സാംഖ്യയോഗഃ
സഞ്ജയ ഉവാച
തം തഥാ കൃപയാവിഷ്ടമശ്രുപൂര്‍ണാകുലേക്ഷണം
വിഷീദന്തമിദം വാക്യമുവാച മധുസൂദനഃ (1)
സഞ്ജയന്‍ പറഞ്ഞു: അങ്ങനെ മനസ്സലിഞ്ഞവനും, കണ്ണീര്‍ നിറഞ്ഞ കണ്ണുകളോടുകൂടിയവനും ദുഃഖിക്കുന്നവനുമായ അര്‍ജുനനോടു ശ്രീകൃഷ്ണന്‍ ഇപ്രകാരം പറഞ്ഞു.
ശ്രീഭഗവാനുവാച
കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം
അനാര്യജുഷ്ടമസ്വര്‍ഗ്യമകീര്‍ത്തികരമര്‍ജുന (2)
ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജുനാ, വിഷമഘട്ടത്തില്‍ ആര്യന്മാര്‍ക്ക് ചേരാത്തതും സ്വര്‍ഗ്ഗം നല്‍കാത്തതും അകീര്‍ത്തി ഉളവാക്കുന്നതുമായ ഈ ബുദ്ധിഭ്രമം നിനക്കു എവിടെ നിന്നുണ്ടായി?
ക്ലൈബ്യം മാ സ്മ ഗമഃ പാര്‍ഥ നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൌര്‍ബ്ബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ (3)
പാര്‍ത്ഥാ, പൌരുഷമില്ലായ്മ നിനക്കു വന്നു കൂടാ. ഇതു നിനക്കു ചേരില്ല. ശത്രുനാശകാ, നികൃഷ്ടമായ ഹൃദയ ദൌര്‍ബല്യം കൈവിട്ടു നീ എഴുന്നേല്‍ക്കു.
അര്‍ജുന ഉവാച
കഥം ഭീഷ്മമഹം സംഖ്യേ ദ്രോണം ച മധുസൂദന
ഇഷുഭിഃ പ്രതിയോത്സ്യാമി പൂജാര്‍ഹാവരിസൂദന (4)
അര്‍ജുനന്‍ ചോദിച്ചു: ഹേ ശത്രുഘാതകാ! മധുസൂധനാ, പൂജാര്‍ഹരായ ഭീഷ്മരേയും ദ്രോണരെയും മൂര്‍ച്ചയുള്ള അമ്പുകള്‍ കൊണ്ടു ഞാന്‍ യുദ്ധത്തില്‍ എങ്ങിനെ എതിരിടും?
ഗുരൂനഹത്വാ ഹി മഹാനുഭാവാന്‍
ശ്രേയോ ഭോക്തും ഭൈക്ഷ്യമപീഹ ലോകേ
ഹത്വാര്‍ഥകാമാംസ്തു ഗുരൂനിഹൈവ
ഭുഞ്ജീയ ഭോഗാന്‍ രുധിരപ്രദിഗ്ധാന്‍ (5)
മഹാത്മാക്കളായ ഗുരുക്കന്മാരെ ഹനിക്കുന്നതിനേക്കാള്‍ ഈ ലോകത്തില്‍ ഭിക്ഷയെടുക്കുന്നത് പോലും ശ്രേയസ്കരമാണ്. ഗുരുക്കന്മാരെ ഹനിച്ചിട്ട് അര്‍ത്ഥകാമസ്വരൂപങ്ങളും രക്തം പുരണ്ടതുമായ ഭോഗങ്ങളെ ഈ ലോകത്തില്‍വെച്ചുതന്നെ ഭുജിക്കണോ?
ന ചൈതദ്വിദ്മഃ കതരന്നോ ഗരീയോ
യദ്വാ ജയേമ യദി വാ നോ ജയേയുഃ
യാനേവ ഹത്വാ ന ജിജീവിഷാമഃ
തേവസ്ഥിതാഃ പ്രമുഖേ ധാര്‍തരാഷ്ട്രാഃ (6)
രണ്ടിലേതാണ് നമുക്കു കൂടുതല്‍ ശ്രേയസ്കരം എന്ന് അറിഞ്ഞുകൂടാ. ഒന്നുകില്‍ നാം ജയിക്കും. അല്ലെങ്കില്‍ ജയിക്കാതിരിക്കും. ആരെ കൊന്നിട്ട് നാം ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലയോ ആ ധൃതരാഷ്ട്രപുത്രന്മാരാണ് മുമ്പില്‍ വന്നു നില്ക്കുന്നത്.
കാര്‍പണ്യദോഷോപഹതസ്വഭാവഃ
പൃച്ഛാമി ത്വാം ധര്‍മ്മസമ്മൂഢചേതാഃ
യച്ഛ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്മേ
ശിഷ്യസ്തേഹം ശാധി മാം ത്വാം പ്രപന്നം (7)
ദൈന്യത കൊണ്ടു ബുദ്ധികെട്ടവനും ധര്‍മ്മ വിഷയത്തില്‍ വിവേകം നശിച്ചവനുമായി അങ്ങയോടു ഞാന്‍ ചോദിക്കുന്നു. യാതൊന്നു തീര്‍ച്ചയായും ശ്രേയസ്കരമാകുമോ അതെനിക്ക് പറഞ്ഞു തരിക. ഞാന്‍ അങ്ങയുടെ ശിഷ്യനാണ്. അങ്ങയെ ശരണം പ്രാപിച്ച എന്നെ വേണ്ടവണ്ണം ഉപദേശിച്ചാലും.
ന ഹി പ്രപശ്യാമി മമാപനുദ്യാദ്
യച്ഛോകമുച്ഛോഷണമിന്ദ്രിയാണാം
അവാപ്യ ഭൂമാവസപത്നമൃദ്ധം
രാജ്യം സുരാണാമപി ചാധിപത്യം (8)
ഭൂമിയില്‍ ശത്രുക്കളില്ലാത്തതും സമൃദ്ധിയുള്ളതുമായ രാജ്യവും ദേവന്മാരുടെ മേല്‍ പോലും ആധിപത്യവും ലഭിച്ചാലും ഇന്ദ്രിയങ്ങളെ ശോഷിപ്പിച്ചു കൊണ്ടിരിക്കുന്ന എന്റെ ദുഃഖത്തെ അകറ്റുന്ന യതൊന്നും ഞാന്‍ കാണുന്നില്ല.
