പുരുഷോത്തമയോഗഃ
ശ്രീഭഗവാനുവാച
ഊര്‍ധ്വമൂലമധഃശാഖമശ്വത്ഥം പ്രാഹുരവ്യയം
ഛന്ദാംസി യസ്യ പര്‍ണാനി യസ്തം വേദ സ വേദവിത് (1)
ഭഗവാന്‍ പറഞ്ഞു: ഈ സംസാരത്തെ ശാഖകള്‍ താഴെയും വേരുകള്‍ മുകളിലുമായുള്ള നാശമില്ലാത്ത ഒരു അശ്വത്ഥ (അരയാല്‍) വൃക്ഷമായും, വേദങ്ങളെ അതിന്റെ ഇലകളായും (പൂര്‍വ്വികന്മാര്‍) പറയുന്നു. ഈ വൃക്ഷത്തെ അറിയുന്നവന്‍ വേദങ്ങളെ അറിയുന്നവനാണ്.
അധശ്ചോര്‍ധ്വം പ്രസൃതാസ്തസ്യ ശാഖാ
ഗുണപ്രവൃദ്ധാ വിഷയപ്രവാലാഃ
അധശ്ച മൂലാന്യനുസന്തതാനി
കര്‍മാനുബന്ധീനി മനുഷ്യലോകേ (2)
തിഗുണങ്ങളാല്‍ പോഷിപ്പിക്കപ്പെടുന്ന അതിന്റെ ശാഖകള്‍ മുകളിലും താഴെയുമായി പരന്നുകിടക്കുന്നു. വിഷയങ്ങളാണ് അതിന്റെ തളിരുകള്‍. കര്‍മ്മത്തോടു ബന്ധപ്പെട്ടവയായ അതിന്റെ വേരുകള്‍ മനുഷ്യലോകത്തില്‍ വ്യാപിച്ചുകിടക്കുന്നു.
ന രൂപമസ്യേഹ തഥോപലഭ്യതേ
നാന്തോ ന ചാദിര്‍ന ച സംപ്രതിഷ്ഠാ
അശ്വത്ഥമേനം സുവിരൂഢമൂലം
അസംഗശസ്ത്രേണ ദൃഢേന ഛിത്ത്വാ (3)
തതഃ പദം തത്പരിമാര്‍ഗിതവ്യം
യസ്മിന്‍ ഗതാ ന നിവര്‍ത്തന്തി ഭൂയഃ
തമേവ ചാദ്യം പുരുഷം പ്രപദ്യേ
യതഃ പ്രവൃത്തിഃ പ്രസൃതാ പുരാണീ (4)
ഇഹത്തില്‍ അതിന്റെ രൂപവും, ആദിയും, അന്തവും, അസ്തിത്വവും അങ്ങനെ അറിയപ്പെടുന്നില്ല. തീവ്രവൈരാഗ്യമാകുന്ന ആയുധത്താല്‍ വേരുറച്ച ഈ അശ്വത്ഥവൃക്ഷത്തിനെ മുറിച്ചതിനുശേഷം, യാതൊരു പരമപദത്തെ പ്രാപിച്ചാല്‍ പിന്നീട് തിരിച്ചുവരവില്ലയോ, അതിനെ തേടേണ്ടതാണ്. അതിനായി അനാദിയായ ഈ സംസാരത്തിന് ഉറവിടമായ ആദിപുരുഷനെ ഞാന്‍ ശരണം പ്രാപിക്കുന്നു.
നിര്‍മാനമോഹാ ജിതസംഗദോഷാ
അധ്യാത്മനിത്യാ വിനിവൃത്തകാമാഃ
ദ്വന്ദ്വൈര്‍വിമുക്താഃ സുഖദുഃഖസംജ്ഞൈര്‍
ഗച്ഛന്ത്യമൂഢാഃ പദമവ്യയം തത് (5)
അഭിമാനം, മോഹം എന്നിവയില്‍ നിന്ന് മുക്തരും, സംഗമാകുന്ന ദോഷത്തെ ജയിച്ചവരും, സദാ ആത്മനിഷ്ഠരും, കാമമില്ലാത്തവരും, സുഖദുഃഖാദി ദ്വന്ദ്വങ്ങളില്‍ നിന്ന് മുക്തരും വ്യാമോഹ മില്ലാത്തവരുമായ മഹാന്മാര്‍ ആ പരമപദത്തെ പ്രാപിക്കുന്നു.
ന തദ്ഭാസയതേ സൂര്യോ ന ശശാങ്കോ ന പാവകഃ
യദ്ഗത്വാ ന നിവര്‍ത്തന്തേ തദ്ധാമ പരമം മമ (6)
യാതൊന്നിനെ സൂര്യചന്ദ്രന്മാരോ അഗ്നിയോ പ്രകാശി പ്പിക്കുന്നില്ലയോ, യാതൊന്നിനെ പ്രാപിച്ചാല്‍ തിരിച്ചുവരവില്ലയോ അതാണ് എന്റെ പരമമായ പദം (സ്ഥാനം).
