ശ്രദ്ധാത്രയവിഭാഗയോഗഃ
അര്‍ജുന ഉവാച
യേ ശാസ്ത്രവിധിമുത്സൃജ്യ യജന്തേ ശ്രദ്ധയാന്വിതാഃ
തേഷാം നിഷ്ഠാ തു കാ കൃഷ്ണ സത്ത്വമാഹോ രജസ്തമഃ (1)
അര്‍ജുനന്‍ പറഞ്ഞു: ഹേ കൃഷ്ണ, ശാസ്ത്രവിധി പാലിക്കാതെയാ ണെങ്കിലും ശ്രദ്ധയോടെ യജിക്കുന്നവരുടെ സ്ഥിതിയെന്താകും? അതു സാത്വികമോ, രാജസികമോ താമസികമോ ഏതാണ്?
ശ്രീഭഗവാനുവാച
ത്രിവിധാ ഭവതി ശ്രദ്ധാ ദേഹിനാം സാ സ്വഭാവജാ
സാത്ത്വികീ രാജസീ ചൈവ താമസീ ചേതി താം ശൃണു (2)
ഭഗവാന്‍ പറഞ്ഞു: മനുഷ്യരുടെ സ്വഭാവത്തില്‍ നിന്നുദ്ഭവിക്കുന്ന ശ്രദ്ധ സാത്വികം, രാജസികം, താകസികം എന്നിങ്ങനെ മൂന്നു വിധത്തിലാണ്.
സത്ത്വാനുരൂപാ സര്‍വ്വസ്യ ശ്രദ്ധാ ഭവതി ഭാരത
ശ്രദ്ധാമയോയം പുരുഷോ യോ യച്ഛ്രദ്ധഃ സ ഏവ സഃ (3)
ഹേ ഭാരത, എല്ലാവരുടെയും ശ്രദ്ധ അവരവരുടെ ശ്രദ്ധയെ ആശ്രയിച്ചിരിക്കുന്നു. ഈ മനുഷ്യന്‍ ശ്രദ്ധാമയനാണ്. ഒരുവന്റെ ശ്രദ്ധ ഏതാണോ അവന്‍ ആ തരത്തിലുള്ളവനായിരിക്കും.
യജന്തേ സാത്ത്വികാ ദേവാന്‍ യക്ഷരക്ഷാംസി രാജസാഃ
പ്രേതാന്‍ ഭൂതഗണാംശ്ചാന്യേ യജന്തേ താമസാ ജനാഃ (4)
സാത്വികന്മാര്‍ ദേവന്മാരെയും, രാജസന്മാര്‍ യക്ഷരാക്ഷസന്മാരെയും, മറ്റുള്ള താമസികരായ മനുഷ്യര്‍ പ്രേതങ്ങളെയും, ഭൂതഗണങ്ങളെയും യജിക്കുന്നു.
അശാസ്ത്രവിഹിതം ഘോരം തപ്യന്തേ യേ തപോ ജനാഃ
ദംഭാഹംകാരസംയുക്താഃ കാമരാഗബലാന്വിതാഃ (5)
കര്‍ഷയന്തഃ ശരീരസ്ഥം ഭൂതഗ്രാമമചേതസഃ
മാം ചൈവാന്തഃശരീരസ്ഥം താന്വിദ്ധ്യാസുരനിശ്ചയാന്‍ (6)
ആരാണോ ഡംഭ്, അഹങ്കാരം എന്നിവയോടുകൂടി, കാമം, രാഗം എന്നിവയ്ക്കധീനരായി ശാസ്ത്രത്തില്‍ വിധിച്ചിട്ടില്ലാത്ത തരത്തില്‍ ഘോരമായ തപസ്സനുഷ്ഠിക്കുന്നത്, തങ്ങളുടെ ഇന്ദ്രിയങ്ങളെയും, ശരീരത്തില്‍ വര്ത്തിക്കുന്ന എന്നെയും പീഡിപ്പിക്കുന്ന അവിവേകികളായ അവര്‍ ആസുരനിശ്ചയം ചെയ്തവരാണെ ന്നറിഞ്ഞാലും.
ആഹാരസ്ത്വപി സര്വസ്യ ത്രിവിധോ ഭവതി പ്രിയഃ
യജ്ഞസ്തപസ്തഥാ ദാനം തേഷാം ഭേദമിമം ശൃണു (7)
എല്ലാവര്‍ക്കും പ്രിയപ്പെട്ട ആഹാരവും മൂന്നു വിധത്തിലുണ്ട്. യജ്ഞം, തപസ്സ്, ദാനം എന്നിവയുടെയും ഭേദം നീ കേട്ടാലും.
