യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 296 [ഭാഗം 5. ഉപശമ പ്രകരണം]
ഗോഷ്പദം പൃഥിവീ മേരുഃ സ്ഥാണുരാശാഃ സമുദ്രികാഃ
തൃണം ത്രിഭുവനം രാമ നൈരാശ്യാലംകൃതാകൃതേഃ (5/74/47)
വസിഷ്ഠന്‍ തുടര്‍ന്നു: “ആഗ്രഹങ്ങളുടെ സ്വാധീനത്തില്‍പ്പെടാതെയിരിക്കുന്നവന് ഈ ലോകം മുഴുവനും ചേര്‍ത്തുവെച്ചാലും അത് ഒരു പശുക്കിടാവിന്റെ കുളമ്പടിപ്പാടിന്റെയത്രയേ ഉള്ളു. മഹാമേരു, മരം മുറിച്ചിട്ടു ബാക്കിവന്ന മരക്കുറ്റിപോലെയാണ്. ആകാശം ചെറിയൊരു പെട്ടി. മൂലോകങ്ങള്‍ വെറും പുല്‍ക്കൊടി.”
ലൗകികതയില്‍ മുഴുകിയവരുടെ പ്രവൃത്തികള്‍കണ്ട് ജ്ഞാനിക്കു ചിരി വരും. അങ്ങിനെയുള്ളയാളെ ആരുമായാണ് നമുക്ക് താരതമ്യപ്പെടുത്താനാവുക? അയാളുടെ പ്രശാന്തതയെ, സമതാഭാവത്തെ തകര്‍ക്കാന്‍ ആര്‍ക്കു കഴിയും? അയാളില്‍ ‘എനിക്കിതു കിട്ടിയിരുന്നെങ്കില്‍ , എനിക്കിങ്ങിനെ സംഭവിച്ചിരുന്നുവെങ്കില്‍ ’ എന്ന തരത്തിലുള്ള ചിന്തകള്‍ ഒന്നുമില്ല.
രാമാ, ആശകളും പ്രത്യാശകളുമാണൊരുവനെ വട്ടംചുറ്റിച്ച് ലോകചക്രത്തിന്റെ ഭ്രമാത്മകതയില്‍ പിടിച്ചു കെട്ടുന്നത്. എന്നാല്‍ ആത്മാവാണിതെല്ലാം എന്ന സത്യബോധമുണരുമ്പോള്‍ നിന്നില്‍ ആസക്തികളോ പ്രത്യാശകളോ ബാക്കിയില്ല. അങ്ങിനെ നിര്‍മമനായ യോഗിയുടെ സാന്നിദ്ധ്യം തന്നെ ഭ്രമാത്മകതയെന്ന പിശാചിനെ തുരത്തിക്കളയുന്നു. അയാളില്‍ സുഖാനുഭവങ്ങള്‍ സുഖമോ ദു:ഖാനുഭവങ്ങള്‍ വിഷാദമോ ഉണ്ടാക്കുന്നില്ല. കാറ്റിനു മലകളെ ഇളക്കാന്‍ കഴിയാത്തതുപോലെ ആസക്തികള്‍ക്ക് യോഗിയില്‍ യാതൊരു ചലനവും ഉണ്ടാകാന്‍ കഴിയില്ല. ഇഷ്ടാനിഷ്ടങ്ങളാകുന്ന ദ്വന്ദശക്തികള്‍ക്ക് അയാളെ തൊടാനാവില്ല. അയാള്‍ എല്ലാവരേയും സമതാഭാവത്തില്‍ കാണുന്നു. കാണപ്പെടുന്ന വസ്തുക്കളുമായി കണ്ണിനു യാതൊരു വിധ സംഗവുമില്ലാത്തതുപോലെ അയാള്‍ യദൃഛയാ വന്നുചേരുന്ന അനുഭവങ്ങളെ അനാസക്തനായി ആസ്വദിച്ച് കഴിയുന്നു.