സഞ്ജയ ഉവാച
ഏവമുക്ത്വാ ഹൃഷീകേശം ഗുഡാകേശഃ പരന്തപ
ന യോത്സ്യ ഇതി ഗോവിന്ദമുക്ത്വാ തൂഷ്ണീം ബഭൂവ ഹ (9)
സഞ്ജയന്‍ പറഞ്ഞു: ശത്രുനാശകനായ അര്‍ജുനന്‍ കൃഷ്ണനോട് ഞാന്‍ യുദ്ധം ചെയ്കയില്ല എന്ന് പറഞ്ഞു മൗനം അവലംബിച്ചു.
തമുവാച ഹൃഷീകേശഃ പ്രഹസന്നിവ ഭാരത
സേനയോരുഭയോര്‍മധ്യേ വിഷീദന്തമിദം വചഃ (10)
ഹേ ഭരതവംശജാ, രണ്ട് സേനയ്ക്കിടയിലും വിഷണ്ണനായി നില്ക്കുന്ന അവനോടു മന്ദഹസിച്ചുകൊണ്ടെന്നവണ്ണം ഹൃഷികേശനായ ഭഗവാന്‍ ഇങ്ങനെ അരുളിച്ചെയ്തു.
ശ്രീഭഗവാനുവാച
അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ
ഗതാസൂനഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ (11)
ശ്രീ ഭഗവാന്‍ പറഞ്ഞു: ദുഖിക്കേണ്ടാത്തവരെക്കുറിച്ച് നീ ദുഖിച്ചു പണ്ഡിതന്റെ മട്ടിലുള്ള വാക്കുകള്‍ പറയുകയും ചെയ്യുന്നു. പണ്ഡിതന്മാര്‍ മരിച്ചവരെ കുറിച്ചും മരിക്കാത്തവരെക്കുറിച്ചും അനുശോചിക്കുന്നില്ല.
ന ത്വേവാഹം ജാതു നാസം ന ത്വം നേമേ ജനാധിപാഃ
ന ചൈവ ന ഭവിഷ്യാമഃ സര്‍വ്വേ വയമതഃ പരം (12)
ഞാന്‍ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല. നീയും ഇല്ലാതിരുന്നിട്ടില്ല. ഈ രാജാക്കന്മാരും ഇല്ല. ഇനി മേല്‍ നമ്മളെല്ലാവരും ഉണ്ടാകാതിരിക്കുകയുമില്ല.
ദേഹിനോസ്മിന്യഥാ ദേഹേ കൌമാരം യൌവനം ജരാ
തഥാ ദേഹാന്തരപ്രാപ്തിര്‍ധീരസ്തത്ര ന മുഹ്യതി (13)
മനുഷ്യന് ഈ ദേഹത്തില്‍ എങ്ങനെയാണോ കൌമാരവും യൌവ്വനവും ജരയും, അങ്ങിനെതന്നെയാണ് ദേഹാന്തര പ്രാപ്തിയും ഉണ്ടാകുന്നത്. ധീരന്‍ അതില്‍ മോഹിക്കുന്നില്ല.
മാത്രാസ്പര്‍ശാസ്തു കൌന്തേയ ശീതോഷ്ണസുഖദുഃഖദാഃ
ആഗമാപായിനോനിത്യാസ്താംസ്തിതിക്ഷസ്വ ഭാരത (14)
കുന്തീപുത്രാ, ഇന്ദ്രിയങ്ങളും വിഷയങ്ങളും തമ്മിലുള്ള സ്പര്‍ശങ്ങള്‍ ശീതോഷ്ണങ്ങളെയും സുഖദുഃഖങ്ങളെയും നല്‍കുന്നവയും, വന്നും പോയും ഇരിക്കുന്നവയും അനിത്യങ്ങളുമാണ്. ഭരതവംശത്തില്‍ ജനിച്ചവനെ, അവ നിര്‍വികാരനായി സഹിച്ചു കൊള്ളുക.
യം ഹി ന വ്യഥയന്ത്യേതേ പുരുഷം പുരുഷര്‍ഷഭ
സമദുഃഖസുഖം ധീരം സോമൃതത്വായ കല്പതേ (15)
പുരുഷശ്രേഷ്ഠാ, സമദുഖസുഖനും ധീരനുമായ ഏതൊരു പുരുഷനെ ഇവ ദുഖിപ്പിക്കയില്ലയോ അവന്‍ അമൃതത്വത്തിനു അധികാരിയായിത്തീരുന്നു.
നാസതോ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സതഃ
ഉഭയോരപി ദൃഷ്ടോന്തസ്ത്വനയോസ്തത്ത്വദര്‍ശിഭിഃ (16)
ഇല്ലാത്തതിന് (അസത്തിന്) ഉണ്മയില്ല. ഉള്ളതിന് (സത്തിന്) അഭാവവും അറിയപ്പെടുന്നില്ല. ഈ രണ്ടിന്റെയും (സത്തിന്റെയും അസത്തിന്റെയും) യാഥാര്‍ത്ഥ്യം തത്വദര്‍ശികള്‍ കണ്ടറിഞ്ഞിട്ടുണ്ട്.
അവിനാശി തു തദ്വിദ്ധി യേന സര്‍വ്വമിദം തതം
വിനാശമവ്യയസ്യാസ്യ ന കശ്ചിത് കര്‍തുമര്‍ഹതി (17)
ഏതൊന്നിനാല്‍ ഇതെല്ലാം വ്യാപ്തമായിരിക്കുന്നുവോ, അത് നാശരഹിതമാണെന്നറിയുക. അനശ്വരമായ അതിനെ നശിപ്പിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല.
അന്തവന്ത ഇമേ ദേഹാ നിത്യസ്യോക്താഃ ശരീരിണഃ
അനാശിനോപ്രമേയസ്യ തസ്മാദ്യുദ്ധ്യസ്വ ഭാരത (18)
നിത്യനും അവിനാശിയും, അവിജ്ഞേയനുമായ ആത്മാവിനുള്ള ഈ ദേഹങ്ങള്‍ നാശമുള്ളവയാണെന്നു പറയപ്പെടുന്നു. അതുകൊണ്ട് അര്‍ജുനാ, നീ യുദ്ധം ചെയ്യുക.
