സംന്യാസയോഗഃ

അര്‍ജുന ഉവാച
സംന്യാസം കര്‍മണ‍ാം കൃഷ്ണ പുനര്‍യോഗം ച ശംസസി
യച്ഛ്രേയ ഏതയോരേകം തന്മേ ബ്രൂഹി സുനിശ്ചിതം (1)

അര്‍ജുനന്‍ പറഞ്ഞു: ഹേ കൃഷ്ണാ, സന്യാസവും പിന്നെ ക‍ര്‍മ്മയോഗവും അങ്ങ് ഉപദേശിക്കുന്നു. ഈ രണ്ടില്‍ ഏതാണ് ശ്രേയസ്കരം എന്നത് നിശ്ചിതമായി എനിക്ക് പറഞ്ഞു തരിക.

ശ്രീഭഗവാനുവാച
സംന്യാസഃ കര്‍മയോഗശ്ച നിഃശ്രേയസകരാവുഭൌ
തയോസ്തു കര്‍മസംന്യാസാത്കര്‍മയോഗോ വിശിഷ്യതേ (2)

ശ്രീ ഭഗവാന്‍ പറഞ്ഞു: സന്യാസവും കര്‍മയോഗവും രണ്ടും മുക്തിപ്രദമാണ്. എന്നാല്‍ ആ രണ്ടില്‍ ക‍ര്‍മ്മസന്യാസത്തെ അപേക്ഷിച്ച് ക‍ര്‍മ്മ യോഗമാണ് ശ്രേഷ്ഠം.

ജ്ഞേയഃ സ നിത്യസംന്യാസീ യോ ന ദ്വേഷ്ടി ന ക‍ാംക്ഷതി
നിര്‍ദ്വന്ദ്വോ ഹി മഹാബാഹോ സുഖം ബന്ധാത്പ്രമുച്യതേ (3)

മഹാബാഹോ, ഏതൊരുവന്‍ ദ്വേഷിക്കുകയും ക‍ാംക്ഷിക്കുകയും ചെയ്യുന്നില്ലയോ അവന്‍ നിത്യസന്യാസി എന്നറിയുക. എന്തുകൊണ്ടെന്നാല്‍ ദ്വന്ദ്വാതീതന്‍ ബന്ധത്തില്‍നിന്ന് നിഷ്‌പ്രയാസം മുക്തനാകുന്നു.

സ‍ാംഖ്യയോഗൌ പൃഥഗ്ബാലാഃ പ്രവദന്തി ന പണ്ഡിതാഃ
ഏകമപ്യാസ്ഥിതഃ സമ്യഗുഭയോര്‍വിന്ദതേ ഫലം (4)

സ‍ാംഖ്യവും യോഗവും വെവ്വേറെയായി അജ്ഞന്മാര്‍ പറയുന്നു. പണ്ഡിതന്‍മാര്‍ അങ്ങനെ പറയുന്നില്ല. ഒന്നെങ്കിലും വേണ്ടവിധം അനുഷ്ഠിക്കുന്ന പക്ഷം രണ്ടിന്റെയും ഫലം ലഭിക്കും.

യത്സാങ്ഖ്യൈഃ പ്രാപ്യതേ സ്ഥാനം തദ്യോഗൈരപി ഗമ്യതേ
ഏകം സ‍ാംഖ്യം ച യോഗം ച യഃ പശ്യതി സ പശ്യതി (5)

ഏത് സ്ഥാനം സ‍ാംഖ്യന്മാര്‍ നേടുമോ അത് യോഗികളും നേടും. സ‍ാംഖ്യവും യോഗവും ഒന്നുതന്നെയെന്ന് കാണുന്നവനത്രെ സത്യത്തെ കാണുന്നവ‌ന്‍‍!

സംന്യാസസ്തു മഹാബാഹോ ദുഃഖമാപ്തുമയോഗതഃ
യോഗയുക്തോ മുനിര്‍ബ്രഹ്മ നചിരേണാധിഗച്ഛതി (6)

ഹേ മഹാബാഹോ, എന്നാല്‍ സന്യാസം യോഗം കൂടാതെ പ്രാപിക്കാന്‍ പ്രയാസമാണ്. യോഗനിഷ്ഠനായ മുനി വേഗത്തില്‍ ബ്രഹ്മത്തെ പ്രാപിക്കുന്നു.

