ശ്രീ ചട്ടമ്പിസ്വാമികള്‍ രചിച്ച ക്രിസ്തുമതച്ഛേദനം PDF ആയി ഡൗണ്‍ലോഡ് ചെയ്യൂ, വായിക്കൂ. [ 13.7 MB, 120 പേജുകള്‍ ]

ഗ്രന്ഥത്തില്‍ നിന്ന്:

ക്ഷേത്രാരാധനയ്ക്ക് പോകുന്ന ഭക്തരായ ഹിന്ദുക്കളെ തടഞ്ഞു നിര്‍ത്തി ‘പിശാചിനെ തൊഴാന്‍ പോകരുതെന്നും സത്യദൈവമായ ദൈവത്തെ വിശ്വസിച്ചു തങ്ങളുടെ മതത്തില്‍ ചേരണമെന്നും’ പാതിരിമാര്‍ ധൈര്യമായി പൊതുനിരത്തില്‍ പ്രസംഗിച്ചിരുന്ന കാലത്ത്, അതിനെ എതിര്‍ക്കാനോ മറുപടി പറയാനോ ആരുംതന്നെ ഇല്ലായിരുന്നു എന്നതുകണ്ട ശ്രീ ചട്ടമ്പിസ്വാമി, ഷണ്മുഖദാസന്‍ എന്ന പേരില്‍ ക്രിസ്തുമതച്ഛേദനം എന്ന ഈ ഗ്രന്ഥം എഴുതി അച്ചടിച്ച്‌ പ്രസിദ്ധീകരിച്ചു.

ഏറ്റുമാനൂര്‍  ഉത്സവത്തിന് കൂടുന്ന ഹിന്ദുക്കളെ സുവിശേഷപ്രസംഗം കേള്‍പ്പിക്കാന്‍ അന്ന് കോട്ടയത്ത് നിന്ന് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിനുമുന്നില്‍ വരിക പതിവായിരുന്നു. അങ്ങനെയുള്ള കാലഘട്ടത്തില്‍ കാളികാവ് നീലകണ്ഠപ്പിള്ള അവര്‍കളെ ക്രിസ്തുമതച്ഛേദനം എഴുതിക്കൊടുത്തു പഠിപ്പിച്ചു ഏറ്റുമാനൂര്‍ ക്ഷേത്ര പരിസരത്തുവെച്ച് ആദ്യമായി പ്രസംഗിപ്പിച്ചു. തുടര്‍ന്ന് ശ്രീ ടി നീലകണ്ഠപിള്ളയും കരുവാ കൃഷ്ണനാശാനും കേരളമൊട്ടുക്ക് സഞ്ചരിച്ചു ആശയങ്ങള്‍ പ്രചരിപ്പിച്ച് പാതിരിപ്രസ്ഥാനത്തെ കുറെയെല്ല‍ാം സ്തംഭിപ്പിച്ചു.

ക്രിസ്തുമതച്ഛേദനം ( ക്രിസ്തുമത ഛേദനം ) എന്ന ഈ ഗ്രന്ഥത്തിന്റെ ഒന്ന‍ാംഭാഗം ക്രിസ്തുമതസാരവും രണ്ട‍ാം ഭാഗം ക്രിസ്തുമത നിരൂപണവും ആണ്. ബൈബിളില്‍ അടങ്ങിയിട്ടുള്ള ക്രിസ്തുമത തത്ത്വങ്ങളുടെ ചുരുക്കം ഭംഗിയ‍ാംവണ്ണം ക്രിസ്തുമതസാരത്തില്‍ അടക്കിയിട്ടുണ്ട്.

ശ്രീ ചട്ടമ്പി സ്വാമികള്‍ ഈ ഗ്രന്ഥത്തിന്റെ പൂര്‍വപീഠിക തുടങ്ങുന്നത് നോക്കൂ.