യ ഏനം വേത്തി ഹന്താരം യശ്ചൈനം മന്യതേ ഹതം
ഉഭൌ തൌ ന വിജാനീതോ നായം ഹന്തി ന ഹന്യതേ (19)
യാതൊരാള്‍ ഈ ആത്മാവിനെ കൊല്ലുന്നവനെന്ന് ധരിക്കുന്നുവോ യാതൊരാള്‍ ഇവനെ കൊല്ലപ്പെട്ടവനായി ഗണിക്കുന്നുവോ, ആ രണ്ടു പേരും വാസ്തവം അറിയുന്നില്ല. ആത്മാവു ആരെയും കൊല്ലുന്നില്ല. ആത്മാവിനെ ആരും കൊല്ലുന്നുമില്ല.
ന ജായതേ മ്രിയതേ വാ കദാചിദ്
നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ
അജോ നിത്യഃ ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ (20)
ഈ ആത്മാവ് ഒരിക്കലും ജനിക്കുന്നില്ല. മരിക്കുന്നുമില്ല. ജനിച്ചിട്ട് വീണ്ടും ജനിക്കാതിരിക്കുന്നുമില്ല. ജന്മമില്ലാത്തവനും നിത്യനും സ്ഥിരനും പണ്ടേ ഉള്ളവനുമായ ഇവന്‍ ശരീരം ഹതമാകുമ്പോള്‍ ഹനിക്കപ്പെടുന്നുമില്ല.
വേദാവിനാശിനം നിത്യം യ ഏനമജമവ്യയം
കഥം സ പുരുഷഃ പാര്‍ഥ കം ഘാതയതി ഹന്തി കം (21)
പാര്‍ത്ഥ, ഈ ആത്മാവിനെ നാശരഹിതനും നിത്യനും ജനനരഹിതനും മാറ്റമില്ലാത്തവനുമായി അറിയുന്നുവോ അങ്ങിനെയുള്ള പുരുഷന്‍ ആരെയെങ്കിലും കൊല്ലിക്കുന്നതെങ്ങനെ? കൊല്ലുന്നതെങ്ങനെ?
വാസാംസി ജീര്‍ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ (22)
മനുഷ്യന്‍ എങ്ങിനെ കീറിയ വസ്ത്രങ്ങള്‍ വെടിഞ്ഞു വേറെ പുതിയവ സ്വീകരിക്കുന്നുവോ, അതുപോലെ ആത്മാവ് ജീര്‍ണ്ണിച്ച ദേഹങ്ങള്‍ വെടിഞ്ഞു വേറെ ദേഹങ്ങള്‍ കൈകൊള്ളുന്നു.
നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ
ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ (23)
ഈ ആത്മാവിനെ ആയുധങ്ങള്‍ മുറിവ് ഏല്‍പ്പിക്കുന്നില്ല. ഇവനെ തീ ദാഹിപ്പിക്കുന്നില്ല. ഇവനെ വെള്ളം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
അച്ഛേദ്യോയമദാഹ്യോയമക്ലേദ്യോശോഷ്യ ഏവ ച
നിത്യഃ സര്‍വ്വഗതഃ സ്ഥാണുരചലോയം സനാതനഃ (24)
ഇവന്‍ ഛേദിക്കപ്പെടാത്തവനാണ്. ഇവന്‍ ദഹിപ്പിക്കപ്പെടാന്‍ കഴിയാത്തവനാണ്. നനയാത്തവനാണ്. ഉണങ്ങാത്തവനുമാണ്. ഇവന്‍ നിത്യനും സര്‍വവ്യാപിയും സ്ഥിരസ്വഭാവനും ശാശ്വതനുമാണ്.
അവ്യക്തോയമചിന്ത്യോയമവികാര്യോയമുച്യതേ
തസ്മാദേവം വിദിത്വൈനം നാനുശോചിതുമര്‍ഹസി (25)
ഇവന്‍ (ഈ ആത്മാവ്) ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും അഗോചരനും, മാറ്റമില്ലാതവനുമാണെന്നു പറയപ്പെടുന്നു. അതുകൊണ്ട് ഇങ്ങിനെയുള്ളവനായി ഇവനെ അറഞ്ഞിട്ടു നീ അനുശോചിക്കാതിരിക്കുക.
അഥ ചൈനം നിത്യജാതം നിത്യം വാ മന്യസേ മൃതം
തഥാപി ത്വം മഹാബാഹോ നൈവം ശോചിതുമര്‍ഹസി (26)
കൈയ്യൂക്കുള്ളവനെ, ഇനി ഇവനെ നിത്യം ജനിക്കുന്നവനും നിത്യം മരിക്കുന്നവനുമായി നീ വിചാരിക്കുന്നുവെങ്കില്‍ തന്നെയും നീ ഇവനെക്കുറിച്ച് ദുഖിക്കേണ്ടതില്ല.
ജാതസ്യ ഹി ധ്രുവോ മൃത്യുര്‍ധ്രുവം ജന്മ മൃതസ്യ ച
തസ്മാദപരിഹാര്യേര്‍ഥേ ന ത്വം ശോചിതുമര്‍ഹസി (27)
ജനിച്ചവന് മരണം നിശ്ചിതമാണ്. മരിച്ചവന് ജനനവും നിശ്ചിതമാണ്. അതുകൊണ്ട് പരിഹാരമില്ലാത്ത കാര്യത്തില്‍ ദുഃഖിക്കുന്നത് നിനക്ക് ഉചിതമല്ല.
അവ്യക്താദീനി ഭൂതാനി വ്യക്തമധ്യാനി ഭാരത
അവ്യക്തനിധനാന്യേവ തത്ര കാ പരിദേവനാ (28)
ജീവികള്‍ ജനനത്തിനു മുന്‍പ് അവ്യക്തമായ അവസ്ഥയോട്‌കൂടിയവയാണ്. മദ്ധ്യേയുള്ള ജീവിതകാലം മാത്രം വ്യക്തവും, മരണാനന്തരമുള്ള സ്ഥിതി അവ്യക്തവുമാണ്. ഹേ ഭാരതാ, അതില്‍ എന്തിന് വിലപിക്കണം?
