യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 292 [ഭാഗം 5. ഉപശമ പ്രകരണം]

ജഡാജഡദൃശോര്‍മദ്ധ്യം യത്തത്വം പരമാത്മികം
തദേതദേവ നാനാത്വം നാനാ സംജ്ഞാഭിരാതതം (5/71/56)

രാമന്‍ ചോദിച്ചു: മാഹത്മന്‍, എങ്ങിനെയാണീ ധാരണകളും അവയുടെ വൈവിദ്ധ്യമാര്‍ന്ന തരംതിരിവുകളും വിവിധ വര്‍ഗ്ഗങ്ങളായി ഇത്ര ഉറപ്പോടെ നമുക്ക് കാണാന്‍ ഇടയായത്? അവ ഇത്ര ദൃഢീകരിച്ചതെങ്ങിനെയാണ്? ദയവായി പറഞ്ഞു തന്നാലും.

വസിഷ്ഠന്‍ തുടര്‍ന്നു: ഇതെല്ലാം ആത്മാവ്‌ തന്നെ. എന്നാല്‍ സമുദ്രത്തില്‍ ഉയരുന്ന അലകളെപ്പോലെ വിശ്വം മനസ്സില്‍ ഉയരുകയാണ്. അവിടവിടെയായി ആത്മാവ് ചലനോന്മുഖമായി കാണപ്പെടുന്നു. മറ്റിടങ്ങളില്‍ ആത്മാവ് സുസ്ഥിരമായി അചലമായി നിലകൊള്ളുന്നു. സ്ഥാവരമായി നില്‍‍ക്കുന്നവ – പാറകളും മറ്റും; ചലനമുള്ളവ- മനുഷ്യനും മറ്റും- എന്നിങ്ങനെയാണ് പ്രധാന വര്‍ഗ്ഗങ്ങള്‍ . ഇവകളിലെല്ലാം സര്‍വ്വവ്യാപിയും സര്‍വ്വശക്തനുമായ ആത്മാവ് , അവിദ്യ എന്ന ധാരണ വെച്ചുപുലര്‍ത്തി അജ്ഞാനിയായിത്തന്നെ തുടരുന്നു. അനന്തത അജ്ഞാനത്തിന്റെ വസ്ത്രമണിഞ്ഞു വരുന്നതാണ് ജീവന്‍-, ജീവാത്മാവ്. ലോകമെന്ന കാഴ്ചയിലെ ചങ്ങലക്കിട്ട ആനയെപ്പോലെയാണ് ജീവാത്മാവ്.

ജീവിക്കുന്നതുകൊണ്ടതിനു ജീവന്‍ എന്ന് പറയുന്നു. അതിന്റെ അഹങ്കാരധാരണകള്‍ കാരണം അതിനെ അഹം എന്നും പറയും. വിവേചനം ചെയ്യാനും തീരുമാനമെടുക്കാനുമുള്ള കഴിവതിനുള്ളതിനാല്‍ അത് ബുദ്ധിയെന്നറിയുന്നു. ധാരണകളും സങ്കല്‍പ്പങ്ങളും മെനഞ്ഞെടുക്കാനുള്ള കഴിവതിനുള്ളതിനാല്‍ അത് മനസ്സാകുന്നു. പ്രകൃത്യാ ഉള്ളതാകയാല്‍ അതിന് പ്രകൃതിയെന്നും പേര്. സ്ഥിരമായി മാറ്റത്തിന് വിധേയമായതിനാല്‍ അതിന് ശരീരം എന്നും പേരുണ്ട്. അത് ബോധവുമാണ്. കാരണം യഥാര്‍ത്ഥത്തില്‍ അത് ബോധം തന്നെയാണ്.