മമൈവാംശോ ജീവലോകേ ജീവഭൂതഃ സനാതനഃ
മനഃഷഷ്ഠാനീന്ദ്രിയാണി പ്രകൃതിസ്ഥാനി കര്‍ഷതി (7)
എന്റെ തന്നെ സനാതനമായ അംശമായ ജീവലോകത്തില്‍ ജീവനായിട്ട് അഞ്ചിന്ദ്രിയങ്ങളെയും മനസ്സിനെയും തന്നിലേയ്ക്കാ കര്‍ഷിക്കുന്നു.
ശരീരം യദവാപ്നോതി യച്ചാപ്യുത്ക്രാമതീശ്വരഃ
ഗൃഹീത്വൈതാനി സംയാതി വായുര്‍ഗന്ധാനിവാശയാത് (8)
ഈശ്വരന്‍ (ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും അധീശനായ ജീവന്‍) ശരീരത്തെ പ്രാപിക്കുമ്പോഴും വിട്ടുപോകുമ്പോഴും, പുഷ്പത്തില്‍ നിന്ന് വായു ഗന്ധത്തെയെന്ന പോലെ ഇവയെയെല്ലാം കൊണ്ടുപോകുന്നു.
ശ്രോത്രം ചക്ഷുഃ സ്പര്‍ശനം ച രസനം ഘ്രാണമേവ ച
അധിഷ്ഠായ മനശ്ചായം വിഷയാനുപസേവതേ (9)
ഈ ജീവന്‍ ചെവി, കണ്ണ്, ത്വക്ക്, നാക്ക്, മൂക്ക് എന്നീ അഞ്ചിന്ദ്രിയങ്ങളെയും മനസ്സിനെയും ആശ്രയിച്ച് വിഷയങ്ങളെ അനുഭവിക്കുന്നു.
ഉത്ക്രാമന്തം സ്ഥിതം വാപി ഭുഞ്ജാനം വാ ഗുണാന്വിതം
വിമൂഢാ നാനുപശ്യന്തി പശ്യന്തി ജ്ഞാനചക്ഷുഷഃ (10)
ശരീരം വിട്ടുപോകുന്നതോ, ശരീരത്തിലിരിക്കുന്നതോ, വിഷയങ്ങ ളനുഭവിക്കുന്നതോ ഗുണങ്ങളോടുകൂടിയിരിക്കുന്നതോ ആയ ഈ ജീവനെ അജ്ഞാനികള്‍ അറിയുന്നില്ല. ജ്ഞാനദൃഷ്ടിയുള്ളവര്‍ മാത്രം ഇതിനെ കാണുന്നു.
യതന്തോ യോഗിനശ്ചൈനം പശ്യന്ത്യാത്മന്യവസ്ഥിതം
യതന്തോപ്യകൃതാത്മാനോ നൈനം പശ്യന്ത്യചേതസഃ (11)
സിദ്ധിയ്ക്കായി പ്രയത്നിക്കുന്ന യോഗികള്‍ തങ്ങളുടെയുള്ളില്‍ സ്ഥിതിചെയ്യുന്ന ഈ ജീവനെ കാണുന്നു. എന്നാല്‍ അനധികാരികളായ മൂഢന്മാര്‍ പ്രയത്നിച്ചാലും ഈ ജീവനെ കാണുന്നില്ല.
യദാദിത്യഗതം തേജോ ജഗദ്ഭാസയതേഖിലം
യച്ചന്ദ്രമസി യച്ചാഗ്നൌ തത്തേജോ വിദ്ധി മാമകം (12)
ഈ ലോകത്തെയാകമാനം പ്രകാശിപ്പിക്കുന്ന സൂര്യന്റെ തേജസ്സും, ചന്ദ്രനിലും അഗ്നിയിലുമുള്ള തേജസ്സും എന്റേതു തന്നെയെന്നറിയൂ.
ഗാമാവിശ്യ ച ഭൂതാനി ധാരയാമ്യഹമോജസാ
പുഷ്ണാമി ചൌഷധീഃ സര്‍വ്വഃ സോമോ ഭൂത്വാ രസാത്മകഃ (13)
ഞാന്‍ ഓജസ്സായി ഭൂമിയില്‍ പ്രവേശിച്ച് ജീവജാലങ്ങളെ നിലനിര്‍ത്തുകയും, രസാത്മകനായ ചന്ദ്രനായി എല്ലാവിധ സസ്യങ്ങളെയും പോഷിപ്പിക്കുകയും ചെയ്യുന്നു.
അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃ
പ്രാണാപാനസമായുക്തഃ പചാമ്യന്നം ചതുര്‍വ്വിധം (14)
ഞാന്‍ പ്രാണികളുടെ ശരീരങ്ങളില്‍ അഗ്നിയുടെ രൂപത്തിലിരുന്ന് പ്രാണന്‍, അപാനന്‍ എന്നിവയോടു ചേര്‍ന്ന് നാലുതരത്തിലുള്ള ഭക്ഷണത്തെയും ദഹിപ്പിക്കുന്നു.