ആശ്ചര്യവത്പശ്യതി കശ്ചിദേനം
ആശ്ചര്യവദ്വദതി തഥൈവ ചാന്യഃ
ആശ്ചര്യവച്ചൈനമന്യഃ ശൃണോതി
ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചിത് (29)
ഒരാള്‍ ഇവനെ (ആത്മാവിനെ) ഒരു അത്ഭുതവസ്തു പോലെ കാണുന്നു. മറ്റൊരാള്‍ അതുപോലെ അത്ഭുതവസ്തുപോലെ ഇവനെക്കുറിച്ച് പറയുന്നു. വേറൊരാള്‍ അത്ഭുതവസ്തു പോലെ ഇവനെക്കുറിച്ച് കേള്‍ക്കുകയും ചെയ്യുന്നു. ശ്രവിച്ചിട്ടും ഒരാളും വേണ്ടവണ്ണം ഇവനെ അറിയുന്നില്ല.
ദേഹീ നിത്യമവധ്യോയം ദേഹേ സര്‍വ്വസ്യ ഭാരത
തസ്മാത്സര്‍വ്വാണി ഭൂതാനി ന ത്വം ശോചിതുമര്‍ഹസി (30)
അര്‍ജുനാ, എല്ലാവരുടെയും ദേഹത്തിലുള്ള ഈ ദേഹി ഒരിക്കലും വധിക്കപ്പെടാവുന്നവനല്ല. അതിനാല്‍ യാതൊരു ജീവിയെക്കുറിച്ചും നീ ദുഖിക്കേണ്ടതില്ല.
സ്വധര്‍മ്മമപി ചാവേക്ഷ്യ ന വികമ്പിതുമര്‍ഹസി
ധര്‍മ്മാദ്ധി യുദ്ധാച്ഛ്രേയോന്യത്ക്ഷത്രിയസ്യ ന വിദ്യതേ (31)
സ്വധര്‍മ്മത്തെക്കുറിച്ച് ആലോചിച്ചിട്ടും നീ കുലുങ്ങേണ്ടതില്ല. എന്തെന്നാല്‍ ക്ഷത്രിയന് ധര്‍മ്മ സംഗതമായ യുദ്ധത്തേക്കാള്‍ ശ്രേയസ്കരമായി മറ്റൊന്നുമില്ല.
യദൃച്ഛയാ ചോപപന്നം സ്വര്‍ഗ്ഗദ്വാരമപാവൃതം
സുഖിനഃ ക്ഷത്രിയാഃ പാര്‍ഥ ലഭന്തേ യുദ്ധമീദൃശം (32)
ഈ യുദ്ധം അപ്രതീക്ഷിതമായി തുറന്നുകിട്ടിയ സ്വര്‍ഗ്ഗവാതില്‍ പോലെയാണ്. ഹേ പാര്‍ത്ഥ, ഭാഗ്യവാന്മാരായ ക്ഷത്രിയര്‍ക്ക് മാത്രമാണ് ഈ വിധമുള്ള യുദ്ധം ലഭിക്കുന്നത്.
അഥ ചേത്ത്വമിമം ധര്‍മ്യം സംഗ്രാമം ന കരിഷ്യസി
തതഃ സ്വധര്‍മ്മം കീര്‍തിം ച ഹിത്വാ പാപമവാപ്സ്യസി (33)
ഇനി ഈ യുദ്ധം നീ ചെയ്യില്ലെങ്കില്‍ അത് കാരണം സ്വധര്‍മ്മവും കീര്‍ത്തിയും കൈവിട്ടു നീ പാപം സമ്പാദിക്കേണ്ടിവരും.
അകീര്‍തിം ചാപി ഭൂതാനി കഥയിഷ്യന്തി തേവ്യയാം
സംഭാവിതസ്യ ചാകീര്‍ത്തിര്‍മരണാദതിരിച്യതേ (34)
തന്നെയുമല്ല, നിനക്കു ഒടുങ്ങാത്ത ദുഷ്കീര്‍ത്തി പറഞ്ഞു പരത്തുകയും ചെയ്യും. ബഹുമാനം നേടിയവന് ദുഷ്കീര്‍ത്തി മരണത്തെക്കാള്‍ അത്യധികം കഷ്ടമാണ്.
ഭയാദ്രണാദുപരതം മംസ്യന്തേ ത്വാം മഹാരഥാഃ
യേഷാം ച ത്വം ബഹുമതോ ഭൂത്വാ യാസ്യസി ലാഘവം (35)
ഭയംകൊണ്ടു യുദ്ധത്തില്‍നിന്നും പിന്തിരിഞ്ഞവനായി മഹാരഥന്മാര്‍ നിന്നെ കണക്കാക്കും. അവര്‍ക്കെല്ലാം ബഹുമാന്യനായി ഇരിക്കുന്ന നീ അങ്ങിനെ നിസ്സാരനായി തീരും.
അവാച്യവാദാംശ്ച ബഹൂന്വദിഷ്യന്തി തവാഹിതാഃ
നിന്ദന്തസ്തവ സാമര്‍ഥ്യം തതോ ദുഃഖതരം നു കിം (36)
നിന്റെ ശത്രുക്കള്‍ നിന്റെ സാമര്‍ഥ്യത്തെ നിന്ദിച്ചുകൊണ്ടു വളരെ ദൂഷണം പറയുകയും ചെയ്യും. അതിനേക്കാള്‍ കൂടുതല്‍ ദുഃഖകരമായി എന്തുണ്ട്.
ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗ്ഗം ജിത്വാ വാ ഭോക്ഷ്യസേ മഹീം
തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ (37)
മരിച്ചാല്‍ സ്വര്‍ഗ്ഗം നേടാം, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അര്‍ജുനാ, യുദ്ധത്തിന് നിശ്ചയിച്ചു നീ എഴുന്നേല്‍ക്ക്.