യോഗയുക്തോ വിശുദ്ധാത്മാ വിജിതാത്മാ ജിതേന്ദ്രിയഃ
സര്‍വ്വഭൂതാത്മഭൂതാത്മാ കുര്‍വ്വന്നപി ന ലിപ്യതേ (7)

യോഗയുക്തനും പരിശുദ്ധാത്മാവും മനോജയം നേടിയവനും ജിതേന്ദ്രിയനും സര്‍വഭൂതങ്ങളെയും ആത്മതുല്യനായി കാണുന്നവനും ആയവന്‍ ക‍ര്‍മ്മം ചെയ്യുന്നെങ്കിലും ബദ്ധനായിത്തീരുന്നില്ല.

നൈവ കിഞ്ചിത്കരോമീതി യുക്തോ മന്യേത തത്ത്വവിത്
പശ്യന്‍ ശൃണ്വന്‍ സ്പൃശഞ്ജിഘ്രന്നശ്നന്‍ ഗച്ഛന്‍സ്വപന്‍ ശ്വസന്‍ (8)
പ്രലപന്വിസൃജന്‍ ഗൃഹ്ണന്നുന്മിഷന്നിമിഷന്നപി
ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഷു വര്‍ത്തന്ത ഇതി ധാരയന്‍ (9)

യോഗയുക്തനായ തത്വജ്ഞന്‍ കാണുക, കേള്‍ക്കുക, സ്പര്‍ശിക്കുക, മണക്കുക, ഭക്ഷിക്കുക, നടക്കുക, ഉറങ്ങുക, ശ്വസിക്കുക, സംസാരിക്കുക, മലമൂത്രവിസ‍ര്‍ജനം ചെയ്യുക, എടുക്കുക, കണ്ണുതുറക്കുക, കണ്ണടയ്ക്കുക, ഇവയൊക്കെ ചെയ്താലും ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അറിഞ്ഞുകൊണ്ടുതന്നെ താന്‍ ഒന്നും ചെയ്യുന്നില്ല എന്ന് കരുതുന്നു.

ബ്രഹ്മണ്യാധായ കര്‍മാണി സംഗം ത്യക്ത്വാ കരോതി യഃ
ലിപ്യതേ ന സ പാപേന പദ്മപത്രമിവാമ്ഭസാ (10)

യാതൊരുവന്‍ ആസക്തി കൈവിട്ടു ബ്രഹ്മത്തില്‍ സമര്‍പ്പിച്ച് ക‍ര്‍മ്മം അനുഷ്ഠിക്കുന്നുവോ അവന്‍ വെള്ളത്താല്‍ നനക്കാന്‍ പറ്റാത്ത താമരയിലയെ പോലെ പാപത്താല്‍ മലിനമാക്കപ്പെടുന്നില്ല.

കായേന മനസാ ബുദ്ധ്യാ കേവലൈരിന്ദ്രിയൈരപി
യോഗിനഃ കര്‍മ കുര്‍വ്വന്തി സങ്ഗം ത്യക്ത്വാത്മശുദ്ധയേ (11)

ശരീരംകൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും ഇന്ദ്രിയങ്ങള്‍ മാത്രം കൊണ്ടും ആത്മാശുദ്ധിക്ക് വേണ്ടി യോഗികള്‍ നിസ്സംഗരായി ക‍ര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു.

യുക്തഃ കര്‍മഫലം ത്യക്ത്വാ ശാന്തിമാപ്നോതി നൈഷ്ഠികീം
അയുക്തഃ കാമകാരേണ ഫലേ സക്തോ നിബധ്യതേ (12)

യോഗയുക്തന്‍ ക‍ര്‍മ്മഫലം ഉപേക്ഷിച്ചു ദൃഡപ്രതിഷ്ഠമായ ശാന്തി കൈവരിക്കുന്നു. യുക്തനല്ലാത്തവന്‍ കാമം മൂലം ഫലത്തില്‍ ആസക്തനായി ബദ്ധനായിത്തീരുനു.