അല്ലയോ മഹാജനങ്ങളെ എന്റെ ഈ ഉപക്രമം ക്രിസ്തുമതത്തിന്റെ തത്വത്തെ ഏഴകളായിരിക്കുന്ന ജനങ്ങളുടെ ഹൃദയത്തില്‍ ധരിപ്പിക്കുന്നതിനാകുന്നു.. ക്രിസ്തുമതസ്ഥന്മാരായ പാതിരിമാര്‍ മുതലായ ഓരോരോ കുക്ഷിംഭരികള്‍ നമ്മുടെ ഹിന്ദുമതത്തെയും ഈശ്വരനെയും ശ്രുതി, സ്മൃതി മുതലായ ആപ്തവാക്യങ്ങളെയും ന്യായംകൂടാതെ ദുഷിച്ചും അജ്ഞാനകുഠാരം, ത്രിമൂര്‍ത്തിലക്ഷണം, കുരുട്ടുവഴി, മറുജന്മം, സല്‍ഗുരുലാഭം, സത്യജ്ഞാനോദയം, സമയപരീക്ഷ, ശാസ്ത്രം, ‘പുല്ലേലി കുംച്ചു’ മുതലായ ദൂഷണപുസ്തകങ്ങളെ അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്തുകൊണ്ട് സാധുക്കളും അജ്ഞന്‍മാരുമായ പുലയര്‍‍, ചാന്നാര്‍‍, പറയര്‍ മുതലായ ഹിന്ദുക്കളുടെ മനസ്സിനെ തൊപ്പി, കുപ്പായം മുതലായതുകളെ കൊടുത്ത് മയക്കി ഭേദിപ്പിച്ചു സ്വമതമാര്‍ഗ്ഗത്തില്‍ ഏര്‍പ്പെടുത്തി നരകത്തിന് പാത്രീഭവിപ്പിക്കുന്നതിനെ ന‍ാം കണ്ടുംകേട്ടുമിരുന്നുകൊണ്ട് ഈ മഹാപാതകത്തിനെ തടയാന്‍ യാതൊരു കഴിവും സമ്പാദിക്കാതെ അടങ്ങിയിരിക്കുന്നത് അല്പവും ഉചിതമല്ലെന്ന് മാത്രമല്ല, ഈ ഉദാസീനതയില്‍ വച്ച് ഹിന്ദുക്കളിലിതുവരെ അഞ്ചിലൊരു ഭാഗത്തോളം ജനങ്ങള്‍ ഈ അപകടത്തില്‍ അകപ്പെട്ടു പോകുന്നതിനും മേലും ഈ കഷ്ടത പ്രചാരപ്പെടുത്തുന്നതിനും അതു നിമിത്തം നമുക്കും നമ്മുടെ സന്തതികള്‍ക്കും ഐഹികാമുത്രികങ്ങളായ അനേകഫലങ്ങള്‍ക്ക് തടസ്സം സംഭവിക്കുന്നതിനും സംഗതിയായി തീര്‍ന്നിരിക്കുന്നു.

ഈ സ്ഥിതിക്ക് നമ്മുടെ ഹിന്ദുക്കളിലുള്ള പണ്ഡിതന്‍മാരെല്ലാപേരും സ്വകാര്യത്തില്‍ത്തന്നെ വ്യഗ്രിച്ചു കാലക്ഷേപം ചെയ്യാതെ അനിര്‍വാച്യ മഹിമയുടെയും അത്യന്തപുണ്യത്തിന്റെയും ശ്രുംഗാടകമായിരിക്കുന്ന ഈ പരോപകാരത്തില്‍ കൂടി സ്വല്പം ദൃഷ്ടിവച്ചിരുന്നുവെങ്കില്‍ ഈ ജനോപദ്രവം എത്രയോ എളുപ്പത്തില്‍ ദൂരീഭവിപ്പിക്കുന്നതിനും അതു നിമിത്തം അനേക ജീവന്മാര്‍ ഈലോകപരലോകങ്ങളില്‍ സുഖിക്കുന്നതിനും സംഗതിയാകുമെന്നുള്ളത് ഞ്ഞാന്‍ പറയണമെന്നില്ലല്ലോ. ഹിന്ദുക്കളായ മഹാന്മാരെ! നിങ്ങള്‍ ഇനിയെങ്കിലും അടങ്ങിയിരിക്കാതെ അവരവരുടെ ശക്തിക്കുതകും വണ്ണം വിദ്യകൊണ്ടോ ധനംകൊണ്ടോ കഴിയുന്നതും ഉത്സാഹിച്ചു ഈ ക്രിസ്തുമതദുരാചാരങ്ങളെ നിവൃത്തിപ്പിക്കുവാന്‍ തുനിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു.‍

ശ്രീ ചട്ടമ്പിസ്വാമികള്‍ രചിച്ച ക്രിസ്തുമതച്ഛേദനം PDF ആയി ഡൗണ്‍ലോഡ് ചെയ്യൂ, വായിക്കൂ. [ 13.7 MB, 120 പേജുകള്‍ ]