സുഖദുഃഖേ സമേ കൃത്വാ ലാഭാലാഭൌ ജയാജയൌ
തതോ യുദ്ധായ യുജ്യസ്വ നൈവം പാപമവാപ്സ്യസി (38)
സുഖദുഃഖങ്ങളും ലാഭനഷ്ടങ്ങളും ജയപരാജയങ്ങളും തുല്യമായികരുതി യുദ്ധത്തിന് നീ ഒരുങ്ങുക. ഇങ്ങിനെയായാല്‍ പാപം നിന്നെ ബാധിക്കുകയില്ല.
ഏഷാ തേഭിഹിതാ സാംഖ്യേ ബുദ്ധിര്‍യോഗേ ത്വിമാം ശൃണു
ബുദ്ധ്യാ യുക്തോ യയാ പാര്‍ഥ കര്‍മബന്ധം പ്രഹാസ്യസി (39)
നിനക്കു പറഞ്ഞുതന്നു കഴിഞ്ഞ ജ്ഞാനനിഷ്ഠ സാംഖ്യത്തി ലുള്ളതാണ്. കര്‍മ്മയോഗത്തിനുള്ള ഈ ബുദ്ധിയെയും കേട്ടു കൊള്ളുക. പാര്‍ത്ഥ, ഈ ബുദ്ധി നേടിയാല്‍ കര്‍മ്മബന്ധം ഒഴിച്ചുവയ്ക്കാന്‍ നിനക്കു സാധിക്കും.
നേഹാഭിക്രമനാശോസ്തി പ്രത്യവായോ ന വിദ്യതേ
സ്വല്പമപ്യസ്യ ധര്‍മ്മസ്യ ത്രായതേ മഹതോ ഭയാത് (40)
ഈ കര്‍മ്മയോഗനിഷ്ഠയില്‍ തുടങ്ങി വെച്ച കര്‍മ്മത്തിനൊന്നും നാശമില്ല. പാപം സംഭവിക്കുകയുമില്ല. ഈ ധര്‍മ്മത്തിന്റെ അത്യല്‍പ്പമായ (വളരെ ചെറിയ തോതിലുള്ള) ആചരണം പോലും വലിയ ഭയത്തില്‍ നിന്നും രക്ഷിക്കുന്നു.
വ്യവസായാത്മികാ ബുദ്ധിരേകേഹ കുരുനന്ദന
ബഹുശാഖാ ഹ്യനന്താശ്ച ബുദ്ധയോവ്യവസായിനാം (41)
സമചിത്തനായ യോഗി തന്റെ ലക്ഷ്യത്തില്‍ എകാഗ്രമനസ്കനാണ്. സമചിത്തരല്ലാത്തവരുടെ ബുദ്ധി ഒന്നും നിശ്ചയിക്കാന്‍ കഴിയാതെ പല വിഷയങ്ങളില്‍ അനന്തമായി വ്യാപാരിക്കും.
യാമിമാം പുഷ്പിതാം വാചം പ്രവദന്ത്യവിപശ്ചിതഃ
വേദവാദരതാഃ പാര്‍ഥ നാന്യദസ്തീതി വാദിനഃ (42)
കാമാത്മാനഃ സ്വര്‍ഗ്ഗപരാ ജന്മകര്‍മഫലപ്രദാം
ക്രിയാവിശേഷബഹുലാം ഭോഗൈശ്വര്യഗതിം പ്രതി (43)
ഭോഗൈശ്വര്യപ്രസക്താനാം തയാപഹൃതചേതസാം
വ്യവസായാത്മികാ ബുദ്ധിഃ സമാധൌ ന വിധീയതേ (44)
പാര്‍ത്ഥ, വേദത്തില്‍ പറയുന്ന കാര്യത്തില്‍ തല്പരന്മാരും അതില്‍കവിഞ്ഞു മറ്റൊന്നുമില്ല എന്ന് പറയുന്നവരും, ഭോഗചിത്തരും, സ്വര്‍ഗ്ഗം കാംക്ഷിക്കുന്നവരുമായവര്‍ക്ക്, പുനര്‍ജന്മവും കര്‍മ്മഫലവും നല്‍കുന്നതും സുഖാനുഭവത്തെയും ഐശ്വര്യത്തെയും ലക്ഷ്യമാക്കിയുള്ളതും അനേകം സകാമകര്‍മ്മ ങ്ങളെ പ്രതിപാദിക്കുന്നതുമായ വാക്കുകള്‍ കേട്ട് മനസ്സപഹരിക്ക പ്പെട്ടിരിക്കയാല്‍ സമാധിയില്‍ ഏകാഗ്രത ലഭിക്കുകയില്ല.
ത്രൈഗുണ്യവിഷയാ വേദാ നിസ്ത്രൈഗുണ്യോ ഭവാര്‍ജുന
നിര്‍ദ്വന്ദ്വോ നിത്യസത്ത്വസ്ഥോ നിര്‍യോഗക്ഷേമ ആത്മവാന്‍ (45)
അര്‍ജുനാ, വേദങ്ങള്‍ ത്രിഗുണാത്മകങ്ങളാണ്. നീ ത്രിഗുണാതീതനും ദ്വന്ദരഹിതനും സത്യനിഷ്ഠനും യോഗക്ഷേമങ്ങള്‍ ഗണിക്കാത്തവനും ആത്മനിഷ്ഠനും ആയിത്തീരുക.
യാവാനര്‍ഥ ഉദപാനേ സര്വതഃ സംപ്ലുതോദകേ
താവാന്‍സര്‍വ്വേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ (46)
എല്ലായിടത്തും വെള്ളം കൊണ്ടു നിറഞ്ഞിരിക്കുമ്പോള്‍ കിണറു കൊണ്ട് എത്ര പ്രയോജനം ഉണ്ടോ അത്രയ്ക്കു പ്രയോജനം മാത്രമേ ജ്ഞാനിയായ ബ്രാഹ്മണന് വേദങ്ങളാസകലം കൊണ്ടുണ്ടാകൂ.
കര്‍മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന
മാ കര്‍മഫലഹേതുര്‍ഭൂര്‍മാ തേ സംഗോസ്ത്വകര്‍മണി (47)
പ്രവൃത്തിയില്‍മാത്രമേ നിനക്കു അധികാരമുള്ളു. ഒരിക്കലും ഫലങ്ങളില്‍ (അതു ലഭിച്ചാലും ലഭിച്ചില്ലെങ്കിലും) ഇല്ല. (അതായതു ഫലം നിന്റെ സ്വാതന്ത്ര്യത്തിലുള്ളതല്ല). നീ ഫലമുദ്ദേശിചു പ്രവര്‍ത്തിക്കുന്നവനാകരുത്. അകര്‍മ്മത്തില്‍ നിനക്കു ആസക്തിയു മരുത്.
