചീടിനാര്‍
ഇവനെ മമനികട ഭുവിഝടിതിസഹജീവനോ-
ടിങ്ങു ബന്ധിച്ചു കൊണ്ടന്നു വച്ചീടുവാന്‍
മഹിതമതിബല സഹിതമെഴുവരൊരുമിച്ചുടന്‍
മന്ത്രിപുത്രന്മാര്‍ പുറപ്പെടുവിന്‍ ഭൃശം”
ദശവദനവച നിശമനബല സമന്വിതം
ദണ്ഡമുസലഖഡ്ഗേഷു ചാപാദികള്‍
കഠിനതരമലറി നിജകരമതിലെടുത്തുടന്‍
കര്‍ബുരേന്ദ്രന്മാരെടുത്താര്‍ കപീന്ദ്രനും
ഭുവനതലമുലയെ മുഹുരലറി മരുവും വിധൌ
ഭൂരിശസ്ത്രം പ്രയോഗിച്ചാരനുക്ഷണം
അനിലജനുമവരെ വിരവോടു കൊന്നീടിനാ-
നാശുലോഹസ്തംഭ താഡനത്താലഹോ!
നിജസചിവതനയരെഴുവരുമമിത സൈന്യവും
നിര്‍ജ്ജരലോകം ഗമിച്ചതു കേള്‍ക്കയാല്‍
മനസിദശമുഖനുമുരുതാപവും ഭീതയും
മാനവും ഖേദവും നാണവും തേടിനാന്‍
“ഇനിയൊരുവനിവനൊടു ജയിപ്പതിനില്ലമ-
റ്റിങ്ങനെ കണ്ടീല മറ്റു ഞാനാരെയും
ഇവരൊരുവരെതിരിടുകിലസുരസുരജാതിക-
ളെങ്ങുമേനില്‍ക്കുമാറില്ല ജഗത്ത്രയേ
അവര്‍ പലരുമൊരു കപിയൊടേറ്റു മരിച്ചിത-
ങ്ങയ്യോ! സുകൃതം നശിച്ചിതുമാമകം”
പലവുമിതി കരുതിയൊരു പരവശത കൈക്കൊണ്ടു
പാരം തളര്‍ന്നൊരു താതനോടാദരാല്‍
വിനയമൊടു തൊഴുതിളയമകനുമുരചെയ്തിതു
വീരപുംസാമിദം യോഗ്യമല്ലേതുമേ
അലമമലമിതറികിലനുചിതമഖില ഭൂഭൃതാ-
മാത്മഖേദം ധൈര്യശൌര്യതേജോഹരം
അരിവരനെ നിമിഷമിഹ കൊണ്ടുവരുവനെ”-
ന്നക്ഷകുമാരനും നിര്‍ഗ്ഗമിച്ചീടിനാന്‍
കപിവരനുമതുപൊഴുതു തോരണമേറിനാന്‍
കാണായിതക്ഷകുമാരനെസ്സന്നിധൌ
ശരനികരശകലിത ശരീരനായ് വന്നിതു
ശാഖാമൃഗാധിപന്‍ താനുമതുനേരം
മുനിവിനൊടു ഗഗനഭുവി നിന്നു താണാശു ത-
ന്മൂര്‍ദ്ധനി മുദ്ഗരം കൊണ്ടെറിഞ്ഞീടിനാന്‍
ശക്തനാമക്ഷകുമാരന്‍ മനോഹരന്‍
വിബുധകുലരിപു നിശിചരാധിപന്‍ രാവണന്‍
വൃത്താന്തമാഹന്ത കേട്ടു ദുഃഖാര്‍ത്തനായ്
അമരപതിജിതമമിതബലസഹിതമാത്മജ-
മാത്മഖേദത്തോടണച്ചു ചൊല്ലീടിനാന്‍
“പ്രിയതനയ! ശൃണുവചനമിഹ തവ സഹോദരന്‍
പ്രേതാധിപാലയം പുക്കിതു കേട്ടീലേ
മമ സുതനെ രണശിരസി കൊന്ന കപീന്ദ്രനെ
മാര്‍ത്താണ്ഡജാലയത്തിന്നയച്ചീടുവാന്‍
ത്വരിതമഹതുല ബലമോടു പോയീടുവന്‍
ത്വല്‍ കനിഷ്ഠോദകം പിന്നെ നല്‍കീടുവന്‍”
ഇതിജനകവചന മലിവോടു കേട്ടാദരാ
ലിന്ദ്രജിത്തും പറഞ്ഞീടിനാന്‍ തല്‍ക്ഷണേ:
“ത്യജ മനസി ജനക! തവശോകം മഹാമതേ!
തീര്‍ത്തുകൊള്‍വന്‍ ഞാന്‍ പരിഭവമൊക്കവേ
മരണവിരഹിതനവനതിനില്ല സംശയം
മറ്റൊരുത്തന്‍ ബലാലത്ര വന്നീടുമോ!
ഭയമവനുമരണകൃതമില്ലെന്നു കാണ്‍കില്‍ ഞാന്‍
ബ്രഹ്മാസ്ത്രമെയ്തു ബന്ധിച്ചു കൊണ്ടീടുവന്‍
ഭുവനതലമഖിലമരവിന്ദോത്ഭവാദിയ‍ാം
പൂര്‍വ്വദേവാരികള്‍ തന്നവരത്തിനാല്‍
വലമഥനമപിയുധി ജയിച്ച നമ്മോടൊരു
വാനരന്‍ വന്നെതിരിട്ടതു മത്ഭുതം!