അത്തരം അനുഭവങ്ങള്‍ അയാളില്‍ സുഖദുഖങ്ങള്‍ ഉണ്ടാക്കുന്നില്ല. ലോകത്ത് ഉചിതമായ കര്‍മ്മങ്ങളില്‍ വ്യാപൃതനായിരിക്കുമ്പോഴും അയാളുടെ ബോധത്തിന് ചഞ്ചലതകളില്ല. കാലദേശങ്ങള്‍ക്കനുസരിച്ച്, അയാള്‍ക്കുണ്ടാവുന്ന അനുഭവങ്ങള്‍ സുഖപ്രദമാണെങ്കിലും അല്ലെങ്കിലും അതയാളെ ബാധിക്കുന്നില്ല. അകമേ അയാളുടെ പ്രശാന്തയെ ശല്യപ്പെടുത്താന്‍ അവയ്ക്കൊന്നുമാവില്ല. പാമ്പാണെന്നൊരിക്കല്‍ കരുതിയ കയറിനെ, കയറായി ഒരാള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍പ്പിന്നെ വീണ്ടും അത് പാമ്പായി അയാളെ പേടിപ്പിക്കുമോ? ആത്മജ്ഞാനത്തിന്റെ നിറവില്‍ ഭ്രമക്കാഴ്ചയെപ്പറ്റി ബോധമുണ്ടായാല്‍പ്പിന്നെ ആ ബോധമെങ്ങിനെ ഇല്ലാതാവും? മരത്തില്‍ നിന്ന് വേര്‍പെട്ടു വീണ പഴം വീണ്ടുമാ മരത്തില്‍ ചേര്‍ത്തു വയ്ക്കുന്നതെങ്ങിനെ?
ജ്ഞാനിക്ക് അതിസുന്ദരിയായ തരുണിയെക്കാണുന്നതും അവളുടെ ചിത്രപടം കാണുന്നതും ഒരുപോലെയാണ്. രണ്ടും പഞ്ചഭൂതനിര്‍മ്മിതമാണെന്നയാള്‍ അറിയുന്നു. അങ്ങിനെയുള്ള അറിവുള്ളപ്പോള്‍ ഒന്ന്‍ മറ്റൊന്നിനെ സ്വന്തമാക്കുക എന്ന ധാരണതന്നെ ഇല്ലാതാവുന്നു. ഹൃദയത്തില്‍ അത്തരം ആശകള്‍ക്ക് സ്ഥാനമില്ലാതാകുന്നു. പ്രിയനെ മനസ്സില്‍ നിനച്ചുകൊണ്ട് ഗൃഹജോലികള്‍ ചെയ്യുന്ന തരുണിയെപ്പോലെ പ്രബുദ്ധനായ ഋഷി ലോകത്ത് വര്‍ത്തിക്കുമ്പോഴും അദ്ദേഹത്തിന്‍റെ ബോധം സത്യത്തില്‍ ആരൂഢമത്രേ. തന്റെ പ്രിയനില്‍ മനസ്സുറപ്പിച്ച തരുണിയെ അവളുടെ ചിന്തയില്‍നിന്ന് മാറ്റാന്‍ ആര്‍ക്കും കഴിയാത്തതുപോലെ യോഗിയുടെ സത്യാവബോധത്തില്‍ നിന്നും ആര്‍ക്കുമയാളെ വ്യതിചലിപ്പിക്കാന്‍ ആവില്ല.
തന്റെ ശരീരം മുറിച്ചാല്‍ ആത്മാവിനത് ബാധകമല്ല എന്ന് യോഗിക്കറിയാം. കണ്ണീരൊഴുക്കുമ്പോള്‍ അത് കരയുന്നില്ല. ദേഹമെരിയുമ്പോള്‍ അതെരിയുന്നില്ല. എല്ലാം നഷ്ടപ്പെട്ടാലും അത് നഷ്ടമാവുന്നില്ല. എന്ത് പതനമുണ്ടായാലും അഗതിയായാലും ധനികനായാലും കൊട്ടാരത്തില്‍ വസിച്ചാലും കുടിലില്‍ക്കഴിഞ്ഞാലും യോഗി അകമേ അചഞ്ചലനാണ്.