യോഗസ്ഥഃ കുരു കര്‍മാണി സംഗം ത്യക്ത്വാ ധനഞ്ജയ
സിദ്ധ്യസിദ്ധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ (48)
ധനഞ്ജയാ! യോഗനിഷ്ഠനായി, ആസക്തിവെടിഞ്ഞു ഫലം ലഭിക്കുന്നതിലും ലഭിക്കാതിരിക്കുന്നതിലും സമചിത്തത പാലിച്ച് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. സമചിത്തതയാണ് യോഗമെന്ന് പറയപ്പെടുന്നത്.
ദൂരേണ ഹ്യവരം കര്‍മ ബുദ്ധിയോഗാദ്ധനഞ്ജയ
ബുദ്ധൌ ശരണമന്വിച്ഛ കൃപണാഃ ഫലഹേതവഃ (49)
ധനഞജയാ, കര്‍മയോഗത്തെക്കാള്‍ വളരെ നികൃഷ്ടമാണ് ഫലാപേക്ഷയോടുകൂടി ചെയ്യുന്ന കര്‍മ്മം. ബുദ്ധിയോഗത്തില്‍ അതായത് സമചിത്തതയോട് കൂടിയ കര്‍മ്മത്തില്‍ ശരണം തേടുക. ഫലത്തിനുവേണ്ടി കര്‍മ്മം ചെയ്യുന്നവര്‍ ദീനന്മാരാണ്.
ബുദ്ധിയുക്തോ ജഹാതീഹ ഉഭേ സുകൃതദുഷ്കൃതേ
തസ്മാദ്യോഗായ യുജ്യസ്വ യോഗഃ കര്‍മസു കൌശലം (50)
സമബുദ്ധിയുള്ളവന്‍ ഈ ലോകത്ത് വച്ചുതന്നെ പുണ്യ പാപങ്ങള്‍ രണ്ടും ത്യജിക്കുന്നു. അതുകൊണ്ട് കര്‍മ്മയോഗത്തിനായി ഒരുങ്ങുക. യോഗം പ്രവൃത്തിയിലുള്ള സാമര്‍ത്ഥ്യം തന്നെയാകുന്നു.
കര്‍മജം ബുദ്ധിയുക്താ ഹി ഫലം ത്യക്ത്വാ മനീഷിണഃ
ജന്മബന്ധവിനിര്‍മുക്താഃ പദം ഗച്ഛന്ത്യനാമയം (51)
സമബുദ്ധിയുള്ളവരായ വിവേകികള്‍ കര്‍മ്മം കൊണ്ടുണ്ടാകുന്ന ഫലം ത്യജിച്ചിട്ടു ജന്മബന്ധത്തില്‍നിന്നു മോചനം നേടി ദോഷലേശമില്ലാത്ത സ്ഥാനത്തെ പ്രാപിക്കുന്നു.
യദാ തേ മോഹകലിലം ബുദ്ധിര്‍വ്യതിതരിഷ്യതി
തദാ ഗന്താസി നിര്‍വ്വേദം ശ്രോതവ്യസ്യ ശ്രുതസ്യ ച (52)
എപ്പോള്‍ നിന്റെ ബുദ്ധി മോഹരൂപമായ വൈഷമ്യത്തെ കടക്കുമോ അപ്പോള്‍ കേള്‍ക്കേണ്ടതിനെയും കേട്ടതിനെയും കുറിച്ചു നീ ഉദാസീനനായിത്തീരും.
ശ്രുതിവിപ്രതിപന്നാ തേ യദാ സ്ഥാസ്യതി നിശ്ചലാ
സമാധാവചലാ ബുദ്ധിസ്തദാ യോഗമവാപ്സ്യസി (53)
പലതരം ഉപദേശങ്ങള്‍ കേട്ടതു മൂലം പതറിപ്പോയ നിന്റെ ബുദ്ധി എപ്പോള്‍ ഇളക്കമറ്റ് സമാധിയില്‍ സ്ഥിരമായി നില്‍ക്കുമോ അപ്പോള്‍ യോഗത്തെ നീ പ്രാപിക്കും.
അര്‍ജുന ഉവാച
സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ സമാധിസ്ഥസ്യ കേശവ
സ്ഥിതധീഃ കിം പ്രഭാഷേത കിമാസീത വ്രജേത കിം (54)
അര്‍ജുനന്‍ ചോദിച്ചു: ഹേ കേശവാ, സമാധിസ്ഥനായ സ്ഥിതപ്രജഞന്റെ ലക്ഷണമെന്താണ്? സ്ഥിതപ്രജ്ഞന്‍ എന്ത് സംസാരിക്കും? എങ്ങിനെ സ്ഥിതിചെയ്യും? എങ്ങിനെ സഞ്ചരിക്കും?
ശ്രീഭഗവാനുവാച
പ്രജഹാതി യദാ കാമാന്‍ സര്‍വ്വാന്‍ പാര്‍ഥ മനോഗതാന്‍
ആത്മന്യേവാത്മനാ തുഷ്ടഃ സ്ഥിതപ്രജ്ഞസ്തദോച്യതേ (55)
ശ്രീ ഭഗവാന്‍ പറഞ്ഞു: ഹേ പാര്‍ത്ഥ, മനുഷ്യന്‍ എപ്പോള്‍ ആത്മാവിനാല്‍ ആത്മാവില്‍ത്തന്നെ സന്തുഷ്ടനായി മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളേയും (വാസനകളേയും) ഉപേക്ഷിക്കുന്നുവോ, അപ്പോള്‍ അവന്‍ സ്ഥിതപ്രജഞന്‍ എന്ന് പറയപ്പെടുന്നു.