ആയുഃസത്ത്വബലാരോഗ്യസുഖപ്രീതിവിവര്‍ധനാഃ
രസ്യാഃ സ്നിഗ്ധാഃ സ്ഥിരാ ഹൃദ്യാ ആഹാരാഃ സാത്ത്വികപ്രിയാഃ (8)
ആയുസ്സ്, മനഃശക്തി, ബലം, ആരോഗ്യം, സുഖം, പ്രീതി എന്നിവ വര്‍ദ്ധിപ്പിക്കുന്ന രുചികരമായ, എണ്ണമയമുള്ള, പോഷകവും ഇഷ്ടപ്പെടുന്നതുമായ ആഹാരങ്ങളാണ് സാത്വികന്മാര്‍ക്ക് പ്രിയമായിട്ടുള്ളത്.
കട്വമ്ലലവണാത്യുഷ്ണതീക്ഷ്ണരൂക്ഷവിദാഹിനഃ
ആഹാരാ രാജസസ്യേഷ്ടാ ദുഃഖശോകാമയപ്രദാഃ (9)
എരിവും, പുളിയും, ഉപ്പും, അതിയായ ചൂടും, വരള്‍ച്ചയും, ദാഹവുള്ള ആഹാരങ്ങളാണ് രാജസികന്മാര്‍ക്ക് പ്രിയമായിട്ടുള്ളത്. ഇവ ദുഃഖം, ശോകം, രോഗം എന്നിവയെ ഉണ്ടാക്കുന്നു.
യാതയാമം ഗതരസം പൂതി പര്യുഷിതം ച യത്
ഉച്ഛിഷ്ടമപി ചാമേധ്യം ഭോജനം താമസപ്രിയം (10)
ഉണ്ടാക്കിയിട്ട് ഒരു യാമം (മൂന്നു മണിക്കൂര്‍) കഴിഞ്ഞതും, സ്വാദു പോയതും, ദുര്‍ഗന്ധമുള്ളതും, ഒരു രാത്രി കഴിഞ്ഞതും, ഉച്ഛിഷ്ടവും, അശുദ്ധവുമായ ആഹാരമാണ് അതാമസികന്മാര്‍ക്ക് പ്രിയമായിട്ടുള്ളത്.
അഫലാംക്ഷിഭിര്‍യജ്ഞോ വിധിദൃഷ്ടോ യ ഇജ്യതേ
യഷ്ടവ്യമേവേതി മനഃ സമാധായ സ സാത്ത്വികഃ (11)
ഫലാകാംക്ഷയില്ലാതെ, ശാസ്ത്രവിധിപ്രകാരം യജ്ഞം ചെയ്യപ്പെടേണ്ട താണ് എന്ന ഭാവത്തോടെ മനസ്സിനെ യജ്ഞത്തില്‍ സമാഹിതമാക്കി യജിക്കപ്പെടുന്ന ആ യജ്ഞം സാത്വികമാണ്.
അഭിസന്ധായ തു ഫലം ദംഭാര്‍ഥമപി ചൈവ യത്
ഇജ്യതേ ഭരതശ്രേഷ്ഠ തം യജ്ഞം വിദ്ധി രാജസം (12)
ഹേ ഭരതശ്രേഷ്ഠ, ഫലാകാംക്ഷയോടെ ഡംഭോടെ യജിക്കപ്പെടുന്ന യജ്ഞം രാജസമാണ്.
വിധിഹീനമസൃഷ്ടാന്നം മന്ത്രഹീനമദക്ഷിണം
ശ്രദ്ധാവിരഹിതം യജ്ഞം താമസം പരിചക്ഷതേ (13)
ശാസ്ത്രവിധിയനുസരിക്കാതെയും, അന്നവും ദക്ഷിണയും കൊടുക്കാതെയും, മന്ത്രഹീനവും, ശ്രദ്ധയില്ലാതെയും ചെയ്യുന്ന യജ്ഞം താമസികമാണ്.
ദേവദ്വിജഗുരുപ്രാജ്ഞപൂജനം ശൌചമാര്‍ജവം
ബ്രഹ്മചര്യമഹിംസാ ച ശാരീരം തപ ഉച്യതേ (14)
ദേവന്മാര്‍, ബ്രാഹ്മണന്മാര്‍, ഗുരുക്കന്മാര്‍, ജ്ഞാനികള്‍ എന്നിവരെ പൂജിക്കുക, ശുചിത്വം, ആര്‍ജ്ജവം, ബ്രഹ്മചര്യം, അഹിംസാ എന്നിവയാണ് ശാരീരികമായ തപസ്സ് എന്ന് പറയപ്പെടുന്നത്.