അതുകരുതുമളവിലിഹ നാണമാമെത്രയും
ഹന്തുമശക്യോപി ഞാനവിളംബിതം
കൃതിഭിരപി നികൃതിഭിരപി ഛത്മനാപി വാ
കൃച്ഛ്രേണ ഞാന്‍ ത്വല്‍ സമീപേ വരുത്തുവന്‍
സപദി വിപദുപഗതമിഹ പ്രമദാകൃതം
സമ്പദ്വിനാശകരം പരം നിര്‍ണ്ണയം
സസുഖമിഹ നിവസ മയി ജീവതി ത്വം വൃഥാ
സന്താപമുണ്ടാക്കരുതു കരുതു മ‍ാം“
ഇതി ജനകനൊടു നയഹിതങ്ങള്‍ സൂചിപ്പിച്ചുട-
നിന്ദ്രജിത്തും പുറപ്പെട്ടു സന്നദ്ധനായ്
രഥകവചവിശിഖധനുരാദികള്‍ കൈക്കൊണ്ടു
രാമദൂതം ജേതുമാശു ചെന്നീടിനാന്‍
ഗരുഡനിഭനഥ ഗഗനമുല്പതിച്ചീടിനാന്‍
ഗര്‍ജ്ജനപൂര്‍വ്വകം മാരുതി വീര്യവാന്‍
ബഹുമതിയുമകതളിരില്‍ വന്നു പരസ്പരം
ബാഹുബലവീര്യവേഗങ്ങള്‍ കാണ്‍കയാല്‍
പവനസുതശിരസി ശരമഞ്ചുകൊണ്ടെയ്തിതു
പാകാരിജിത്തായ പഞ്ചാസ്യവിക്രമന്‍
അഥസപദി ഹൃദി വിശിഖമെട്ടു കൊണ്ടെയ്തു മ-
റ്റാറാറുബാണം പദങ്ങളിലും തദാ
ശിതവിശിഖമധികതരമൊന്നു വാല്‍ മേലെയ്തു
സിംഹനാദേന പ്രപഞ്ചം കുലുക്കിനാന്‍
തദനു കപികുലതിലകനമ്പു കൊണ്ടാര്‍ത്തനായ്
സ്തംഭേന സൂതനെക്കൊന്നിതു സത്വരം
തുരഗയുതരഥവുമഥഝടിതി പൊടിയാക്കിനാന്‍
ദൂരത്തു ചാടിനാന്‍ മേഘനിനാദനും
അപരമൊരു രഥ മധിക വിതതമുടനേറി വ-
ന്നസ്ത്രശസ്ത്രൌഘവരിഷം തുടങ്ങിനാന്‍
രുഷിതമതി ദശവദനതനയ ശരപാതേന
രോമങ്ങള്‍ നന്നാലു കീറി കപീന്ദ്രനും
അതിനുമൊരുകെടുതിയവനില്ലെന്നു കാണ്‍കയാ-
ലംഭോജസംഭവബാണമെയ്തീടിനാന്‍
അനിലജനുമതിനെ ബഹുമതിയൊടുടനാദരി-
ച്ചാഹന്ത! മോഹിച്ചു വീണിതു ഭൂതലേ
ദശവദനസുതനനിലതനയനെ നിബന്ധിച്ചു
തന്‍പിതാവിന്‍ മുമ്പില്‍ വച്ചു വണങ്ങിനാന്‍
പവനജനു മനസിയൊരു പീഡയുണ്ടായീല
പണ്ടു ദേവന്മാര്‍ കൊടുത്ത വരത്തിനാല്‍
നളിനദലനേത്രന‍ാം രാമന്‍ തിരുവടി
നാമാമൃതം ജപിച്ചീടും ജനം സദാ
അമലഹൃദി മധുമഥന ഭക്തിവിശുദ്ധരാ-
യജ്ഞാനകര്‍മ്മകൃത ബന്ധനം ക്ഷണാല്‍
സുചിരവിരചിതമപി വിമുച്യ ഹരിപദം
സുസ്ഥിരം പ്രാപിക്കുമില്ലൊരു സംശയം
രഘുതിലകചരണയുഗമകതളിരില്‍ വച്ചൊരു
രാമദൂതന്നു ബന്ധം ഭവിച്ചീടുമോ?
മരണജനിമയ വികൃതി ബന്ധമില്ലാതോര്‍ക്കു
മറ്റുള്ള ബന്ധനം കൊണ്ടെന്തു സങ്കടം?
കപടമതികലിത കരചരണ വിവശത്വവും
കാട്ടിക്കിടന്നു കൊടുത്തോരനന്തരം
പലരുമതികുതുകമൊടു നിശിചരണമണഞ്ഞുടന്‍
പാശഖണ്ഡേന ബന്ധിച്ചതു കാരണം
ബലമിയലുമമരരിപു കെട്ടിക്കിടന്നെഴും
ബ്രഹ്മാസ്ത്ര ബന്ധനം വേര്‍പെട്ടിതപ്പോഴേ
വ്യഥയുമവനകതളിരിലില്ലയെന്നാകിലും
ബദ്ധനെന്നുള്ള ഭാവം കളഞ്ഞീലവന്‍
നിശിചരരെടുത്തു കൊണ്ടാര്‍ത്തു പോകും വിധൌ
നിശ്ചലനായ്ക്കിടന്നാന്‍ കാര്യഗൌരവാല്‍