ദുഃഖേഷ്വനുദ്വിഗ്നമനാഃ സുഖേഷു വിഗതസ്പൃഹഃ
വീതരാഗഭയക്രോധഃ സ്ഥിതധീര്‍മുനിരുച്യതേ (56)
ദുഃഖങ്ങളില്‍ കുലുങ്ങാത്തവനും സുഖങ്ങളില്‍ താല്പര്യമില്ലാത്തവനും രാഗം, ഭയം, കോപം, ഇവയില്ലാത്തവനുമായ പുരുഷന്‍ സ്ഥിതപ്രജ്ഞനായ മുനി എന്നറിയപ്പെടുന്നു.
യഃ സര്‍വ്വത്രാനഭിസ്നേഹസ്തത്തത്പ്രാപ്യ ശുഭാശുഭം
നാഭിനന്ദതി ന ദ്വേഷ്ടി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ (57)
ഏതൊരാള്‍ എല്ലാത്തിലും ആസക്തി വിട്ടവനായി അതാതു ശുഭാശുഭങ്ങള്‍ ലഭിച്ചു സന്തോഷിക്കുകയും ദ്വേഷിക്കുകയും ചെയ്യുന്നില്ലയോ അവന്റെ പ്രജഞ പ്രതിഷ്ഠിതമാണ്.
യദാ സംഹരതേ ചായം കൂര്‍മോംഗാനീവ സര്‍വ്വശഃ
ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഭ്യസ്തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ (58)
ആമ തന്റെ അവയവങ്ങളെ പ്രതികൂലസാഹചര്യങ്ങളില്‍ എങ്ങിനെ എല്ലാവിധത്തിലും ഉള്‍വലിക്കുന്നവോ, അതുപോലെ എപ്പോഴാണോ ഒരാള്‍ തന്റെ ഇന്ദ്രിയങ്ങളെ ശബ്ദസ്പര്‍ശാദികളായ ഇന്ദ്രിയാര്‍ത്ഥങ്ങളില്‍നിന്ന് എപ്പോള്‍ പിന്‍വലിക്കുന്നത് അപ്പോള്‍ അവന്റെ പ്രജഞ പ്രതിഷ്ഠിതമായിത്തീരുന്നു.
വിഷയാ വിനിവര്‍തന്തേ നിരാഹാരസ്യ ദേഹിനഃ
രസവര്‍ജം രസോപ്യസ്യ പരം ദൃഷ്ട്വാ നിവര്‍തതേ (59)
ഇന്ദ്രിയങ്ങള്‍ കൊണ്ടു വിഷയങ്ങള്‍ അനുഭവിക്കാത്ത മനുഷ്യന് വിഷയങ്ങള്‍ അകന്നു പോകുന്നു. എന്നാല്‍ ആസക്തി അവശേഷിക്കുന്നു. പരമാത്മാവിനെ പ്രാപിക്കുമ്പോള്‍ അവന്റെ ആസക്തിയും വിട്ടുപോകുന്നു.
യതതോ ഹ്യപി കൌന്തേയ പുരുഷസ്യ വിപശ്ചിതഃ
ഇന്ദ്രിയാണി പ്രമാഥീനി ഹരന്തി പ്രസഭം മനഃ (60)
ഹേ കുന്തീപുത്രാ, ഇന്ദ്രിയനിഗ്രഹത്തിനായി പ്രയത്നിക്കുന്ന വിദ്വാനായ പുരുഷന്റെ മനസ്സിനെപ്പോലും ക്ഷോഭിച്ചിരിക്കുന്ന ഇന്ദ്രിയങ്ങള്‍ ബലാല്‍ക്കാരമായി വശത്താക്കുന്നു.
താനി സര്‍വ്വാണി സംയമ്യ യുക്ത ആസീത മത്പരഃ
വശേ ഹി യസ്യേന്ദ്രിയാണി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ (61)
അവയെല്ലാം സംയമനം ചെയ്തു യോഗയുക്തനായി എന്നില്‍ ഭക്തിയോടുകൂടി ഇരിക്കുക. ആര്‍ക്കു ഇന്ദ്രിയങ്ങള്‍ വശത്താണോ അവന്റെ പ്രജഞ പ്രതിഷ്ഠിതമാണ്.
ധ്യായതോ വിഷയാന്‍ പുംസഃ സംഗസ്തേഷൂപജായതേ
സംഗാത്സഞ്ജായതേ കാമഃ കാമാത്ക്രോധോഭിജായതേ (62)
ക്രോധാദ്ഭവതി സമ്മോഹഃ സമ്മോഹാത്സ്മൃതിവിഭ്രമഃ
സ്മൃതിഭ്രംശാദ് ബുദ്ധിനാശോ ബുദ്ധിനാശാത്പ്രണശ്യതി (63)
വിഷയങ്ങളെ ധ്യാനിക്കുന്ന പുരുഷന്നു അവയില്‍ ആസക്തി ഉണ്ടാകുന്നു. ആസക്തിയില്‍നിന്നും ആഗ്രഹം ഉണ്ടാകുന്നു. ആഗ്രഹത്തില്‍ നിന്നും കോപം ജനിക്കുന്നു. കോപത്തില്‍നിന്നും അവിവേകം ഉടലെടുക്കുന്നു. അവിവേകത്തില്‍നിന്നും ഓര്‍മ്മക്കേടും ഓര്‍മ്മക്കേടില്‍നിന്നും ബുദ്ധിനാശവും ഉണ്ടാകുന്നു. ബുദ്ധിനാശം മൂലം മനുഷ്യന്‍ നശിക്കുകയും ചെയ്യുന്നു.
രാഗദ്വേഷവിയുക്തൈസ്തു വിഷയാനിന്ദ്രിയൈശ്ചരന്‍
ആത്മവശ്യൈര്‍വ്വിധേയാത്മാ പ്രസാദമധിഗച്ഛതി (64)
എന്നാല്‍ യാതൊരുവന്‍ രാഗദ്വേഷമില്ലാത്ത, ആത്മവശ്യങ്ങളായ ഇന്ദ്രിയങ്ങള്‍ കൊണ്ടു വിഷയങ്ങളെ അനുഭവിക്കുന്നുവോ ആത്മവിജയിയായ ആ പുരുഷന്‍ മനഃപ്രസാദത്തെ പ്രാപിക്കുന്നു.