സര്‍വ്വകര്‍മാണി മനസാ സംന്യസ്യാസ്തേ സുഖം വശീ
നവദ്വാരേ പുരേ ദേഹീ നൈവ കുര്‍വ്വന്ന കാരയന്‍ (13)

സര്‍വ ക‍ര്‍മ്മങ്ങളും മനസ്സ് കൊണ്ടു ഉപേക്ഷിച്ച് ഇന്ദ്രിയ മനോജയം നേടിയ ദേഹധാരിയായ ജീവാത്മാവ് പ്രവര്‍ത്തിക്കാതെയും പ്രവര്‍ത്തിപ്പിക്കാതെയും ഒന്‍പതു വാതിലുള്ള പുരത്തില്‍ (ശരീരത്തില്‍) സുഖമായി വസിക്കുന്നു.

ന കര്‍ത്തൃത്വം ന കര്‍മാണി ലോകസ്യ സൃജതി പ്രഭുഃ
ന കര്‍മഫലസംയോഗം സ്വഭാവസ്തു പ്രവര്‍തതേ (14)

ഈശ്വരന്‍ പ്രാണികള്‍ക്ക് ക‍ര്‍മ്മങ്ങളെയോ, അവയുടെ ക‍ര്‍ത്തൃത്വത്തെയോ സൃഷ്ടിക്കുന്നില്ല. അവരെ ക‍ര്‍മ്മഫലത്തോടു സംയോജിപ്പിക്കുന്നുമില്ല. സ്വഭാവമാണ് പ്രവര്‍ത്തിക്കുന്നത്.

നാദത്തേ കസ്യചിത്പാപം ന ചൈവ സുകൃതം വിഭുഃ
അജ്ഞാനേനാവൃതം ജ്ഞാനം തേന മുഹ്യന്തി ജന്തവഃ (15)

ഈശ്വരന്‍ ആരുടേയും പാപവും സുകൃതവും സ്വീകരിക്കുന്നില്ല. ജ്ഞാനം അജ്ഞാനത്താല്‍ മറയ്ക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ജീവികള്‍ മോഹത്തിലാണ്ടുപോകുന്നു.

ജ്ഞാനേന തു തദജ്ഞാനം യേഷ‍ാം നാശിതമാത്മനഃ
തേഷാമാദിത്യവദ് ജ്ഞാനം പ്രകാശയതി തത്പരം (16)

എന്നാല്‍ ആരുടെ ഈ അജ്ഞാനം ആത്മജ്ഞാനത്താല്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്ക് ആദിത്യന്‍ വസ്തുക്കളെയെന്ന പോലെ ജ്ഞാനം പരമമായ ബ്രഹ്മത്തെ പ്രകാശിപ്പിക്കുന്നു.

തദ്ബുദ്ധയസ്തദാത്മാനസ്തന്നിഷ്ഠാസ്തത്പരായണാഃ
ഗച്ഛന്ത്യപുനരാവൃത്തിം ജ്ഞാനനിര്‍ധൂതകല്മഷാഃ (17)

ബ്രഹ്മത്തില്‍ മനസ്സൂന്നിയവരും ബ്രഹ്മതാദാത്മ്യം പ്രാപിച്ചവരും ബ്രഹ്മനിഷ്ഠരും ബ്രഹ്മത്തെക്കുറിച്ചല്ലാതെ മറ്റൊരു ചിന്തയില്ലാത്തവരു മായവര്‍ ജ്ഞാനത്താല്‍ പാപമകന്നു മോക്ഷപദത്തെ പ്രാപിക്കുന്നു.

വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാഃ സമദര്‍ശിനഃ (18)

വിദ്യാഭ്യാസവും വിനയവുമുള്ള ബ്രാഹ്മണനിലും, പശുവിലും, ആനയിലും, നായയിലും, ചണ്ഡാളനിലും ബ്രഹ്മജ്ഞാനികള്‍ സമദൃഷ്ടികളാകുന്നു.

