യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 297 [ഭാഗം 5. ഉപശമ പ്രകരണം]
തിര്യഗ്യോനിഷ്വപി സദാ വിധ്യന്തേ കൃതബുദ്ധയഃ
ദേവയോനിഷ്വപി പ്രജ്ഞാ വിധ്യന്തേ മൂര്‍ഘബുദ്ധയഃ (5/75/32)
സര്‍വം സര്‍വേണ സര്‍വത്ര സര്‍വ്വദാ സര്‍വ്വദൈവ ഹി
സംഭവത്യേവ സര്‍വാത്മന്യാത്മന്യാതതരൂപിണി (5/75/33)
വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, അങ്ങിനെ ജീവന്‍മുക്തരായുള്ള അനേകം മഹര്‍ഷിമാരും മഹാത്മാക്കളും ഈ പ്രപഞ്ചത്തിലുണ്ട്. ഞാന്‍ കുറച്ചുദാഹരണങ്ങള്‍ പറയാം.
ചക്രവര്‍ത്തിയായ ജനകന്‍, നിന്റെ മുത്തശ്ശന്‍ ദിലീപന്‍, ലോകത്തിന്റെ ആദ്യത്തെ ഭരണാധികാരിയായ മനു, യുദ്ധനിപുണനായിരുന്ന മന്ഥാതചക്രവര്‍ത്തി, അസുര രാജാക്കന്മാരായ ബലിയും നമൂചിയും, ഇന്ദ്രനോടു പോലും യുദ്ധം ചെയ്ത വൃത്രന്‍, പ്രഹ്ലാദന്‍, ശാംബരന്‍, ദേവന്മാരുടെയും അസുരന്മാരുടെയും ഗുരുക്കന്മാര്‍ , സൃഷ്ടിസ്ഥിതിസംഹാരകാരായ ത്രിമൂര്‍ത്തികള്‍ , മഹര്‍ഷിമാരായ വിശ്വാമിത്രന്‍, നാരദന്‍, അഗ്നി, വായു തുടങ്ങിയ പഞ്ചഭൂതങ്ങളുടെ അധിദേവതമാര്‍ എന്ന് വേണ്ട ആയിരക്കണക്കിന് സത്വങ്ങളുണ്ട് ആ ഗണത്തില്‍ . അവരില്‍ ഋഷികളുണ്ട്, രാജാക്കന്മാരുണ്ട്, ഗ്രഹങ്ങളും ദേവന്മാരും അസുരന്മാരും തിളക്കമേറിയ നക്ഷത്രങ്ങളുമുണ്ട്.
“രാമാ, കൃമികീടങ്ങളിലും ജീവന്മുക്തരുണ്ട്. ദേവന്മാരില്‍ മൂഢന്‍മാരുമുണ്ട്. എല്ലാറ്റിലും ഉള്ളത് ആത്മാവാണ്. അത് എല്ലാറ്റിലും എപ്പോഴും എല്ലാ വിധത്തിലും നിലകൊള്ളുന്നു.” ആത്മാവാണ് ദൈവവും എല്ലാ ദിവ്യതയും. വസ്തുക്കളില്‍ ശൂന്യതയുണ്ട്. ആ ശൂന്യതയ്ക്ക് കാര്യകാരണങ്ങളുമുണ്ട്. അന്വേഷിച്ചാല്‍ അനുചിതമായി തോന്നുന്നവ ചിലപ്പോള്‍ ഉചിതമായി പിന്നീട് കാണപ്പെട്ടേക്കാം. ഉദാഹരണത്തിന്, ചില ആളുകള്‍ ധാര്‍മ്മികമായി ജീവിക്കുന്നത് പാപഭീതിയുള്ളതിനാലാണല്ലോ. ‘ഇല്ലാത്ത’ ഒന്നാവാം നമ്മെ ഉണ്മയിലേയ്ക്ക് നയിക്കുന്നത്. മുന്‍പ് പറഞ്ഞ നിശ്ശൂന്യതയെ ധ്യാനിക്കുന്നതിലൂടെ സത്യസാക്ഷാത്കാരം സാദ്ധ്യമാണ്. സമയത്തിന്‍റെയും കാലത്തിന്റെയും പ്രാഭവത്താല്‍ അഭാവം തന്നെ ഭാവമായി മാറിയേക്കാം.
അതേസമയം വളരെ ശക്തിമത്തെന്നു കരുതിയവ സ്വയം നശിച്ചൊടുങ്ങുന്നതും കാണാം. അങ്ങിനെ സത്യത്തെ അറിഞ്ഞു സന്തോഷസന്താപങ്ങളെയും ആസക്തികളെയും ഉപേക്ഷിക്കൂ. സത്ത് അസത്തായും അസത്ത് സത്തയും കാണപ്പെടുന്നു. അതുകൊണ്ട് ആശയും നിരാശയും വെടിയൂ. സമതയെ പ്രാപിക്കൂ. രാമാ, ഇഹലോകത്ത് മുക്തി എപ്പോഴും എല്ലായിടത്തും സുലഭമാണെന്നറിഞ്ഞാലും . സ്വപ്രയത്നത്താല്‍ അനേകമാളുകള്‍ മുക്തിയെ പ്രാപിച്ചിരിക്കുന്നു.
മുക്തിലാഭം എളുപ്പമോ അല്ലയോ എന്നത് സാധകന്റെ ജ്ഞാനം, അജ്ഞാനം (വിദ്യാവിദ്യകള്‍ ), എന്നിവയെ ആശ്രയിച്ചിരിക്കും. നിന്നിലെ ജ്ഞാനത്തിന്റെ വിളക്ക് തെളിയിച്ചാല്‍ ദു:ഖത്തിന്റെ വേരറുക്കാന്‍ ആത്മദര്‍ശനത്തിനാവും. ജനകനെപ്പോലെ അനേകമാളുകള്‍ ജീവന്‍മുക്തരായി ഇപ്പോഴും ജീവിച്ചിരിക്കുന്നു. അങ്ങിനെ നീയും ഇപ്പോള്‍ ഇവിടെവച്ച് മുക്തനാവൂ.
തികച്ചും അനാസക്തമായി കഴിയുന്നതാണ് മുക്തി. അതിലൂടെയുണ്ടാവുന്ന പ്രശാന്തത ദേഹമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രാപ്യമാണ്. എല്ലാ സംഗങ്ങളില്‍ നിന്നും ഉള്ള മുക്തിയാണ് നിര്‍വാണം. ഈ തലത്തിലെത്താനായി ഒരുവന്‍ തന്റെ എല്ലാ പരിശ്രമങ്ങളും ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അനുഷ്ഠിക്കേണ്ടതുണ്ട്. പരിശ്രമിക്കാതെ ഒരടി മുന്നോട്ടു ചാടാന്‍ ആര്‍ക്കും കഴിയുകയില്ലല്ലോ. അതുകൊണ്ട് രാമാ അത്മീയതയില്‍ നീയൊരു വീരനായകന്‍ തന്നെയാവൂ. ശരിയായ അളവില്‍ പരിശ്രമം, ശരിയായ ആത്മാന്വേഷണം, എന്നിവയിലൂടെ ആ പരമസത്യത്തെ സാക്ഷാത്കരിച്ചാലും. അങ്ങിനെയുള്ള പരിശ്രമശാലിക്ക് പ്രപഞ്ചം മുഴുവന്‍ ചേര്‍ന്നാലും അതൊരു കാലിക്കുളമ്പടിയുടെ അത്ര വലുപ്പമേയുള്ളു.