പ്രസാദേ സര്‍വ്വദുഃഖാനാം ഹാനിരസ്യോപജായതേ
പ്രസന്നചേതസോ ഹ്യാശു ബുദ്ധിഃ പര്യവതിഷ്ഠതേ (65)
മനഃ പ്രസാദം ലഭിച്ചുകഴിയുമ്പോള്‍ അവനു എല്ലാ ദുഃഖങ്ങളുടെയും നാശം സംഭവിക്കുന്നു. പ്രസന്നചിത്തന്റെ ബുദ്ധി ഉടനെ സുപ്രതിഷ്ഠിതമായിത്തീരുകയും ചെയ്യുന്നു.
നാസ്തി ബുദ്ധിരയുക്തസ്യ ന ചായുക്തസ്യ ഭാവനാ
ന ചാഭാവയതഃ ശാന്തിരശാന്തസ്യ കുതഃ സുഖം (66)
ഇന്ദ്രിയങ്ങളെ വശത്താക്കാത്തവന് സമബുദ്ധിയില്ല. ഏകാഗ്രതയുമില്ല. ഏകാഗ്രതയില്ലാത്തവന്നു ശാന്തിയില്ല. ശന്തിയില്ലാത്തവന്നു എവിടെയാണ് സുഖം?
ഇന്ദ്രിയാണാം ഹി ചരതാം യന്മനോനുവിധീയതേ
തദസ്യ ഹരതി പ്രജ്ഞാം വായുര്‍നാവമിവാംഭസി (67)
വിഷയങ്ങളില്‍ ചരിക്കുന്ന ഇന്ദ്രിയങ്ങള്‍ക്കു ഏതൊരാളുടെ മനസ്സു കീഴ്പ്പെടുന്നുവോ ആ മനസ്സു അവന്റെ ബുദ്ധിയെ കാറ്റ് വെള്ളത്തിലിറക്കിയ തോണിയെ എന്നപോലെ വലിച്ചുകൊണ്ടുപോകുന്നു.
തസ്മാദ്യസ്യ മഹാബാഹോ നിഗൃഹീതാനി സര്‍വ്വശഃ
ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഭ്യസ്തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ (68)
അതുകൊണ്ട് യാതൊരുവന്റെ ഇന്ദ്രിയങ്ങള്‍ എല്ലാ വിഷയങ്ങളില്‍ നിന്നും നിശ്ശേഷം പിന്‍വലിക്കപ്പെട്ടിരിക്കുന്നുവോ അവന്റെ പ്രജഞ പ്രതിഷ്ഠിതമായിരിക്കുന്നു.
യാ നിശാ സര്‍വ്വഭൂതാനാം തസ്യാം ജാഗര്‍തി സംയമീ
യസ്യാം ജാഗ്രതി ഭൂതാനി സാ നിശാ പശ്യതോ മുനേഃ (69)
യാതൊന്ന് സര്‍വ്വപ്രാണികള്‍ക്കും രാത്രിയായിരിക്കുന്നുവോ, അവിടെ (ആ ബ്രഹ്മത്തില്‍) ജിതേന്ദ്രിയന്‍ ഉണര്‍ന്നിരിക്കുന്നു. ഏതൊരു വിഷയാനുഭവത്തില്‍ സര്‍വ്വപ്രാണികളും ഉണര്‍ന്നിരി ക്കുന്നുവോ അത് സത്യദര്‍ശിയായ മുനിക്ക് രാത്രിയാകുന്നു.
ആപൂര്യമാണമചലപ്രതിഷ്ഠം
സമുദ്രമാപഃ പ്രവിശന്തി യദ്വത്
തദ്വത്കാമാ യം പ്രവിശന്തി സര്‍വ്വേ
സ ശാന്തിമാപ്നോതി ന കാമകാമീ (70)
സദാ നിറഞ്ഞുകൊണ്ടിരുന്നാലും സമുദ്രം അക്ഷോഭ്യമായിരി ക്കുന്നുവോ അതുപോലെ കാമങ്ങള്‍ കടന്നുകൂടിമ്പോള്‍ യാതൊരുവന്‍ അക്ഷോഭ്യനായിരിക്കുന്നുവോ അവന്‍ ശാന്തിയെ പ്രാപിക്കും. വിഷയാഭിനിവേശം വിടാത്തവന്‍ ശാന്തി നേടുന്നില്ല.
വിഹായ കാമാന്യഃ സര്‍വ്വാന്‍ പുമാംശ്ചരതി നിഃസ്പൃഹഃ
നിര്‍മമോ നിരഹങ്കാരഃ സ ശാന്തിമധിഗച്ഛതി (71)
യാതൊരു പുരുഷന്‍ എല്ലാ കാമങ്ങളും വെടിഞ്ഞു ഒന്നിലും ആഗ്രഹമില്ലാത്തവനും മമതാബുദ്ധിയും അഹന്തയും ഇല്ലാത്തവനുമായി ലോകത്തില്‍ വര്‍ത്തിക്കുന്നുവോ അവന്‍ ശാന്തി പ്രാപിക്കുന്നു.
ഏഷാ ബ്രാഹ്മീ സ്ഥിതിഃ പാര്‍ഥ നൈനാം പ്രാപ്യ വിമുഹ്യതി
സ്ഥിത്വാസ്യാമന്തകാലേപി ബ്രഹ്മനിര്‍വാണമൃച്ഛതി (72)
പാര്‍ത്ഥാ, ഇതാണ് ബ്രഹ്മനിഷ്ഠ, ഇതു കൈവരിച്ചാല്‍ സംസാരാസക്തി ഉണ്ടാവുന്നില്ല. അന്ത്യകാലത്തെങ്കിലും ഈ അവസ്ഥയില്‍ എത്തിയാല്‍ ബ്രഹ്മനിര്‍വാണം സിദ്ധിക്കുകയും ചെയ്യും.
ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ സാംഖ്യയോഗോ നാമ ദ്വിതീയോധ്യായഃ
എല്ലാ അദ്ധ്യായങ്ങളുടെയും മലയാളം അര്‍ത്ഥസഹിതം ശ്രീമദ് ഭഗവദ്‌ഗീത PDF ആയി ഡൗണ്‍ലോഡ് ചെയ്യൂ, വായിക്കൂ. ( 1.3 MB, 185 പേജുകള്‍ )