“ജഡത്തിനും അജഡത്തിനും (ചൈതന്യത്തിനും) മദ്ധ്യേ സത്യമായ പൊരുളായി നിലകൊള്ളുന്നതാണ് പരമാത്മാവ്‌. അതാണീ വൈവിദ്ധ്യങ്ങളെ ഉണ്ടാക്കുന്നത്. വിവിധങ്ങളായ പേരുകളില്‍ അറിയപ്പെടുന്നതും അതാണ്‌.” വികലമായ ബുദ്ധിയാല്‍ മനുഷ്യന്‍ ഉണ്ടാക്കിയ വര്‍ഗ്ഗവിഭജനങ്ങളാണവ. തര്‍ക്കങ്ങളും വിവാദങ്ങളുമുണ്ടാക്കി രസിക്കാനും അജ്ഞാനിയെ കൂടുതല്‍ ചിന്താക്കുഴപ്പത്തിലാക്കാനുമാണിവ. ഈ ജീവനാണ് ലോകമെന്ന പ്രത്യക്ഷരൂപത്തിനു ഹേതു.

ഈ ബധിരനും മൂകനുമായ ശരീരത്തിന് എന്ത് കഴിവാണുള്ളത്? ശരീരം നശിച്ചാല്‍ ആത്മാവ് നശിക്കുന്നില്ല. ഇലകള്‍ പൊഴിഞ്ഞെന്നു കരുതി മരം നശിക്കുന്നില്ലല്ലോ. ഭ്രമചിന്തകള്‍ക്കടിമയായവന്‍ മാത്രമേ മറിച്ചു ചിന്തിക്കൂ.

അതേസമയം. മനസ്സ് മരിച്ചാല്‍ എല്ലാം തീര്‍ന്നു. അതാണ്‌ അന്തിമമായ മുക്തി. ‘അയ്യോ ഞാന്‍ മരിക്കുന്നു, ഞാന്‍ നശിക്കുന്നു” എന്ന് വിലപിക്കുന്നവന്‍ തെറ്റിദ്ധാരണകളില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നവനാണ്. അയാള്‍ ലോകമെന്ന ഈ ഭ്രമദൃശ്യം മറ്റൊരിടത്ത് മറ്റൊരു സമയത്ത് അനുഭവിക്കാന്‍ പോകുന്നു എന്ന് മാത്രം.

മാനസീകോപാധികളില്‍ ആമഗ്നമായ ജീവാത്മാവ്, കുരങ്ങന്‍ ഒരു മരക്കൊമ്പുപേക്ഷിച്ചു മറ്റൊന്നിലേയ്ക്ക് ചാടുന്നതുപോലെ ഇപ്പോഴുള്ള ശരീരം ഉപേക്ഷിച്ച്‌ മറ്റൊന്നിനെ തേടി നടക്കുകയാണ്. എന്നാലോ അടുത്ത ക്ഷണം തന്നെ ആ ശരീരവും അയാളുപേക്ഷിക്കുന്നു. പിന്നെ മറ്റൊന്ന്, മറ്റൊരിടത്ത്, വേറൊരു സമയതീരത്ത്, അങ്ങിനെ അവിരാമം ആ പ്രയാണം തുടരുകയാണ്.

ശ്രദ്ധ തിരിച്ചുവിടാനായി കുട്ടിയെ ഒരിടത്ത് നിന്നും മറ്റൊരിടത്തേയ്ക്ക്‌ കൊണ്ട് പോകുന്ന ആയയെപ്പോലെ മാനസീകോപാധികള്‍ (വാസനകള്‍ , അല്ലെങ്കില്‍ ശീലം) ജീവനെ അവിടെയുമിവിടെയും കൊണ്ട് നടക്കുകയാണ്. അങ്ങിനെ മനോപാധികളുടെ കയറാല്‍ ബന്ധിക്കപ്പെട്ട് ജീവാത്മാവ് വൈവിധ്യമാര്‍ന്ന യോനികളില്‍പ്പിറന്നു ജീവിച്ചു മരിച്ച് അന്തമില്ലാത്ത ദുരിതങ്ങള്‍ അനുഭവിക്കുന്നു.

വസിഷ്ഠമഹര്‍ഷി ഇത്രയും പറഞ്ഞപ്പോഴേയ്ക്ക് മറ്റൊരുദിനം കൂടി കടന്നുപോയി. സായാഹ്നസാധനകള്‍ക്കായി എല്ലാവരും പിരിഞ്ഞു.