സര്‍വ്വസ്യ ചാഹം ഹൃദി സന്നിവിഷ്ടോ
മത്തഃ സ്മൃതിര്‍ജ്ഞാനമപോഹനഞ്ച
വേദൈശ്ച സര്‍വ്വൈരഹമേവ വേദ്യോ
വേദാന്തകൃദ്വേദവിദേവ ചാഹം (15)
ഞാന്‍ സര്‍വ്വരുടെയും ഹൃദയത്തില്‍ സന്നിഹിതനാണ്. ഓര്‍മ്മ, അറിവ്, മറവി എന്നിവയുണ്ടാകുന്നതും എന്നില്‍ നിന്നാണ്. എല്ലാ വേദങ്ങളിലൂടെ അറിയപ്പെടേണ്ടവന്‍ ഞാനാണ്. വേദാന്തത്തിന്റെ കര്‍ത്താവും വേദജ്ഞനും ഞാന്‍ തന്നെയാണ്.
ദ്വാവിമൌ പുരുഷൌ ലോകേ ക്ഷരശ്ചാക്ഷര ഏവ ച
ക്ഷരഃ സര്‍വ്വാണി ഭൂതാനി കൂടസ്ഥോക്ഷര ഉച്യതേ (16)
ക്ഷരന്‍ (നാശമുള്ളവന്‍), അക്ഷരന്‍ (നശിക്കാത്തവന്‍) എന്നീ രണ്ടു പുരുഷന്മാരാണ് ഈ ലോകത്തിലുള്ളത്. എല്ലാ ജീവജാലങ്ങളും ക്ഷരപുരുഷനാണ്. നാശരഹിതനും കൂടസ്ഥനുമായ ആത്മാവാണ് അക്ഷരപുരുഷന്‍.
ഉത്തമഃ പുരുഷസ്ത്വന്യഃ പരമാത്മേത്യുദാഹൃതഃ
യോ ലോകത്രയമാവിശ്യ ബിഭര്‍ത്യവ്യയ ഈശ്വരഃ (17)
മൂന്നു ലോകങ്ങളെയും വ്യാപിച്ച് അവയെ ഭരിക്കുന്ന നാശരഹിതനും പരമാത്മാവെന്നു വിളിക്കപ്പെടുന്നവനുമായ ഈശ്വരന്‍ മേല്പറഞ്ഞ രണ്ടു പുരുഷന്മാരില്‍ നിന്നും ഭിന്നനായ ഉത്തമപുരുഷന്‍.
യസ്മാത്ക്ഷരമതീതോഹമക്ഷരാദപി ചോത്തമഃ
അതോസ്മി ലോകേ വേദേ ച പ്രഥിതഃ പുരുഷോത്തമഃ (18)
ക്ഷരത്തിനതീതനും, അക്ഷരത്തിനേക്കാള്‍ ഉത്തമനുമായതിനാല്‍ ഞാന്‍ ഈ ലോകത്തിലും വേദത്തിലും പുരുഷോത്തമ നെന്നറിയപ്പെടുന്നു.
യോ മാമേവമസമ്മൂഢോ ജാനാതി പുരുഷോത്തമം
സ സര്‍വ്വവിദ്ഭജതി മാം സര്‍വ്വഭാവേന ഭാരത (19)
ഹേ ഭാരത, പുരുഷോത്തമനായ എന്നെ ഇപ്രകാരം മോഹരഹിതനായ യാതൊരുവനാണോ അറിയുന്നത്, എല്ലാം അറിഞ്ഞവനായ അവന്‍ എല്ലാ ഭാവത്തിലും എന്നെ ഭജിക്കുന്നു.
ഇതി ഗുഹ്യതമം ശാസ്ത്രമിദമുക്തം മയാനഘ
ഏതദ്ബുദ്ധ്വാ ബുദ്ധിമാന്‍ സ്യാത് കൃതകൃത്യശ്ച ഭാരത (20)
ഹേ ഭാരത, ഇപ്രകാരം ഞാനുപദേശിച്ച തികച്ചും രഹസ്യമായ ഈ ശാസ്ത്രത്തെ അറിയുന്നവന്‍ ബുദ്ധിമാനായും കൃതകൃത്യനായും (ചെയ്യേണ്ടതെല്ലാം ചെയ്തു തീര്‍ത്തവന്‍) ഭവിക്കുന്നു.
ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുന സംവാദേ
പുരുഷോത്തമയോഗോ നാമ പഞ്ചദശോധ്യായഃ
എല്ലാ അദ്ധ്യായങ്ങളുടെയും മലയാളം അര്‍ത്ഥസഹിതം ശ്രീമദ് ഭഗവദ്‌ഗീത PDF ആയി ഡൗണ്‍ലോഡ് ചെയ്യൂ, വായിക്കൂ. ( 1.3 MB, 185 പേജുകള്‍ )