അനുദ്വേഗകരം വാക്യം സത്യം പ്രിയഹിതം ച യത്
സ്വാധ്യായാഭ്യസനം ചൈവ വാങ്മയം തപ ഉച്യതേ (15)
ക്ലേശം ജനിപ്പിക്കാത്തതും എന്നാല്‍ സത്യവും, പ്രിയവും, ഹിതവുമായ വാക്കും, ശാസ്ത്രപാരായണവുമാണ് വാചികമായ തപസ്സെന്നു പറയപ്പെടുന്നു.
മനഃ പ്രസാദഃ സൌമ്യത്വം മൌനമാത്മവിനിഗ്രഹഃ
ഭാവസംശുദ്ധിരിത്യേതത്തപോ മാനസമുച്യതേ (16)
മനസ്സിന്റെ പ്രസന്നത, സൗമ്യത, മൗനം, ആത്മസംയമനം, സ്വഭാവശുദ്ധി എന്നിവയാണ് മാനസികമായ തപസ്സെന്ന് പറയപ്പെടുന്നത്.
ശ്രദ്ധയാ പരയാ തപ്തം തപസ്തത്ത്രിവിധം നരൈഃ
അഫലാകാംക്ഷിഭിര്‍യുക്തൈഃ സാത്ത്വികം പരിചക്ഷതേ (17)
പരമമായ ശ്രദ്ധയോടെയും ഫലകാംക്ഷയില്ലാതെയും നിഷ്ഠയോടെയും ചെയ്യപ്പെടുന്ന മൂന്നു വിധത്തിലുമുള്ള തപസ്സ് സാത്വികമെന്നു പറയപ്പെടുന്നു.
സത്കാരമാനപൂജാര്‍ഥം തപോ ദംഭേന ചൈവ യത്
ക്രിയതേ തദിഹ പ്രോക്തം രാജസം ചലമധ്രുവം (18)
സത്കാരം, അന്തസ്സ്, ബഹുമതി എന്നിവയ്ക്കുവേണ്ടി ഡംഭോടുകൂടി ചെയ്യപ്പെടുന്നതും, ചഞ്ചലവും, അസ്ഥിരവുമായ തപസ്സ് രാജസികമെന്നു പറയപ്പെടുന്നു.
മൂഢഗ്രാഹേണാത്മനോ യത്പീഡയാ ക്രിയതേ തപഃ
പരസ്യോത്സാദനാര്‍ഥം വാ തത്താമസമുദാഹൃതം (19)
അബദ്ധധാരണകളോടുകൂടി ചെയ്യപ്പെടുന്നതും സ്വയം പീഡയനുഭവിച്ചോ, അന്യനെ നശിപ്പിക്കുവാനുദ്ദേശിച്ചോ ഉള്ള തപസ്സ് താമസികമെന്നു പറയപ്പെടുന്നു.
ദാതവ്യമിതി യദ്ദാനം ദീയതേനുപകാരിണേ
ദേശേ കാലേ ച പാത്രേ ച തദ്ദാനം സാത്ത്വികം സ്മൃതം (20)
നല്കേണ്ടതാണെന്നുള്ള ബോദ്ധ്യത്തോടെ പ്രത്യുപകാരം ചെയ്യാന്‍ ശക്തിയില്ലാത്തവന് യോഗ്യതയും ഉചിതമായ സ്ഥലവും സമയവും നോക്കി ചെയ്യപ്പെടുന്ന ദാനം സാത്വികമെന്നു പറയപ്പെടുന്നു.
യത്തു പ്രത്യുപകാരാര്‍ഥം ഫലമുദ്ദിശ്യ വാ പുനഃ
ദീയതേ ച പരിക്ലിഷ്ടം തദ്ദാനം രാജസം സ്മൃതം (21)
പ്രത്യുപകാരം പ്രതീക്ഷിച്ചുകൊണ്ടോ ഫലമുദ്ദേശിച്ചോ വൈമനസ്യത്തോടെ ചെയ്യപ്പെടുന്ന ദാനം രാജസികമെന്നു പറയപ്പെടുന്നു.
അദേശകാലേ യദ്ദാനമപാത്രേഭ്യശ്ച ദീയതേ
അസത്കൃതമവജ്ഞാതം തത്താമസമുദാഹൃതം (22)
യോഗ്യതയില്ലാത്തവന് അനുചിതമായ ദേശകാലങ്ങളില്‍ ബഹുമാനം കൂടാതെ അവജ്ഞയോടെ ചെയ്യപ്പെടുന്ന ദാനം താമസികമെന്നു പറയപ്പെടുന്നു.