ഇഹൈവ തൈര്‍ജിതഃ സര്‍ഗോ യേഷ‍ാം സാമ്യേ സ്ഥിതം മനഃ
നിര്‍ദോഷം ഹി സമം ബ്രഹ്മ തസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ (19)

ആരുടെ മനസ്സാണോ സമഭാവനയില്‍ പ്രതിഷ്ഠിതമായിരിക്കുന്നത് ഇവിടെ വച്ചു തന്നെ അവര്‍ സംസാരത്തെ ജയിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ബ്രഹ്മം നിര്‍ദ്ദോഷവും സമവുമാകുന്നു. അതുകൊണ്ടു അവര്‍ ബ്രഹ്മത്തില്‍ സ്ഥിതിചെയ്യുന്നവരത്രേ.

ന പ്രഹൃഷ്യേത്പ്രിയം പ്രാപ്യ നോദ്വിജേത്പ്രാപ്യ ചാപ്രിയം
സ്ഥിരബുദ്ധിരസമ്മൂഢോ ബ്രഹ്മവിദ് ബ്രഹ്മണി സ്ഥിതഃ (20)

പ്രിയം നേടി സന്തോഷിക്കുകയും, അപ്രിയം വന്നുചേ‍ര്‍ന്നാ‍ല്‍ ദുഖിക്കുകയും ചെയ്യാത്തവനും, സ്ഥിരബുദ്ധിയും, മോഹമില്ലാത്തവനും ആയവന്‍ ബ്രഹ്മജ്ഞനും ബ്രഹ്മത്തില്‍തന്നെ വര്‍ത്തിക്കുന്നവനുമാണ്.

ബാഹ്യസ്പര്‍ശേഷ്വസക്താത്മാ വിന്ദത്യാത്മനി യത്സുഖം
സ ബ്രഹ്മയോഗയുക്താത്മാ സുഖമക്ഷയമശ്നുതേ (21)

ബാഹ്യവിഷയങ്ങളില്‍ അനാസക്തനായവ‌‌‍ന്‍ ആത്മാവില്‍ ഏതു സുഖം അനുഭവിക്കുന്നുവോ അത് ബ്രഹ്മത്തില്‍ യോഗയുക്താത്മാവായിട്ടുള്ളവന്‍ എന്നും അനുഭവിക്കുന്നു.

യേ ഹി സംസ്പര്‍ശജാ ഭോഗാ ദുഃഖയോനയ ഏവ തേ
ആദ്യന്തവന്തഃ കൌന്തേയ ന തേഷു രമതേ ബുധഃ (22)

ഹേ കൌന്തേയാ, ഏതു വിഷയസുഖങ്ങളാണോ ഇന്ദ്രിയങ്ങളുടെ വിഷയസമ്പര്‍ക്കം കൊണ്ടു ഉണ്ടാകുന്നത് അത് ദുഃഖപ്രദം തന്നെ. അവ ആദിയും അന്തവും ഉള്ളവയുമാണ്‌. വിദ്വാന്‍ അവയില്‍ രമിക്കുന്നില്ല.

ശക്നോതീഹൈവ യഃ സോഢും പ്രാക്ശരീരവിമോക്ഷണാത്
കാമക്രോധോദ്ഭവം വേഗം സ യുക്തഃ സ സുഖീ നരഃ (23)

ആരാണോ ഇവിടെ വച്ചു തന്നെ ശരീര നാശത്തിനു മുമ്പ്‌ കാമക്രോധങ്ങള്‍ ഉളവാക്കുന്ന ക്ഷോഭത്തെ നിയന്ത്രിക്കാന്‍ ശക്തനാകുന്നത് അവന്‍ യോഗയുക്തനും സുഖമനുഭവിക്കുന്നവനു മാകുന്നു.

യോന്തഃസുഖോന്തരാരാമസ്തഥാന്തര്‍ജ്യോതിരേവ യഃ
സ യോഗീ ബ്രഹ്മനിര്‍വ്വാണം ബ്രഹ്മഭൂതോധിഗച്ഛതി (24)

യാതൊരുവന്‍ ഉള്ളില്‍ സുഖംകണ്ടെത്തുകയും, ഉള്ളില്‍തന്നെ രമിക്കയും, അതുപോലെ ഉള്ളില്‍ തന്നെ ജ്ഞാനം കണ്ടെത്തുകയും ചെയ്യുന്നുവോ, ആ യോഗി ബ്രഹ്മമായി തീര്‍ന്ന് ബ്രഹ്മനിര്‍വാണം പ്രാപിക്കുന്നു.

ലഭന്തേ ബ്രഹ്മനിര്‍വ്വാണമൃഷയഃ ക്ഷീണകല്മഷാഃ
ഛിന്നദ്വൈധാ യതാത്മാനഃ സര്‍വ്വഭൂതഹിതേ രതാഃ (25)

കല്മഷം ക്ഷയിച്ചവരും സംശയഹീനരും മനോജയം നേടിയവരും സര്‍വഭൂതങ്ങളുടെയും ക്ഷേമത്തില്‍ തല്‍പരരുമായ ഋഷിമാര്‍ ബ്രഹ്മാനന്ദം നേടുന്നു.

കാമക്രോധവിയുക്താന‍ാം യതീന‍ാം യതചേതസ‍ാം
അഭിതോ ബ്രഹ്മനിര്‍വ്വാണം വര്‍തതേ വിദിതാത്മന‍ാം (26)

ആത്മജ്ഞരും, കാമക്രോധങ്ങളില്ലാത്തവരും മനസിനെ നിയന്ത്രിച്ചവരും ആയ യോഗികള്‍ക്ക് ഇഹത്തിലും പരത്തിലും ബ്രഹ്മനിര്‍വ്വാണം പ്രാപ്തമാകുന്നു.

സ്പര്‍ശാന്‍കൃത്വാ ബഹിര്‍ബാഹ്യ‍ാംശ്ചക്ഷുശ്ചൈവാന്തരേ ഭ്രുവോഃ
പ്രാണാപാനൌ സമൌ കൃത്വാ നാസാഭ്യന്തരചാരിണൌ (27)
യതേന്ദ്രിയമനോബുദ്ധിര്‍മുനിര്‍മോക്ഷപരായണഃ
വിഗതേച്ഛാഭയക്രോധോ യഃ സദാ മുക്ത ഏവ സഃ (28)

ബാഹ്യവിഷയങ്ങളെ പുറത്താക്കി നോട്ടം ഭൂമധ്യത്തിലുറപ്പിച്ച് മൂക്കിനുള്ളില്‍ സഞ്ചരിക്കുന്ന പ്രാണന്റെയും അപാനന്റെയും ഗതി സമീകരിച്ച് ഇന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും നിയന്ത്രിച്ച് ഇച്ഛ, ഭയം,ക്രോധം ഇവ വെടിഞ്ഞ് മോക്ഷത്തില്‍ തന്നെ തല്‍പരനായിരിക്കുന്ന മുനി എപ്പോഴും മുക്തനായി ഭവിക്കുന്നു.

ഭോക്താരം യജ്ഞതപസ‍ാം സര്‍വ്വലോകമഹേശ്വരം
സുഹൃദം സര്‍വ്വഭൂതാന‍ാം ജ്ഞാത്വാ മ‍ാം ശാന്തിമൃച്ഛതി (29)

യജ്ഞത്തിന്റെയും തപസ്സിന്റെയും ഭോക്താവും ലോകങ്ങളുടെയെല്ല‍ാം നാഥനും എല്ലാ ജീവികളുടെയും സുഹൃത്തുമായി എന്നെ അറിയുന്നവന്‍ ശാന്തിയെ പ്രാപിക്കുന്നു.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായ‍ാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ സംന്യാസയോഗോ നാമ പഞ്ചമോധ്യായഃ

എല്ലാ അദ്ധ്യായങ്ങളുടെയും മലയാളം അര്‍ത്ഥസഹിതം ശ്രീമദ് ഭഗവദ്‌ഗീത PDF ആയി ഡൗണ്‍ലോഡ് ചെയ്യൂ, വായിക്കൂ. ( 1.3 MB, 185 പേജുകള്‍ )