ഓം തത്സദിതി നിര്‍ദ്ദേശോ ബ്രഹ്മണസ്ത്രിവിധഃ സ്മൃതഃ
ബ്രാഹ്മണാസ്തേന വേദാശ്ച യജ്ഞാശ്ച വിഹിതാഃ പുരാ (23)
ഓം, തത്, സത് എന്നിങ്ങനെയുള്ള ബ്രഹ്മത്തിന്റെ മൂന്നു വിധത്തിലുള്ള നിര്‍ദ്ദേശങ്ങളാല്‍ ബ്രാഹ്മണരും, വേദവും, യജ്ഞങ്ങളും ആദിയില്‍ കല്പിക്കപ്പെട്ടു.
തസ്മാദോമിത്യുദാഹൃത്യ യജ്ഞദാനതപഃക്രിയാഃ
പ്രവര്‍ത്തന്തേ വിധാനോക്താഃ സതതം ബ്രഹ്മവാദിനാം (24)
അതിനാല്‍ ബ്രഹ്മവാദികള്‍ (വേദജ്ഞന്മാര്‍) ഓം (ബ്രഹ്മത്തിന്റെ മുഖ്യനാമം) എന്നുച്ചരിച്ച് ശാസ്ത്രവിധിപ്രകാരം യജ്ഞം, ദാനം, തപസ്സ് എന്നീ ക്രിയകള്‍ നടത്തുന്നു.
തദിത്യനഭിസന്ധായ ഫലം യജ്ഞതപഃക്രിയാഃ
ദാനക്രിയാശ്ച വിവിധാഃ ക്രിയന്തേ മോക്ഷകാംക്ഷിഭിഃ (25)
മോക്ഷാര്‍ഥികള്‍ തത് (അത്) എന്നുച്ചരിച്ച് ഫലാകാംക്ഷയില്ലാതെ യജ്ഞം, ദാനം, തപസ്സ് എന്നീ ക്രിയകള്‍ നടത്തുന്നു.
സദ്ഭാവേ സാധുഭാവേ ച സദിത്യേതത്പ്രയുജ്യതേ
പ്രശസ്തേ കര്‍മണി തഥാ സച്ഛബ്ദഃ പാര്‍ഥ യുജ്യതേ (26)
ഹേ പാര്‍ഥ, ഉള്ളത് എന്ന അര്‍ഥത്തിലും, നല്ലത് എന്ന അര്‍ഥത്തിലും സത് എന്ന പദം പ്രയോഗിക്കപ്പെടുന്നു. അതുപോലെ, ശ്രേഷ്ഠമായ കര്‍മ്മത്തെ ഉദ്ദേശിച്ചും സത് എന്ന് ശബ്ദം ഉപയോഗിക്കപ്പെടുന്നു.
യജ്ഞേ തപസി ദാനേ ച സ്ഥിതിഃ സദിതി ചോച്യതേ
കര്‍മ ചൈവ തദര്‍ഥീയം സദിത്യേവാഭിധീയതേ (27)
യജ്ഞം, ദാനം, തപസ്സ് എന്നിവയിലുള്ള നിഷ്ഠയും സത് എന്ന് അറിയപ്പെടുന്നു. ബ്രഹ്മത്തെ ഉദ്ദേശിച്ചുള്ള കര്‍മ്മവും സത് എന്ന് പറയപ്പെടുന്നു.
അശ്രദ്ധയാ ഹുതം ദത്തം തപസ്തപ്തം കൃതം ച യത്
അസദിത്യുച്യതേ പാര്‍ഥ ന ച തത്പ്രേത്യ നോ ഇഹ (28)
ഹേ പാര്‍ഥ, അശ്രദ്ധയോടെ ചെയ്യപ്പെടുന്ന യജ്ഞവും, ദാനവും, തപസ്സും അസത് എന്ന് പറയപ്പെടുന്നു. ഇതി കൂടാതെ അശ്രദ്ധയോടെ ചെയ്യപ്പെടുന്ന സകലകര്‍മ്മങ്ങളും അസത് തന്നെയാണ്. അത് ഈ ലോകത്തിലോ പരലോകത്തിലോ പ്രയോജനപ്പെടുന്നില്ല.
ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ
ശ്രദ്ധാത്രയവിഭാഗയോഗോ നാമ സപ്തദശോധ്യായഃ
എല്ലാ അദ്ധ്യായങ്ങളുടെയും മലയാളം അര്‍ത്ഥസഹിതം ശ്രീമദ് ഭഗവദ്‌ഗീത PDF ആയി ഡൗണ്‍ലോഡ് ചെയ്യൂ, വായിക്കൂ. ( 1.3 MB, 185 പേജുകള്‍ )